ആധുനിക മനുഷ്യ ജീവിതം എളുപ്പവും മനോഹരവുമാക്കുന്നതിൽ പ്ലാസ്റ്റിക് വലിയ പങ്ക് വഹിക്കുന്നു എന്നത് വസ്തുതയാണ്. പ്ലാസ്റ്റിക് മലിനീകരണം ഇന്നൊരു ആഗോള പ്രശ്നമാണ്. കടലും കരയും ഒന്നാകെ പ്ലാസ്റ്റിക് കെടുതി അനുഭവിക്കുന്നുണ്ട്. ഒരു കോടി ടൺ പ്ലാസ്റ്റിക്കാണ് ഒരു വർഷം കടലിലെത്തുന്നത്. എല്ലാത്തരം പ്ലാസ്റ്റിക്കും പൂർണമായി നശിക്കാൻ ചുരുങ്ങിയത് ആയിരം വർഷമെങ്കിലും വേണം.
അതുകൊണ്ടുതന്നെ ഈ നില തുടർന്നാൽ മത്സ്യങ്ങളേക്കാൾ കൂടുതൽ പ്ലാസ്റ്റിക് കടലിലുണ്ടാവും എന്നാണ് കണക്കുകൾ പറയുന്നത്. ഇത് സമുദ്രജീവികളുടെ ആവാസവ്യവസ്ഥ തകർക്കും. സമുദ്രജല പ്രവാഹത്തെ സ്വാധീനിക്കും. ഗുരുതര പ്രത്യാഘാതം കടലിലും കരയിലും സംഭവിക്കും. പരിപൂർണമായ പ്ലാസ്റ്റിക് നിരോധനം അസാധ്യമാണെന്ന് മനസ്സിലാക്കി ബുദ്ധിപൂർവമായ ഉപയോഗം വഴി മാത്രമെ ഈ പ്രതിസന്ധി കുറക്കാൻ കഴിയൂ.
ലഘു തന്മാത്രകൾ ചേർന്നുണ്ടാകുന്ന മാക്രോ തന്മാത്രകളാണ് പോളിമറുകൾ. ഇതിലെ ഒരു പ്രധാന വിഭാഗമാണ് പ്ലാസ്റ്റിക്കുകൾ. ആറു തരം പ്ലാസ്റ്റിക്കുകളാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.
ഒരു ത്രികോണത്തിനുള്ളിൽ നൽകുന്ന ഈ അടയാളങ്ങൾ റീ സൈക്ലിങ് കോഡുകൾ എന്നറിയപ്പെടുന്നു. ഉപയോഗശേഷം പുനഃചംക്രമണ കേന്ദ്രത്തിലെത്തുന്ന ബോട്ടിലുകൾ ഉപയോഗിച്ച് വസ്ത്രങ്ങൾ നിർമിക്കുന്ന കമ്പനികൾ ധാരാളമുണ്ട്. അതിനാൽ തന്നെ കാലിയായ പെറ്റ് ബോട്ടിലുകൾ മൂല്യമുള്ളവയാണ്.
ഈ ആറു വിഭാഗവും പുനഃചംക്രമണം ചെയ്യാൻ കഴിയുന്നവയാണ്. പ്ലാസ്റ്റിക് മാലിന്യം ചെറുക്കാൻ ആദ്യം അവലംബിക്കേണ്ട മാർഗം ഉപയോഗം കുറക്കുക എന്നതാണ് ( Reduce). രണ്ടാമതായി ഇവ പുനരുപയോഗിക്കുക എന്നതാണ് (Reuse). മൂന്നാമതായി ഇവയെ പുനഃചംക്രമണം (Recycle) ചെയ്യുക എന്നതാണ്.
പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ പുനഃചംക്രമണ കേന്ദ്രത്തിലെത്തുന്നതോടെ അവ വീണ്ടും അസംസ്കൃത വസ്തുക്കളായി മാറുകയാണ്. ആയതിനാൽ ഈ പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് മാലിന്യത്തെ ചെറുക്കാൻ ഈ മൂന്ന് മാർഗങ്ങളും ഉപയോഗപ്പെടുത്തുമെന്ന് നമുക്ക് തീരുമാനമെടുക്കാം.
(ഫാറൂഖ് കോളജ് കെമിസ്ട്രി വിഭാഗത്തിൽ അസി.പ്രഫസറാണ് ലേഖകൻ )
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.