കോവിഡ് സൃഷ്ടിച്ച കുഴപ്പങ്ങളിൽനിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. അതിനിടയിലാണ് കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് (HMPV) വ്യാപിക്കുന്നതായ വാർത്തകളെത്തുന്നത്. എച്ച്.എം.പി.വി കേസുകൾ നമ്മുടെ രാജ്യത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേക്കുറിച്ചറിയാം:എന്താണ് എച്ച്.എം.പി.വി?ജലദോഷപ്പനിയുണ്ടാക്കുന്ന വൈറസുകളുടെ പട്ടികയിൽ 1950കൾ മുതൽതന്നെ ഇടം നേടിയവയാണ് ഇന്ന് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്...
കോവിഡ് സൃഷ്ടിച്ച കുഴപ്പങ്ങളിൽനിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. അതിനിടയിലാണ് കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് (HMPV) വ്യാപിക്കുന്നതായ വാർത്തകളെത്തുന്നത്. എച്ച്.എം.പി.വി കേസുകൾ നമ്മുടെ രാജ്യത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേക്കുറിച്ചറിയാം:
എന്താണ് എച്ച്.എം.പി.വി?
ജലദോഷപ്പനിയുണ്ടാക്കുന്ന വൈറസുകളുടെ പട്ടികയിൽ 1950കൾ മുതൽതന്നെ ഇടം നേടിയവയാണ് ഇന്ന് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ് (HMPV). നെതർലൻഡ്സിലാണ് ആദ്യമായി ഈ വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പാരാമിക്സോവൈറസ് കുടുംബത്തിൽ പെടുന്ന റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസുമായി (RSV) ഉറ്റബന്ധം പുലർത്തുന്ന ജീവിയാണ് എച്ച്.എം.പി.വി. യു.കെ, ഫിൻലൻഡ്, ആസ്ട്രേലിയ, കാനഡ, ചൈന, നോർവേ എന്നീ രാജ്യങ്ങളിൽ പലപ്പോഴായി ഇതു കാരണമായുള്ള ജലദോഷപ്പനികളും ശ്വാസകോശ രോഗങ്ങളുമുണ്ടായിട്ടുണ്ട്. 2018ൽ അഞ്ചു വയസ്സിനു താഴെയുള്ള 14.2 മില്യൺ കുട്ടികൾക്ക് എച്ച്.എം.പി.വി ബാധ ഉണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇപ്പോൾ സംഭവിച്ചതെന്താണ്?
ചൈനയിൽ എച്ച്.എം.പി.വി ബാധ ക്രമാതീതമായി വർധിക്കുന്നു എന്ന വാർത്ത ഇക്കഴിഞ്ഞ ഡിസംബർ 26ന് പുറത്തുവന്നു. കോവിഡ് മഹാമാരിക്ക് പിന്നാലെ മറ്റൊരു വൈറസ് എന്ന പ്രചാരണം ലോകജനതയെ ചകിതരാക്കി. ഇന്ത്യയിൽ അഞ്ച് കേസുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു.
എന്താണ് രോഗലക്ഷണങ്ങൾ?
ശക്തമായ പനി, ചുമ, ജലദോഷം, വലിവ്, ശ്വാസതടസ്സം, ഓക്സിജന്റെ അളവ് കുറയുക ഇവയൊക്കെയാണ് 50 ശതമാനം കുട്ടികളിലും കാണപ്പെടുന്ന ലക്ഷണങ്ങൾ. ചില കുട്ടികളിൽ ചെവിയിലോ തൊണ്ടയിലോ വേദനയായും ഉണ്ടാവാറുണ്ട്. തലച്ചോറിനെ ബാധിച്ച് എൻകെഫലൈറ്റിസ് എന്ന രോഗാവസ്ഥ അപൂർവമായുണ്ടാവാം. ബ്രോൻകിയോലൈറ്റിസ്, ന്യൂമോണിയ, വലിവ് അധികരിക്കൽ എന്നിവയും ചുരുക്കം ചില കുട്ടികളിൽ ഉണ്ടായേക്കാം. ഏതൊരു ന്യൂമോണിയയെയും പോലെ വളരെ അപൂർവമായി ഈ വൈറസ് ബാധയുള്ളവരെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടിവന്നേക്കാം. മാസം തികയാതെ ജനിച്ച കുട്ടികൾ, ജന്മനാ ഹൃദയത്തിന് അസുഖമുള്ളവർ, പേശികൾക്ക് അസുഖമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് രോഗം മൂർച്ഛിക്കാനും സങ്കീർണതകളുണ്ടാവാനും സാധ്യതയുണ്ട്.
പകരുന്നതെങ്ങനെ?
കോവിഡിനെപ്പോലെത്തന്നെയാണ് പകർച്ചരീതി. അടുത്തിടപെടുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാവുന്ന നീർക്കണങ്ങൾ ശ്വസിച്ചാലും രോഗബാധിതർ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിച്ചാലും ഈ രോഗാണു പകരും. അണുക്കൾ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ മൂന്ന് -അഞ്ച് ദിവസംകൊണ്ട് ലക്ഷണങ്ങൾ പ്രകടമാകും. അസുഖം ഭേദമാവാൻ ഒരാഴ്ചയോളം വേണ്ടിവരും. രോഗ തീവ്രതക്കനുസരിച്ച് ഇത് നീളുകയും ചെയ്യാം. രോഗിയുടെ സ്രവങ്ങൾ പി.സി.ആർ ടെസ്റ്റിന് വിധേയമാക്കുകയാണ് വൈറസ് സാന്നിധ്യം കണ്ടുപിടിക്കാൻ ലഭ്യമായ മാർഗം.
എന്താണ് ചികിത്സകൾ?
എച്ച്.എം.പി.വിക്കായി പ്രത്യേകം മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. ലക്ഷണങ്ങളെ ചികിത്സിക്കുകയാണ് ചെയ്യുന്നത്. ഒരു ചെറിയ ശതമാനം കുട്ടികൾക്ക് HFNC പോലുള്ള ശ്വസന പിന്തുണ യന്ത്രങ്ങൾ വേണ്ടിവന്നേക്കാം. വളരെ അപൂർവമായി വെന്റിലേറ്റർ സപ്പോർട്ടും ആവശ്യമാവും.
പ്രതിരോധ മാർഗങ്ങൾ
രോഗിയുമായി സമ്പർക്കമൊഴിവാക്കി കോവിഡിന് പാലിച്ച അതേ മാർഗങ്ങൾതന്നെയാണ് ഏറ്റവും ഫലപ്രദം. രോഗികളും അവരുമായി അടുത്തിടപഴകുന്നവരും മാസ്ക് ധരിക്കുക.
അണുക്കളുണ്ടാവാൻ സാധ്യതയുള്ള പ്രതലങ്ങളിൽ തൊട്ടുകഴിഞ്ഞാൽ സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുക.
ഇപ്പോൾ നമ്മൾ ഭയക്കേണ്ടതുണ്ടോ?
തീർച്ചയായും ഇല്ല എന്നുതന്നെയാണ് ലോകാരോഗ്യ സംഘടനയും നമ്മുടെ ആരോഗ്യ മന്ത്രാലയവും നൽകുന്ന സന്ദേശം. നമ്മുടെ ആരോഗ്യ സംവിധാനത്തെ വീർപ്പുമുട്ടിച്ച് താളം തെറ്റിക്കാൻ മാത്രം എച്ച്.എം.പി.വി ആഞ്ഞടിച്ചിട്ടില്ല. കോവിഡിൽനിന്ന് വ്യത്യസ്തമായി ഒട്ടും ദുരൂഹമല്ലാത്ത ഈ രോഗത്തെ ഭയക്കാതെ ജാഗ്രതയോടെ മുന്നോട്ടുപോവുകയാണ് വേണ്ടത്.
(കോഴിക്കോട്ടെ ശിശുരോഗ വിദഗ്ധയാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.