എസ്.എഫ്.ഐയും ഒരു മുസ്ലിം വിദ്യാര്‍ഥിനിയും

എസ്.എഫ്.ഐയുടെ അതിക്രമത്തെക്കുറിച്ച് കോഴിക്കോട് മടപ്പള്ളി ഗവ. കോളജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനി സല്‍വ അബ്ദുല്‍ ഖാദര്‍ സോഷ്യല്‍ മീഡിയയിലൂടെ  നടത്തിയ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാണ്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിനു സമാനമായി എസ്.എഫ്.ഐയുടെ സ്റ്റാലിനിസ്റ്റ് സമഗ്രാധിപത്യ രാഷ്ട്രീയം നിലനില്‍ക്കുന്ന കാമ്പസാണ് മടപ്പള്ളി ഗവ. കോളജ്. എല്ലാ എതിര്‍ശബ്ദങ്ങളെയും അരിഞ്ഞുവീഴ്ത്തി കാമ്പസിന്‍െറ  ഓരോ അനക്കവും അടക്കവും നിയന്ത്രിക്കുന്ന മര്‍ദകയന്ത്രമാണ് ഈ കാമ്പസിലെ എസ്.എഫ്.ഐ. താന്‍ നേരിടുന്ന അക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ സല്‍വയെ ‘വിഷജന്തു’ എന്നാണ് ഇപ്പോള്‍ കോളജിലെ എസ്.എഫ്.ഐ അണികള്‍  വിശേഷിപ്പിക്കുന്നത്. ഖാപ് പഞ്ചായത്തുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ സല്‍വയെ പുറത്താക്കാന്‍ കോളജില്‍ അനിശ്ചിതകാല സമരത്തിന് എസ്.എഫ്.ഐ ആഹ്വാനംചെയ്തിരിക്കുന്നു.  സല്‍വയുടെ പഠിക്കാനും ചിന്തിക്കാനും അഭിപ്രായംപറയാനുമുള്ള ജനാധിപത്യ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം കേരളീയ സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്.

ഏഴു വര്‍ഷം മുമ്പ് കണ്ണൂരിലെ ഗവ. പോളിടെക്നിക്കില്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ എന്നോട് എസ്.എഫ്.ഐ ചെയ്ത അതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ മടപ്പള്ളിയില്‍ നടക്കുന്നത്. അന്ന് എന്നെപ്പോലുള്ളവരുടെ പ്രതികരണങ്ങള്‍ അറിയിക്കാനോ ദൃശ്യതയില്‍ കൊണ്ടുവരാനോ നിരവധി പരിമിതികളുണ്ടായിരുന്നു. ഇന്ന് സമൂഹമാധ്യമങ്ങളിലും അതോടൊപ്പം നമ്മുടെ മാറിയ കീഴാള രാഷ്ട്രീയ അവബോധത്തിലും അതിന് ധാരാളം ഇടങ്ങളുണ്ട്. കേരളത്തിലെ കാമ്പസുകളില്‍ എസ്.എഫ്.ഐ ഉണ്ടാക്കിയ മസില്‍പവര്‍ രാഷ്ട്രീയത്തിന്‍െറ ഒടുവിലെ ഉദാഹരണമായി ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളെ എളുപ്പത്തില്‍ തള്ളിക്കളയാനാണ് ചിലര്‍ ശ്രമിക്കുന്നത്.

എസ്.എഫ്.ഐ കേവല ആള്‍ക്കൂട്ടമായതിന്‍െറ പ്രശ്നമോ അവര്‍ക്ക്  ഇടതുപക്ഷ പ്രത്യയശാസ്ത്രം ചോര്‍ന്നുപോയതിന്‍െറ അടയാളമോ ആയി ഈ പ്രശ്നത്തെ  കാണുന്നവരുമുണ്ട്. വേറെ ചിലര്‍ ഇത്തരം സംഭവങ്ങള്‍ എസ്.എഫ്.ഐയുടെ ശുദ്ധ ആദര്‍ശത്തില്‍നിന്നുള്ള വ്യതിയാനമായി കാണുന്നു. ഇങ്ങനെ നല്ല എസ്.എഫ്.ഐക്കാരും മോശം എസ്.എഫ്.ഐക്കാരും ഉണ്ടെന്ന ധാര്‍മിക വിമര്‍ശനങ്ങള്‍ നമ്മുടെ കാമ്പസുകള്‍ കടന്നുപോകുന്ന ആഴത്തിലുള്ള സാമൂഹികമാറ്റത്തെ വിലയിരുത്താന്‍ പര്യാപ്തമല്ല. പരമ്പരാഗതമായി നാം ശീലിച്ച രാഷ്ട്രീയ വിമര്‍ശനത്തിന്‍െറ പ്രശ്നങ്ങളിലേക്ക് ചുരുക്കാന്‍ കഴിയുന്നതല്ല ഇപ്പോള്‍ കാമ്പസുകളില്‍ നടക്കുന്ന ചലനങ്ങള്‍. കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്ന കീഴാളരാഷ്ട്രീയത്തിന്‍െറ പുതിയ ചലനങ്ങളെ അടയാളപ്പെടുത്തുന്ന ഒരു സവിശേഷ സന്ദര്‍ഭമാണ് സല്‍വ അബ്ദുല്‍ ഖാദര്‍ നടത്തുന്ന പോരാട്ടം.

കാമ്പസിനുമേലെ എസ്.എഫ്.ഐയുടെ ഇടതുപക്ഷ ആണത്തം നിലനിര്‍ത്തിയ മേല്‍ക്കോയ്മയുടെ പ്രതിസന്ധിയാണ് ഇപ്പോള്‍ വെളിവായി വരുന്നത്. കേരളത്തിലെ എസ്.എഫ്.ഐ എങ്ങനെയാണ് കീഴാളരാഷ്ട്രീയ മണ്ഡലത്തില്‍നിന്ന് ഉയര്‍ന്നുവന്ന വിവിധ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കൈയൂക്കുകൊണ്ടും രാഷ്ട്രീയ സ്വാധീനംകൊണ്ടും ഒതുക്കുന്നതെന്ന്  ദേശീയ മാധ്യമങ്ങള്‍തന്നെ ചര്‍ച്ചചെയ്യുന്നുണ്ട്. കേരളത്തിലെ എസ്.എഫ്.ഐ എന്നുതന്നെ പ്രത്യേകം പറയണം. തങ്ങള്‍ക്ക്  പേശീബലം കുറഞ്ഞ  ജെ.എന്‍.യു അടക്കമുള്ള കാമ്പസുകളില്‍ എസ്.എഫ്.ഐ പച്ചവെള്ളം ചവച്ചുകുടിക്കുന്ന പാവത്താന്മാരും ഗാന്ധിയന്മാരെ വെല്ലുന്ന അഹിംസാവാദികളുമാണ്.

പക്ഷേ, കേരളത്തിലെ എസ്.എഫ്.ഐക്ക് മറ്റൊരു രൂപമാണ്. ഇത് പറയാന്‍ അധികം പിന്നോട്ടുപോകുന്നില്ല. രോഹിത് വെമുല ഭാഗമായ വിദ്യാര്‍ഥി പ്രസ്ഥാനമായ എ.എസ്.എ (അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍) യുടെ ചുവടുപിടിച്ച് കോട്ടയം എം.ജി സര്‍വകലാശാലയില്‍ രൂപവത്കരിച്ച എ.എസ്.എക്കെതിരെ ‘കഞ്ചാവ് മാഫിയക്കാര്‍’ എന്ന ലേബല്‍ ഒട്ടിച്ചു വേട്ടയാടാനാണ് എസ്.എഫ്.ഐക്കാര്‍ ശ്രമിച്ചത്. മഹാരാജാസ് കോളജിലെ സ്വതന്ത്ര വിദ്യാര്‍ഥി കൂട്ടായ്മയായ ‘ഇന്‍ക്വിലാബി’ന്‍െറ പ്രവര്‍ത്തകനായ ഫുആദിനെ രോഹിത് വെമുല രക്തസാക്ഷിദിനം (ജനുവരി 17) ആചരിച്ചതിന്‍െറ പേരില്‍ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചു. കോഴിക്കോട് ലോ കോളജില്‍ ‘ഇന്‍ക്വിലാബി’ന്‍െറ പ്രവര്‍ത്തകര്‍ പതിച്ച രോഹിത് വെമുല രക്തസാക്ഷിദിനത്തിന്‍െറ പോസ്റ്ററുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാല്‍  കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്ന പുതുജനാധിപത്യ പരീക്ഷണങ്ങളെ മുളയിലേ നുള്ളാനാണ് എസ്.എഫ്.ഐക്കാര്‍ ശ്രമിക്കുന്നത്.   

പരിമിതമെങ്കിലും എസ്.എഫ്.ഐയുടെ ലിംഗരാഷ്ട്രീയവും ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. കാമ്പസ് രാഷ്ട്രീയത്തിലെ ആണ്‍കോയ്മയുടെ വക്താക്കള്‍ പരമ്പരാഗത ജാതിമത സാമൂഹികശക്തികള്‍ മാത്രമാണെന്നും എസ്.എഫ്.ഐ അത്തരം രാഷ്ട്രീയത്തില്‍നിന്ന് മുക്തമാണ് എന്ന വികലധാരണയാണ്  ഇതിലൂടെ വെല്ലുവിളിക്കപ്പെടുന്നത്. എങ്ങനെയാണ് എസ്.എഫ്.ഐയിലെ ആണുങ്ങള്‍ അവര്‍ക്ക്  ആധിപത്യമുള്ള കാമ്പസുകളില്‍ സ്വതന്ത്ര ശബ്ദമുള്ള വിദ്യാര്‍ഥിനികളെ, വിശിഷ്യ കീഴാള/മുസ്ലിം വിദ്യാര്‍ഥിനികളെ, കൈകാര്യം ചെയ്യുന്നതെന്ന പ്രശ്നം ഇതിലുണ്ട്.

കാമ്പസുകളില്‍  മതേതര/സദാചാര പൊലീസായി എസ്.എഫ്.ഐ വാഴുന്ന കാര്യം നിരവധി സ്ത്രീവാദികള്‍തന്നെ ഉന്നയിച്ചിട്ടുണ്ട്. ജാതി ഹിന്ദുരാഷ്ട്രീയമുള്ള ഇടതുപക്ഷ ആണത്തത്തിന്‍െറ കാമ്പസുകളിലെ പകര്‍ന്നാട്ടങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയ ഗവേഷകര്‍  നടത്തിയ മികച്ച പഠനങ്ങളുണ്ട്. മുസ്ലിം സമുദായത്തില്‍നിന്ന് മുസ്ലിം സ്ത്രീക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പൊതുവ്യവഹാരങ്ങള്‍ ഉത്സാഹവും ആവേശവും കാണിക്കുന്നു. എന്നാല്‍, സമാന രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള പൊതുഇടങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന മതേതര/ഇടതുപക്ഷ ആണത്തത്തിന്‍െറ അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫെമിനിസ്റ്റ് വ്യവഹാരങ്ങള്‍പോലും തയാറല്ല.

ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ക്ളാസ്മേറ്റ്സ്’ എന്ന സിനിമയിലെ കുടുംബത്താല്‍ ‘ശാശ്വതമായി അടിച്ചമര്‍ത്തപ്പെട്ട’ റസിയ എന്ന കഥാപാത്രം പ്രസിദ്ധമാണ്. കോളജില്‍ പോകുമ്പോള്‍  പര്‍ദ ധരിച്ച എന്നെ ആദ്യകാലങ്ങളില്‍ പലരും കളിയായും കാര്യമായും വിളിച്ചിരുന്നത് റസിയ എന്നായിരുന്നു. റസിയയിലൂടെ മതജീവിതം നയിക്കുന്ന മുസ്ലിം വിദ്യാര്‍ഥിനികളെപ്പറ്റി പൊതുവ്യവഹാരങ്ങള്‍ നിര്‍മിച്ച വാര്‍പ്പുമാതൃകകളെയാണ് സല്‍വ അബ്ദുല്‍ ഖാദര്‍ അടക്കമുള്ള വിദ്യാര്‍ഥിനികള്‍ ചോദ്യംചെയ്യുന്നത്.

ഇരകളായതിനാല്‍ രക്ഷകനെ ആവശ്യമുള്ള മുസ്ലിം സ്ത്രീയെപ്പറ്റി പൊതുവ്യവഹാരങ്ങള്‍ നിര്‍മിച്ച കല്‍പിതകഥകളില്‍നിന്ന് മുക്തമായി, തന്‍േറതായ ഇടം കണ്ടത്തൊന്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ നടത്തുന്ന പോരാട്ടത്തിന്‍െറകൂടി ചരിത്രമാണ് പുതിയ കാമ്പസ് രാഷ്ട്രീയം. ഇത് കേന്ദ്ര സര്‍വകലാശാലകളില്‍ മാത്രമല്ല, കേരളത്തിലെ കോളജുകളിലും ദൃശ്യമാണ്.

പൊതുവ്യവഹാരങ്ങളുടെ നിര്‍വചന അധികാരത്തെ കുടഞ്ഞുതെറിപ്പിക്കാനും തങ്ങളുടെ ജീവിതത്തെ സ്വയം നിര്‍വചിക്കാനും മുസ്ലിം വിദ്യാര്‍ഥിനികള്‍ നടത്തുന്ന ശ്രമങ്ങള്‍ കണ്ടില്ളെന്നു നടിക്കരുത്. മുസ്ലിം വിദ്യാര്‍ഥിനികളുടെ വിദ്യാഭ്യാസ അനുഭവങ്ങളെ മനസ്സിലാക്കാന്‍ മാറിയ വിമര്‍ശന  അവബോധംതന്നെ ആവശ്യമാണെന്ന് ഈ പോരാട്ടങ്ങള്‍ കാണിക്കുന്നു. അങ്ങനെയുള്ള പോരാട്ടങ്ങളോട് ഐക്യപ്പെടാന്‍ കേരളത്തിലെ പുതുജനാധിപത്യ ശക്തികള്‍ക്കും  വിശിഷ്യ സ്ത്രീവാദികള്‍ക്കും  ബാധ്യതയുണ്ട്.  

Tags:    
News Summary - sfi and a muslim student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.