സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്‍െറ 10 വര്‍ഷങ്ങള്‍

ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്ന സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ചതിന്‍െറ പത്താം വാര്‍ഷികം നവംബര്‍ 30ഓടെ കടന്നുപോയി. മുസ്ലിംകള്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ യഥാര്‍ഥ ചിത്രം പ്രതിഫലിപ്പിക്കുന്ന ദര്‍പ്പണമായിരുന്നു പ്രസ്തുത റിപ്പോര്‍ട്ട് എന്ന് എന്‍.ഡി. പാഞ്ചോലി ചൂണ്ടിക്കാട്ടിയത് ഓര്‍മിക്കുക.
ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകളുടെ അവസ്ഥാവിശേഷത്തെ സംബന്ധിച്ച് സമഗ്രവും ഫലപ്രദവുമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്ന കുറ്റമറ്റ റിപ്പോര്‍ട്ടായിരുന്നു ജസ്റ്റിസ് സച്ചാറും സംഘവും  തയാറാക്കി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, റിപ്പോര്‍ട്ട് ഫലപ്രദമായ രീതിയില്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാറും ബന്ധപ്പെട്ട നയരൂപകര്‍ത്താക്കളും അറച്ചുനിന്നു. ന്യൂനപക്ഷ പ്രശ്നംകൊണ്ട് രാഷ്ട്രീയം കളിക്കാനായിരുന്നു പല പാര്‍ട്ടികളുടെയും ശ്രമം. മുസ്ലിംകള്‍, പല മണ്ഡലങ്ങളിലും വളര്‍ച്ചയുടെ താഴ്ന്ന പടിയില്‍ നില്‍ക്കുന്നു എന്നതാണ് വര്‍ത്തമാനകാലം  അടയാളപ്പെടുത്തുന്ന യാഥാര്‍ഥ്യം.
ന്യൂനപക്ഷത്തിന്‍െറ അതിജീവന രീതികള്‍ക്ക് സഹായകമായ മാറ്റങ്ങള്‍ സാധ്യമാക്കുന്ന പദ്ധതികള്‍  അധികൃതര്‍ ഗൗരവപൂര്‍വം പരിഗണിക്കാന്‍ തയാറാകുന്നില്ല എന്നതാണ് പ്രശ്നത്തിന്‍െറ മര്‍മപ്രധാന വശം. സച്ചാര്‍ കമ്മിറ്റിയുടെ രൂപവത്കരണത്തിന് മുമ്പും സമാനമായ സമിതികള്‍ നിയോഗിക്കപ്പെടുകയുണ്ടായി. ഗോപാല്‍ സിങ് കമീഷന്‍ ഒരു ഉദാഹരണം.  സമീപകാലത്ത് (2014) മുസ്ലിം പ്രശ്നങ്ങള്‍ പരിശോധിക്കാന്‍  നിയോഗിക്കപ്പെട്ട കുന്ദു കമീഷന്‍ ശിപാര്‍ശകള്‍ വനരോദനമായി മാറുകയായിരുന്നില്ളേ? ഇത്തരം കമീഷനുകളുടെ ശിപാര്‍ശകള്‍ക്കു ശേഷവും മുസ്ലിം സമൂഹംകൂടുതല്‍  ഇരുണ്ട യാഥാര്‍ഥ്യങ്ങള്‍ അഭിമുഖീകരിക്കാനിടയാവുന്നു.
ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കു പുറമെ മുസ്ലിംകള്‍ സാംസ്കാരിക -സാമ്പത്തിക മണ്ഡലങ്ങളില്‍ അതി പിന്നാക്കാവസ്ഥ അനുഭവിക്കുന്നതിന്‍െറ കാരണങ്ങള്‍ വിശകലനംചെയ്ത് എഴുത്തുകാരും പത്രപ്രവര്‍ത്തകരും പുറത്തുവിട്ട പ്രബന്ധങ്ങളും റിപ്പോര്‍ട്ടുകളും കൂടുതല്‍ ശ്രദ്ധേയമാവുകയുണ്ടായി. വിഭജനകാലത്ത് നടന്ന വര്‍ഗീയലഹളകള്‍ എങ്ങനെ കൂടുതലായും മുസ്ലിം ഇരകളെ സൃഷ്ടിച്ചു എന്ന ചോദ്യത്തിന് ഉത്തരമായി പരേതനായ അസ്ഗര്‍ അലി എന്‍ജിനീയര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സവിശേഷ പഠനമര്‍ഹിക്കുന്നു. മുസഫര്‍നഗര്‍ കലാപത്തില്‍ നിയമപാലകരുടെ പക്ഷപാതിത്വങ്ങള്‍ തുറന്നുകാട്ടിയ വി.എന്‍. റായിയുടെ കണ്ടത്തെലുകള്‍ നല്‍കുന്ന സൂചനകളും നിര്‍ണായക പ്രാധാന്യമുള്ളവയാകുന്നു. അധികാരം വാഴുന്നവര്‍ ഭരണകൂട മെഷിനറിയെ ആശ്രയിച്ച് കലാപങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിന്‍െറ ഒന്നാന്തരം തെളിവുകള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ മുന്നോട്ടുവെക്കുകയുണ്ടായി.
എന്നാല്‍, ദുരന്ത സംഭവങ്ങളില്‍ ദേശീയ- സംസ്ഥാന ന്യൂനപക്ഷ കമീഷനുകള്‍ എന്തുകൊണ്ട് ഇടപെടാതിരിക്കുന്നു? ന്യൂനപക്ഷകാര്യ മന്ത്രാലയങ്ങളിലെ രാഷ്ട്രീയ നിയമനങ്ങളെ എന്തുകൊണ്ടവര്‍ ചോദ്യംചെയ്യുന്നില്ല? ന്യൂനപക്ഷ ക്ഷേമത്തിന്‍െറ പേരില്‍ അരങ്ങേറുന്ന പ്രഹസനങ്ങളെ മൗനവും വിധേയത്വവുംകൊണ്ട് സാധൂകരിക്കുന്ന പ്രവണത ആര്‍ക്കും ഭൂഷണമല്ല.
മുസ്ലിംകളെയും ഇസ്ലാമിനെയും നിന്ദിക്കുന്നവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വര്‍ത്തമാനകാലം പരിഷ്കാരമായി വീക്ഷിക്കുന്നു. കാലഘട്ടത്തിന്‍െറ പുരോഗതിക്കനുസൃതമായി മാറാന്‍ കൂട്ടാക്കാത്തവരാണ് മുസ്ലിംകള്‍ എന്ന പരാതി ഏക സിവില്‍കോഡ് വാദത്തോടെ വീണ്ടും ശക്തിപ്പെട്ടിരിക്കുന്നു. ഏക സിവില്‍കോഡ് നടപ്പാക്കുന്നതോടെ വിവാഹവും വിവാഹമോചന തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട സര്‍വ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന ഭാവേനയാണ് പ്രധാന പ്രചാരണങ്ങള്‍.
മുസ്ലിംകള്‍ എന്തുകൊണ്ട് പൊതു സിവില്‍കോഡിനെ എതിര്‍ക്കണം എന്ന ചോദ്യം പല കോണില്‍നിന്നും കേള്‍ക്കാനിടയായി. ഒന്നാമതായി പൊതു സിവില്‍കോഡിനുള്ള നീക്കത്തില്‍ സര്‍ക്കാറിന് ആത്മാര്‍ഥതയില്ളെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. സര്‍ക്കാറിന്‍െറ രാഷ്ട്രീയ അജണ്ട മാത്രമാണതെന്നും അവര്‍ കരുതുന്നു. ഗുജറാത്തിലെ വംശഹത്യ, ബാബരി മസ്ജിദ് ധ്വംസനം തുടങ്ങിയ ദുരന്തങ്ങള്‍ ഇന്ത്യന്‍ മുസ്ലിംകളെ ഇപ്പോഴും അലട്ടുന്ന നോവുകളായി ശേഷിക്കുന്നു.
സച്ചാര്‍, ഗോപാല്‍ സിങ്, കുന്ദു തുടങ്ങിയ കമീഷനുകള്‍ ന്യൂനപക്ഷ ഉന്നമനത്തിനായി സമര്‍പ്പിച്ച ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാറുകള്‍ എന്തുകൊണ്ട് തയാറാകുന്നില്ല എന്ന് മുസ്ലിംകള്‍ ചോദിക്കുന്നു. സര്‍വ മണ്ഡലങ്ങളിലും അഭിമുഖീകരിക്കുന്ന പിന്നാക്കാവസ്ഥയില്‍നിന്ന് കരകയറാന്‍ മുസ്ലിംകളെ സഹായിക്കാന്‍ തയാറാകാത്ത ഭരണകൂടം വ്യക്തിനിയമ പ്രശ്നം പരിഹരിക്കുന്നതില്‍ ധിറുതിയും തിടുക്കവും കാട്ടുന്നതിന്‍െറ രഹസ്യം എന്തായിരിക്കും എന്നും അവര്‍ ആരായുന്നു. മുസ്ലിം സ്ത്രീകള്‍ ഉന്നയിക്കുന്ന ചോദ്യമിതാണ്: മുസ്ലിം സ്ത്രീകളുടെ ദൈന്യത പരിഹരിക്കുക എന്ന ആത്മാര്‍ഥ ലക്ഷ്യമുണ്ടെങ്കില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ എന്തിന് നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ മുസ്ലിം പുരുഷന്മാരെ അടിച്ചുകൊല്ലുന്നു. അതുവഴി ഞങ്ങള്‍ വിധവകളാകുന്നു. ജീവിത ദുരിതങ്ങള്‍ വര്‍ധിക്കുന്നു.
സര്‍ക്കാറിന്‍െറ ഇത്തരം ഇരട്ടത്താപ്പുകളും പൊലീസ് വകുപ്പിന്‍െറ കാവിവത്കരണവും മുസ്ലിംകളില്‍ ഭീതിയും അരക്ഷിതബോധവുമാണ് വിതച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം വ്യക്തിനിയമങ്ങളില്‍ സംതൃപ്തരാണവര്‍. ഒറ്റപ്പെട്ട ചില വ്യക്തികള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നിയമം പൂര്‍ണമായി പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെടുന്നത് യുക്തിഹീനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കപട വിഷയങ്ങള്‍ പൊക്കിയെടുത്ത് അമ്മാനമാടുകയാണ് ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ട്. ഒരുപക്ഷേ, ഇന്ത്യന്‍ ദേശീയതയുമായി പൊരുത്തമില്ലാത്ത സര്‍വ പേരുകളും ഉപേക്ഷിക്കണമെന്ന നിര്‍ദേശംവരെ ഉന്നയിക്കാന്‍ ഒരുനാള്‍ സംഘ്പരിവാരം ഉദ്യുക്തരായാല്‍ അദ്ഭുതപ്പെടേണ്ടതില്ല.
ഷാബാനു കേസില്‍ പ്രധാനവാദം ഉന്നയിച്ച ഡാനിയല്‍ ലത്തീഫിയുമായി അഭിമുഖ സംഭാഷണം നടത്താന്‍ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. അദ്ദേഹത്തിന്‍െറ വാക്കുകള്‍ നോക്കുക: ‘‘ഖുര്‍ആന്‍ അനുശാസിക്കുന്ന നിയമമനുസരിച്ചാണ് ഷാബാനുവിന് മതാഅ് (ജീവനാംശം) നല്‍കണമെന്ന് താന്‍ വാദിച്ചത്. കോടതിവിധിയും അപ്രകാരമായിരുന്നു. എന്നാല്‍, മതാഅ് നല്‍കണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നില്ളെന്ന് മുസ്ലിംകള്‍പോലും തെറ്റിദ്ധരിക്കുകയുണ്ടായി.’’  ‘വലില്‍ മുതല്ലഖാതി മതാഉന്‍ ബില്‍ മഅ്റൂഫ്’ എന്ന ഖുര്‍ആന്‍ വചനം ഉദ്ധരിച്ചുകൊണ്ടായിരുന്ന ലത്തീഫി അക്കാര്യം സമര്‍ഥിച്ചിരുന്നത്.
ഈ വചനം ഉദ്ധരിച്ച ഉടന്‍ ഷാബാനുവിന് ജീവനാംശം ലഭിക്കാന്‍ ആ ഒറ്റ സൂക്തം ധാരാളം മതിയെന്ന് ചീഫ് ജസ്റ്റിസ് പ്രഖ്യാപിക്കുകയും ചെയ്തു.
അദ്ദേഹത്തിന്‍െറ കൂടുതല്‍ വാക്കുകള്‍ ഉദ്ധരിക്കുന്നത് ഈ ഘട്ടത്തില്‍ സംഗതമാകും. ‘‘വാസ്തവത്തില്‍ അന്നും ഇന്നും പൊതു സിവില്‍കോഡിനെ എതിര്‍ക്കുന്ന വ്യക്തിയാണ് ഞാന്‍. ഏകീകൃത സിവില്‍കോഡ് ഇന്ത്യക്ക് ആവശ്യമില്ല. ഇതിനെ രാഷ്ട്രീയ പ്രശ്നമാക്കി വളര്‍ത്തി അതില്‍നിന്ന് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ് ബി.ജെ.പിയും സഖ്യകക്ഷികളും.’’  ബഹുഭാര്യത്വ പ്രശ്നവും രാഷ്ട്രീയവത്കരിക്കപ്പെട്ടതായി അദ്ദേഹം കരുതുന്നു. ബഹുഭാര്യത്വത്തെ രാഷ്ട്രീയപാര്‍ട്ടികളാണ് വമ്പന്‍ പ്രശ്നമായി പര്‍വതീകരിക്കുന്നത്. മുസ്ലിംകള്‍ക്കിടയില്‍ ബഹുഭാര്യത്വം ഏറെ താഴ്ന്ന തോതിലാണെന്ന് ലത്തീഫി ചൂണ്ടിക്കാണിക്കുന്നു. അടിയന്തരമായി പരിഹരിക്കപ്പെടേണ്ടത് ന്യൂനപക്ഷ സമൂഹങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്നങ്ങളായിരിക്കെ ഒറ്റപ്പെട്ട പ്രശ്നങ്ങള്‍ പര്‍വതീകരിക്കപ്പെടുന്ന പ്രവണത ആശ്ചര്യജനകം മാത്രം.
Tags:    
News Summary - ten years of sachar committee report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT