നവംബർ 27ന് സ്വിച്ചിട്ടപോലെ തുടങ്ങിയ വിമത കലാപത്തിന്, മുല്ലപ്പൂ വിപ്ലവകാലത്തെ അതിജീവിച്ച ഏകാധിപതി ബശ്ശാറുൽ അസദ് എതിർപ്പൊന്നുമില്ലാതെ കീഴടങ്ങുകയും ൈഹഅത്ത് തഹ് രീർ അശ്ശാം എന്ന സായുധ സംഘത്തിന് സിറിയയെ ഏൽപിച്ച് രാജ്യം വിടുകയും ചെയ്തത് കണ്ട് ലോകം അതിശയിച്ചു. സിറിയയിൽ സംഭവിച്ചതെന്തെന്നും രാജ്യത്തിന്റെ പെട്ടെന്നുള്ള ഭാവിയെന്തെന്നും വിലയിരുത്തുന്നു
തുനീഷ്യയിലെ സിദി ബൂസിദ് നഗരമധ്യത്തിൽ സ്വന്തം ശരീരത്തിലേക്ക് പെട്രോൾ ഒഴിച്ച് മുഹമ്മദ് ബൂഅസീസി എന്ന തെരുവുകച്ചവടക്കാരൻ കൊളുത്തിവിട്ട അറബ് വിപ്ലവത്തിന്റെ 14ാം വാർഷിക ദിനത്തിന് കൃത്യം 10 ദിവസം മുമ്പാണ് സിറിയയിലെ ബശ്ശാറുൽ അസദിന്റെ ഭീകരവാഴ്ച അവസാനിച്ചത്.
നേരിട്ടല്ലെങ്കിലും അറബ് വസന്തത്തിന്റെ ബാക്കിപത്രം തന്നെയായിരുന്നു ബശ്ശാറിന്റെ പതനം. ഈ രൂപത്തിൽ സ്ഥാനഭ്രഷ്ടനായ അഞ്ചാമത്തെ അറബ് ഏകാധിപതിയും. ഈജിപ്ത്, ലിബിയ, തുനീഷ്യ, യമൻ എന്നിവിടങ്ങളിൽ ഭരണമാറ്റമുണ്ടായി ഒന്നൊന്നര പതിറ്റാണ്ടിന് ശേഷമാണ് ബശ്ശാറിന്റെ ഊഴം വരുന്നത്.
മറ്റുനാലിടങ്ങളിലും രാഷ്ട്രീയവും സാമൂഹിക ജീവിതവും വ്യത്യസ്ത കൈവഴികളിലൂടെയാണ് ഒഴുകിയതെന്നതിനാൽ സിറിയയിലെ അവസ്ഥ എന്താകുമെന്നറിയാൻ കാത്തിരിക്കുകയാണ് ലോകം. വിപ്ലവാനന്തരം ജനാധിപത്യത്തിന്റെ ഹ്രസ്വഇടവേളക്ക് ശേഷം വീണ്ടും ഏകാധിപത്യ പ്രവണതകളിലേക്ക് നീങ്ങുകയായിരുന്നു ഈജിപ്തും ഒരു പരിധി വരെ തുനീഷ്യയും.
ലിബിയയും യമനുമാകട്ടെ, ആഭ്യന്തര സംഘർഷങ്ങളിൽ ആണ്ടുമുങ്ങിയിരിക്കുന്നു. ചുരുക്കത്തിൽ ആദ്യകാലത്ത് പ്രതീക്ഷകൾ പാകിയ അറബ് വസന്തം ഒന്നര പതിറ്റാണ്ടിലേക്ക് കടക്കുന്ന വേളയിൽ കരിഞ്ഞുണങ്ങിപ്പോയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സിറിയൻ ഭരണമാറ്റം ശ്രദ്ധേയമാകുന്നത്.
രക്തപങ്കിലമായ ആദ്യഘട്ട സമരത്തിനുശേഷം ഏതാണ്ട് സുഷുപ്തിയിലായിരുന്നു സിറിയൻ വിപ്ലവം. പൊടുന്നനെ, ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് നവംബർ ഒടുവിൽ വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദിലിബിൽനിന്ന് ഹൈഅത്ത് തഹ് രീർ അശ്ശാം (എച്ച്.ടി.എസ്) എന്ന സായുധ സംഘം പടയോട്ടം തുടങ്ങുന്നത്.
അബൂ മുഹമ്മദ് അൽ ജൂലാനി എന്ന പേരിൽ അറിയപ്പെടുന്ന അഹ്മദ് ഹുസൈൻ അൽശറഅയുടെ നേതൃത്വത്തിലുള്ള സംഘം അതിവേഗം രാജ്യത്തെ ഏറ്റവും വലുതും ചരിത്രപ്രസിദ്ധവുമായ അലെപ്പോ നഗരം കീഴടക്കി. ഏതാനും ദിവസംകൊണ്ട് അത്ഭുതകരമായ വേഗത്തിൽ ഡമസ്കസും വീണു.
ഒരിടത്തും കാര്യമായ ചെറുത്തുനിൽപ്പുകളുണ്ടായില്ല. സൈന്യം ആയുധം വെച്ചുകീഴടങ്ങി. ഒടുവിൽ, 54 വർഷം നീണ്ട അസദ് കുടുംബഭരണം സ്വിച്ചിട്ടപോലെ ഓഫ് ചെയ്ത് ബശ്ശാറുൽ അസദ് റഷ്യയിലേക്ക് പലായനം ചെയ്തു. ബശ്ശാറിനെ ഇനിയും സംരക്ഷിക്കാൻ കെൽപും താൽപര്യവും നഷ്ടപ്പെട്ട ഇറാനും റഷ്യയുമാകട്ടെ, അതിനും മുമ്പെ മെല്ലെ പിൻവാങ്ങിയിരുന്നു.
ബശ്ശാർ ഭരണത്തിന്റെ ഭാഗമായ മുഴുവൻ പേർക്കും പൊതുമാപ്പ് നൽകുമെന്നാണ് ആദ്യം പ്രഖ്യാപനം വന്നതെങ്കിലും പിന്നീട് തിരുത്തി. കൊടിയ പീഡനങ്ങൾക്കും കൂട്ടക്കൊലകൾക്കും നേതൃത്വം നൽകിയവരെ ശിക്ഷിക്കുമെന്നാണ് പുതിയ നിലപാട്.
ഡമസ്കസ് പിടിച്ച് അധികം കഴിയുംമുമ്പ് തന്നെ താൽകാലിക ഭരണ സംവിധാനം സൃഷ്ടിക്കാനുള്ള നീക്കങ്ങളും തുടങ്ങി. എച്ച്.ടി.എസിന്റെ ഇദ്ലിബിലെ ഭരണകൂടത്തെ നയിച്ചിരുന്ന മുഹമ്മദ് അൽബശീറാണ് താൽകാലിക പ്രധാനമന്ത്രി. ഇത്തരം ഘട്ടങ്ങളിൽ തുടക്കത്തിലുണ്ടാകുന്ന ഭരണ ശൂന്യത ഒഴിവാക്കാൻ തീവ്രമായ ഇടപെടലുകൾ നടക്കുന്നുണ്ട്.
1974 ലെ യു.എൻ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ പ്രകാരം ഡീമിലിറ്ററൈസ്ഡ് സോൺ ആയി പ്രഖ്യാപിച്ച മേഖലയിൽ ഇസ്രായേൽ അതിക്രമിച്ചുകയറിയത് കാര്യങ്ങൾ സങ്കീർമാക്കുന്നു. അവിടെയും നിർത്താതെ 10 കിലോമീറ്ററോളം സിറിയക്ക് ഉള്ളിൽ കടന്ന് ഖത്താന പട്ടണം വരെ എത്തി.
ഖത്താനയിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയാണ് ഡമസ്കസ്. വിവാദമായതോടെ ഈ സൈനിക നീക്കം ഇസ്രായേൽ നിഷേധിച്ചു. സിറിയയുടെ സൈനിക സന്നാഹങ്ങളും ആയുധശേഷിയും മൊത്തം കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ ബോംബിട്ട് തകർക്കുകയും ചെയ്തിട്ടുണ്ട്. എച്ച്.ടി.എസ് പ്രധാനമായും മുൾമുനയിലാകുന്നത് ഈ രംഗത്താണ്. ഇസ്രായേലിനെതിരെ എന്താകും നിലപാട് എന്ന് ഇതുവരെയും എച്ച്.ടി.എസ് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച ബ്രിട്ടീഷ് മാധ്യമമായ ചാനൽ 4 ന്റെ കറസ്പോണ്ടന്റ് പറേക് ഒബ്രയൻ ആവർത്തിച്ചു ചോദിച്ചിട്ടും എച്ച്.ടി.എസിന്റെ വക്താവ് ഉബൈദ അർനൂത് ഈ വിഷയത്തിൽ പ്രതികരിക്കാതിരുന്നത് ചർച്ചയായിട്ടുണ്ട്. ഉബൈദ ഇസ്രായേൽ എന്ന പേര് പോലും പരാമർശിച്ചില്ല.
2017 മുതൽ ഇദ്ലിബ് നിയന്ത്രിക്കുന്ന എച്ച്.ടി.എസ് ഇടിത്തീ പോലെയാണ് അസദ് ഭരണകൂടത്തിനെതിരെ മുന്നേറ്റം തുടങ്ങിയത്. വിമത പടയോട്ട വഴികളിലൂടെ:
നവംബർ 27
ഹൈഅത്ത് തഹ് രീർ അശ്ശാം മുന്നേറ്റം തുടങ്ങി മണിക്കൂറുകൾ കൊണ്ട് അലെപ്പോ നഗരത്തിന് അടുത്തെത്തി. പടിഞ്ഞാറൻ അലെപ്പോയിലെ അൻജാറ ടൗണും സിറിയൻ സൈന്യത്തിന്റെ തന്ത്രപ്രധാന താവളമായ ബേസ് 46 ഉം പിടിച്ചെടുത്തു. കിഴക്ക് നിന്നും അലെപ്പോ ആക്രമിച്ചു. അൽനയ്റാബ് വിമാനത്താവളം അനായാസം കീഴടക്കപ്പെട്ടു.
നവംബർ 28,30
വിമത മുന്നേറ്റം കൂടുതൽ ഇടങ്ങളിലേക്ക്. 30ന് വിമതർ അലെപ്പോ കീഴടക്കി. പിടിച്ചുനിന്ന സിറിയൻ സൈന്യത്തിനും അവർക്കൊപ്പമുള്ള റഷ്യൻ വ്യോമസേനക്കും ചുവരെഴുത്ത് വ്യക്തമായി. പ്രതിരോധം മെല്ലെ അയഞ്ഞു. അന്നുതന്നെ ഡമസ്കസിനടുത്ത തന്ത്രപ്രധാന പട്ടണമായ ഹമ ആക്രമിച്ചു.
ഡിസംബർ അഞ്ചിന് ഹമയും വീണു. ഏഴിന് ഹുംസിൽനിന്ന് സിറിയൻ സേന പിൻവാങ്ങി. ഡമസ്കസിലേക്കുള്ള മുന്നേറ്റമായിരുന്നു പിന്നീട്. അന്നുതന്നെ ഡമസ്കസിന്റെ പ്രാന്തങ്ങളിൽ എച്ച്.ടി.എസ് സായുധസംഘങ്ങൾ എത്തി. വൈകുന്നേരത്തോടെ സൈന്യം ഡമസ്കസിന് ചുറ്റുമുള്ള ജനവാസ മേഖലകളിൽനിന്ന് പിൻവാങ്ങി.
ഡമസ്കസ് വീണു. ചരിത്ര പ്രസിദ്ധമായ ഉമയ്യദ് മസ്ജിദിലേക്ക് എച്ച്.ടി.എസ് നേതാവ് അബൂ മുഹമ്മദ് അൽ ജൂലാനി വിജയശ്രീലാളിതനായി കടന്നുവന്നു. പകൽ മുഴുവൻ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബശ്ശാറുൽ അസദിന് തങ്ങൾ രാഷ്ട്രീയ അഭയം നൽകിയിരിക്കുന്നുവെന്ന് റഷ്യ അറിയിച്ചു.
ഇറാൻ
ബശ്ശാറുൽ അസദിന്റെ പതനത്തിൽ ഏറ്റവും ആഘാതമേറ്റത് ഇറാന് തന്നെയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഏറെ സമയവും അധ്വാനവും പണവും ചെലവഴിച്ച് ഇറാൻ സിറിയയിൽ ഒരുക്കിയ സന്നാഹങ്ങളെല്ലാം ഒരു രാത്രി കൊണ്ട് നിഷ്ഫലമായി. ലബനാനിലെ ഹിസ്ബുല്ലയിലേക്കുള്ള ഇടനാഴി മുറിഞ്ഞു. പ്രാദേശിക ശാക്തിക ബലാബലത്തിൽ വൻ തിരിച്ചടിയുമാണത്.
ഉപരോധങ്ങളാൽ വലയുന്ന രാജ്യത്തിന്റെ വിഭവങ്ങളെടുത്ത് സിറിയയിൽ ചെലവഴിച്ച നയത്തിനെതിരെ ഇറാനുള്ളിലും അസ്വസ്ഥത പുകയുകയാണ്. സ്വന്തം ജനതക്ക് പോലും വേണ്ടാത്തയാളെ താങ്ങിനിർത്താൻ ഇറാൻ എന്തിനിങ്ങനെ അധ്വാനിച്ചു എന്നാണ് പ്രധാന ചോദ്യം.
അസാധാരണമായ പരസ്യവിമർശനത്തിൽ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ അസ്വസ്ഥനാണ്. ഇതോടെ വിമർശനം ഉന്നയിച്ച പ്രമുഖരും മാധ്യമങ്ങളും അന്വേഷണ പരിധിയിലാണ്. എങ്കിലും സിറിയയിൽ പുതുതായി വരുന്ന സുന്നി ഭരണകൂടത്തോട് അനുഭാവപൂർവം ഇടപെടുമെന്ന സൂചനയാണ് നിലവിൽ ഇറാൻ നൽകുന്നത്.
ബശ്ശാറിനെ താങ്ങി നിർത്തിയിരുന്ന വൻശക്തി രാഷ്ട്രം എന്ന നിലയിൽ വലിയ പ്രതിച്ഛായ നഷ്ടമാണ് റഷ്യക്കുണ്ടായത്. യുക്രെയ്നിലെ തിരിച്ചടികൾക്കൊപ്പം ബശ്ശാറിന്റെ വീഴ്ചയും പുടിനെ രാജ്യാന്തര നയതന്ത്ര രംഗത്ത് പിന്നോട്ടടിപ്പിക്കും. മെഡിറ്ററേനിയൻ കടൽ ഉന്നമിട്ട് സിറിയൻ തീരത്ത് സംവിധാനിച്ച സൈനിക സന്നാഹങ്ങൾ ഇനി ഒഴിവാക്കേണ്ടിവരും. ബശ്ശാറിന് രാഷ്ട്രീയ അഭയം നൽകിയെങ്കിലും ഇതുവരെ പുടിൻ അദ്ദേഹത്തെ കണ്ടിട്ടില്ല എന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ദുർബലനായ ബശ്ശാറുൽ അസദ് സിറിയ ഭരിക്കുന്നതാണ് ഇസ്രായേലിന് നല്ലതെന്ന ആഭ്യന്തര വിലയിരുത്തലിനൊടുവിലാണ് ചരിത്രത്തിൽ ഇന്നേവരെ ലഭ്യമാകാതിരുന്ന സുവർണാവസരം അവർക്ക് കിട്ടിയത്. അന്തരീക്ഷം മുതലെടുത്ത് സിറിയയുടെ സൈനികശേഷി ഏതാണ്ട് മുഴുവനും തകർക്കാനായി.
അന്യായമായി കൈവശം വെച്ചിരിക്കുന്ന ഗോലാൻ കുന്നുകളിൽനിന്ന് കൈയേറ്റം സിറിയക്കുള്ളിലേക്ക് തന്ത്രപരമായി വ്യാപിപ്പിക്കാനുമായി. അടുത്തെങ്ങും സൈനികപരമായി സിറിയ ഒരു വെല്ലുവിളി ആകില്ലെന്ന് ഉറപ്പിക്കാനും കഴിഞ്ഞതായി അവർ വിശ്വസിക്കുന്നു. ഹിസ്ബുല്ലക്കുള്ള ഇറാന്റെ സഹായപാത അടയുന്നതോടെ ലബനാനിൽ നിന്നുള്ള വെല്ലുവിളിയും മയപ്പെടും.
ഈ സംഭവവികാസങ്ങളിലെ യഥാർഥ വിജയി തുർക്കിയയാണ്. സിറിയ നിയന്ത്രിക്കുന്ന സുന്നി സായുധ സംഘങ്ങൾക്ക് മേൽ വലിയ സ്വാധീനമാണ് അവർക്കുള്ളത്.
അതിസൂക്ഷ്മമായി പ്രസിഡന്റ് ഉർദുഗാൻ മെനഞ്ഞെടുത്ത ബന്ധങ്ങൾ വഴി അവിശ്വസീനയമാംവണ്ണം വിപുലമായ സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമാണ് തുർക്കിയക്ക് കൈവരുന്നത്. 13 വർഷം മുമ്പ് അടച്ച എംബസി ഡമസ്കസിൽ വീണ്ടും തുറക്കാൻ നടപടി തുടങ്ങിക്കഴിഞ്ഞു. താൽക്കാലിക പ്രതിനിധിയെ ഇതിനകം നിയമിക്കുകയും ചെയ്തു.
യഥാർഥത്തിൽ, സിറിയൻ നാഷനൽ ആർമി (എസ്.എൻ.എ) എന്ന സായുധസംഘങ്ങളുടെ കൂട്ടായ്മയാണ് സിറിയയിൽ തുർക്കിയുടെ തുറുപ്പുചീട്ട്. അവർക്ക് വേണ്ട പണവും ആയുധങ്ങളും മറ്റുസന്നാഹങ്ങളും ഉദാരമായി നൽകുന്നത് തുർക്കിയയാണ്. മുമ്പ് അൽഖാഇദയുമായി ബന്ധമുണ്ടായിരുന്ന എച്ച്.ടി.എസിനെ യു.എസിനും മറ്റുപാശ്ചാത്യ രാഷ്ട്രങ്ങൾക്കുമൊപ്പം ഭീകരസംഘടനയുടെ പട്ടികയിലാണ് തുർക്കിയയും ഉൾപ്പെടുത്തിയിരുന്നത്.
അങ്ങനെ തുടരുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും എച്ച്.ടി.എസിന് തുർക്കിയയിൽനിന്ന് സഹായങ്ങൾ ലഭിച്ചിരുന്നു. സിറിയൻ സേനയെ ഭയക്കാതെ ദീർഘകാലം ഇദിലിബ് ഭരിക്കാൻ എച്ച്.ടി.എസിനെ പ്രാപ്തമാക്കിയത് തുർക്കിയയുടെ ഇടപെടലാണ്. എച്ച്.ടി.എസ് നിയന്ത്രിച്ചിരുന്ന മേഖലകളിൽ അന്താരാഷ്ട്ര സഹായങ്ങൾ എത്തിക്കാനും തുർക്കി മുൻകൈയെടുത്തു.
തുർക്കിയ വഴിയുള്ള വ്യാപാരവും തഴച്ചു. എച്ച്.ടി.എസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിൽ അതു സഹായിച്ചു. ഡിസംബർ എട്ടിന് ഡമസ്കസ് പിടിച്ചതിന് പിന്നാലെ എച്ച്.ടി.എസിന് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുക്കുന്നതിലും തുർക്കിയ മുൻകൈയെടുക്കുകയാണ്.
വലിയ തോതിൽ ശിഥിലമായ സിറിയയാണ് എച്ച്.ടി.എസിന് ലഭിച്ചിരിക്കുന്നത്. ആന്തരികമായും ബാഹ്യമായും ഉയരുന്ന കനത്ത വെല്ലുവിളികൾക്കൊപ്പം ചില വിദേശരാജ്യങ്ങളുടെ കാലാളുകൾ എന്ന ആക്ഷേപവും അവർക്കെതിരെ ഉയരുന്നു. ഈ പ്രതിസന്ധികളെ എങ്ങനെ നേരിടുന്നെന്നതും അവരുടെയും സിറിയയുടെയും ഭാവിയെ സ്വാധീനിക്കും.
70 ശതമാനത്തോളം സുന്നികൾക്കൊപ്പം പലതരം ശിയാ വിശ്വാസധാരകളും സിറിയയിലുണ്ട്. പിന്നെ ക്രിസ്ത്യൻ, ഡ്രൂസ് വിഭാഗങ്ങളും. വംശീയ ന്യൂനപക്ഷമായ കുർദുകളുടെ പ്രശ്നം സങ്കീർണവുമാണ്. വടക്ക് കിഴക്കൻ സിറിയയിൽ തുർക്കി, ഇറാഖ് അതിർത്തികളിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായ കുർദ് മേഖലയിൽ അവരുടെ സ്വയംഭരണമാണ്.
മുമ്പ് ഇസ്ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായിരുന്ന റഖയുടെ സമീപം വരെ ഇപ്പോൾ കുർദ് സ്വാധീനം എത്തിയിട്ടുണ്ട്. വടക്ക് തുർക്കി അതിർത്തിയിൽ അവർ പിന്തുണക്കുന്ന സായുധ സംഘങ്ങൾ. സിറിയൻ കലഹത്തിന്റെ അഗ്നി തങ്ങളുടെ അതിർത്തിയിലേക്ക് പടരാതിരിക്കുന്നതിനുള്ള കരുതൽ മേഖല സൃഷ്ടിക്കാൻ തുർക്കി പണവും ആയുധവും നൽകി നിർത്തിയിരിക്കുന്ന സംഘങ്ങളാണവ.
പടിഞ്ഞാറ് മെഡിറ്ററേനിയൻ തീരമേഖലയായ ലതീകിയയും പരിസരവുമാണ് ബശ്ശാറുൽ അസദ് പ്രതിനിധാനംചെയ്യുന്ന ശിയാ അലവി വിഭാഗത്തിന്റെ ശക്തിമേഖല. നിലവിൽ അവിടെ ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഭരണത്തിൽനിന്ന് നിഷ്കാസിതരാകുന്നതിന്റെ രോഷം ശിയാക്കൾ എങ്ങനെ സമീപഭാവിയിൽ പ്രകടിപ്പിക്കുമെന്നത് ഒരു ചോദ്യമാണ്.
ലദ്ഖിയയിൽനിന്ന് തുറമുഖ നഗരമായ താർതസ് വഴി ലബനാനിലെ ഹിസ്ബുല്ലയുടെ ശക്തിമേഖലകളിലേക്ക് ഇടനാഴി രൂപപ്പെടാൻ സാധ്യതയുണ്ട്. താർതസും സമീപമേഖലകളുമെല്ലാം അലവി വിഭാഗത്തിന് സ്വാധീനമുള്ള ഇടങ്ങളാണ്. 180 കിലോമീറ്റർ നീളമുള്ള സിറിയയുടെ ഈ മെഡിറ്ററേനിയൻ തീരപ്രദേശമെന്നത് രാജ്യസുരക്ഷക്ക് അതിനിർണായകവുമാണ്.
ഇവിടെയാണ് റഷ്യയുടെ സൈനിക സന്നാഹങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. ഭരണമാറ്റത്തിന്റെ അനിശ്ചിതത്വം നിലനിന്ന ദിവസങ്ങളിൽ സിറിയൻ നാവികസേനയുടെ സംവിധാനങ്ങളെല്ലാം ഇസ്രായേൽ തകർത്തതും ഈ പ്രദേശത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.