അഞ്ചു വർഷത്തിനുള്ളിൽ തെൻറ സർക്കാർ 'അതിദാരിദ്ര്യം' (extreme poverty) ദൂരീകരിക്കുമെന്ന് പുതിയ സർക്കാറിെൻറ പ്രഥമ മന്ത്രിസഭ യോഗത്തിനുശേഷം (മേയ് 20) മുഖ്യമന്ത്രി പ്രസ്താവിക്കുകയുണ്ടായി. ഭക്ഷണം, ശുചിത്വം, ആരോഗ്യം എന്നിവയുൾെപ്പടെ ജീവിതത്തിെൻറ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഏറ്റവും കുറഞ്ഞത് ഒരാൾക്ക് 150 രൂപയോളം പ്രതിദിനം വേണമെന്നാണ് വിദഗ്ധ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച്, കോവിഡിനു മുമ്പുതന്നെ ഇന്ത്യയിലെ 25 കോടിയോളം പേർ അതിദരിദ്രരോ പരമദരിദ്രരോ ആണ്. കേരള ജനസംഖ്യയിലെ 7-8 ശതമാനം പേർ (ഏകദേശം കാൽ കോടിയോളം പേർ) ഈ മാനദണ്ഡപ്രകാരം അതിദരിദ്രരുടെ പട്ടികയിൽപെടുന്നു.
മഹാമാരിയുടെ ഫലമായി 2020ൽ മാത്രം ഇന്ത്യയിൽ ഏറ്റവും കുറഞ്ഞത് 7.5 കോടിയോളം പേർ അതിദരിദ്രരുടെ പട്ടികയിലേക്ക് അധികമായി തള്ളപ്പെടുമെന്നും രണ്ടാം തരംഗം അതിനേക്കാൾ കൂടുതൽ അതിദാരിദ്ര്യം സൃഷ്ടിക്കുമെന്നുമുള്ള ഐ.എം.എഫ്-ലോക ബാങ്ക് മുന്നറിയിപ്പുകളും വന്നുകഴിഞ്ഞു. അതിന് ആനുപാതികമായി, കേരളത്തിലും അതിദരിദ്രരുടെ എണ്ണം വർധിക്കുമെന്നുറപ്പാണ്.
ഈ പശ്ചാത്തലത്തിൽ, ഐ.എം.എഫും ലോക ബാങ്കും ഐക്യരാഷ്ട്രസഭയും ഫണ്ടിങ് ഏജൻസികളുമെല്ലാം അതിദാരിദ്ര്യ നിർമാർജനം (eradication of extreme poverty) അജണ്ടയിലെ ഒരു പ്രധാന ഇനമായി ഉൾപ്പെടുത്തിയിരിക്കുകയാണ്. 'വികസന'ത്തിനായി അന്താരാഷ്ട്ര കോർപറേറ്റ് മൂലധന കേന്ദ്രങ്ങളെയും ഫണ്ടിങ് ഏജൻസികളെയും മറയില്ലാതെ ആശ്രയിക്കുന്ന പിണറായി സർക്കാർ വിശേഷിച്ചൊരു ആമുഖമൊന്നുമില്ലാതെ അതിദാരിദ്ര്യം മുഖ്യവിഷയമാക്കിയിരിക്കുന്നതും ഈ സന്ദർഭത്തിലാണ്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പിറ്റേ ദിവസം (മേയ് 3) കോർപറേറ്റുകൾക്ക് കേരളത്തിൽ 'ബിസിനസ് ചെയ്യുന്നത് അനായാസമാക്കുക' (ease of doing business) അഥവാ സംസ്ഥാനത്തെ നിക്ഷേപസൗഹൃദമാക്കുകയാണ് തെൻറ ഗവൺമെൻറിെൻറ പ്രഥമവും പ്രധാനവുമായ അജണ്ടയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച കാര്യവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. വാസ്തവത്തിൽ, ease of doing business എന്ന ആശയം ലോക ബാങ്കിെൻറ സാമ്പത്തിക വിദഗ്ധർ ആവിഷ്കരിച്ചത് 2016ലാണ്. 2016 മധ്യത്തിൽ അധികാരത്തിലേക്കു വന്ന ഒന്നാം പിണറായി സർക്കാർ അപ്പോൾതന്നെ അതിൻപ്രകാരമുള്ള നടപടികൾക്കു തുടക്കമിടുന്നതിനായിരുന്നു ease of doing businessെൻറ കേരള കൺസൽട്ടൻറായി ഐ.എം.എഫ്-ലോക ബാങ്ക് ദ്വയത്തിന്റെ പ്രഫഷനൽ പാർട്ണർകൂടിയായ കെ.പി.എം.ജി എന്ന കുപ്രസിദ്ധ ബഹുരാഷ്ട്ര കൺസൽട്ടൻസിയെ നിയോഗിച്ചത്. ആഗോള-കോർപറേറ്റ് മൂലധനത്തിന് കേരളത്തിലേക്കു ചുവപ്പുപരവതാനി വിരിക്കുന്നതിനുള്ള മാർഗനിർദേശം നൽകുന്നതിനായി, പിന്നീട് ഐ.എം.എഫിെൻറ ചീഫ് ഇക്കോണമിസ്റ്റായി നിയമിതയായ നവ ലിബറൽ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി അവരോധിക്കപ്പെടുകയും ചെയ്തു.
ഒന്നാം പിണറായി സർക്കാറിെൻറ തീവ്ര വലതു സാമ്പത്തിക പരിപാടികളും അവ മൂലം കുടിയൊഴിപ്പിക്കലുകൾ ഉൾെപ്പടെ പാർശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളിൽനിന്നുണ്ടായ എതിർപ്പുകളും അവരെ ഗുണ്ടാലിസ്റ്റിൽപെടുത്തുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിയുമെല്ലാം ഇതോടകം ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. ഈ നയങ്ങൾ പൂർവാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന പ്രഖ്യാപനമായിരുന്നു, ease of doing business ആവർത്തിച്ച് പരാമർശിച്ചുകൊണ്ട് ഫലപ്രഖ്യാപനത്തിനു പിന്നാലെ മുഖ്യമന്ത്രി നടത്തിയ പത്രപ്രവർത്തകരുമായുള്ള അഭിമുഖം. ഇപ്പോഴാകട്ടെ, ലോക മൂലധനകേന്ദ്രങ്ങളുമായി ഏറ്റവുമടുത്ത ബന്ധമുള്ള കേരളത്തിലെ ഉന്നത ബ്യൂറോക്രാറ്റും 'സൂപ്പർ ധനവകുപ്പ്' എന്നറിയപ്പെടുന്ന കിഫ്ബിയുടെ സി.ഇ.ഒയുമായ ആളെത്തന്നെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കുകവഴി രണ്ടാം ടേമിെൻറ തീവ്ര വലതുദിശ സുവ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഈ നൂറ്റാണ്ടിെൻറ തുടക്കത്തിൽ കേരളത്തിന്റെ മേലുള്ള നവ ലിബറൽ കടന്നാക്രമണത്തിലെ നാഴികക്കല്ലായി കരുതപ്പെടുന്ന, അമേരിക്കയുടെ ഏഷ്യൻ സാമ്പത്തിക കരം എന്നു വിശേഷിപ്പിക്കപ്പെടുന്ന എ.ഡി.ബിയുടെ (ഏഷ്യൻ െഡവലപ്മെൻറ് ബാങ്ക്) മോഡേണൈസിങ് ഗവൺമെൻറ് പ്രോഗ്രാം (MGP) അന്നത്തെ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയപ്പോൾ, അതിന് മുഖ്യകാർമികത്വം വഹിച്ചതും ഈ ബ്യൂറോക്രറ്റ് തന്നെയായിരുന്നു എന്നതും മറന്നുകൂടാ. അതായത്, വ്യക്തമായി ആസൂത്രണം ചെയ്യപ്പെട്ട കോർപറേറ്റ്വത്കരണത്തിെൻറയും പരിസ്ഥിതിദുരന്തത്തിെൻറയും അതിനെല്ലാം വിധേയരാകേണ്ടിവരുന്ന, ഭൂമിയും പാർപ്പിടവും തൊഴിലും നഷ്ടപ്പെടുന്ന, ആവാസവ്യവസ്ഥയിൽനിന്ന് അന്യവത്കരിക്കപ്പെടുന്ന, മർദിതരുടെ അതിദരിദ്രവത്കരണത്തിെൻറയും കൂടുതൽ വിനാശകരമായ ഒരു ഘട്ടത്തിലേക്കാണ് കേരളം കടക്കുന്നത്.
ഐ.എം.എഫിെൻറ ഔദ്യോഗിക ബ്ലോഗിലെ ശ്രദ്ധേയമായ കുറിപ്പിലും ഇന്ത്യയുടെ ഈ വർഷത്തെ ബജറ്റ് അവതരണത്തിനു മുമ്പായി നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക്സ് റിസർച്ചിൽ (NCAER) നടത്തിയ പ്രഭാഷണത്തിലും ഐ.എം.എഫിെൻറ ചീഫ് ഇക്കോണമിസ്റ്റായ ഗീത ഗോപിനാഥ് ഏറ്റവും ഊന്നൽ നൽകിയത് 'അതിദാരിദ്ര്യ' നിർമാർജനത്തിനാണ്. ഇതിനർഥം, അതിദാരിദ്ര്യം സൃഷ്ടിക്കുന്ന നവ ഉദാരനയങ്ങളുടെ തീവ്രത കുറക്കണമെന്നല്ല മറിച്ച്, കോർപറേറ്റുകളെ കൊഴുപ്പിക്കുന്ന തീവ്ര വലതുനയങ്ങൾ ഊർജിതമാക്കുന്നതിനൊപ്പം, തജ്ജന്യമായ അതിദാരിദ്ര്യം കൈകാര്യം ചെയ്യുന്നതിനുള്ള സമാന്തര സംവിധാനങ്ങളും ആവിഷ്കരിക്കണമെന്നാണ്.
നികുതി-തൊഴിൽ നിയമങ്ങൾ, പരിസ്ഥിതി ചട്ടങ്ങൾ തുടങ്ങിയവയെല്ലാം കോർപറേറ്റ് സമ്പത്ത് സമാഹരണത്തിന് സുഗമമാകുംവിധം ഉദാരവത്കരിക്കുകയും കോർപറേറ്റ് നിയന്ത്രണത്തിലുള്ള പി.പി.പി (Public- Private Partnership - പൊതു സ്വകാര്യ പങ്കാളിത്തം) പ്രോജക്ടുകൾ അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക-സാമൂഹിക സേവന സംരംഭങ്ങൾ എന്നിവയടക്കം കെട്ടിപ്പൊക്കുന്നതിനുള്ള ഇന്നത്തെ അംഗീകൃത മോഡലാകുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനാവശ്യമായ, ഭരണ-ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്ന കോർപറേറ്റ് സഹായിയുടെ (corporate facilitator) സ്ഥാനമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടേത്.
ഈ നവലിബറൽ പ്രക്രിയക്ക് ഒരു മാനവിക മുഖം (human face) ചാർത്താനാകുംവിധം അതിദാരിദ്ര്യനിർമാർജനത്തിനും ഒരു പി.പി.പി മോഡലാണ് നവലിബറൽ കേന്ദ്രങ്ങൾ ഇന്നു മുന്നോട്ടുവെച്ചിട്ടുള്ളത്. കോർപറേറ്റ് നികുതികൾ വലിയ അളവിൽ കുറയുന്നതു നിമിത്തം, 'കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തം' (corporate social responsibility - CSR), 'ക്രൗഡ് ഫണ്ടിങ്' ('സാലറി ചലഞ്ച്' ഒരുദാഹരണമാണ്) തുടങ്ങിയ നവ ലിബറൽ ആവിഷ്കാരങ്ങളിലൂന്നിക്കൊണ്ടാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതികൾ ഒട്ടുമിക്ക ദരിദ്ര രാജ്യങ്ങളിലും ഇന്നു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 'അനുകമ്പ' (charity) യിലും 'മനുഷ്യസ്നേഹ' (philanthropy) ത്തിലും അധിഷ്ഠിതമായതും കോർപറേറ്റ് ഭീമന്മാർ നിയന്ത്രിക്കുന്നതുമായ എണ്ണമറ്റ ഫൗണ്ടേഷനുകളും ഫണ്ടിങ് ഏജൻസികളും ആഗോള എൻ.ജി.ഒ നെറ്റ്വർക്കുകളും അതിദാരിദ്ര്യ നിർമാർജനത്തിനായി വിന്യസിക്കപ്പെട്ടിരിക്കുന്നു. നവലിബറൽ ഭരണകൂടങ്ങളുടെ അനുബന്ധങ്ങളോ സഹകാരികളോ ആണ് ഇവയിൽ പലതും. ഉദാഹരണത്തിന്, ഗവൺമെൻറിെൻറ ദുരിതാശ്വാസ-ദുരന്തനിവാരണ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുംവിധം കോർപറേറ്റ് കുത്തകകൾ സ്ഥാപിച്ചിട്ടുള്ള ചാരിറ്റി-ഫിലാന്ത്രോപിക് പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്ന ഒരു ഫെഡറൽ എമർജൻസി മാനേജ്മെൻറ് അഡ്മിനിസ്ട്രേഷൻ ഏറ്റവും വലിയ സാമ്രാജ്യത്വ രാജ്യമായി കരുതുന്ന അമേരിക്കയിൽ പ്രവർത്തിച്ചുവരുന്നു. ദരിദ്രരാജ്യങ്ങളുടെ വാർഷിക ബജറ്റിെൻറ പല മടങ്ങ് വരുന്ന തുകയാണ് ഈ ഏജൻസി കൈകാര്യംചെയ്യുന്നത്.
ഇന്ത്യയാകട്ടെ, സി.എസ്.ആറിന് ലോകത്താദ്യമായി നിയമനിർമാണം നടത്തിയ രാജ്യമാണ്. ഇതുവഴി സമാഹരിക്കപ്പെടുന്ന സഹസ്രകോടികൾ സുതാര്യതയില്ലാത്ത പി.എം കെയേഴ്സ് ഫണ്ടിലേക്കും മറ്റുമാണ് ഒഴുകുന്നത്. 2020ൽ 64,000 കോടി രൂപ അതിദാരിദ്ര്യ നിർമാർജനമടക്കം സാമൂഹികസേവനങ്ങൾക്കായി വിനിയോഗിച്ച ഫണ്ടിങ് ഏജൻസികളും എൻ.ജി.ഒ നെറ്റ്വർക്കുകളുമെല്ലാം പൊതുവിൽ കേന്ദ്ര നിയന്ത്രണത്തിലാണ്. സംസ്ഥാന സർക്കാറുകൾക്ക് ഇത്തരം സാധ്യതകൾ പരിമിതമാണ്.
നിത്യദാന ചെലവുകൾക്കുപോലും കടം വാങ്ങേണ്ടിവരുന്ന സംസ്ഥാന ഭരണത്തെ സംബന്ധിച്ചിടത്തോളം, അതിദാരിദ്ര്യ നിർമാർജനത്തിന് പ്രത്യേക ഫണ്ട് കണ്ടെത്തുക എളുപ്പമല്ല. 'സാലറി ചലഞ്ചും' 'വാക്സിൻ ചലഞ്ചും' പോലുള്ള ധനസമാഹരണത്തിന് പരിമിതികളുണ്ട്. സംഘടന സംവിധാനമുപയോഗിച്ചുള്ള സന്നദ്ധ/ചാരിറ്റി പ്രവർത്തനവുമാകാം. അപ്പോഴും 'കിറ്റ്' വിതരണവും മറ്റും തുടർന്നുകൊണ്ടുപോകാനാവും എന്നതിന് ഉറപ്പൊന്നുമില്ല. അതേസമയം, ഇതെല്ലാം സംജാതമാക്കുന്ന അരാഷ്ട്രീയവത്കരണവും ദരിദ്രരുടെ ആശ്രിതാവസ്ഥയും സർവോപരി പ്രചാരണ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി നവ ലിബറൽ -കോർപറേറ്റ് അജണ്ടയുടെ കൂടുതൽ വിനാശകരമായ ഘട്ടത്തിലേക്കു കടക്കുകയാണ് രണ്ടാം പിണറായി സർക്കാറിെൻറ ലക്ഷ്യമെന്നു വ്യക്തം.
(സാമ്പത്തിക വിദഗ്ധനും സി.പി.ഐ എം.എൽ റെഡ്സ്റ്റാർ പൊളിറ്റ് ബ്യൂറോ അംഗവുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.