2016 നവംബർ എട്ടിന് ഇന്ത്യയുടെ സാമ്പത്തിക മേഖലയുടെ ചരിത്രത്തിൽ ഒരു ദുരന്ത ദിനമായിരുന്നു. അന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് ഒരു പ്രത്യേക യോഗം വിളിച്ച് മന്ത്രിസഭയെ അറിയിച്ചെന്ന് വരുത്തിയശേഷം തത്സമയ ടി.വി പ്രസംഗത്തിലൂടെ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 500ന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രസ്താവന നടത്തിയത്. ഒരു രാജ്യത്തെ മുഴുവൻ ജനതയെയും ദുരിതക്കയത്തിലേക്ക് തള്ളിവിട്ട ആ തീരുമാനത്തെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതത്തിൽനിന്ന് മുക്തിനേടാൻ ഇതുവരെ രാജ്യത്തിന് കഴിഞ്ഞിട്ടില്ല.
നോട്ടു നിരോധനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഒന്നായി ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കാൻ മോദി ശ്രമിച്ചത് അത് കള്ളപ്പണത്തെ പൂർണമായി ഇല്ലാതാക്കി സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുമെന്നതാണ്. 17.97 ലക്ഷം കോടി രൂപയുടെ കറൻസി നോട്ടുകളാണ് അന്ന് പ്രചാരത്തിലുണ്ടായിരുന്നത്. അതിൽ 86.7 ശതമാനം അഞ്ഞൂറിന്റെതും ആയിരത്തിന്റെതുമായിരുന്നു. ഇവയാണ് ഒറ്റയടിക്ക് ഒരു മുന്നറിയിപ്പും കൂടാതെ പിൻവലിച്ചത്. മോദി പറഞ്ഞ ലക്ഷ്യങ്ങൾ ഒന്നും നേടാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
റിസർവ് ബാങ്കിന്റെ 2016-17ലെ വാർഷിക റിപ്പോർട്ടിൽ പിൻവലിച്ച നോട്ടുകളിലെ 99.3 ശതമാനം തിരിച്ചുവന്നതായി പറയുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥയിൽ കള്ളപ്പണം ഉണ്ട് എന്നത് പകൽപോലെ വ്യക്തമാണ്. അത് മുഴുവൻ വെളുപ്പിച്ചെടുക്കാൻ സാധിച്ചുവെന്നല്ലേ ഇതിന്റെ അർഥം? കള്ളപ്പണം തടയുന്നതിൽ വിജയിച്ചിരുന്നെങ്കിൽ ഇത്ര പണം തിരിച്ചുവരാൻ പാടില്ലായിരുന്നു. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്ത മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജന്റെ കാലാവധി നീട്ടിക്കൊടുക്കാതെ ഉർജിത് പട്ടേലിനെ പാവയെന്നോണം ഗവർണർ പദവിയിൽ ഇരുത്തിയാണ് നോട്ടുനിരോധനം അടക്കമുള്ള കാര്യങ്ങൾ സർക്കാർ ചെയ്തത്. 2017ൽ പുറത്തിറങ്ങിയ I do what I do എന്ന പുസ്തകത്തിൽ രഘുറാം രാജൻ കേന്ദ്രം നടപ്പാക്കിയ നോട്ടുനിരോധനത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. നിരോധനത്തിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും എന്ന മുന്നറിയിപ്പ് താൻ നൽകിയിട്ടും ബദൽമാർഗങ്ങൾ സമർപ്പിച്ചിട്ടും അതൊന്നും ചെവിക്കൊള്ളാൻ ആരും തയാറായില്ലെന്ന് അദ്ദേഹം പറയുന്നു. ബി.ജെ.പി എന്ന രാഷ്ട്രീയ സംഘടനയെ സാമ്പത്തികമായി ശക്തമാക്കുക എന്ന ഗൂഢലക്ഷ്യം ഈ നീക്കങ്ങൾക്കു പിന്നിലുണ്ടായിരുന്നോ എന്ന സംശയം പ്രബലമാണ്. നോട്ടുനിരോധനത്തിന് മുമ്പും പിമ്പും ബി.ജെ.പിയുടെ ഉന്നത നേതാക്കൾ നേതൃത്വം നൽകുന്ന സഹകരണ സംഘങ്ങളിലൂടെ വൻ തുകകൾ മാറ്റിയെടുത്തതും സാധാരണക്കാരായ ജനങ്ങളെ നിർബന്ധിച്ച് തുടങ്ങിപ്പിച്ച സീറോ ബാലൻസ് അക്കൗണ്ടുകളിലൂടെ വൻ തുകകൾ മാറ്റിയെടുത്തതും സമഗ്ര അന്വേഷണത്തിന് വിധേയമാക്കേണ്ടിയിരുന്നു. ഫലത്തിൽ കള്ളപ്പണം തടയുക എന്ന ലക്ഷ്യം ഒരു കബളിപ്പിക്കൽ മാത്രമായിരുന്നു എന്നാണ് അനുഭവത്തിൽനിന്ന് മനസ്സിലാകുന്നത്.
തീവ്രവാദപ്രവർത്തനങ്ങൾക്കുള്ള പണവും മയക്കുമരുന്ന് കച്ചവടവും ഇതോടെ ഇല്ലാതാകും എന്നതായിരുന്നു മറ്റൊരു പ്രഖ്യാപനം. എന്നാൽ, ലോകത്ത് ഏറ്റവും കൂടുതൽ തീവ്രവാദ പ്രവർത്തനങ്ങളുള്ള ആദ്യത്തെ പത്ത് രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോഴും ഉണ്ട്. മയക്കുമരുന്നിന്റെ കാര്യം പറയേണ്ടതില്ലല്ലോ. കുരുന്നു വിദ്യാർഥികളെപ്പോലും ഉപഭോക്താക്കളും അടിമകളുമാക്കി മയക്കുമരുന്ന് മാഫിയ തഴച്ചുവളർന്നിരിക്കുന്നു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥക്കും സാധാരണ ജനങ്ങൾക്കും തൊഴിലാളികൾക്കും വരുത്തിവെച്ച പരിക്കിന്റെ കണക്കെടുത്തു നോക്കുക. രാജ്യത്തെ അസംഘടിത മേഖലയും ചെറുകിട സംരംഭങ്ങളും തകർന്നു. മൂന്നുലക്ഷം ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടി. സ്വന്തം പണം അത്യാവശ്യത്തിനുപോലും എടുക്കാൻ കഴിയാതെ ബാങ്കിനുമുന്നിൽ ക്യൂനിന്ന് കുഴഞ്ഞുവീണവരെയും ഉള്ളതൊക്കെ വിറ്റുപെറുക്കി തുടങ്ങിയ സംരംഭങ്ങൾ തകർന്നടിഞ്ഞപ്പോൾ വഴിയാധാരമായ കുടുംബങ്ങളെയും നമുക്ക് മറക്കാൻ കഴിയില്ല. ദുരന്തത്തിന്റെ ആഘാതം ഏറ്റുവാങ്ങാത്ത ഒരു മേഖലയും ഇല്ല എന്നുള്ളതാണ് സത്യം.
നാം കാലങ്ങളായി തുടർന്നുപോരുകയും വിജയപ്രദമെന്ന് തെളിയുകയും ചെയ്ത സാമ്പത്തിക നയങ്ങളിൽനിന്നുള്ള വ്യതിയാനവും ഗൂഢമായ ലക്ഷ്യങ്ങളോടെ കൈക്കൊള്ളുന്ന ആത്മഹത്യാപരമായ തീരുമാനങ്ങളും വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. ലോകരാജ്യങ്ങൾ സാമ്പത്തിക തകർച്ചയിൽ ആടിയുലഞ്ഞപ്പോഴും വലിയ പോറലേൽക്കാതെ ഇന്ത്യൻ സാമ്പത്തികരംഗവും ബാങ്കിങ് മേഖലയും പിടിച്ചുനിന്നത് കാതലായ സാമ്പത്തിക മേഖലയെ ചേർത്തുനിർത്തിക്കൊണ്ടും നാം നടപ്പാക്കിയ സാമ്പത്തിക നയത്തിന്റെ ആന്തരികശക്തികൊണ്ടുമായിരുന്നു. ഭ്രാന്തമായ സ്വകാര്യവത്കരണത്തിലൂടെയും നോട്ടുനിരോധനം പോലെയുള്ള ആത്മഹത്യപരമായ തീരുമാനങ്ങളിലൂടെയും സമ്പദ്വ്യവസ്ഥയെ സ്വാർഥലാഭത്തിനുവേണ്ടി തകർക്കുന്ന നടപടികളുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്.
രാജ്യം സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ അതിനെതിരെ ഫലപ്രദമായ നടപടികളെടുക്കാനും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയും ഭദ്രതയും കാത്തുസൂക്ഷിക്കാനും രൂപവത്കരിക്കപ്പെട്ട റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സ്വാർഥതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ചിറകരിഞ്ഞ് നിർത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. രഘുറാം രാജനെ തുടരാൻ അനുവദിക്കാതെ ഉർജിത് പട്ടേലിനെ ഗവർണറായി ആർ.ബി.ഐയിൽ കുടിയിരുത്തി നോട്ടുനിരോധനം നടപ്പാക്കിയ കാര്യം സൂചിപ്പിച്ചുവല്ലോ. കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ സാമ്പത്തിക നടപടികൾ ഉൾക്കൊള്ളാൻ ആകാതെ ഉർജിത് പട്ടേലിനും പിന്നീട് ആർ.ബി.ഐയിൽനിന്ന് പടിയിറങ്ങേണ്ടിവന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ ആർ.ബി.ഐയുടെ 9.6 ലക്ഷം കോടി കരുതൽ മൂലധനത്തിൽനിന്ന് മൂന്നിലൊന്ന് കൈമാറണമെന്ന കേന്ദ്ര നിർദേശം ആപത്കരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർസ്ഥാനത്തുനിന്ന് ഉർജിത് പട്ടേലും ഡെപ്യൂട്ടി ഗവർണർ വിമൽ ആചാര്യയും രാജിവെച്ചൊഴിഞ്ഞത്. ആർ.ബി.ഐയെ ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും ചൊൽപ്പടിയിൽ ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതുവരെ രാഷ്ട്രീയ പരിഗണന കൂടാതെ സാമ്പത്തിക വിദഗ്ധർ മാത്രം അംഗങ്ങളായിട്ടുള്ള ആർ.ബി.ഐയുടെ ബോർഡിൽ സ്വദേശി ജാഗരൺ മഞ്ച് നേതാവ് ഗുരുമൂർത്തിയെയും എ.ബി.വി.പി നേതാവായിരുന്ന സതീശ് മറാത്തയെയും ഡയറക്ടർമാരായി നിയമിച്ചത്.
രാജ്യത്തെ താക്കോൽസ്ഥാനങ്ങളും സ്ഥാപനങ്ങളും സ്ഥാപിതതാൽപര്യക്കാർക്കുവേണ്ടി കൈയിലൊതുക്കി വലിയൊരു സാമ്പത്തിക വിപത്തിലേക്കാണ് ബി.ജെ.പി സർക്കാർ രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. ശതകോടീശ്വരന്മാരായ അംബാനിമാരുടെയും അദാനിമാരുടെയും സാമ്പത്തികസ്ഥിതിയുടെ ലോകറാങ്ക് അനുദിനം ഉയരുമ്പോൾ പ്രതിസന്ധികളുടെ നടുവിൽ സാമ്പത്തികമായി ഞെരുങ്ങി വീർപ്പുമുട്ടുകയാണ് കോടിക്കണക്കിന് സാധാരണ ജനങ്ങൾ.
(കേരള ഹൈകോടതിയിൽ അഭിഭാഷകനും ട്രേഡ് യൂനിയൻ പ്രവർത്തകനുമായ ലേഖകൻ പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്ങിന്റെ ചെയർമാനാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.