മോക്ഷപ്രാപ്തിയെക്കുറിച്ചല്ല, ആളുകൾക്ക് വിദ്യാഭ്യാസവും ധനവും സമ്പത്തും ഉണ്ടാകുന്നതിനെക്കുറിച്ച്, വ്യക്തിപരമായി ഉയർച്ച ഉണ്ടാകുന്നതിനെക്കുറിച്ച് ഒക്കെയാണ് നാരായണഗുരു സംസാരിച്ചുകൊണ്ടിരുന്നത്. ആ ഗുരുവിനെ സനാതനധർമത്തിലേക്ക് ചേർത്തുനിർത്താനാകില്ല
‘പുണർന്ന് പെറുമെല്ലാമൊരിനമാം’
സനാതനധർമത്തോട് ചേർന്നു നിന്നയാളാണ് നാരായണഗുരുവെന്ന് തെറ്റിദ്ധരിപ്പിക്കാനാകും വിധം അവതരിപ്പിക്കാൻ ഉതകുന്ന പലതും ആ ജീവിതത്തിലുണ്ട് എന്നത് വസ്തുതയാണ്. സ്വയം വരിച്ച സന്യാസമെങ്കിലും അതിൽ ദൃശ്യമായ ഭാരതീയ പാരമ്പര്യവും ആദ്യകാലത്ത് എഴുതിയ സ്തോത്ര കൃതികളുമൊക്കെ ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നതുമാണ്. എന്നാൽ, മുകളിൽ ചേർത്തിരിക്കുന്ന വരി ആ ആശയക്കുഴപ്പം അപ്പാടെ ഇല്ലാതാക്കും. ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ സനാതന ധർമം പിന്തുടരുന്ന ഒരു ഹിന്ദു സന്യാസിക്കും അങ്ങനെയൊരു പ്രസ്താവന നടത്താനാകില്ല. വിവിധ മഠ ങ്ങളിലെ ശങ്കരാചാര്യന്മാരടക്കം ആരും അങ്ങനെ നടത്തിയിട്ടുമില്ല. ഇണചേർന്ന് പ്രത്യുൽപാദനം നടത്തുന്നത് എല്ലാം ഒരു വർഗമാണെന്ന് ഒരു ഹൈന്ദവ ഗ്രന്ഥങ്ങളിലും കാണാനാകില്ല, മനുഷ്യനെ വർണത്തിന്റെ അടിസ്ഥാനത്തിൽ തട്ടുകളായി തിരിക്കുന്നതല്ലാതെ. പുണരാത്തത് ഇനമല്ലെന്നും ഗുരു പറയുന്നുണ്ട്.
ജാതി നിർണയത്തിൽ ഗുരു ഒന്നുകൂടി വ്യക്തമാക്കുന്നു.
മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസൈവം
ഹാ! തത്ത്വം വേത്തി കോ പി ന.
പശുക്കൾക്ക് പശുത്വം എങ്ങനെയാണോ അങ്ങനെ മനുഷ്യർക്ക് മനുഷ്യത്വം തന്നെയാണ് ജാതി. ഇക്കാര്യത്തിൽ ബ്രാഹ്മണൻ തുടങ്ങിയുള്ളവർ ഇല്ലതന്നെ. കഷ്ടം തത്ത്വപരമായ ഈ സത്യം ആരും അറിയുന്നില്ലല്ലോ. ബ്രാഹ്മണാദികൾ ഇല്ല എന്നു പറയുന്നിടത്തുവെച്ചുതന്നെ ഗുരുവും സനാതന ധർമവും തമ്മിലെ ബന്ധം കൂട്ടി യോജിപ്പിക്കാൻ ആകാത്തവിധം അറ്റുപോവുകയാണ്. പല ആചാര്യന്മാർ പലകാലങ്ങളിൽ ഉപദേശിച്ചവയെ ഒന്നിച്ചുകൂട്ടി ഏകമതം എന്നു വിളിക്കാം എന്നതാണ് താൻ ഒരു മതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗുരു വ്യക്തമാക്കിയിട്ടുണ്ട്. എക്കാലവും അദ്ദേഹം ആവർത്തിച്ചിരുന്നത് പലമതസാരവുമേകം എന്ന വാക്യമാണ്. മതങ്ങൾ തമ്മിലും ജാതികൾ തമ്മിലുമുള്ള മത്സരത്തിൽനിന്നുള്ള മോചനമാണ് രാജ്യത്തിന്റെ (അന്നത്തെ) ആവശ്യമെന്നതിലും സംശയമുണ്ടായിരുന്നില്ല.
അതിനുമപ്പുറം നാരായണഗുരു ജീവിച്ചിരുന്ന സ്ഥലവും കാലവും പ്രധാനമാണ്. സ്മൃതികൾ അനുസരിച്ച് ഭരണം നടന്നിരുന്ന ഹിന്ദു രാജ്യമായ തിരുവിതാംകൂറിലാണ് അദ്ദേഹം ജനിച്ചതും കൂടുതൽ ജീവിച്ചതും. അവിടെ കീഴ്ജാതിക്കാർ എന്നു വിവക്ഷിച്ചിരുന്ന സ്വസമുദായമായ ഈഴവർക്കും ആ ശ്രേണിയിൽ ബാക്കിയായവർക്കും ക്ഷേത്രപ്രവേശനം പോകട്ടെ, പൊതുവഴി നടക്കാനോ, വിദ്യാഭ്യാസം നേടാനോ, സ്ത്രീകൾക്ക് മാറു മറക്കാനോ അവകാശം ഉണ്ടായിരുന്നില്ല. ചാതുർവർണ്യത്തിനും പുറത്ത് ദൃഷ്ടിയിൽപെട്ടാൽപോലും അയിത്തമുള്ള മനുഷ്യർ. അങ്ങനെ സനാതനധർമം പുലർന്നിരുന്ന ഒരിടത്താണ് അവധൂതനായും പിന്നീട് സന്യാസിയായും സ്വയം പരിണമിച്ച നാരായണഗുരു രംഗപ്രവേശം ചെയ്യുന്നത്.
അദ്ദേഹം ഏടുകളിലെ മതത്തെ പരിഷ്കരിക്കാൻ, ശങ്കരാചാര്യരെപ്പോലെ മതഗ്രന്ഥങ്ങൾക്ക് ഭാഷ്യങ്ങൾ ചമച്ച്, തുനിഞ്ഞതായി കാണുന്നില്ല. കൺമുന്നിൽ കണ്ട സനാതന മതത്തെയാണ് അദ്ദേഹം നേരിട്ടത്. ബ്രാഹ്മണന് മാത്രം അധികാരമുണ്ടായിരുന്ന ക്ഷേത്ര പ്രതിഷ്ഠാവകാശത്തെ അരുവിപ്പുറത്ത് അദ്ദേഹം റദ്ദാക്കി. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്കായി സംസ്കൃത പാഠശാലകളും ഇംഗ്ലീഷ് വിദ്യാലയങ്ങളും സ്ഥാപിച്ചു. സംഘടനയുണ്ടാക്കി ശക്തരാകാൻ, വ്യവസായം തുടങ്ങാൻ, സാങ്കേതികവിദ്യ പരിശീലിക്കാൻ നിരന്തരം ജനത്തെ നിർബന്ധിച്ചുകൊണ്ടിരുന്നു. ശുചിത്വത്തെക്കുറിച്ച് ആളുകളെ ഉണർത്തിക്കൊണ്ടിരുന്നു. മഹാത്മാഗാന്ധിയോട് വ്യക്തമാക്കിയതുപോലെ ആളുകളെ ലൗകികമായി സ്വതന്ത്രരാക്കാനായിരുന്നു ആ പ്രവൃത്തിയൊക്കെ. സനാതന ഹിന്ദുമതത്തിന്റെ അരികിൽക്കൂടിയെങ്കിലും പോയിട്ടുള്ള ഒരു സന്യാസിപോലും അക്കാലംവരെ, പിൽക്കാലത്തും, ഇങ്ങനെയൊരു നില സ്വീകരിച്ചിട്ടില്ല എന്നത് ഓർക്കണം. മോക്ഷപ്രാപ്തിയെക്കുറിച്ചല്ല, ആളുകൾക്ക് വിദ്യാഭ്യാസവും ധനവും സമ്പത്തും ഉണ്ടാകുന്നതിനെക്കുറിച്ച്, വ്യക്തിപരമായി ഉയർച്ച ഉണ്ടാകുന്നതിനെക്കുറിച്ച് ഒക്കെയാണ് നാരായണഗുരു സംസാരിച്ചുകൊണ്ടിരുന്നത്. ആ ഗുരുവിനെ സനാതനധർമത്തിലേക്ക് ചേർത്തുനിർത്താനാകില്ല.
വ്യക്തിപരമായി ഗുരുവിന്റെ ചിന്താപദ്ധതി എന്തായിരുന്നു എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹചാരികൾ ആയിരുന്നവർക്കുപോലും ഊഹങ്ങളേയുള്ളു. ഭയഭക്തിബഹുമാനങ്ങൾമൂലം ഗുരുവിനെക്കുറിച്ച സംശയങ്ങൾക്ക് നേരിൽ നിവൃത്തി വരുത്താതിരുന്ന സഹചരന്മാരെക്കുറിച്ച് പി.കെ. ബാലകൃഷ്ണൻ പരിതപിച്ചിട്ടുണ്ട്. സ്വന്തമായി പരിഷ്കരിച്ച അദ്വൈത സിദ്ധാന്തം അദ്ദേഹം പിന്തുടർന്നു എന്ന് വേണമെങ്കിൽ പറയാം. അതും ജാതിമത വ്യത്യാസം ഇല്ലാതാക്കാനുള്ള ആയുധമായാണ് പരിണമിച്ചത്.
ഗുരുവിന്റെ വർത്തമാനം
എന്നാൽ, ഇന്ന് നാരായണ ഗുരുവിനെ സനാതന ഹിന്ദുമതത്തിലേക്ക് സ്വാംശീകരിക്കാൻ നടക്കുന്ന ശ്രമങ്ങളെക്കുറിച്ച് നമുക്കറിയാം. കേരളത്തിൽ പിടിമുറുക്കാനുള്ള ഹിന്ദുത്വ രാഷ്ട്രീയ ശക്തികളുടെ വലിയ ശ്രമത്തിന്റെ ഭാഗമാണതെന്നതും വ്യക്തമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശ്രീനാരായണീയ സമൂഹത്തിന്റെ ആൾബലമാണ് ഇതിന് പ്രധാന കാരണമെന്നതിലും സംശയമില്ല.
ശ്രീനാരായണ ധർമപരിപാലന യോഗത്തിന്റെ ശാഖകളോട് അനുബന്ധിച്ചുണ്ടായിരുന്ന ഗുരുമന്ദിരങ്ങൾ ഗുരുക്ഷേത്രങ്ങളായി അതിവേഗം പരിണമിച്ചു കൊണ്ടിരിക്കുകയാണ്. സനാതന ഹിന്ദു ക്ഷേത്രങ്ങളിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളോടും കൂടിത്തന്നെയാണ് ഈ മാറ്റം. ഗുരുവിനെ ദൈവമായി ആരാധിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. ഹിന്ദുത്വ രാഷ്ട്രീയ ശക്തികളുടെ ശ്രമങ്ങൾ ലക്ഷ്യം കണ്ടുതുടങ്ങുന്നതിന്റെ തെളിവ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ദൃശ്യവുമാണ്.
ഗുരുവിനെ പഠിക്കാത്ത കേരളം
കേരളത്തിൽ ഇന്നുവരെ ജനിച്ചതിൽ ഏറ്റവും വലിയവനായ മനുഷ്യനാണ് നാരായണഗുരു എന്നതിൽ ആർക്കും സംശയമുണ്ടാകാൻ ഇടയില്ല. എന്നാൽ, കേരളത്തിലെ പാഠപുസ്തകങ്ങളിൽ എവിടെയാണ് ഗുരു ഉള്ളത്. ഗുരു മാത്രമല്ല അയ്യൻകാളിയും അംബേദ്കറും അയ്യാ വൈകുണ്ഠനും പൊയ്കയിൽ അപ്പച്ചനുമുള്ളത് ? സർവകലാശാലകളിൽ അടുത്തകാലം വരെ ഇവരെക്കുറിച്ച് എവിടെയാണ് പഠന വിഭാഗങ്ങളും പഠനങ്ങളും ഉണ്ടായിരുന്നത്. മേൽപറഞ്ഞവരെക്കുറിച്ചും ഒപ്പമുണ്ടായിരുന്നവരെക്കുറിച്ചും പറയുമ്പോൾ കേരളത്തിൽ നിലനിന്ന അതിഭീകരമായ ജാതിവ്യവസ്ഥയെക്കുറിച്ച് മിണ്ടാതിരിക്കാൻ ആവില്ല. കാലാകാലങ്ങളിൽ ടെക്സ്റ്റ് ബുക്ക് കമ്മിറ്റികളെ നയിച്ച ഉന്നത സ്ഥാനികളായ ഇടതുപക്ഷക്കാർക്ക് അത് പുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ ഒരു താൽപര്യവും ഉണ്ടായിരുന്നതായി കാണുന്നില്ല.
പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയിലെയും കേരളം എന്തായിരുന്നുവെന്നും അവിടെ മനുഷ്യർ എങ്ങനെയൊക്കെ പുലർന്നിരുന്നുവെന്നും കേരള പാഠാവലികൾ ഒരുകാലത്തും പഠിപ്പിച്ചിട്ടില്ല. സ്വന്തം ഭൂതകാലത്തെക്കുറിച്ച് ചരിത്രത്തെക്കുറിച്ച് സാമൂഹികനിലയെക്കുറിച്ച് അറിയാതെ, പഠിക്കാതെ വളർന്ന മലയാളിയാണ് ഇന്നത്തെ എല്ലാ തലമുറയിലുമുള്ളത്. വലിയൊരു ജനവിഭാഗത്തിന് വഴിനടക്കാൻ, അക്ഷരം പഠിക്കാൻ, മാറുമറക്കാൻ, ആഭരണം ധരിക്കാൻ, ഇഷ്ട മൂർത്തിയെ നേരിൽ കാണാൻ അവകാശം ഇല്ലാതിരുന്നതിനെക്കുറിച്ച്, അതില്ലാതാക്കിയത് ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ സനാതന ഹിന്ദുത്വമാണ് എന്നതിനെക്കുറിച്ച് നമ്മൾ അജ്ഞരായി തുടരുന്നു. സ്കൂൾ പാഠപുസ്തകങ്ങളിലും സർവകലാശാലകളിലും ഇതേക്കുറിച്ച സമഗ്രപഠനം തടഞ്ഞത് ആ രംഗത്ത് എക്കാലവും മേൽക്കൈ ഉണ്ടായിരുന്ന ഇടത് ബുദ്ധിജീവികളും സൈദ്ധാന്തികരുമാണ്. കേരളത്തിൽ നിലനിന്ന ജാതി അതിക്രമങ്ങൾ അക്കാദികമായി ചർച്ച ചെയ്തിരുന്നെങ്കിൽ ഹിന്ദുത്വ ശക്തികൾക്ക് അനായാസം തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനാകുന്ന വിധം കേരള സമൂഹം പാകപ്പെടില്ലായിരുന്നു. പക്ഷേ, 1957ലെ ഒരു പകൽ ഇരുട്ടിവെളുത്തപ്പോഴേക്കും കേരളത്തിലെ ജാതിയെല്ലാം ആവിയായിപ്പോയെന്നും കേരളം മലയാളികളുടെ മാതൃഭൂമിയായെന്നുമുള്ള ചിലരുടെ ശുദ്ധഗതിക്കും ഒരുപാടുപേരുടെ കള്ളത്തരത്തിനും മേൽക്കൈ കിട്ടിക്കഴിഞ്ഞിരുന്നല്ലോ. അതിന്റെ ബാക്കിയാണ് സനാതനത്വത്തിന് ശ്രീനാരായണ സമൂഹത്തിൽ ലഭിച്ച സ്വീകാര്യത.
സനാതനധർമത്തെ നിരസിക്കുകയും മറികടക്കുകയും ചെയ്ത നാരായണഗുരുവിന്റെ ആശയം ഒരർഥത്തിൽ ഇന്ന് ബാക്കിനിൽക്കുന്നത്, രാജ്യവും കേരളവും ഹിന്ദുത്വ രാഷ്ട്രീയത്തിന് കീഴടങ്ങരുതെന്ന നിർബന്ധം കാത്തുസൂക്ഷിക്കുന്ന ന്യൂനപക്ഷത്തിന്റെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലുമാണെന്ന് പറയേണ്ടിവരും. ജനം കാണുന്നത് നിർമാല്യവും ഉഷഃപൂജയും നിവേദ്യവും അർച്ചനയും ഒക്കെ സ്വീകരിച്ച് ഗുരുക്ഷേത്രത്തിന് ഉള്ളിലിരിക്കുന്ന മൂർത്തിയെയാണ്.
ഇങ്ങനെ മൂർത്തിയായി മാറിയ നാരായണഗുരുവിനെയും ശ്രീനാരായണീയരെയും സനാതനത്വത്തിൽനിന്ന് മോചിപ്പിക്കുന്ന രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാൻ ശിവഗിരി പ്രസംഗം മാത്രം പോരാ. തങ്ങളെത്തന്നെ നന്നായി തിരുത്തിക്കൊണ്ട് ഇടതുപക്ഷം കഷ്ടപ്പെട്ട് ഇറങ്ങി നടക്കേണ്ടിവരും, നാരായണഗുരുവിന്റെ പാദമുദ്രകൾ പതിഞ്ഞ വഴികളിലൂടെയെല്ലാം.
വൈകിപ്പോയ വിമർശം
ഈഴവ സമുദായത്തെ പൂർണമായും സനാതന കുടക്കീഴിൽ അണിനിരത്താൻ സംഘ്പരിവാർ രാഷ്ട്രീയം ആഞ്ഞു ശ്രമിക്കുന്ന സാഹചര്യത്തിലാണ് സനാതനത്വത്തിനും ബ്രാഹ്മണ മേധാവിത്വത്തിലൂന്നിയ വർണ വ്യവസ്ഥക്കുമെതിരെ നാരായണ ഗുരുവിന്റെ ശിവഗിരിയിൽവെച്ച് ആഞ്ഞടിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുന്നത്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിൽ അതിധീരവും സാഹസികവുമായ ഒന്നായിരുന്നു അത്. നാരായണഗുരുവിന്റെ ദർശനങ്ങളോട് ചേർന്നുനിൽക്കുന്ന വാക്കുകൾ. ശ്രീനാരായണ സമൂഹത്തിന്റെ മനോനിലയിലും നിലപാടിലും വന്ന വൃതിയാനം കൃത്യമായും മനസ്സിലാക്കി നടത്തിയ ശക്തമായ വിമർശം. പക്ഷേ, വൈകിപ്പോയിരിക്കുന്നു എന്നേ പറയാനാകൂ. കാരണം നാരായണഗുരുവിനെ കേരളത്തിന് അറിയില്ല എന്നതുതന്നെ. ശിവഗിരിയിലും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വേദിയിലും ഒരാചാരം പോലെ സ്മരിക്കപ്പെടുന്ന ഒരാൾ മാത്രമല്ലേ, സത്യത്തിൽ ഗുരു.
വൈകിപ്പോയ വിമർശം
ഈഴവ സമുദായത്തെ പൂർണമായും സനാതന കുടക്കീഴിൽ അണിനിരത്താൻ സംഘ്പരിവാർ രാഷ്ട്രീയം ആഞ്ഞു ശ്രമിക്കുന്ന സാഹചര്യത്തിലാണ് സനാതനത്വത്തിനും ബ്രാഹ്മണ മേധാവിത്വത്തിലൂന്നിയ വർണ വ്യവസ്ഥക്കുമെതിരെ നാരായണ ഗുരുവിന്റെ ശിവഗിരിയിൽവെച്ച് ആഞ്ഞടിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുന്നത്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിൽ അതിധീരവും സാഹസികവുമായ ഒന്നായിരുന്നു അത്. നാരായണഗുരുവിന്റെ ദർശനങ്ങളോട് ചേർന്നുനിൽക്കുന്ന വാക്കുകൾ. ശ്രീനാരായണ സമൂഹത്തിന്റെ മനോനിലയിലും നിലപാടിലും വന്ന വൃതിയാനം കൃത്യമായും മനസ്സിലാക്കി നടത്തിയ ശക്തമായ വിമർശം. പക്ഷേ, വൈകിപ്പോയിരിക്കുന്നു എന്നേ പറയാനാകൂ. കാരണം നാരായണഗുരുവിനെ കേരളത്തിന് അറിയില്ല എന്നതുതന്നെ. ശിവഗിരിയിലും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വേദിയിലും ഒരാചാരം പോലെ സ്മരിക്കപ്പെടുന്ന ഒരാൾ മാത്രമല്ലേ, സത്യത്തിൽ ഗുരു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.