പാർലമെന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിലും സാധാരണക്കാരുടെ മനസ്സുകളിലും ഉയർന്നുവന്ന പലതരത്തിലുള്ള ചിന്തകളും വിമർശനങ്ങളും ഇന്ന് പൊതുസമൂഹം ശരിവെക്കുമ്പോഴും അത് തിരിച്ചറിയാത്ത ഒരു വിഭാഗം മാത്രമാണുള്ളത്. അത് ഭരണകക്ഷിയിലെ ചില ഉന്നത നേതാക്കൾ മാത്രമാണെന്ന് ഖേദപൂർവം പറയേണ്ടിയിരിക്കുന്നു.
സി.പി.എമ്മിലും പോഷകസംഘടനകളിലും പ്രാഗത്ഭ്യവും സാമൂഹിക പ്രതിബദ്ധതയുമൊക്കെയുള്ളവരായി എണ്ണമറ്റ വ്യക്തികളുണ്ട്. വിദ്യാഭ്യാസ വിചക്ഷണർ, ഡോക്ടര്‍മാര്‍, എൻജിനീയര്‍മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, മറ്റു കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവർ. യഥാർഥ ഇടതുപക്ഷ ജനപക്ഷ കാഴ്ചപ്പാടുള്ളവരും പ്രകൃതി, സമൂഹം, ബഹുസ്വരത, സ്ത്രീത്വം, പാര്‍ശ്വവത്കൃതര്‍, സാന്ത്വന ചികിത്സ, സർഗാത്മക സംരംഭങ്ങൾ എന്നിങ്ങനെ മനുഷ്യനും സമസ്ത ജീവജാലങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലൊക്കെ അവബോധവും അതിനനുസൃതമായ സമീപനങ്ങളും അച്ചടക്കവുമൊക്കെയുള്ളവര്.
ഈ പറഞ്ഞവരൊക്കെ തങ്ങളുടെ ചുറ്റുമുള്ള അതത് ജീവിതപരിസരങ്ങൾ മെച്ചപ്പെടുത്തുന്നവരില് വ്യാപൃതരും അതിനാൽ തന്നെ അതത് സമൂഹങ്ങളിൽ സുസമ്മതരുമാണ്. എന്നാൽ, പാർട്ടിയുടെ മുഖമുദ്രയായി സമൂഹം ഇപ്പോഴും കാണുന്നത് മുന്‍നിര നേതാക്കളെയാണ്. പുരോഗമനപരവും ജനോപകാരപ്രദവുമായ പല പദ്ധതികളും നടപ്പാക്കുമ്പോഴും, ഒരു പക്ഷേ, പാർട്ടി വലിയ രീതിയില്‍ മാധ്യമങ്ങളുടെയും മറ്റും എതിര്‍പ്പ് നേരിടുന്നതിലെ പ്രധാനകാരണം നേതൃത്വത്തിന്റെ പിടിപ്പുകേട് തന്നെയാണ്.
നേതൃനിരയിലെ മിക്കവരും പൊതുജീവിതത്തിൽ സുതാര്യതയും നേരും നെറിയും പുലര്‍ത്തുന്നവരാണ് എന്ന കാര്യത്തിൽ സംശയമില്ല. അവരാകട്ടെ ജീവിതഗന്ധിയായ വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ, പാർട്ടിയിലെ നല്ലൊരു ശതമാനം നേതാക്കളും അണികളും കടന്നുവരുന്നത് പാര്‍ട്ടിയാണ് വ്യക്തിയേക്കാൾ വലുത് എന്നും, പ്രത്യയശാസ്ത്ര പ്രതിബദ്ധതയിലൂടെയേ സാമൂഹിക ബോധ്യങ്ങളിലേക്കും വീക്ഷണങ്ങളിലേക്കും എത്താവൂ എന്നുമുള്ള മാറ്റാനാവാത്ത മനോനിലയിലൂടെയും പാര്‍ട്ടി ചട്ടക്കൂടിലൂടെയുമാണ്.
മലയാളികൾ വിദ്യാസമ്പന്നരും ബൗദ്ധികനിലവാരം പുലര്‍ത്തുന്നവരും, കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കുന്നവരുമാണെങ്കിലും വലിയതോതില്‍ കാപട്യം പുലർത്തുന്നവരാണെന്നതാണ് വാസ്തവം. അതിഭൗതികതയും അത് നീട്ടുന്ന കാമനകളും വിഴുങ്ങിയ, മധ്യ-ഉപരിമധ്യവർഗക്കാര്ക്ക് മുന്‍തൂക്കമുള്ള കമ്പോളവത്കൃത സമൂഹം പൊതുവേ കക്ഷി രാഷ്ട്രീയ ഭേദമന്യേ വലതുപക്ഷ മനോഭാവങ്ങളും താൽപര്യങ്ങളും വെച്ചുപുലര്‍ത്തുന്നതായി മാറിപ്പോയിട്ടുണ്ട്. പുറത്തെ നീതിയും നെറിയും തനിക്കുകൂടി ബാധകമാണെന്ന തത്ത്വം മുറുകെപ്പിടിക്കണമെന്ന് സ്വയം നിര്‍ബന്ധമില്ലാത്തവരാണ് ഇതിൽ ബഹുഭൂരിഭാഗവും. അഴിമതിക്കെതിരെ വാളെടുക്കുമ്പോഴും തനിക്കുകൂടി ഗുണം ലഭിക്കുന്ന ഘട്ടങ്ങളിൽ മൗനം പാലിക്കുന്നവരാണ് പലരും. സമൂഹം ശരിയല്ലാ എന്നു വിലപിക്കുമ്പോഴും അത് ശരിയാകാന്‍ തന്റേതായ പങ്ക് നിർവഹിക്കാന്‍ മറന്നുപോകുന്നവർ. ഉള്ളിൽ അടിയിലെവിടെയോ ഇടതുപക്ഷ ഭാവമുള്ളവരെങ്കിലും കാലത്തിനനുസരിച്ചു കോലം മാറിയവരാണ് കേരളീയർ പൊതുവേ.
മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തോട് പെട്ടെന്ന് കണക്ട് ചെയ്യാന്‍ കഴിയാത്തവരാണ് സി.പി.എമ്മിന്റെ പല മുന്‍നിര നേതാക്കളും. പാര്‍ട്ടിക്കകത്തേക്ക് തിരിഞ്ഞുനില്ക്കുന്നതുമൂലം വേഗത്തിൽ സംഭവിക്കുന്ന സാമൂഹിക മാറ്റങ്ങള്‍ ഉൾക്കൊള്ളാനോ അതിനനുരിച്ച് പ്രതികരണങ്ങൾ രൂപപ്പെടുത്താനോ ആവാതെ പോകുന്നത് ഇത്തരക്കാരുടെ പരിമിതികളാണ്.
മറ്റുള്ളവരെ അംഗീകരിക്കാനും ചിരിക്കാനും പിശുക്ക് കാണിക്കുന്ന വിദ്യാസമ്പന്നനായ ശരാശരി മലയാളി അപ്പുറത്തുള്ളവര്‍ പ്രത്യേകിച്ചും തങ്ങളുടെ നേതാക്കള്‍ മികച്ച ശരീരഭാഷയുള്ളവരായിരിക്കണം എന്നു അഭിലഷിക്കുന്നവരാണ്. താൻ ലക്ഷ്വറി കാറിൽ പോയാലും അടിസ്ഥാനവർഗങ്ങളുടെ പാർട്ടിക്കാരത് ചെയ്യുന്നത് കാണുമ്പോൾ മലയാളിയുടെ പുരികം ചുളിയും. ഭരണത്തില്‍ രണ്ടാമൂഴം ലഭിച്ചപ്പോള്‍, ബംഗാളില്‍ സംഭവിച്ച ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റി ചില മാര്‍ഗ നിർദേശക തത്ത്വങ്ങള്‍ നല്കുകയുണ്ടായി. മാറിവരുന്ന സാഹചര്യങ്ങളില്‍ ജനങ്ങളെ പാര്‍ട്ടിയും സര്‍ക്കാറുമായി അടുപ്പിക്കാന്‍ ശ്രമിക്കണം.
അതിനനുസരിച്ച് പുതുക്കിപ്പണിയലുകള്‍ നടത്തണം, പൊതുവിമര്‍ശനത്തോടൊപ്പം സ്വയം വിമര്‍ശനവും ആത്മപരിശോധനയും ചെയ്യണം. വിനയം കൈവെടിയരുത്, അഹങ്കാരവും അധികാരപ്രമത്തതയും അസഹിഷ്ണുതയും ധാര്‍ഷ്ട്യവും പ്രതികാര മനോഭാവവും അരുത് എന്നതൊക്കെ നേതാക്കൾ മാത്രമല്ല സജീവ അണികളും അവശ്യം അനുവർത്തിക്കേണ്ട മാർഗ നിർദേശക തത്ത്വങ്ങളാണ്. എന്നാൽ, അങ്ങനെയാണോ കാര്യങ്ങൾ നീങ്ങിയത്..? പരമോന്നത നേതാക്കൾ ധാർഷ്ട്യവും സ്വേച്ഛാധിപത്യ മനോഭാവവും ഉള്ളവരല്ല എന്ന് പാർട്ടിക്ക് തോന്നിയാൽ പോരാ, ജനത്തിനുമത് ബോധ്യപ്പെടേണ്ടതുണ്ട്.
ഇ.എം.എസ്, എ.കെ.ജി, സി.എച്ച്. കണാരൻ, അഴീക്കോടൻ രാഘവൻ തുടങ്ങി ആദ്യകാല പ്രബല കമ്യൂണിസ്റ്റുകളുടെ ശരീരഭാഷകളും സമീപനങ്ങളും പുതുതലമുറക്കാര്‍ക്ക് മാതൃകയായിട്ടില്ല എന്നുവേണം കരുതാൻ. സഖാവ് നായനാരും ശൈലജ ടീച്ചറുമൊക്കെ അതിനപവാദമാണെങ്കിൽ പോലും. മുന്നിലെ ജനക്കൂട്ടത്തെ കാണുമ്പോള്‍ പൊതുവേദികളില്‍ പ്രയോഗിക്കരുതാത്ത വാക്കുകളും ശൈലികളും പുറത്തുചാടാതിരിക്കാനുള്ള വിവേകവും സമൂഹം തങ്ങളുടെ നേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. പുറംപൂച്ചുകൾ കെട്ടിയാടുന്ന കാലത്ത് ജനസാമാന്യത്തോട് കണക്ട് ചെയ്യാന്‍ സി.പി.എമ്മിനേക്കാള്‍ കോണ്‍ഗ്രസുകാര്‍ക്കും അനുബന്ധ കക്ഷിനേതാക്കള്‍ക്കും സാധിക്കുന്നത് തികച്ചും സ്വാഭാവികം.
ഒരു ബഹുസ്വര സമൂഹത്തിന്റെ ക്രിയാത്മകമായ നിലനിൽപിന് അത്യന്താപേക്ഷിതമായ ഒന്നാണ് ഇടതുപക്ഷം. സമസ്ത ജീവജാലങ്ങളുടെയും മാറിയ സാഹചര്യത്തില്‍ കൈയിലുള്ള കോപ്പുകളും പണിയായുധങ്ങളും കാലികമായി പരിഷ്കരിക്കുകയും നിരന്തര പുതുക്കലുകള്‍ക്ക് വിധേയമാക്കുകയും ചെയ്യാതെ, അതിനനുയോജ്യമായ സമീപനങ്ങള്‍ സ്വീകരിക്കാതെ മാറി നിന്നാല്‍ കേരളം അതിന്റെ ജനിതകയാത്രയില് ഏറ്റവും കടപ്പെട്ടിരിക്കേണ്ട ഒരു പ്രസ്ഥാനം കാലഹരണപ്പെടലിന്റെ കാണാക്കയങ്ങളിലേക്ക് നിപതിക്കും തീര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.