ഇന്ന് ഏറെ വ്യാപകമായ രോഗമാണ് പക്ഷാഘാതം (സ്ട്രോക്). മരണകാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് ഇതിന്. നാലു പേരിൽ ഒരാൾക്ക് ജീവിതകാലത്തൊരിക്കൽ പക്ഷാഘാതം ഉണ്ടാകാനിടയുണ്ട്. പ്രമേഹം, രക്തസമ്മർദം, പുകവലി, അമിത കൊളസ്ട്രോൾ എന്നിവയാണ് സ്ട്രോക് വരാനുള്ള പ്രധാന കാരണം. മുൻകരുതലുകളിലൂടെ ഒരുപരിധിവരെ ഇതിനെ അകറ്റിനിർത്താം. പക്ഷാഘാതം വന്നാൽ നേരേത്ത മനസ്സിലാക്കി ചികിത്സ നൽകുന്നതുവഴി രോഗിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കാനും ചിലപ്പോൾ അസുഖം പൂർണമായി ഭേദമാക്കാനും കഴിയുന്നു.
തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടയുമ്പോഴോ അവ പൊട്ടി രക്തസ്രാവമുണ്ടാകുമ്പോഴോ ആണ് മസ്തിഷ്കാഘാതം ഉണ്ടാകുന്നത്. തലച്ചോറിൽ രക്തയോട്ടം നിലച്ചാൽ ആ ഭാഗത്തുള്ള കോശങ്ങൾ നശിക്കുന്നു. എവിടെയാണോ നാശം അതനുസരിച്ച രോഗലക്ഷണങ്ങൾ രോഗിക്ക് ഉണ്ടാകുന്നു. ഉദാഹരണത്തിന്, തലച്ചോറിൽ ബലം നിയന്ത്രിക്കുന്ന ഭാഗത്ത് രക്തയോട്ടം കുറയുമ്പോൾ ശരീരത്തിെൻറ മറുവശം തളർന്നുപോകുന്നു. സംസാരം നിയന്ത്രിക്കുന്ന ഭാഗത്താണ് പ്രശ്നമെങ്കിൽ സംസാരശേഷി നഷ്ടപ്പെടുന്നു. ഇടതുകൈയും ഇടതുകാലും തളർന്നുപോവുക, മുഖം ഒരു വശത്തേക്ക് കോടിപ്പോകുക, സംസാരശേഷിയോ കാഴ്ചയോ ശരീരത്തിെൻറ ഒരു ഭാഗത്തെ സ്പർശനാനുഭവമോ നഷ്ടപ്പെടുക എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ചെറിയ ഒരു ബലക്കുറവ് മുതൽ പൂർണതളർച്ച വരെയാകാം രോഗതീവ്രത. ഇത്തരം രോഗലക്ഷണങ്ങൾ കാണുമ്പോൾ എത്ര ചെറുതാണെങ്കിലും ഉടൻ വൈദ്യസഹായം തേടണം. പരിചയസമ്പന്നനായ ഡോക്ടർക്ക് രോഗലക്ഷണങ്ങൾ കേട്ട് രോഗിയെ പരിശോധിക്കുമ്പോൾതന്നെ പക്ഷാഘാതം തിരിച്ചറിയാൻ കഴിയും. തലയുടെ സി.ടി സ്കാനോ എം.ആർ.ഐ സ്കാനോ ചെയ്ത് ഇത് സ്ഥിരീകരിക്കാം. സ്കാൻ ചെയ്യുന്നതുവഴി സ്ട്രോക്കിന് കാരണം രക്തയോട്ടക്കുറവാണോ രക്തസ്രാവമാണോ എന്ന് വ്യക്തമായി മനസ്സിലാക്കാം.
സ്ട്രോക് വരുന്നത് മുൻകൂട്ടി പറയാൻ സാധിക്കില്ലെങ്കിലും റിസ്ക് ഫാക്ടറുകൾ തിരിച്ചറിഞ്ഞ് മുൻകരുതലുകളെടുക്കാം. സ്ട്രോക്കിനു മുമ്പായി ചില അപായസൂചനകൾ ശരീരം തരാറുണ്ട്. അത് ഗൗരവത്തിലെടുക്കണം. രോഗലക്ഷണങ്ങൾ പെട്ടെന്ന് കണ്ടെത്തി ആശുപത്രിയിലെത്തിക്കുന്നതാണ് ചികിത്സയിൽ പ്രധാനം.
അസുഖം തുടങ്ങി ആദ്യത്തെ നാലര മണിക്കൂറിനെ ഗോൾഡൻ അവേഴ്സ് എന്നാണ് പറയുക. ഈ സമയത്തിനുള്ളിൽ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞാൽ സ്ട്രോക് രക്തയോട്ടക്കുറവുകൊണ്ടാണെങ്കിൽ രക്തക്കട്ട അലിയിച്ചുകളയുന്നതിനായുള്ള ത്രോംബോലിസിസ് എന്ന ചികിത്സ നൽകാൻ കഴിയും. ഈ ചികിത്സയിലൂടെ 30 ശതമാനത്തോളം രോഗികൾക്ക് അസുഖം പൂർണമായി മാറും.
എല്ലാ പ്രമുഖ ആശുപത്രികളിലും ഇതിനുള്ള ചികിത്സ ലഭ്യമാണെങ്കിലും നിർഭാഗ്യവശാൽ ഒട്ടുമിക്ക രോഗികളും ഈ നാലര മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്താറില്ല. രോഗത്തെക്കുറിച്ചും അതിെൻറ ഗൗരവത്തെക്കുറിച്ചുമുള്ള അജ്ഞതയാണ് പലപ്പോഴും ആശുപത്രിയിൽ എത്താൻ വൈകുന്നതിനു കാരണം. ത്രോംബോലിസിസ് വഴി രക്തക്കട്ട അലിഞ്ഞുപോവാത്ത രോഗികൾക്ക് ആൻജിയോഗ്രാം ചെയ്ത് രക്തക്കുഴൽ വഴി രക്തക്കട്ട എടുത്തുമാറ്റുന്ന എൻഡോവാസ്കുലർ മെക്കാനിക്കൽ ത്രോംബക്ടമി എന്ന അത്യാധുനിക ചികിത്സയും ലഭ്യമാണ്. രോഗം തുടങ്ങി ആറു മണിക്കൂറിനുള്ളിൽ മാത്രമേ ഈ ചികിത്സയും ഫലപ്രദമാകുകയുള്ളൂ. രണ്ടു ചികിത്സയും എത്രയും നേരത്തേ ചെയ്യുന്നതനുസരിച്ച് രോഗം ഭേദമാവാനുള്ള സാധ്യതയും വർധിക്കുന്നു. ഒരിക്കൽ സ്ട്രോക് വന്ന രോഗിയെ മരുന്നുകളുടെയും മൾട്ടി-ഡിസിപ്ലിനറി റീഹാബിലിറ്റേഷെൻറയും സഹായത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയും. തളർന്നുപോയ ഭാഗത്തെ ശക്തി എത്രത്തോളം വീണ്ടെടുക്കാൻ കഴിയും എന്നത് ഉണ്ടായ സ്ട്രോക്കിെൻറ ഗൗരവത്തെ ആശ്രയിച്ചിരിക്കും. ചിട്ടയായ ഫിസിയോതെറപ്പിയും അസുഖം വീണ്ടും വരാതിരിക്കുന്നതിനുള്ള മുൻകരുതലുകളും ആരോഗ്യം വീണ്ടെടുക്കുന്നതിന് നിർണായകമാണ്.
പ്രമേഹം, രക്തസമ്മർദം, അമിത കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകളും അവ വരുകയാണെങ്കിൽ മരുന്നും വ്യായാമവും ജീവിതശൈലിയിലെ മാറ്റവും വഴി നിയന്ത്രിക്കുകയുമാണ് സ്ട്രോക് വരാതിരിക്കാനുള്ള ഏറ്റവും പ്രധാന മാർഗം. അതുപോലെ പുകവലി, മദ്യപാനം, ലഹരിമരുന്ന് ഉപയോഗം എന്നിവ ഒഴിവാക്കുന്നതും അത്യന്താപേക്ഷിതമാണ്.
ഒരിക്കൽ പക്ഷാഘാതം വന്ന രോഗിക്ക് വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് അസുഖം പൂർണമായി ഭേദമായാലും തുടർചികിത്സ പ്രധാനമാണ്. സ്ട്രോക് വന്ന രോഗികൾ വീണ്ടും വരാതിരിക്കാനുള്ള മരുന്ന് മുടക്കരുത്. പലപ്പോഴും അസുഖം പൂർണമായി മാറുന്ന രോഗികൾ പല കാരണവശാലും മരുന്ന് നിർത്താറുണ്ട്. ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലും ഈ മരുന്ന് സൗജന്യമായി ലഭിക്കും. ചിട്ടയായി മരുന്ന് കഴിക്കുന്ന രോഗികൾക്ക് പക്ഷാഘാതം വീണ്ടും വരാനുള്ള സാധ്യത കുറവാണ്.
(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ സെൻറർ ഓഫ് എക്സലൻസ് ഫോർ ന്യൂറോസയൻസസിൽ ന്യൂറോളജി സീനിയർ കൺസൽട്ടൻറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.