ആകാശ് സക്സേനയുടെ ആഹ്ലാദ പ്രകടനം

രാംപൂരിലെ ജനാധിപത്യക്കശാപ്പ്

സ്വതന്ത്ര ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളെക്കുറിച്ച് പഠിച്ചവർക്കെല്ലാം സുപരിചിതമായ പ്രതിഭാസമാണ് ബൂത്തുപിടിത്തം. എഴുപതുകളുടെ പകുതിവരെ പട്ടികജാതി-വർഗങ്ങളിൽ നിന്നും പിന്നാക്ക ജാതികളിൽ നിന്നുമുള്ള വോട്ടർമാർക്ക് സമ്മതിദാനം എന്ന തങ്ങളുടെ പരമോന്നത ജനാധിപത്യ അവകാശം വിനിയോഗിക്കൽ അതിദുഷ്കരമായിരുന്നു. ബിഹാർ, ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ അവരുടെ വോട്ടുകൾ കൈയൂക്കുള്ള സ്ഥാനാർഥികളുടെ കിങ്കരന്മാരാണ് ചെയ്തുപോന്നത്.

കഴിഞ്ഞ മാസം ആദ്യം യു.പിയിലെ രാംപുർ നിയമസഭ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. പോൾ ചെയ്ത വോട്ടുകളുടെ 62 ശതമാനവും നേടിയാണ് ബി.ജെ.പി സ്ഥാനാർഥി ആകാശ് സക്സേന ഈ മുസ്‍ലിം ഭൂരിപക്ഷ മണ്ഡലത്തിൽ വിജയിച്ചത്. എതിർസ്ഥാനാർഥി സമാജ്‍വാദി പാർട്ടിയിലെ മുഹമ്മദ് ആസിം രാജക്ക് ലഭിച്ചത് 36 ശതമാനം വോട്ട് മാത്രം. മുസ്‍ലിംകൾ പാർട്ടിയെ സ്വീകരിച്ചതിന്റെ ദൃഷ്ടാന്തമായാണ് കേരളമുൾപ്പെടെയുള്ളിടങ്ങളിൽ ഈ തെരഞ്ഞെടുപ്പ് ഫലത്തെ ബി.ജെ.പി ഉയർത്തിക്കാണിക്കുക. എന്നാൽ, ജനാധിപത്യധ്വംസനത്തിന്റെ അതിഭയാനകമായ ദൃഷ്ടാന്തമായിരുന്നു ഈ തെരഞ്ഞെടുപ്പ്.

അഅ്സംഖാൻ ഫാക്ടർ

വിദ്വേഷ പ്രസംഗക്കേസിന്റെ വെളിച്ചത്തിൽ സിറ്റിങ് എം.എൽ.എ അഅ്സംഖാന് അയോഗ്യത കൽപിക്കപ്പെട്ടതാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. 1957ൽ സ്വതന്ത്ര സ്ഥാനാർഥി അസ്‍ലംഖാൻ ജയിച്ചതൊഴിച്ചാൽ 1952 മുതൽ ’77 വരെ കോൺഗ്രസ് മണ്ഡലമായിരുന്നു രാംപുർ. നവാബുമാരോ അവരുടെ ബന്ധുക്കളോ ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥികളായി എത്താറ്. അവർ കാര്യമായ അധ്വാനമൊന്നും കൂടാതെ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിപ്പോന്നു. എൺപതുകളിൽ അഅ്സംഖാന്റെ രംഗപ്രവേശത്തോടെയാണ് രാംപുരിന്റെ രാഷ്ട്രീയ ചിത്രം മാറുന്നത്. അലീഗഢ് മുസ്‍ലിം സർവകലാശാലയിൽ നിന്ന് നിയമബിരുദം പഠിച്ചിറങ്ങിയ അഅ്സം നഗരത്തിലെ ബീഡി-തുണിമിൽ തൊഴിലാളികളെയും റിക്ഷവലിക്കാരെയും സംഘടിപ്പിച്ചു, അവരുടെ അവകാശങ്ങൾക്കായി തെരുവിൽ നിന്ന് പൊരുതി. എന്തൊക്കെ കുറവുകളുണ്ടെങ്കിലും നവാബുമാരുടെയും അവരുടെ സിൽബന്ധികളുടെയും പ്രമാണിത്തത്തിന് അന്ത്യം കുറിച്ച് സമ്പൂർണ ജനായത്തത്തിലേക്ക് മണ്ഡലത്തെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് അഅ്സംഖാന് മാത്രം അവകാശപ്പെട്ടതാണ്.

1980ൽ ജനത പാർട്ടി (സെക്യുലർ) സ്ഥാനാർഥിയായും 1985ൽ ലോക്ദൾ സ്ഥാനാർഥിയായും 1989ൽ ജനതാദൾ സ്ഥാനാർഥിയായും 1991ൽ ചന്ദ്രശേഖറിന്റെ സമാജ്‍വാദി ജനതപാർട്ടി സ്ഥാനാർഥിയായും മത്സരിച്ച് അഅ്സംഖാൻ വിജയം കണ്ടു. മുലായം സിങ് യാദവ് രൂപം നൽകിയ സമാജ്‍വാദി പാർട്ടിയിൽ 1993ൽ ചേർന്ന അദ്ദേഹം അന്നുതൊട്ട് 2022വരെ തുടർച്ചയായി ആറു തവണ കനത്ത ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.

അധികാര ദുർവിനിയോഗം നടന്ന വിധം

അഅ്സംഖാനെപ്പോലൊരു പ്രഗല്ഭന്റെ കുത്തകമണ്ഡലം സ്വന്തമാക്കുകയെന്നത് ബി.ജെ.പി ഒരു സ്വപ്നവും ലക്ഷ്യവുമായി സ്വീകരിക്കുന്നത് സ്വാഭാവികം തന്നെ. പക്ഷേ അതിനായി അവർ കൈക്കൊണ്ട മാർഗം അത്യന്തം ഹീനവും ജനാധിപത്യവിരുദ്ധവുമായിരുന്നെന്ന് പറയാതിരിക്കാനാവില്ല. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ ‘ബൂത്തുപിടിത്തം’ ഇവിടെ നടന്നിട്ടില്ല. മണ്ഡലത്തിലെ ഭൂരിഭാഗം വരുന്ന വോട്ടർമാരുടെ വോട്ടവകാശം തടഞ്ഞുവെക്കാൻ സാധിക്കുമെങ്കിൽ, ഭരണകൂട സംവിധാനത്തിന്റെ സകല കൗശലങ്ങളും സൗകര്യങ്ങളും ദുരുപയോഗം ചെയ്ത് ഒരു മണ്ഡലം തന്നെ പിടിക്കാനാകുന്നുവെങ്കിൽ പിന്നെയെന്തിന് കഷ്ടപ്പെട്ട് ബൂത്തുകൾ പിടിക്കണം?.

അതിവിദഗ്ധമായ ഒരു പദ്ധതിയാണ് മണ്ഡലം പിടിച്ചെടുക്കാനായി രൂപകൽപന ചെയ്തത്. ആദ്യമേ തന്നെ മുസ്‍ലിം ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് പരമാവധി മാറ്റിനിർത്തി. വോട്ടെടുപ്പിന് മുമ്പ് മൂന്നു ദിവസം തുടർച്ചയായി രാംപുരിലെ മുസ്‍ലിം ഭൂരിപക്ഷമേഖലകളിൽ ഫ്ലാഗ് മാർച്ച് നടത്തിച്ചു, ഓരോ കവലകളിലും വൻതോതിൽ പൊലീസിനെ വിന്യസിച്ചു, വൻതോതിൽ എന്നു വെച്ചാൽ നൂറും നൂറ്റമ്പതും പൊലീസുകാർ നിരന്നതോടെ പല പ്രദേശങ്ങളിലും കർഫ്യൂ സമാനമായ അന്തരീക്ഷമായി. തെരഞ്ഞെടുപ്പ് ദിവസം രാംപുർ കണ്ടാൽ ഒരു പൊലീസ് കന്റോൺമെന്റ് പോലെ തോന്നിച്ചു. പ്രധാന മുസ്‍ലിം ജനവാസ മേഖലകളിലെല്ലാം അതിരാവിലെ തന്നെ പൊലീസുകാർ തടിച്ചുകൂടി. തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് മാത്രമേ വോട്ടർമാരുടെ തിരിച്ചറിയൽ രേഖ പരിശോധിക്കാൻ അധികാരമുള്ളൂ എന്ന നിബന്ധന അട്ടിമറിച്ച് പോളിങ് സ്റ്റേഷനുകൾക്ക് മുന്നിൽ ബാരിക്കേഡുകളുയർത്തി പൊലീസുകാർ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചു. ആധാർ കാർഡ് ഉൾപ്പെടെ പത്ത് തിരിച്ചറിയൽ രേഖകളിലേതെങ്കിലുമായി പോളിങ് ബൂത്തിലെത്താൻ തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകുന്നുണ്ടെന്നിരിക്കെ വോട്ടർ ഐ.ഡി കാർഡില്ലാത്ത ഒരാളെയും ബാരിക്കേഡ് കടത്തിവിടാൻ പൊലീസുകാർ തയാറായില്ല.

പൊലീസുകാർ മടക്കി അയച്ച മുസ്‍ലിം വോട്ടർമാർക്ക് പരാതിയുമായി പ്രിസൈഡിങ് ഓഫിസർക്ക് മുന്നിലെത്താൻ പോലും മാർഗമില്ലെന്നായി. ബൂത്തുകൾക്കരികിൽ വോട്ടർമാരുടെ

സഹായത്തിന് സ്ഥാനാർഥികളുടെ പ്രതിനിധികൾക്കും പോളിങ് ഏജന്റുമാർക്കും അനുമതി നൽകിയില്ല.

പരിശോധിക്കാൻ വനിത കോൺസ്റ്റബിൾമാരില്ലെന്ന കാരണം പറഞ്ഞ് ബുർഖയണിഞ്ഞു വന്ന സ്ത്രീകളെ ബാരിക്കേഡിനു മുന്നിൽ വെച്ച് മടക്കിയയച്ചു. ഇതു ചോദ്യം ചെയ്തവരെ, സ്ത്രീവോട്ടർമാരെയടക്കം പൊലീസ് തല്ലിയോടിച്ചു.

രാംപുരിലെ വിവിധ പോളിങ് ബൂത്തുകളിലെ വോട്ടിങ് ശതമാനം പരിശോധിച്ചാൽ ഇതിന്റെ ഫലം കാണാനാവും. രാംപുരിലെ വോട്ടർമാരിൽ 65 ശതമാനം പേർ മുസ്‍ലിം സമുദായാംഗങ്ങളാണ്. എന്നാൽ, മുസ്‍ലിം ഭൂരിപക്ഷ നഗരമേഖലകളിൽ വോട്ടിങ് ശതമാനം 28 ശതമാനം മാത്രമായിരുന്നു. മുസ്‍ലിം ഭൂരിപക്ഷ മേഖലയിലെ ഒരു ബൂത്തിൽ നാലു ശതമാനം മാത്രമായിരുന്നു പോളിങ്. 25, 28, 34, 40 എന്നിങ്ങനെയായിരുന്നു ചില ബൂത്തുകളിൽ ആകെ രേഖപ്പെടുത്തപ്പെട്ട വോട്ടുകൾ. 252 ബൂത്തുകളിൽ വോട്ടർമാരെ വോട്ട് ചെയ്യാൻ പോലും അനുവദിച്ചില്ലെന്ന് സമാജ്‍വാദി പാർട്ടി സ്ഥാനാർഥി ആസിം രാജ ആരോപിക്കുന്നു. പൊലീസുമായി കശപിശ ഒഴിവാക്കാൻ വോട്ടർമാർ പുറത്തിറങ്ങാതായതോടെ പല മുസ്‍ലിം മേഖലകളിലും ഉച്ചക്ക് ഒരു മണിയോടെ പോളിങ് അവസാനിക്കുകയും ചെയ്തു. ഓരോ തെരഞ്ഞെടുപ്പിലും സാധാരണഗതിയിൽ 67 മുതൽ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്ന മണ്ഡലത്തിൽ ഇക്കുറി 33 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

(മുതിർന്ന മാധ്യമ പ്രവർത്തകനും

രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ)

Tags:    
News Summary - rampur assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.