സിനിമയിൽ പിറന്ന്, സിനിമ ശ്വസിച്ച് വളർന്ന്, സിനിമയിൽ മരിച്ച മനുഷ്യൻ -അതാണ് സംഗീത് ശിവൻ. അവസാന ശ്വാസം വരെ സിനിമയിലായിരുന്നു. 1992ലാണ് സംഗീത് ശിവന്റെ ‘യോദ്ധ’ പുറത്തുവരുന്നത്. 32 വർഷമായിട്ടും അതിന്നും മലയാളത്തിലെ കൾട്ട് ക്ലാസിക്കാണ്. എ.ആർ. റഹ്മാനെ മലയാളത്തിൽ എത്തിച്ച, മോഹൻലാലും ജഗതിയും സൃഷ്ടിച്ച ‘യോദ്ധ മാജിക്ക്’ ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു. എല്ലാ തലമുറകളുടെയും എന്നത്തെയും പ്രിയപ്പെട്ട സിനിമ. അതിനൊരു രണ്ടാംഭാഗം സംഗീതിന്റെ സ്വപ്നമായിരുന്നു.
ബോളിവുഡിൽ രണ്ട് ഹിന്ദി സിനിമകളുടെ ഷൂട്ടിങ് പൂർത്തിയാക്കി അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തിരക്കിട്ടു ചെയ്തുകൊണ്ടിരിക്കെയാണ് മരണം സംഗീതിനെ തേടിയെത്തുന്നത്. കിഡ്നിക്ക് വന്ന ഇൻഫക്ഷൻ പരിശോധിക്കാൻ ആശുപത്രിയിലെത്തിയതാണ്. രണ്ടുദിവസം കൊണ്ടാണ് എല്ലാം പെട്ടെന്ന് വഷളാവുകയും അത് മരണത്തിലേക്കെത്തുകയും ചെയ്യുന്നത്.
ബോളിവുഡിലൂടെയാണ് സംഗീത് ശിവന്റെ അരങ്ങേറ്റം. അമീർഖാൻ നായകനായി രാഖ് (1989) നിർമിച്ചുകൊണ്ടാണ് ശ്രദ്ധേയനാകുന്നത്. ആദിത്യ ഭട്ടാചാര്യയാണ് ചിത്രം സംവിധാനം ചെയ്തത്. സന്തോഷ് ശിവനായിരുന്നു കാമറ. മലയാളത്തിൽ സാങ്കേതികത്തികവാർന്ന ആദ്യത്തെ ന്യൂജനറേഷൻ സിനിമയാണ് രഘുവരൻ നായകനായി സംഗീത് ശിവൻ രചനയും സംവിധാനവും നിർവഹിച്ച ‘വ്യൂഹം’ (1990). ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന സിനിമയായിരുന്നു അത്.
1991ൽ എന്റെ വിവാഹം കഴിഞ്ഞ ഉടനെയാണ് ദാമോദരൻ മാസ്റ്ററെക്കൊണ്ട് ഒരു മോഹൻലാൽ സിനിമക്ക് തിരക്കഥ എഴുതിക്കാൻ സംഗീത് ശിവനും സന്തോഷ് ശിവനും കൂടി കോഴിക്കോട്ടെ വീട്ടിലെത്തുന്നത്. മാഷിന്റെ പതിവ് ശൈലിയിൽ അല്ലാത്ത ഫാന്റസി സിനിമയായിരുന്നു അവരുടെ പ്ലാൻ. പതിനഞ്ച് ദിവസത്തോളം അവർ കൊണ്ടുവന്ന വിഷയത്തിന്മേൽ ചർച്ച നടത്തിയെങ്കിലും സിനിമ മുന്നോട്ടുപോയില്ല. വീട്ടിലെ ഔട്ട്ഹൗസിൽ താമസിച്ചു നടത്തിയ ആ ചർച്ചാവേളയിലാണ് സംഗീതിനെ അടുത്തറിയുന്നത്. ഒടുവിൽ ദാമോദരൻ മാസ്റ്റർ തന്റെ സിനിമയല്ല അതെന്ന് പറഞ്ഞ് ആ പ്രോജക്ടിൽനിന്ന് പിന്മാറുകയായിരുന്നു. അതായിരുന്നു ‘യോദ്ധ’. പണി പൂർത്തിയായപ്പോൾ ചർച്ചക്ക് തുടക്കമിട്ട ദാമോദരൻ മാസ്റ്ററിന് നന്ദി പറഞ്ഞുകൊണ്ടാണ് യോദ്ധ തുടങ്ങുന്നത്. സിനിമ നടന്നില്ലെങ്കിലും അന്നു തുടങ്ങിയ സൗഹൃദം മരണം വരെയും തുടർന്നു.
ഗോവ ഫിലിം ഫെസ്റ്റിവലിൽ സ്ഥിരം സന്ദർശകനായിരുന്നു സംഗീത്. ലോകത്തെങ്ങുമുള്ള സിനിമയിലെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നത് ഒരു ശീലമായിരുന്നു. കുട്ടിക്കാലത്ത് അച്ഛന്റെ ശിവൻ സ്റ്റുഡിയോയിൽ കാമറകൾക്കിടയിൽ വളർന്നതിന്റെ ശീലത്തിൽ എല്ലാം കാമറക്കണ്ണിലൂടെ കാണുകയായിരുന്നു സംഗീത്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഏത് സിനിമ വന്നാലും ലോകത്ത് എവിടെയായിരുന്നാലും അതെങ്ങനെ എന്നറിയാൻ ആകാംക്ഷാപൂർവം കാത്തിരിക്കും സംഗീത് ശിവൻ. ഏറ്റവും ഒടുവിൽ വിനീത് സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമ കണ്ട ശേഷം നടത്തിയ ചർച്ചകളാണ് ഓർമയിൽ. തന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലിത്തിരക്കുകൾക്ക് ഇടയിലായിരുന്നു ആ സിനിമ കാണലും ചർച്ചകളും നടന്നത്.
1992ൽ അരവിന്ദ് സ്വാമി, സുരേഷ് ഗോപി എന്നിവരെ വെച്ച് ‘ഡാഡി’ ചെയ്തു. മോഹൻലാലുമൊത്ത് നിർണയം, ഗാന്ധർവം എന്നീ രണ്ട് സൂപ്പർ ഹിറ്റ് സിനിമകൾകൂടി സംഗീത് സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടിലും സന്തോഷ് തന്നെയായിരുന്നു കാമറ. 1993ൽ സംവിധാനം ചെയ്ത ജോണി മികച്ച കുട്ടികളുടെ സിനിമക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടി. 1998ൽ സണ്ണി ഡിയോളിനെ നായകനാക്കി സോർ ബോളിവുഡിൽ സൂപ്പർ ഹിറ്റാക്കി. മലയാളത്തിൽ അവസാനം ചെയ്തത് 2000ത്തിൽ സ്നേഹപൂർവം അന്ന എന്ന സിനിമയാണ്. പിന്നീട് ബോളിവുഡിൽ തന്നെയായിരുന്നു. 2012ൽ ഇഡിയറ്റ്സ്, 2017ൽ ഇ എന്നീ മലയാള സിനിമകൾ നിർമിച്ചിരുന്നു.
കാൽനൂറ്റാണ്ടായി മലയാളത്തിലേക്ക് തിരിച്ചുവരവിനായി സംഗീത് സ്വപ്നം കണ്ടിരുന്നു. യോദ്ധയുടെ രണ്ടാംഭാഗം തന്നെയായിരുന്നു പ്രധാന ആലോചന. എന്നാൽ സംഗീത് ബോളിവുഡിൽ ചേക്കേറിയ ഇടവേളയിൽ മലയാള സിനിമ അടിമുടി മാറിപ്പോയിരുന്നു. തിരിച്ചുവരവ് അതാണ് വൈകിച്ചത്. ബോളിവുഡിൽ ഇപ്പോൾ ചെയ്തുവരുന്നത് ‘രോമാഞ്ച’ത്തിന്റെ ഹിന്ദി പതിപ്പാണ്. യോദ്ധയുടെ രണ്ടാം ഭാഗത്തിന് തിരക്കഥ ജോലികൾ തീർത്തുവെച്ചിരുന്നു. കോഴിക്കോട്ടേക്കുള്ള ഓരോ വരവിലും സംഗീത് ആ സ്വപ്നങ്ങൾ പങ്കുവെച്ചു. ആ സ്വപ്നങ്ങൾ ബാക്കിയാക്കി മടങ്ങുമ്പോൾ ആ നഷ്ടം മലയാള സിനിമയുടേത് മാത്രമല്ല, ഇന്ത്യൻ സിനിമക്ക് മുഴുവനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.