ഇന്ത്യ വിഭജനത്തിന്റെ പാപഭാരം അന്യായമായി അടിച്ചേൽപിക്കപ്പെട്ട മുസ്ലിം സമുദായത്തിന്റെ അതിജീവനം അത്യന്തം സങ്കീർണമായിരുന്നു. പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് ഉയിരുകൊടുത്ത ജനത പൊടുന്നെനയൊരുനാൾ അന്യരായി. ബ്രിട്ടീഷ് പട്ടാളത്തിന്റെ നിറതോക്കിനു മുന്നിൽ രക്തസാക്ഷികളായവരുടെ
പിന്മുറക്കാർ വർഗീയ ശക്തികളുടെ നിഷ്ഠുരതകൾക്കിരയായി. വഴിയറിയാതെനിന്ന സമുദായത്തെ കൈപിടിച്ചു നടത്തിയ ചെറു സംഘങ്ങളും നേതാക്കളുമാണ് ആത്മവിശ്വാസവും അന്തസ്സും വീണ്ടെടുക്കാനും അവകാശങ്ങളെക്കുറിച്ച് തിരിച്ചറിയാനും അവരെ പ്രാപ്തരാക്കിയത്. രാഷ്ട്രീയപങ്കാളിത്തത്തിലൂടെ പ്രബല ന്യൂനപക്ഷത്തിന്റെ ഉയിർപ്പിന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് താങ്ങായി.
വിശ്വാസത്തിന്റെ കരുത്തിൽ, ആശയാദർശത്തിന്റെ അടിത്തറയിൽ, ഇന്ത്യയിലെ മുസ്ലിംജീവിതത്തിന് വിചാരത്തിന്റെയും വിവേകത്തിന്റെയും ഊടും പാവും നൽകുകയായിരുന്നു
ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് എന്ന സാർഥവാഹക സംഘം. ചെറുസംഘമെങ്കിലും രാജ്യം മുഴുക്കെ രചനാത്മകവും സമാധാനപൂർവവുമായ പ്രവർത്തനത്തിന്റെ വേറിട്ട വഴി വെട്ടിത്തെളിച്ച് മുക്കാൽ നൂറ്റാണ്ട് പിന്നിടുന്ന ഈ പ്രസ്ഥാനത്തെ മാറ്റിനിർത്തി ഇന്ത്യൻ മുസ്ലിംകളുടെയും മാനവിക-സാഹോദര്യ മുന്നേറ്റങ്ങളുടെയും ചരിത്രമെഴുതുക അസാധ്യമാണ്.
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ജമാഅത്തെ ഇസ്ലാമിയിൽ ആകെയുണ്ടായിരുന്നത് 625 അംഗങ്ങളാണ്. അതിൽ ഇന്ത്യയിൽ അവശേഷിച്ചവർ 240 പേരും. സ്വാതന്ത്ര്യാനന്തരം ഏകദേശം എട്ടു മാസം കഴിഞ്ഞ് 1948 ഏപ്രിൽ 16, 17,18 തീയതികളിൽ 41 അംഗങ്ങൾ ഉത്തർപ്രദേശിലെ അലഹബാദിൽ ഒത്തുചേർന്നു. അവർ മൗലാന അബുല്ലൈസ് ഇസ്ലാഹി നദ്വി അമീറായി ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിക്ക് രൂപം നൽകി.
പ്രഥമ ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ് യൂസുഫ് ആയിരുന്നു. അമീറും ജനറൽ സെക്രട്ടറിയുമടക്കം 11 പേരായിരുന്നു ആദ്യ കേന്ദ്ര കൂടിയാലോചന സമിതിയിൽ.
അഖ്തർ അഹ്സൻ ഇസ്ലാഹി, സദ്റുദ്ദീൻ ഇസ്ലാഹി, മൗലാന ഹാഫിസ് അബ്ദുത്തവ്വാബ് കൽക്കത്ത, ഹസനൈൻ സയ്യിദ് ബിഹാർ, യൂസുഫ് സിദ്ദീഖി ടോങ്ക് രാജസ്ഥാൻ, ഹകീം മുഹമ്മദ് ഖാലിദ് അലഹബാദ്, ഇസ്മാഈൽ ഇഖ്ലാസ് ബോംബെ, മൗലാന മുഹമ്മദ് ഇസ്മാഈൽ മദ്രാസ്, ചൗധരി ശഫീ അഹ്മദ് ബാരബങ്കി എന്നിവരായിരുന്നു ബാക്കിയുള്ള ഒമ്പതു പേർ. 1948 ഓഗസ്റ്റിൽ ആയിരുന്നു ആദ്യ കൂടിയാലോചന സമിതി യോഗം.
ആദ്യയോഗത്തിൽതന്നെ ഇന്ത്യയിലെ ഇസ്ലാമികപ്രസ്ഥാനത്തിന്റെ ലക്ഷ്യം ചുരുങ്ങിയ വാക്കുകളിൽ അബുല്ലൈസ് ഇസ്ലാഹി പറഞ്ഞുവെച്ചു: "നമ്മളെല്ലാം ദൈവത്തിന്‍റെ അടിമകളാണ്. അല്ലാഹുവാണ് നമ്മുടെ പരിപാലകൻ. സ്വന്തം ക്ഷേമത്തിലെന്ന പോലെ അപരന്‍റെ സൗഖ്യത്തിലും നമുക്ക് ശ്രദ്ധവേണം.
അതുപോലെ മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വ്യക്തിഗതമായ വിശുദ്ധിയെക്കുറിച്ച് മറക്കുന്നതും ശരിയല്ല. എന്തു വിലകൊടുത്തും സമൂഹത്തിൽ നേരും നന്മയും നിർദേശിക്കുകയും നിഷ്കർഷിക്കുകയും തിന്മ വിലക്കുകയും ചെയ്യുകയാണ് നമ്മുടെ മൗലിക ഉത്തരവാദിത്തം. അത് എന്തുവില കൊടുത്തും നാം ചെയ്തേ മതിയാകൂ".
ലഖ്നോ ജില്ലയിലെ മലീഹാബാദിലുള്ള മഹ്മൂദ് നഗറിൽ ആയിരുന്നു ആദ്യ കേന്ദ്ര ആസ്ഥാനം. അവിടെ മുൻഷി ഹിദായത്ത് അലി ജമാഅത്ത് ആസ്ഥാനത്തിനും മതപാഠശാലക്കുമായി 27 ബീഗ ഭൂമി ദാനമായി നൽകിയിരുന്നു. അവിടെ മതപാഠശാലയും ഹിന്ദി വകുപ്പും കേന്ദ്ര പ്രസിദ്ധീകരണാലയമായ മർകസി മക്തബ ഇസ്ലാമിയും സ്ഥാപിതമായി. എം.എ ബിരുദധാരിയായിരുന്ന ജമാഅത്ത് നേതാവ് അഫ്സൽ ഹുസൈൻ ആയിരുന്നു മതപാഠശാലയുടെ മേധാവി.
ഡൽഹി ആംഗ്ലോ അറബിക് കോളജ് അധ്യാപകനായിരുന്ന മുഹമ്മദ് ശഫീ മൂനിസ് ജോലി ഉപേക്ഷിച്ച് മതപാഠശാലയിലെ അധ്യാപകനായി ചേർന്നു. 1949 ഒക്ടോബറിൽ കേന്ദ്ര ആസ്ഥാനവും മതപാഠശാലയടക്കമുള്ള അനുബന്ധ സംവിധാനങ്ങളും മലീഹാബാദിൽ നിന്ന് യു.പിയിലെ തന്നെ റാംപൂരിലേക്കു നീങ്ങി.
1960 ൽ കേന്ദ്ര ആസ്ഥാനം യു.പിയിലെ റാംപൂരിൽ നിന്ന് രാജ്യതലസ്ഥാനത്തേക്കു മാറ്റി. 1966 ഒക്ടോബർ 17ന് പഴയ ഡൽഹിയിലെ ചിത്ലിഖബറിൽ ജമാഅത്തെ ഇസ്ലാമിക്ക് സ്വന്തം ആസ്ഥാനമായി. 1991 നവംബറിൽ ഓഖ്ലയിലെ അബുൽഫസൽ എൻക്ലേവിലെ പൂർണസജ്ജമായ ഓഫിസ് സംവിധാനത്തിലേക്ക് ആസ്ഥാനം മാറി.
അലഹബാദിലെ മൂന്നു നാൾ രൂപവത്കരണയോഗത്തിന് 350 രൂപ ചെലവായി. യോഗത്തിനെത്തിച്ചേർന്നവർ ചെലവിലേക്ക് നൽകിയ ആകെ തുക 376 രൂപ. അതിൽ മിച്ചം വന്ന 26 രൂപയിൽ നിന്നാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ പാർട്ടി ഫണ്ട് (ബൈത്തുൽ മാൽ) ആരംഭിക്കുന്നത്.
അലഹബാദിൽ അലിഫെഴുതി തുടക്കം
അലഹബാദിൽ നിന്ന് ഹകീം മുഹമ്മദ് ഖാലിദിന്‍റെ ഉടമസ്ഥതയിൽ മുഹമ്മദ് ഇസ്ഹാഖ് പ്രസിദ്ധീകരിച്ചിരുന്ന ‘അൽ ഇൻസാഫ്’ പത്രത്തിലായിരുന്നു ജമാഅത്തിന്‍റെ ആശയപ്രകാശനങ്ങളും സംഘടന അറിയിപ്പുകളും വെളിച്ചം കണ്ടത്. 1953ൽ പത്രം ജമാഅത്തിനെ ഏൽപിക്കാൻ ഉടമ തയാറായി. ‘അൽ ഇൻസാഫ്’ ഡൽഹിയിൽ നിന്നു പുറത്തിറക്കാൻ ജമാഅത്ത് മുൻകൈയെടുത്തു.
എന്നാൽ ആ പേരിൽ ഡൽഹിയിൽനിന്ന് ഡിക്ലറേഷൻ ലഭിച്ചില്ല. അതോടൊപ്പം ‘ദഅ്വത്ത്’ എന്ന പേരിൽ ത്രൈദിന പത്രത്തിനുള്ള പ്രസിദ്ധീകരണാനുമതിക്കും അപേക്ഷ നൽകിയിരുന്നു. അത് അംഗീകരിക്കപ്പെട്ടതോടെ 1953 സെപ്റ്റംബർ 13ന് ഡൽഹിയിൽ നിന്ന് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ആദ്യ മുഖപത്രമായി ‘ദഅ്വത്ത്’ ത്രൈദിനപത്രം ആരംഭിച്ചു. അസ്ഗർ അലി ആബിദിയായിരുന്നു ആദ്യ പത്രാധിപർ. മുഹമ്മദ് മുസ്ലിം സഹപത്രാധിപരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.