പൊലീസ്-പട്ടാള അടിച്ചമർത്തലുകളെയും അന്യായ നിയമങ്ങളെയും എതിരിട്ടുകൊണ്ടാണ് ധീരദേശാഭിമാനികൾ നമ്മുടെ രാജ്യത്തെ സ്വതന്ത്രമാക്കിയത്. സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷികമാഘോഷിക്കുമ്പോഴും പൊലീസ് തേർവാഴ്ച രാജ്യവ്യാപകമായി തുടരുന്നു. പൊലീസ് അതിക്രമത്തെയും ഹീനമായ മനുഷ്യാവകാശ ലംഘനങ്ങളെയും നിർലജ്ജം ന്യായീകരിക്കാൻ കക്ഷിരാഷ്ട്രീയഭേദെമന്യേ സർക്കാറുകൾക്ക് മടിയില്ല. വർഗീയ ഫാഷിസം പ്രത്യയശാസ്ത്രമാക്കിയ യോഗി ആദിത്യനാഥിെൻറ ഉത്തർപ്രദേശ് പൊലീസ് രാജിെൻറ കേദാരമാണെങ്കിൽ ഇടതുപക്ഷ ജനാധിപത്യ സർക്കാർ ഭരിക്കുന്ന കേരളവും അതേ പാതയിലാണെന്നതാണ് ഖേദകരം.
അടിയന്തരാവസ്ഥയിലെ പൊലീസ് ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ പിണറായി വിജയനെപ്പോലൊരാൾ അധികാരത്തിൽ വരുമ്പോൾ പൊലീസിനെ മനുഷ്യപ്പറ്റുള്ളതാക്കാൻ പരിഷ്കരണങ്ങൾ കൊണ്ടുവരുമെന്നായിരുന്നു നമ്മുടെയെല്ലാം പ്രതീക്ഷ. എന്നാൽ, ഒന്നാം പിണറായി സർക്കാറിന് ഏറ്റവുമേറെ ചീത്തപ്പേരുണ്ടാക്കിയ പൊലീസ് രണ്ടാമൂഴത്തിലും വലിയ അളവിൽ ജനവിരുദ്ധമായിരിക്കുകയാണ്. കോവിഡും ലോക്ഡൗണും മറയാക്കി സാധാരണ ജനങ്ങൾക്കെതിരെ ഭീകരത അഴിച്ചുവിടുന്ന പൊലീസിനെ ന്യായീകരിക്കുക മാത്രമല്ല, പഴയ കോൺഗ്രസ് സർക്കാറുകളുടെ കാലത്ത് ചെയ്ത തെറ്റുകൾക്കുകൂടി നിയമ പരിരക്ഷ ഉറപ്പാക്കുന്നു ഇടതുപക്ഷം.
കേരള ചരിത്രത്തിലെ പൊലീസ് അതിക്രമങ്ങളിൽ ഏറ്റവും ക്രൂരമായ ഒന്നാണ് 2003 ഫെബ്രുവരി മൂന്നിന് ഭൂരഹിത ആദിവാസികളുടെ നേരെ മുത്തങ്ങയിൽ നടന്ന വെടിെവപ്പ്. എ.കെ. ആൻറണിയുടെ ഐക്യ ജനാധിപത്യ മുന്നണി സർക്കാർ ഏറ്റവും വിമർശിക്കപ്പെടുകയും പ്രതിഷേധം നേരിടുകയും ചെയ്ത രക്തപങ്കിലമായ അധ്യായം. കേരളത്തിലെ ആദിവാസി ഭൂസമരങ്ങളെ എന്നന്നേക്കുമായി ഇല്ലായ്മ ചെയ്യുംവിധത്തിൽ നിസ്സഹായരായ ആദിവാസികളെ തോക്കുകൊണ്ട് നേരിട്ട ആ പൊലീസ് ആക്ഷനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദെൻറയും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയെൻറയും നേതൃത്വത്തിൽ കേരളത്തിലെ ഇടതുപക്ഷമായിരുന്നു.
ആദിവാസി ഭൂസമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിെൻറ പേരിൽ അന്ന് പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ച കെ.കെ. സുരേന്ദ്രൻ എന്ന ഡയറ്റ് അധ്യാപകൻ രണ്ടു ദശകം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നേടിയ അഞ്ചുലക്ഷം രൂപയുടെ നഷ്ടപരിഹാരം കൊടുക്കാതിരിക്കാൻ ഇപ്പോൾ അപ്പീലുമായി വയനാട് ജില്ല കോടതിയെ സമീപിച്ചിരിക്കുകയാണ് ഇടതുസർക്കാർ. സുരേന്ദ്രന് ഏറ്റ ക്രൂരമർദനത്തെക്കുറിച്ചോ നേരിട്ട കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചോ പൊലീസ് ഭീകരതയെ കുറിച്ചോ അപ്പീലിൽ ഒന്നും പറയുന്നില്ല.
അഞ്ചു ലക്ഷം രൂപ സുരേന്ദ്രന് നഷ്ടപരിഹാരവും മൂന്നു ശതമാനം പലിശയും നല്‍കണമെന്ന സുൽത്താൻബത്തേരി സബ് കോടതി വിധിക്കെതിരെ ചീഫ് സെക്രട്ടറിയാണ് പബ്ലിക് പ്രോസിക്യൂട്ടർ വഴി അപ്പീലുമായി വന്നിട്ടുള്ളത്. അന്ന് ആൻറണിയുടെ പൊലീസ് ആരോപിച്ചതും തെളിയിക്കാൻ കഴിയാഞ്ഞതുമായ വാദങ്ങളെല്ലാം സുരേന്ദ്രനെതിരായ അപ്പീലിൽ പിണറായി സർക്കാറും ആവർത്തിക്കുന്നുണ്ട്. മുത്തങ്ങ സമരത്തിെൻറ സൂത്രധാരന്‍ എന്നാരോപിച്ചായിരുന്നു അന്ന് ബത്തേരിയിലെ ഡയറ്റില്‍നിന്ന് സുരേന്ദ്രനെ പിടിച്ചുകൊണ്ടുപോയത്. മുപ്പത്തിനാല് ദിവസമാണ് അദ്ദേഹം ജയിലില്‍ കിടന്നത്. മർദനത്തില്‍ കര്‍ണപുടം തകർന്നു. പൊലീസ് മർദനം മൂലമുണ്ടായതും ഇന്നും തുടരുന്നതുമായ ആരോഗ്യ പ്രശ്നങ്ങള്‍ വ്യക്തമാവുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളടക്കം തെളിവുകളായി കണക്കിലെടുത്താണ് പൊലീസിനെതിരെ കീഴ്കോടതി വിധി പ്രസ്താവിച്ചത്. ആകെ എട്ടു പ്രതികളുണ്ടായിരുന്ന സിവിൽ കേസിൽ സംസ്ഥാന സര്‍ക്കാര്‍ ഒന്നാം പ്രതിയും വയനാട് കലക്ടര്‍ രണ്ടാം പ്രതിയുമായിരുന്നു. സുരേന്ദ്രന് അനുകൂലമായി കീഴ്കോടതിയിൽ വന്ന സാക്ഷികൾ മുഴുവൻ ആദിവാസി ഗോത്ര മഹാ സഭക്കാർ ആയിരുന്നെന്നും പൊലീസ് ഭാഗം സാക്ഷികളെ കീഴ്ക്കോടതി വിശ്വസിച്ചില്ല എന്നുമെല്ലാമാണ് അപ്പീലിൽ സർക്കാർ അവകാശപ്പെടുന്നത്. വയനാട്ടിലെ ആദിവാസികൾക്കിടയിൽ വലിയ സ്വാധീനം ഉണ്ടായിരുന്ന സുരേന്ദ്രൻ അതെല്ലാം ദുരുപയോഗിച്ചെന്നും ആദിവാസികളെ ഭരണകൂടത്തിനും സർക്കാറിനുമെതിരെ തിരിച്ചെന്നുമുൾപ്പെടെ തെളിവില്ലാതെ തള്ളപ്പെട്ട ആരോപണങ്ങളെല്ലാം ആവർത്തിക്കുന്നു.
അന്യായ തടങ്കല്‍, പൊലീസ് മർദനം എന്നിവയെ മറച്ചുപിടിച്ചുകൊണ്ടുള്ള ഈ അപ്പീൽ നഷ്ടപരിഹാരം കൊടുക്കാതിരിക്കാനും പൊലീസുകാരുടെ 'ആത്മവീര്യം' സംരക്ഷിക്കാനുമാണ് എന്നു വ്യക്തം. മനുഷ്യാവകാശങ്ങളുടെ നെഞ്ചിൻകൂടിന് മുകളിൽ കയറിനിന്ന് പൊലീസിെൻറ 'ആത്മവീര്യം' ഉയർത്തുന്ന ശൈലി പിണറായി സർക്കാർ ഇതാദ്യമായല്ല സ്വീകരിക്കുന്നത്.
കെ.കെ. സുരേന്ദ്രൻ
വയനാട് സ്വദേശിയായ ശ്യാം ബാലകൃഷ്ണനെ മാവോവാദിയായി ആയി ചിത്രീകരിച്ച് കസ്റ്റഡിയിൽ എടുത്തു പീഡിപ്പിച്ചതിന് കോടതി വിധിച്ച നഷ്ടപരിഹാരം കൊടുക്കാതിരിക്കാൻ നഷ്ടപരിഹാര തുകയുടെ പലമടങ്ങ് ചെലവിട്ട് സുപ്രീംകോടതിയിൽ കേസ് നടത്തുകയാണ് ഈ സർക്കാർ. ഇവിടെയിപ്പോൾ സുരേന്ദ്രനെതിരായ കേസ് ജില്ല കോടതിയിൽ എത്തുന്നതേയുള്ളൂ. ഇവ്വിധമാണെങ്കിൽ കേസ് സുപ്രീംകോടതി വരെ കൊണ്ടുപോകാനും സർക്കാറിന് മടിയുണ്ടാവില്ല.
പൊലീസ് വെടിെവച്ചു കൊന്ന പഴയ നക്സൽ നേതാവ് എ. വർഗീസിനുള്ള നഷ്ടപരിഹാരം കൊടുക്കാതിരിക്കാൻ അവസാന അടവും പയറ്റിയിട്ടും രക്ഷയില്ലാതെ വന്നതോടെ നടപടിക്രമങ്ങൾ തെറ്റിച്ച് തുക കുടുംബത്തിലെത്തിക്കുകയാണ് സർക്കാർ അടുത്തിടെ ചെയ്തത്. ലോക്കപ്പ് മർദനങ്ങളുടെയും കൊലപാതകങ്ങളുടെയും നിരവധി ഇരകൾ വേറെയും നീതിക്കായി നിലവിളിക്കുന്നു. പൊലീസിെൻറ കാര്യം വരുമ്പോൾ മുന്നണികൾക്കും പാർട്ടികൾക്കും അതീതമായി ഭരണസംവിധാനത്തിൽ ഒരു ദാസ്യവും വിധേയത്വവും ഉണ്ടാകുന്നു.
ഈ സർക്കാർ പൊലീസുകാരുടെ മാത്രമല്ല, താനടക്കമുള്ള ജനങ്ങളുടേതുകൂടിയാണെന്നും ആഭ്യന്തര വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രി ജനങ്ങളുടെ പക്ഷമാണ് സംരക്ഷിക്കേണ്ടത് എന്നും സുരേന്ദ്രൻ പറയുമ്പോൾ അതു കേൾക്കാനുള്ള ബാധ്യത സർക്കാറിനും പിണറായി വിജയനുമുണ്ട്.
ജനകീയ പ്രശ്നത്തിൽ അഭിപ്രായം പറഞ്ഞ ഒരധ്യാപകനെ ക്രൂരമായി മർദിച്ച ഈ പൊലീസുകാരായിരുന്നു ശരിയെന്ന് വരുത്തിത്തീർക്കാനാണ് നാമമാത്രമായ നഷ്ടപരിഹാര തുക നല്കാന് വിസമ്മതിച്ച് പിണറായി സര്‍ക്കാര്‍ ഇപ്പോൾ അപ്പീല്‍ നല്‍കിയിരിക്കുന്നത് എന്നതാണ് ലജ്ജാകരം.
സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന അധ്യാപകരെയും സാംസ്കാരിക പ്രവര്‍ത്തകരേയും തീവ്രവാദ ബന്ധമുള്ളവരാക്കി ചിത്രീകരിച്ച് കേസുകളില്‍ പെടുത്തലും മർദിക്കലുമൊക്കെ കേരള പൊലീസിെൻറ എക്കാലത്തെയും ശീലമാണെന്നും പിണറായി സർക്കാർ അതിനു മാറ്റം കുറിക്കുമെന്ന് താൻ ആത്മാർഥമായി വിചാരിച്ചിരുന്നുവെന്നും സുരേന്ദ്രൻ പറയുന്നു. തീവ്ര വലതുപക്ഷം രാജ്യത്തെ പൊലീസ് സേനയെയും നിയമ പാലന സംവിധാനത്തെയും ജനങ്ങൾക്കെതിരായ മർദനോപകരണങ്ങൾ ആക്കുമ്പോൾ തങ്ങളും അനുവർത്തിക്കേണ്ടത് അതേ രീതി തന്നെയോ എന്ന് ഇടതുപക്ഷ സർക്കാർ ആലോചിക്കണം.
പൊലീസ് ഭീകരത അനുഭവിച്ചു രാഷ്ട്രീയ നേതൃനിരയിലെത്തിയ പിണറായിയും പി. രാജീവും കെ.എൻ. ബാലഗോപാലുമൊക്കെ ഭരിക്കുമ്പോൾ മനുഷ്യാവകാശ ലംഘന പ്രവണതകൾ പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ. സുരേന്ദ്രന് നഷ്ടപരിഹാരം കൊടുക്കുന്നതിനെതിരായ അപ്പീൽ പിൻവലിക്കാൻ മുഖ്യമന്ത്രി നേരിട്ടിടപെടണം. യു.ഡി.എഫ് ഭരണത്തിനു കീഴിലെ പൊലീസിനാൽ അദ്ദേഹം അനുഭവിച്ച മർദനങ്ങൾക്കും പീഡനങ്ങൾക്കും ഈ സർക്കാർ അദ്ദേഹത്തോട് മാപ്പുപറഞ്ഞാൽ അതൊരു വലിയ തുടക്കമാകും; പൊലീസിനെ മാനുഷികവത്കരിക്കുന്നതിെൻറ തിളക്കമാർന്ന തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.