നാട്ടിലെ തൊഴിലന്വേഷകരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് പി.എസ്.സി (പബ്ലിക് സർവിസ് കമീഷൻ). കഷ്ടപ്പെട്ട് പഠിച്ചാൽ ജീവിതം കരുപ്പിടിപ്പിക്കാൻ ഒരു തൊഴിൽ അതുവഴി കിട്ടുമെന്ന് അവർക്ക് ഉറപ്പുണ്ട്. എന്നാൽ, ഏറെനാളായി അവിടെ നിന്നുള്ള വാർത്തകൾ ഒട്ടും ശുഭകരമല്ല. ഒന്നാം റാങ്കുകാരെപ്പോലും ഒറ്റരാത്രികൊണ്ട് നൂറാം റാങ്കിലേക്ക് അട്ടിമറിക്കുന്ന മാഫിയ സംഘം അതിനുപിന്നിൽ സജീവമാണെന്ന് ഉദ്യോഗാർഥികൾ സംശയിക്കുന്നു. എണ്ണമറ്റ ക്രമക്കേടുകളിലൂടെ വിശ്വാസ്യത കളഞ്ഞുകുളിച്ച തൊഴിൽദാതാവിെൻറ ആസ്ഥാനത്തെ അന്തർനാടകങ്ങൾ അനാവരണം ചെയ്യുന്ന പരമ്പര ഇന്നുമുതൽ..
കേരളത്തിലെ നല്ലൊരു വിഭാഗം യുവതലമുറയുടെയും സ്വപ്നമാണ് സർക്കാർ ജോലി. കഴിവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ശിപാർശയും പണശേഷിയും ഇല്ലാതെതന്നെ ആ സ്വപ്നം കൈയെത്തിപ്പിടിക്കാമെന്ന ഉറപ്പ് അവർക്കുണ്ട്. അത് നൽകുന്നത് കേരള പബ്ലിക് സർവിസ് കമീഷനാണ്, ആയിരങ്ങളുടെ പ്രതീക്ഷയായ തൊഴിൽ ദാതാവ്.
വിശ്വസ്തമായ നടപടിക്രമങ്ങളിലൂടെ ശാസ്ത്രീയരീതിയിൽ നടത്തുന്ന മത്സരപ്പരീക്ഷകളിൽനിന്ന് പി.എസ്.സി തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളാണ് വിവിധ സർക്കാർ തസ്തികകളിൽ ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ, കാലം പഴങ്കഥയാവുകയാണ്. ഇന്ന് ഏത് ഒന്നാം റാങ്കുകാരനെയും ഇരുട്ടിവെളുക്കുന്നതിനുമുമ്പ് 100ാം റാങ്കിലേക്ക് എത്തിക്കുന്ന കൺകെട്ട് വിദ്യക്കാരനായി പി.എസ്.സി മാറിക്കഴിഞ്ഞതിെൻറ തെളിവുകൾ പുറത്തുവരുന്നു.
പാർട്ടി ആവശ്യപ്പെട്ടാൽ ഏത് തസ്തികയിലും സ്വന്തക്കാരെ തിരുകിക്കയറ്റാനും സ്ഥാപനം തയാർ. ഇത് കോടതിയിൽ ചോദ്യം ചെയ്താലോ, അതിന് കൃത്യമായ സാധൂകരണവുമുണ്ട്. അഭിമുഖം എന്ന തുറുപ്പുചീട്ട് ഇറക്കിയാണ് എല്ലാ എതിർപ്പിനെയും പി.എസ്.സി മറികടക്കുന്നത്.
എഴുത്തുപരീക്ഷക്കൊപ്പം അഭിമുഖത്തിന് നേടുന്ന മാർക്കും കൂടി പരിഗണിച്ചാണ് ഭൂരിഭാഗം തസ്തികകളിലേക്കും പി.എസ്.സി നിയമനങ്ങൾ നടക്കുന്നത്. രണ്ടോ മൂന്നോ പി.എസ്.സി അംഗങ്ങളും വിഷയ വിദഗ്ധരും അടങ്ങുന്നതാണ് ഇൻറർവ്യൂ ബോർഡ്. സാധാരണഗതിയിൽ ഉദ്യോഗാർഥിയുടെ പ്രകടനം വിലയിരുത്തിയശേഷം ഓരോ അംഗവും നൽകുന്ന മാർക്കിെൻറ ആകെ തുകയാണ് അഭിമുഖ മാർക്കായി കണക്കാക്കുന്നത്.
എന്നാൽ, പി.എസ്.സിയിൽ കാര്യങ്ങൾ തലതിരിച്ചാണ്. വിഷയ വിദഗ്ധരടങ്ങുന്ന സമിതി ഉദ്യോഗാർഥിയുടെ മികവ് കണക്കിലെടുത്ത് എത്ര മാർക്കിട്ടാലും ഇൻറർവ്യൂ ബോർഡിലുള്ള പി.എസ്.സിയുടെ സീനിയർ അംഗം നൽകുന്ന മാർക്ക് മാത്രമായിരിക്കും റാങ്കിനായി പരിഗണിക്കുക. മറ്റുള്ളവരുടെ മാർക്കുകൾ കണക്കാക്കില്ല. ഉദ്യോഗാർഥി ബന്ധപ്പെട്ട തസ്തികയിലേക്ക് അയോഗ്യനാണെന്ന് വിഷയ വിദഗ്ധർ ചൂണ്ടിക്കാണിച്ചാലും കമീഷൻ അംഗങ്ങൾക്ക് അവരെ യോഗ്യരാക്കി തിരഞ്ഞെടുക്കാം.
മുൻകാലങ്ങളിൽ എഴുത്തുപരീക്ഷയുടെ മാർക്ക് അഭിമുഖത്തിന് ശേഷമാണ് പുറത്തുവിട്ടിരുന്നതെങ്കിൽ ഇപ്പോൾ കമ്പ്യൂട്ടർവത്കരണത്തിെൻറ ഫലമായി അഭിമുഖത്തിന് മുമ്പുതന്നെ എഴുത്തുപരീക്ഷയുടെ മാർക്ക് കമീഷൻ അംഗങ്ങൾക്ക് മുൻകൂട്ടി അറിയാൻ സാധിക്കും. എഴുത്തുപരീക്ഷയിൽ പിന്നിലായവരെ അഭിമുഖത്തിന് തോന്നുന്ന മാർക്ക് നൽകി മുന്നിലെത്തിക്കാൻ ഇതുവഴി കമീഷനാകും.
കൂടാതെ അഭിമുഖ പരീക്ഷകൾ പി.എസ്.സി റെക്കോഡ് ചെയ്ത് സൂക്ഷിക്കാറില്ല. ഇതും നിയമനങ്ങളിൽ അട്ടിമറിക്ക്സഹായിക്കുന്നുണ്ട്. അഭിമുഖ വേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നുവെന്ന് കോടതിമുറിയിൽ ഉദ്യോഗാർഥിക്ക് സമർഥിക്കാൻ പറ്റിയ ഒരുതെളിവും ബാക്കിവെക്കാതെയാണ് അഭിമുഖം.
ഏതൊക്കെ മാനദണ്ഡത്തിെൻറ അടിസ്ഥാനത്തിലായിരുന്നു അഭിമുഖം, പറഞ്ഞ ഉത്തരങ്ങളിൽ ഓരോന്നിനും എത്രമാർക്ക് നൽകി, എത്ര ഉത്തരങ്ങൾ ശരി, തെറ്റ് എത്ര തുടങ്ങിയവ ഉദ്യോഗാർഥിയെ കൂടി ബോധ്യപ്പെടുത്താൻ സംവിധാനമില്ല. അഭിമുഖങ്ങൾ എന്തുകൊണ്ട് റെക്കോഡ് ചെയ്ത് സൂക്ഷിച്ചുകൂടെന്ന് കോടതി നിരവധി തവണ പി.എസ്.സിയോട് ആരാഞ്ഞിട്ടുണ്ടെങ്കിലും 'പരീക്ഷയുടെ രഹസ്യാത്മകത' ചൂണ്ടിക്കാട്ടി തടിതപ്പുകയാണ് പതിവ്.
ഇടത് സർവിസ് സംഘടന നേതാക്കളെ സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് ഉന്നത തസ്തികകളിലേക്ക് തിരുകിക്കയറ്റാൻ പി.എസ്.സി നടത്തിയ അഭിമുഖം ഏറെ വിവാദമായിരുന്നു. ചീഫ് സോഷ്യൽ സർവിസ് തസ്തികയിലെ എഴുത്തുപരീക്ഷയിൽ പട്ടികജാതിക്കാരിയായ സൗമ്യ 91.75 മാർക്ക് നേടി ഒന്നാമതെത്തി.
എന്നാൽ, പി.എസ്.സി നടത്തിയ അഭിമുഖത്തിൽ സൗമ്യക്ക് ലഭിച്ചതാകട്ടെ 40ൽ 11 മാർക്ക്. സൗമ്യക്ക് പിന്നിൽ രണ്ട്, മൂന്ന്, അഞ്ച് സ്ഥാനങ്ങളിലെത്തിയ കേരള െഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവിനും ആസൂത്രണ ബോർഡിലെ രണ്ട് ഉദ്യോഗസ്ഥർക്കും ലഭിച്ചത് 36 മാർക്ക്. ഇതോടെ ഒന്നാംസ്ഥാനക്കാരി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചീഫ് ഡീ സെൻട്രലൈസ്ഡ് പ്ലാനിങ് തസ്തികയിലെ എഴുത്തുപരീക്ഷയിൽ 200 മാർക്കിൽ 52.50 മാർക്ക് നേടിയ ഇടത് അനുഭാവിയെ മുന്നിലെത്തിക്കാൻ നൽകിയത് 40ൽ 38 മാർക്ക്.
എഴുത്തുപരീക്ഷകൾക്കുശേഷം നടക്കുന്ന അഭിമുഖങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നൽകാൻ പാടില്ലെന്ന സുപ്രീം കോടതി വിധി കാറ്റിൽപറത്തിയായിരുന്നു മാർക്ക് ദാനം. ഉദ്യോഗാർഥിക്ക് 70 ശതമാനത്തിന് മുകളിൽ മാർക്ക് നൽകുന്നുണ്ടെങ്കിൽ മതിയായ കാരണങ്ങൾ റാങ്ക് പട്ടികയിലെ കോളത്തിൽ രേഖപ്പെടുത്തണം. ഇതും ഇൻറർവ്യൂ ബോർഡ് പാലിച്ചില്ല. പി.എസ്.സി നടപടി കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തെങ്കിലും ഹൈകോടതി ശരിവെച്ചു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ.
കോവിഡ് കാലത്ത് ഇടത് അനുഭാവികളായ ഡോക്ടർമാരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് വിഡിയോകാൾ വഴിയും ഉദ്യോഗാർഥികളുടെ അഭിമുഖം നടത്തി പി.എസ്.സി ചരിത്രം സൃഷ്ടിച്ചിരുന്നു. ആരോഗ്യ വകുപ്പിലെ അസിസ്റ്റൻറ് സർജൻ (എൻ.സി.എ എസ്.ടി) തസ്തികയിലാണ് ചട്ടങ്ങളും കീഴ്വഴക്കങ്ങളും കാറ്റിൽപറന്നത്.
ഉദ്യോഗാർഥികളെ നേരിട്ട് അഭിമുഖം നടത്തി റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരം 40 പേരടങ്ങുന്ന അഭിമുഖ പട്ടികയിൽ 37 പേരും പി.എസ്.സിയുടെ വിദഗ്ധ സമിതിക്കുമുന്നിൽ ഹാജരായിരുന്നു. എന്നാൽ, ഇടത് അനുഭാവികളായ മൂന്നുപേർ മാത്രം പി.എസ്.സി ആസ്ഥാനത്ത് എത്തിയില്ല.
കെണ്ടയ്ൻമെൻറ് സോണിലായ തങ്ങൾക്ക് അഭിമുഖ പരീക്ഷ വിഡിയോ കോൺഫറൻസ് വഴി നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇത് പരീക്ഷ വിഭാഗം തള്ളി. അഭിമുഖത്തിന് ഹാജരാകുന്ന തീയതി നീട്ടി നൽകാമെന്നല്ലാതെ ഓൺലൈൻ വഴി അഭിമുഖം നടത്താൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റാങ്ക് പട്ടിക വൈകിയതോടെ ആരോഗ്യ മന്ത്രിയുടെ ഓഫിസ് വിഷയത്തിൽ ഇടപെടുകയും മൂന്നുപേരെയും അടിയന്തരമായി ഓൺലൈൻ വഴി ഇൻറർവ്യൂ നടത്തി റാങ്ക് പട്ടിക പുറത്തിറക്കണമെന്നും ആവശ്യപ്പെട്ടു.
ഇതോടെ ഉന്നത ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ ജൂലൈ 28ന് ഒരു മെംബറുടെ നേതൃത്വത്തിൽ മൂന്നുപേർക്കായി പി.എസ്.സിയുടെ ചരിത്രത്തിൽ ആദ്യമായി വിഡിയോകാളിലൂടെ അഭിമുഖ പരീക്ഷ നടന്നു. തുടർന്ന് ഒരു രേഖാ പരിശോധനയും ഇല്ലാതെതെന്ന അന്ന് വൈകീട്ട് റാങ്ക് ലിസ്റ്റും പുറത്തിറക്കി. അതും കെണ്ടയ്ൻമെൻറ് സോണിനെ തുടർന്ന് പി.എസ്.സി ആസ്ഥാനം അടഞ്ഞുകിടക്കുമ്പോൾ.
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിനും ആൾമാറാട്ടം തടയുന്നതിനും വേണ്ടിയാണ് അഭിമുഖ പരീക്ഷക്ക് നേരിട്ട് ഹാജരാകാൻ ഉദ്യോഗാർഥികളോട് പി.എസ്.സി ആവശ്യപ്പെടുന്നത്. കോവിഡ് വ്യാപനം രൂക്ഷമായിട്ടുപോലും നേരിട്ട് ഹാജരാകുന്ന കാര്യത്തിൽ ഇളവ് നൽകാൻ കമീഷൻ തയാറായില്ല. ഗൾഫ്, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും ഹോട്സ്പോട്ട്, കെണ്ടയ്ൻമെൻറ് സോണിലുള്ളവർക്കും മറ്റ് രോഗബാധയുള്ള ഉദ്യോഗാർഥികൾക്കും അപേക്ഷ സമർപ്പിക്കുന്ന മുറക്ക് അഭിമുഖ തീയതി മാറ്റിനൽകുകയാണ് ചെയ്തിരുന്നത്.
പി.എസ്.സി ആസ്ഥാനമടക്കം കെണ്ടയ്ൻമെൻറ് സോണിലായിട്ടുപോലും ഇക്കാര്യത്തിൽ വീട്ടുവീഴ്ചക്ക് കമീഷൻ തയാറായിരുന്നില്ല. അങ്ങനെയുള്ളപ്പോഴാണ് മൂന്നുപേർക്ക് മാത്രമായി ഓൺലൈൻ ഇൻറർവ്യൂ നടത്തിയത്. ഇതിനെതിരെ കമീഷൻ അംഗങ്ങളിൽ ഒരുവിഭാഗം ശക്തമായി പ്രതിഷേധിച്ചിരുന്നു. ഒടുവിൽ അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് ഈ നടപടിക്രമങ്ങൾ കമീഷൻ അംഗീകരിച്ചത്.
അഭിമുഖമെന്ന പേരിൽ പി.എസ്.സിയിൽ നടക്കുന്നത് വൻ തട്ടിപ്പെന്ന് മുൻ പി.എസ്.സി ഇൻറർവ്യൂ ബോർഡ് അംഗവും മുൻ ആസൂത്രണ ബോർഡ് അംഗവുമായിരുന്ന ജി. വിജയരാഘവൻ 'മാധ്യമ'ത്തോട് പറഞ്ഞു. ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട് ഒരിക്കൽ പി.എസ്.സി നടത്തിയ ഇൻറർവ്യൂ ബോർഡിൽ വിഷയ വിദഗ്ധരായി ഞാനും റബർ ബോർഡ് മുൻ ചെയർമാനും ചീഫ് സെക്രട്ടറിയുമായിരുന്ന പി.സി. സിറിയക്കുമാണ് ഉൾപ്പെട്ടത്.
എന്നാൽ, ആ തസ്തികക്ക് പി.എസ്.സി തിരഞ്ഞെടുത്തയാൾ അനുയോജ്യനല്ലെന്ന് കണ്ടതിനെ തുടർന്ന് അയാളെ എടുക്കാൻ കഴിയില്ലെന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചത്. പക്ഷേ, കമീഷൻ അംഗങ്ങൾ ഞങ്ങളുടെ വാദം തള്ളി. നിങ്ങളെ ഇവിടെ വിളിച്ചിരിക്കുന്നത് വിഷയ വിദഗ്ധരായി മാത്രമാണെന്നും മാർക്ക് എന്തിടണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നുമായിരുന്നു മറുപടി. ഇതിനെതിരെ ഞാൻ ഒരു കത്ത് പി.എസ്.സിക്ക് നൽകിയിരുന്നു. പിന്നീട് ഇത്തരം പ്രഹസനങ്ങൾക്ക് പോയി ഇരുന്നിട്ടില്ല -അദ്ദേഹം പറയുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.