2016 ലെ ഒരു സന്ധ്യാനേരം. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിലെ നിറഞ്ഞ സദസ്സിനു മുന്നിലേക്ക് ഒരു കൃഷ്ണ വേഷത്തെ പലർ ചേർന്ന് കൈപിടിച്ചുകൊണ്ടുവന്നു. വാർധക്യത്തിെൻറ വിറ കയറിയ കൃഷ്ണൻ. നൂറ് വയസ്സ് തികഞ്ഞ കൃഷ്ണൻ. തോടയം കഴിഞ്ഞ് രംഗം കൊഴുത്തപ്പോൾ കൃഷ്ണെൻറ ഉടലിൽനിന്ന് പ്രായം പറന്നകന്നു. ഗോപികമാർക്കൊപ്പം ശൃംഗാര വിവശനായ, വീറോടെ കാളിയനുമേൽ താണ്ഡവമാടിയ കൃഷ്ണന് അപ്പോൾ യൗവനത്തിെൻറ തിളപ്പുണ്ടായിരുന്നു. നൂറാം വയസ്സിലും ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ വേദിയിൽ നിറഞ്ഞാടി. വേഷങ്ങളിലേക്ക് ചുട്ടി കുത്തി ആട്ടവിളിക്കിനു മുന്നിലേക്കിറങ്ങിയാൽ പ്രായവും അവശതകളുമെല്ലാം പാറിപ്പറന്നുപോകുമെന്ന് ഗുരു ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു അപ്പോൾ. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നൂറാം പിറന്നാളിനോടനുബന്ധിച്ച് ആരാധകരും ശിഷ്യരും കലാസ്നേഹികളുമൊരുക്കിയ ആദരമായിരുന്നു ആ പരിപാടി. ആ പ്രായത്തിലും തികവോടെ അങ്ങനെയൊരു വേഷം കെട്ടിയവർ കഥകളി ചരിത്രത്തിൽ വേറേയുണ്ടാവാനിടയില്ല.
നാലാം ക്ലാസിൽ പഠനം നിർത്തി കഥകളി പഠിക്കാനിറങ്ങി പിന്നീട് നൃത്തവും ഭരതനാട്യവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് ഒടുവിൽ കഥകളിയിൽ തന്നെ ജീവിതം ചേർത്തുവെച്ച മഹാ ഗുരു. ഏറ്റവും കൂടുതൽ ശിഷ്യന്മാരുള്ള നടനാചാര്യൻ. 100 വയസ്സ് പിന്നിട്ടിട്ടും വേദിയിൽ നിറഞ്ഞാടിയ സാധകൻ. രാജ്യം പത്മശ്രീ നൽകി ആദരിച്ച കലാപ്രതിഭ. വിശേഷണങ്ങളുടെ നീണ്ട കഥതന്നെയായിരുന്നു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ എന്ന ഗുരുവിെൻറ ജീവിതം.
1916 ജൂണ്‍ 26ന് മടയന്‍കണ്ടി ചാത്തുകുട്ടി നായരുടേയും കുഞ്ഞമ്മക്കുട്ടിയമ്മയുടേയും മകനായാണ് കുഞ്ഞിരമാൻ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അമ്മയും അച്ഛനും നഷ്ടമായതാണ്. അമ്മാവന്മാരുടെ തണലിലേക്ക് ജീവിതം പറിച്ചുനട്ട കാലത്തായിരുന്നു കഥകളി മോഹം തലയിൽ കയറിയത്. അതിനു നിമിത്തമായത് സ്കൂൾ വാര്ഷികത്തിന് കണ്ട 'സോളമെൻറ നീതി' എന്ന നാടകം. നടനാവണമെന്ന ആഗ്രഹം ആ നാടകക്കാഴ്ചയിൽ കൂടെ കൂടി.
അച്ഛെൻറ നാടായ ചോനോംപീടികയിൽ കുഞ്ഞിരാമൻ കിടാവ് എന്നൊരാൾക്ക് ഒരു നാടകസംഘമുണ്ടായിരുന്നു. സംഘം അവതരിപ്പിച്ച 'വള്ളിത്തിരുമണം' എന്ന നാടകത്തിൽ ചെറിയൊരു വേഷം കുഞ്ഞിരാമനും അഭിനയിച്ചു. നാടകത്തിെൻറ രംഗപടം ഒരുക്കാൻ വന്ന പാലക്കാടുകാരൻ ഗോവിന്ദ മേനോനെ പരിചയപ്പെട്ടത് കുഞ്ഞിരാമെൻറ ജീവിതത്തിെൻറ ചുവടു മാറ്റി. കഥകളി എന്തെന്നു പോലുമറിയാത്ത കുട്ടികളോട് ഗോവിന്ദമേനോൻ ചോദിച്ചു 'നിങ്ങളിൽ കഥകളി പഠിക്കാൻ താൽപര്യമുള്ള ആരെങ്കിലുമുണ്ടോ..?' ചവിട്ടിയുഴിഞ്ഞ് എല്ല് നീരാക്കി മാറ്റിയശേഷമാണ് കഥകളി പഠിപ്പിക്കുക എന്ന് നാട്ടിൽ പ്രചാരത്തിലിരുന്ന വിശ്വാസം കാരണം അമ്മാവൻമാർ കഥകളി പഠിക്കുന്നതിൽ നിന്ന് കുഞ്ഞിരാമനെ വിലക്കി. പക്ഷേ, ആ വിലക്ക് വകവെക്കാതെ മൂത്ത സഹോദരി ഉണ്ണിമാധവിയുടെ കൈയിൽനിന്ന് വാങ്ങിയ നാലണയുമായി നാടുവിട്ടുപോയ കുഞ്ഞിരാമൻ മേപ്പയൂരിലെ രാധാകൃഷ്ണ കഥകളി യോഗത്തിൽ പഠിക്കാൻ ചേർന്നു. പാലക്കാട്ടുകാരനായ കരുണാകര മേനോനായിരുന്നു ഗുരു.
കുനിയിൽ ക്ഷേത്രത്തിെൻറ അഗ്രശാലയിലായിരുന്നു കഥകളി പരിശീലനം. കുനിയിൽ വീട്ടിൽ താമസവും. നാടുവിട്ട് കഥകളി പഠിക്കുന്ന വിവരം ഒടുവിൽ വീട്ടുകാർ അറിഞ്ഞു. കൂട്ടിക്കൊണ്ടുപോകാൻ വന്ന അമ്മാവന്മാർക്കു മുന്നിൽ നന്നായി പഠിക്കുന്ന ശിഷ്യെൻറ വിവരങ്ങൾ കരുണാകര മേനോൻ നിവർത്തിച്ചു. അത് തുടർ പഠനത്തിന് സമ്മതമായി. മാസങ്ങൾ നീണ്ട പരിശീലനത്തിനു ശേഷം അരങ്ങേറ്റമെത്തി. കിരാതത്തിലെ പാഞ്ചാലി വേഷമായിരുന്നു ആദ്യമായി അവതരിപ്പിച്ചത്.
കരുണാകര മേനോനുമായുള്ള ബന്ധം കേവലം ഗുരു - ശിഷ്യ ബന്ധമായിരുന്നില്ല. പിതൃ - പുത്ര ബന്ധംപോലെയൊരു ആത്മബന്ധമായിരുന്നു. ഒരു കളിക്കിടെയിൽ കുഞ്ഞിരാമെൻറ കൈകളിലേക്ക് കരുണാകര മേനോൻ കുഴഞ്ഞുവീഴുകയായിരുന്നു. ഒടുവിൽ മേനോെൻറ അന്ത്യകർമങ്ങൾ മകനെപ്പോലെ നിർവഹിക്കാനുള്ള നിയോഗവും കുഞ്ഞിരാമനുണ്ടായി.
1934 ജനുവരി ഏഴിന് കേരള സന്ദർശനത്തിനെത്തിയ ഗാന്ധിജിക്ക് ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ സ്വാതന്ത്ര്യസമര ഫണ്ടിലേക്ക് മടികൂടാതെ അഴിച്ചുകൊടുത്ത പെൺകുട്ടിയായിരുന്നു കൗമുദി. പിന്നീടവർ മദിരാശി സംസ്ഥാനത്തെ ആദ്യ ഹിന്ദി അധ്യാപികയായി. കഥകളിയിൽ നിന്ന് നൃത്തത്തിലേക്ക് കുഞ്ഞിരാമൻ നായരെ മാറ്റിച്ചവിട്ടിച്ചത് കൗമുദി ടീച്ചറായിരുന്നു.
കണ്ണൂരിൽ കൗമുദി ടീച്ചറുടെ സ്കൂളിൽ വാർഷികത്തിന് അവതരിപ്പിക്കാൻ കുട്ടികളെ നൃത്തം പഠിപ്പിക്കാനായി കുഞ്ഞിരാമനെ ക്ഷണിക്കുകയുണ്ടായി. കഥകളി മാത്രം അറിയുന്ന തനിക്ക് നൃത്തമറയില്ലെന്ന വാദമൊന്നും ടീച്ചർ അംഗീകരിച്ചില്ല. ഗത്യന്തരമില്ലാതെ കഥകളിയിലെ സാരി, കുമ്മി മുദ്രകൾ ചേർത്ത് ഒരു നൃത്തരൂപം തട്ടിക്കൂട്ടി. പക്ഷേ, ആ വ്യത്യസ്തമായ നൃത്തരൂപം ഏറെ സ്വീകരിക്കപ്പെട്ടു.
അടുത്ത വർഷവും നൃത്തം പഠിപ്പിക്കണമെന്ന് ടീച്ചർ ആവശ്യപ്പെട്ടു. പക്ഷേ, അതിന് തട്ടിക്കൂട്ട് നൃത്ത പരിപാടിയൊന്നും മതിയാവില്ലായിരുന്നു. അങ്ങനെയാണ് കൗമുദി ടീച്ചറുടെ നിർദേശപ്രകാരം കലാമണ്ഡലം മാധവൻ നായർക്കൊപ്പം നൃത്തം പഠിക്കാനായി പുറപ്പെട്ടത്. എറണാകുളത്ത് മാധവൻ നായരുടെ വീട്ടിൽ താമസിച്ച് ആറു മാസം നൃത്തം പഠിച്ച കുഞ്ഞിരാമെൻറ പഠനചെലവുകൾ വഹിച്ചതും കൗമുദി ടീച്ചറായിരുന്നു. പഠനം കഴിഞ്ഞ് തിരികെ കണ്ണൂരിലെത്തിയ കുഞ്ഞിരാമൻ ഗവ. ഗേൾസ് ഹൈസ്കൂളിലെ കുട്ടികളെ നൃത്തം പഠിപ്പിക്കുകയും അത് മറ്റൊരു തുടക്കമാവുകയും ചെയ്തു. കലോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ നിരവധി ശിഷ്യരെ നൃത്തം പഠിപ്പിച്ച് കുഞ്ഞിരാമൻ സമ്പാദിച്ചു. ചലച്ചിത്ര നടൻ വിനീത് തുടങ്ങിയ പ്രശസ്തരായ ശിഷ്യന്മാരും അക്കൂട്ടത്തിലുണ്ട്. കൗമുദി ടീച്ചറുടെ അഭ്യർത്ഥന പ്രകാരം 1945ൽ കണ്ണൂരിൽ 'ഭാരതീയ നൃത്തകലാലയം' എന്ന സ്ഥാപനവും തുടങ്ങി.
ആയിടെയായിരുന്നു കണ്ണൂരിൽ സർക്കസ് നടത്തിയിരുന്ന 'ഫെയറി സർക്കസി'െൻറ ഉടമ അമ്പോറ്റി കുഞ്ഞിരാമനെ കാണാനെത്തിയത്. സർക്കസിലെ കലാകാരന്മാരെ നൃത്തം പഠിപ്പിക്കണമെന്നായിരുന്നു ആവശ്യം. അങ്ങനെ കുഞ്ഞിരാമൻ സർക്കസ് കൂടാരത്തിലെത്തി. അതൊരു യാത്രയായി മാറി. തെക്കേയിന്ത്യയിലെ മിക്കയിടങ്ങളിലും സർക്കസ് സംഘത്തിനൊപ്പം കുഞ്ഞിരാമനും കറങ്ങി. കലയുടെയും ക്ഷേത്ര വിസ്മയങ്ങളുടെയും നഗരിയായ തഞ്ചാവൂരിൽ എത്തിയ സർക്കസ് സംഘത്തിനൊപ്പം ഹോട്ടൽ മുറിയിൽ താമസിക്കുമ്പോഴായിരുന്നു തൊട്ടപ്പുറത്തെ മുറിയിൽ നിന്ന് ചിലങ്കയുടെയും മൃദംഗത്തിെൻറയും ഹാർമോണിയത്തിെൻറയും ശബ്ദം കേൾക്കാനിടയായത്. ഒരു കുട്ടിയുടെ ഭരതനാട്യം അരങ്ങേറ്റത്തിനായി വന്ന സംഘമായിരുന്നു അത്. ഏറെ നാളുകളായി മനസ്സിൽ കൊണ്ടുനടന്ന ഭരതനാട്യം പഠിക്കണമെന്ന ആഗ്രഹം കുഞ്ഞിരാമൻ അവരോട് നിവർത്തിച്ചു. മദിരാശിയിൽ നിന്നു വന്ന സംഘമായിരുന്നു അവർ. അവിടേക്ക് വന്നാൽ പഠിപ്പിക്കാമെന്ന് സംഘത്തിെൻറ ലീഡറായ നർത്തകി അറിയിച്ചു. മേൽവിലാസവും കൊടുത്തു. പ്രശസ്തയായ ഭരതനാട്യം നർത്തകി ബാലചന്ദ്ര സരസ്വതിയായിരുന്നു ആ നർത്തകി.
സർക്കസ് സംഘം മദിരാശി നഗരത്തിലെത്തിയപ്പോൾ കുഞ്ഞിരാമൻ അവിടെയിറങ്ങി. ബാലചന്ദ്ര സരസ്വതിക്കു കീഴിൽ ഭരതനാട്യം പഠിക്കാൻ അങ്ങനെ അവസരമൊരുങ്ങി. കുറച്ചുകാലം അവിടെ ഭരതനാട്യം പഠിച്ചു. മടങ്ങിയെത്തുമ്പോൾ കണ്ണൂരിലും തലശ്ശേരിയിലുമായി നൃത്തവിദ്യാലയങ്ങൾ കുഞ്ഞിരാമനായി കാത്തിരിക്കുകയായിരുന്നു. അതിനിടയിൽ രാഗതാള പരിചയത്തിനായി കോഴിക്കോട് രാജരത്നം മാസ്റ്ററുടെ കീഴിൽ സംഗീതവും പഠിച്ചു. തിക്കൊടിയെൻറ ഉത്സാഹത്തിൽ ആകാശവാണിയിൽ റേഡിയോ നാടകങ്ങളും അവതരിപ്പിക്കാൻ അവസരമുണ്ടായി.
ജനിച്ചത് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ. കലാപ്രവർത്തനത്തിെൻറ പകുതിയും കണ്ണൂരിലും തലശ്ശേരിയിലും. അവിടങ്ങളിലെല്ലാം നൃത്തപഠനശാലകൾ നടത്തി. ചേലിയയിൽ കഥകളി വിദ്യാലയവും ആരംഭിച്ചു. അവയുടെ ഒന്നും പേരല്ല കുഞ്ഞിരാമൻ നായരുടെ കൂടെ കൂടിയത്. കുഞ്ഞിരാമൻ നായർ തന്നെ സ്ഥാപിച്ച പൂക്കാട് കലാലയം നിലകൊള്ളുന്ന ചേമഞ്ചേരിയുടെ പേരായിരുന്നു.
കേരളനടനം എന്ന കലാരൂപം ചിട്ടപ്പെടുത്തിയതും അത് സ്കൂൾ കലോൽസവങ്ങളിൽ ഉൾപ്പെടുത്തിച്ചതും കേരളത്തിലെ കഥകളിയാചാര്യന്മാരിൽ അഗ്രഗണ്യനായ ഗുരു ഗോപിനാഥിെൻറ പരിശ്രമങ്ങളായിരുന്നു. അതിനെല്ലാം അദ്ദേഹത്തിനൊപ്പം കുഞ്ഞിരാമൻ നായരുമുണ്ടായിരുന്നു. പൂക്കാട് കലാവിദ്യാലയത്തിൽ ഗുരു കുഞ്ഞിരാമൻ നായരുടെ കീഴിൽ കേരളനടനം പഠിക്കാൻ അവസാന കാലത്തുപോലും വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികളെത്തി.
ഒരിക്കൽ കണ്ണൂരിലേക്ക് ബസ്സിൽ യാത്ര ചെയ്യുമ്പോൾ കുഞ്ഞിരാമൻ നായർക്ക് ഒരു അപകടമുണ്ടായി. കുറേ ദിവസമായി കഥകളി അവതരിപ്പിച്ച ക്ഷീണമുണ്ടായിരുന്നതിനാൽ ബസിെൻറ സൈഡ് സീറ്റിലിരുന്നു ഉറങ്ങിപ്പോയി. മുള കയറ്റിവന്ന ലോറി പെട്ടെന്നാണ് കുഞ്ഞിരാമൻ ഇരുന്ന വശത്ത് വന്നിടിച്ചത്. മുള തുളച്ചുകയറി കൈപ്പത്തി ചതഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ ഞെട്ടിപ്പിക്കുന്ന ആ വിവരം പറഞ്ഞു. പരിക്കേറ്റ കൈയിലെ ഒരു വിരൽ മുറിച്ചുമാറ്റേണ്ടിവരും.
കഥകളി നടെൻറ ഏറ്റവും വലിയ അനുഗ്രഹമായ മുദ്രകൾ വിടരുന്ന കൈവിരൽ മുറിച്ചുമാറ്റിയാൽ അയാൾ അതോടെ അവസാനിക്കുകയാണ്. അതറിയാവുന്ന ചില ഡോക്ടർമാർ അവിടെയുണ്ടായിരുന്നു. അവരിലൊരാളായിരുന്നു ഡോ. ശാന്തകുമാരി. ഒടുവിൽ തുടയിൽ നിന്ന് മാംസം എടുത്ത് കൈപ്പത്തിയിൽ തുന്നിപ്പിടിപ്പിച്ചു. കൈവിരൽ പൂർവസ്ഥിയിലാകാൻ പിന്നെയും കാലമെടുത്തു.
നൃത്തവും കഥകളിയുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന ഡോ. ശാന്തകുമാരി താമസിച്ചിരുന്നത് കൊയിലാണ്ടിയിലെ കൊല്ലത്തായിരുന്നു. തെൻറ മകനെ കഥകളി പഠിപ്പിക്കുവാനായി അവർ ഗുരുവിെൻറ കെയിലാണ്ടിയിലെ നൃത്തസ്ഥാപനത്തിൽ മകനെ ചേർത്തു. സ്കൂൾ കലോത്സവത്തിൽ അവതരിപ്പിക്കാനായിരുന്നു പഠനമെങ്കിലും ഡോ. ശാന്തകുമാരിക്കു തന്നെ സംശയമായി തുടർച്ചയായി മൂന്നു വർഷമെങ്കിലും പഠിച്ചാലല്ലേ കഥകളി രംഗത്ത് അവതരിപ്പിക്കാനാകൂ... ഗുരുവും അത് ശരിവെച്ചതോടെ കഥകളി വിട്ട് മോഹിനിയാട്ടം പഠിക്കാൻ തീരുമാനിച്ചു. കലാമണ്ഡലം സരസ്വതി ടീച്ചറെ അതിനായി ഏർപ്പാടാക്കി കൊടുത്തതും ഗുരു കുഞ്ഞിരാമനായിരുന്നു. ആ ശിഷ്യൻ പിന്നീട് വളർന്നു നർത്തകനായും നടനായും പേരുകേട്ട വിനീത് എന്ന താരമായി മാറിയത് ഗുരുവിെൻറ ആ ശിഷ്യനായിരുന്നു. സംസ്ഥാന സ്കൂൾ കലോൽസവത്തിലെ അവസാന കലാപ്രതിഭയായ ആദർശ് എസും ഗുരു ചേമഞ്ചേരിയുടെ ശിഷ്യനായിരുന്നു...
ബുദ്ധിയുറയ്ക്കുന്നതിനു മമ്പേ അമ്മയെ നഷ്ടമായ കുഞ്ഞിരാമന് 13ാമത്തെ വയസ്സിൽ അച്ഛനും നഷ്ടമായി. 32ാമത്തെ വയസ്സിലായിരുന്നു തലശ്ശേരി പുന്നോൽ സ്കൂളിലെ ടീച്ചർ ജാനകിയെ വിവാഹം കഴിച്ചത്. അവർക്ക് രണ്ടു കുട്ടികളുമുണ്ടായി. മൂത്ത മകൾ ഹേമലത, മകൻ പവിത്രൻ. പക്ഷേ, രണ്ടര വയസ്സായപ്പോൾ മകളെ മരണം അപഹരിച്ചുകളഞ്ഞു. ആ ദുഃഖത്തിൽ നീറിക്കഴിഞ്ഞ ജാനകിയും വൈകാതെ കുഞ്ഞിരാമനെ വിട്ടുപിരിഞ്ഞു. ആ വേർപാടുകൾ കുഞ്ഞിരാമനെ ആകെ ഉലച്ചു. പലരും നിർബന്ധിച്ചിട്ടും വീണ്ടുമൊരു വിവാഹത്തിന് അദ്ദേഹം തുനിഞ്ഞില്ല. പകരം, തെൻറ ജീവിതം കല തന്നെയെന്നു തീർച്ചപ്പെടുത്തിയ കുഞ്ഞിരാമൻ നായർ കലാ വിദ്യാലയങ്ങൾ സ്ഥാപിച്ചും കലോപാസകനായും ജീവിതം തുടർന്നു. നാനാഭാഗങ്ങളിലായി ചിതറി കിടക്കുന്ന അനേകായിരം ശിഷ്യരിലൂടെ അദ്ദേഹം ഓർമിക്കപ്പെട്ടുകൊണ്ടേയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.