പട്ടികജാതി-വർഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച് സംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന സുപ്രീംകോടതി വിധി ചരിത്രപരവും ക്രീമിലെയർ ബാധകമാക്കാനുള്ള നിർദേശം ജാതിസംവരണത്തിനെതിരായ കൈയേറ്റവുമാണെന്ന് നിരീക്ഷിക്കുന്നു പ്രമുഖ ദലിത് ചിന്തകൻ കെ.എം. സലിം കുമാർ
ഇന്ത്യ ഒരു സജാതീയ സമൂഹമാണെന്നും ജാതിവ്യവസ്ഥ ഇന്ത്യൻ സമൂഹത്തെ ഏകീകരിക്കുന്ന ഘടകമാണെന്നുമുള്ളത് ആർ.എസ്.എസ്- സംഘ്പരിവാർ നിലപാടാണ്. ചിലർ തെറ്റിദ്ധരിക്കുകയും തെറ്റായി പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ പട്ടികജാതിക്കാരും പട്ടികവർഗങ്ങളും സജാതീയ സമൂഹങ്ങളല്ല. ജാതി സമൂഹങ്ങളാണ്. ജാതി ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിക്കുകയല്ല, ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത്. അസമത്വമെന്നല്ല, തരംതിരിക്കപ്പെട്ട അസമത്വമെന്നാണ് അംബേദ്കർ അതിനെ വിശേഷിപ്പിച്ചത്. സമത്വത്തിനുള്ളിലല്ല, തരംതിരിക്കപ്പെട്ട അസമത്വത്തിനുള്ളിലാണ് സംവരണം രൂപംകൊണ്ടത്.
രൂപവത്കരണ ഘട്ടത്തിൽ താരതമ്യേന സമാനമായ സാമൂഹിക ഗ്രൂപ്പുകളെയാണ് എസ്.സി-എസ്.ടി ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിലും ലഭ്യമായ സംവരണത്തിന്റെ ഗുണഫലം ലിസ്റ്റിലുള്ളവർക്ക് തുല്യമായി അനുഭവിക്കാൻ കഴിഞ്ഞില്ലായെന്നത് ഒരു സാമൂഹിക യാഥാർഥ്യമാണ്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും തൊഴിൽപരവുമായ അന്തരങ്ങൾ അത്രമേൽ എസ്.സി-എസ്.ടി ലിസ്റ്റിലുള്ളവർക്കിടയിലുണ്ട്. ഇക്കാര്യങ്ങൾ വിരൽചൂണ്ടുന്നത് അനിവാര്യമായ ജാതി സെൻസസിലേക്കും അതിന്റെ അടിസ്ഥാനത്തിൽ സംവരണ നയത്തിൽ വരുത്തേണ്ട മാറ്റങ്ങളിലേക്കുമാണ്.
രാഷ്ട്രപതിയെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും രാഷ്ട്രത്തിന് സംഭാവന ചെയ്ത പട്ടികജാതി സമൂഹങ്ങൾ കേരളത്തിലുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാക്കളും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമെല്ലാം വളർന്നുവന്ന സമൂഹങ്ങൾ. ഒന്നര നൂറ്റാണ്ടു മുമ്പുതന്നെ അക്ഷരത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുകയും സ്വന്തമായി കോളജുകൾ സ്ഥാപിക്കുകയും ഐ.എ.എസുകാരെയും ഐ.പി.എസുകാരെയും സൃഷ്ടിക്കുകയും ചെയ്യുന്ന സമൂഹങ്ങളെ പട്ടികവർഗക്കാർക്കിടയിലും കാണാം. ഈ മാറ്റത്തിൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുമ്പോഴും ഇത്തരമൊരു വളർച്ച സ്വപ്നം കാണാൻ പോലും കഴിയാത്ത നിരവധി സമൂഹങ്ങൾ രണ്ട് ലിസ്റ്റിലുമുണ്ട് എന്ന സത്യം കാണാതിരിക്കാനാവില്ല.
ഈ അന്തരം എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയുടെ നിഷേധമാണ്. അതുറപ്പാക്കുകയെന്നത് രാഷ്ട്രത്തിന്റെ കടമയാണ്. പട്ടികജാതി-വർഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച് സംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് പ്രഖ്യാപിക്കുന്ന 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ചിന്റെ വിധി പട്ടികജാതി-വർഗങ്ങളിൽ നിഷേധിക്കപ്പെട്ട നീതിയുടെ പുനഃസ്ഥാപനമാണ്.
ഈ വിധി ഭരണഘടനാവിരുദ്ധമാണെന്നും സജാതീയ സമൂഹങ്ങളെ വിഘടിപ്പിക്കുന്നതാണെന്നും കരുതുന്നവർ കാണാതെ പോകുന്നത് പട്ടികജാതി-വർഗ സംവരണം നിശ്ചിത സമൂഹങ്ങളിൽ തുല്യമായി പങ്കിട്ടുനൽകുന്നതിൽ ഇന്ത്യൻ റിപ്പബ്ലിക് പരാജയപ്പെട്ടുവെന്ന യാഥാർഥ്യമാണ്. തത്ത്വത്തിൽ അതംഗീകരിക്കുകയും മറികടക്കുന്നതിനുള്ള മാർഗം ചൂണ്ടിക്കാട്ടുകയുമാണ് സുപ്രീംകോടതി ചെയ്തത്. പട്ടികജാതി-വർഗ വിഭാഗങ്ങൾക്കിടയിൽനിന്ന് ഉയർന്നുവന്ന സാമൂഹിക- രാഷ്ട്രീയ ചിന്തകരും പ്രസ്ഥാനങ്ങളും എന്തുകൊണ്ട് ഈ യാഥാർഥ്യം തിരിച്ചറിഞ്ഞില്ലായെന്നത് ആത്മ വിമർശനപരമായി നോക്കിക്കാണേണ്ടതുണ്ട്. കാരണം, സ്വാതന്ത്ര്യബോധത്തിന്റെയും സമഭാവനയുടെയും സാഹോദര്യത്തിന്റെയും അഭാവം അവിടെ കാണാം.ഈ വിധി നടപ്പിലാക്കപ്പെടുന്നില്ലെങ്കിൽ പട്ടികജാതി-വർഗക്കാർക്കിടയിൽ ഇപ്പോൾത്തന്നെ വളർന്നു കഴിഞ്ഞിരിക്കുന്ന അന്തരം വർധിക്കുകയും അത് ദേശവ്യാപകമായ സംഘർഷങ്ങളിലേക്ക് നയിക്കപ്പെടുകയും ചെയ്യുമെന്നത് നിസ്തർക്കമാണ്.
ചരിത്രപരമായ ഈ വിധിക്കൊപ്പം ഏഴംഗ ബെഞ്ചിലെ നാലു ജഡ്ജിമാർ ജാതിസംവരണത്തിനെതിരെ നടത്തിയ കൈയേറ്റമാണ് പട്ടികജാതി-വർഗക്കാർക്കും ക്രീമിലെയർ ബാധകമാക്കാനുള്ള നിർദേശം. 1992ൽ ഒ.ബി.സി സംവരണത്തിൽ ക്രീമിലെയർ ഏർപ്പെടുത്തിയ സുപ്രീംകോടതി എസ്.സി-എസ്.ടി വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നുവെങ്കിലും 2006ൽ അവരിലേക്കുകൂടി ക്രീമിലെയർ വ്യാപിപ്പിക്കാനുള്ള ശ്രമം സുപ്രീംകോടതിയിൽനിന്നു തന്നെയുണ്ടായി. പരാജയപ്പെടുത്തപ്പെട്ട ആ ശ്രമം ആവർത്തിക്കുകയാണ് ജഡ്ജിമാർ ഇപ്പോൾ ചെയ്തിരിക്കുന്നത്. ജാതി സംവരണമില്ലാത്ത ഇന്ത്യയിലേക്ക് സുപ്രീംകോടതിയിലൂടെ തുറക്കുന്ന വാതിലാണിത്.
അതുകൊണ്ടാണ് ഏഴരപ്പതിറ്റാണ്ടായിട്ടും എസ്.സി-എസ്.ടി സംവരണം പൂർണമായി നടപ്പാക്കാൻ കഴിയാതെപോയതും രണ്ടര പ്പതിറ്റാണ്ടായിട്ടും ഒ.ബി.സി സംവരണം പകുതിപോലും നടപ്പിലാക്കാൻ കഴിയാത്തതും എന്തുകൊണ്ടാണെന്നത് സ്വാഭാവികമായ ഒരു നൈതിക പ്രശ്നമായി സുപ്രീംകോടതിക്ക് പരിഗണിക്കാൻ കഴിയാതെ പോകുന്നത്. നരേന്ദ്ര മോദി സർക്കാർ, എസ്.സി-എസ്.ടി സംവരണത്തിൽ ക്രീമിലെയർ ഏർപ്പെടുത്തുന്നതിന് എതിരാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജാതിസംവരണമില്ലാത്ത ഇന്ത്യയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം എന്ന കാര്യം മറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.