പശ്ചിമേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന്റെയും അമേരിക്കക്കുണ്ടായിരുന്ന സ്വാധീനവും നിയന്ത്രണവും കുറയുന്നതിന്റെയും പ്രത്യക്ഷ സൂചനയാണ് സൗദിയും ഇറാനും തമ്മിലെ നയതന്ത്ര ബന്ധ പുനഃസ്ഥാപനം. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ എതിർക്കാത്ത സമീപനമായിരുന്നു സൗദി സ്വീകരിച്ചത്. സൗദി -ഇറാൻ മഞ്ഞുരുക്കത്തിന് മധ്യസ്ഥത വഹിച്ചത് റഷ്യയുമായി അടുപ്പം പുലർത്തുന്ന ചൈനയാണെന്നതും ശ്രദ്ധേയം. ഊഷ്മളമായ രാഷ്ട്രീയ, വ്യാപാര ബന്ധങ്ങളിലേക്ക് ഇരുരാഷ്ട്രങ്ങളും നീങ്ങുന്നത് മേഖലക്ക് മുതൽക്കൂട്ടാകും.
സൗദിക്ക് പിന്നാലെ സഖ്യരാജ്യങ്ങളായ യു.എ.ഇയും ബഹ്റൈനും ഇറാനുമായി ബന്ധം സ്ഥാപിക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നിട്ടുണ്ട്. ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളുമായി നേരത്തേ തന്നെ നല്ലബന്ധത്തിലാണ് ഇറാൻ.പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മറികടക്കാൻ മേഖലയിലെ രാഷ്ട്രങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾ ഇറാന് ആവശ്യമാണ്. സ്വാധീനം നഷ്ടപ്പെട്ട അമേരിക്ക പശ്ചിമേഷ്യയിൽനിന്ന് പിൻവാങ്ങുകയാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ വർഷം സൗദി സന്ദർശിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ പ്രത്യക്ഷ്യത്തിൽ എതിർക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചെങ്കിലും സൗദി സന്നദ്ധമായില്ല.
ഈ സൗഹൃദം സൗദിക്കും ഗുണം ചെയ്യും. സമ്പദ് വ്യവസ്ഥ, പ്രതിരോധം, പരിസ്ഥിതി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുടെ വിപുലീകരണം ലക്ഷ്യമിടുന്ന സൗദിയുടെ ‘വിഷൻ 2030’ന് കരുത്തുപകരുന്നതാണ് ഇറാൻ ബന്ധം. യമനിൽനിന്ന് സൗദിയെ ലക്ഷ്യമാക്കി വരുന്ന ഡ്രോണുകൾ വലിയ തലവേദനയായിരുന്നു. രാജകൊട്ടാരത്തെയും എണ്ണപ്പാടങ്ങളെയും ലക്ഷ്യമാക്കി വരുന്ന ഡ്രോണുകൾ ജാഗ്രതയോടെയാണ് സൗദി തടുത്തിരുന്നത്.
യമനിലെ ഹൂതികളുമായി ഇറാനുണ്ടെന്ന് പറയപ്പെടുന്ന ബന്ധം ഉപയോഗിച്ച് ഇത് അവസാനിപ്പിക്കാൻ കഴിഞ്ഞാൽ വലിയ നേട്ടമാണ്. യമനിലെ ആഭ്യന്തര സംഘർഷം അവസാനിപ്പിക്കാൻ യോജിച്ച നീക്കങ്ങൾ വൈകാതെ പുനരാരംഭിക്കാനും സാധ്യതയുണ്ട്. സിറിയയിലെയും ലബനാനിലെയും ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിച്ച് മേഖലയിൽ സുസ്ഥിരതയും സമാധാനവും കൊണ്ടുവരാൻ അറബ് രാഷ്ട്ര നേതാക്കൾക്ക് താൽപര്യമുണ്ട്.
പുതിയ സമവാക്യത്തിൽ തുർക്കിയക്കും നിർണായക സ്വാധീനമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇറാനുമായി നേരത്തെ അവർക്കുള്ള നല്ല ബന്ധം സൗദി ഉൾപ്പെടെ രാജ്യങ്ങളുമായി ബന്ധം ശക്തമാക്കാൻ അവരെ സഹായിക്കും. ലോകത്തിലെ പ്രധാന പെട്രോളിയം ഉൽപാദക രാജ്യങ്ങൾ ഐക്യപ്പെടുന്നത് എണ്ണ വിലയിലും ഈ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും പ്രതിഫലിക്കും. ഇസ്രായേൽ -ഫലസ്തീൻ സംഘർഷത്തിലും ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൂരവ്യാപക സ്വാധീനം ചെലുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.