‘കോളനി’ എന്ന പദമല്ല, പാർശ്വവത്കരണമാണ് പ്രശ്നം

ആലത്തൂർ പാർലമെൻസീറ്റിൽ നിന്നും മത്സരിച്ച് വിജയിച്ച ചേലക്കര എം.എൽ.എയും പട്ടികജാതി-വർഗ-ദേവസ്വം മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണൻ എം.എൽ.എ സ്ഥാനവും മന്ത്രിസ്ഥാനവും രാജിവെക്കുന്നതിന് മുമ്പ് സുപ്രധാനമായ ഒരു ഉത്തരവിൽ ഒപ്പ് വെക്കുകയുണ്ടായി. സംസ്ഥാനത്ത് ഇനി "കോളനി" എന്ന പദം പട്ടികജാതി -വർഗ വിഭാഗങ്ങൾ താമസിക്കുന്ന ഏരിയകൾക്ക് ഉണ്ടാവുകയില്ലന്നും പകരം ഗ്രാമം എന്നോ ഉന്നതി എന്നോ തുടങ്ങിയ പേരുകൾ നൽകുമെന്നും അദ്ദേഹം പറയുകയുണ്ടായി. വ്യക്തികളുടെ പേരുകൾ പരമാവധി ഒഴിവാക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. കോളനി എന്ന പദം അടിമത്തത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് കോളനി, ഫ്രഞ്ച് കോളനി എന്നിവ ഉദാഹരിച്ച് മന്ത്രി പറയുകയുണ്ടായി.

വാസ്തവത്തിൽ "കോളനി" എന്ന പദമാണോ ഈ വിഭാഗം നേരിടുന്ന പ്രധാന പ്രശ്നം? പാർശ്വവത്കരിക്കപ്പെട്ട ഈ വിഭാഗം സാമ്പത്തികമായും സാമൂഹ്യമായും ശാരീരികമായും ഏറ്റവും കൂടുതൽ ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ഇവരുടെ യഥാർഥ ഉന്നമനത്തിന് വേണ്ടി ശ്രമിക്കുന്നതിന് പകരം തൊലിപ്പുറമെയുള്ള പരിഷ്കരണങ്ങളാണ് ഇവിടെ പ്രഖ്യാപിക്കുന്നത്. ഒരു പ്രത്യേക പ്രദേശത്ത് കോളനികളിലായി കഴിയേണ്ടി വരുന്ന ഈ വിഭാഗം എല്ലാ മേഖലകളിലും അസ്പൃശ്യത നേരിട്ട് കൊണ്ടിരിക്കുന്നു. വിദ്യാലയങ്ങളിൽ, ജോലിസ്ഥലങ്ങളിൽ, കളിക്കളങ്ങളിൽ വിനോദ പരിപാടികളിൽ തുടങ്ങി ഇവർ ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും ഇവർ വ്യക്തമായ വിവേചനം നേരിടുന്നുണ്ട്. നിങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്ന അന്വേഷണത്തിൽ നൽകപ്പെടുന്ന ഉത്തരങ്ങളിൽ "കോളനി"കൾ വരുന്നതോടെ ഇവർ കോർണലൈസ് ചെയ്യപ്പെടുന്നു. പിന്നീട് മറ്റൊരു മുഖത്തോടെയാണ് കൂടെയുള്ളവർ ഇവരെ നോക്കിക്കാണുക. അംബേദ്കർ കോളനി, ഹരിജൻ കോളനി, പട്ടികജാതി കോളനി തുടങ്ങിയ പേരുകൾ തന്നെ ഇവർക്ക് മറ്റൊരു പട്ടം ചാർത്തിക്കൊടുക്കുന്നു.

ഇവരുടെ ഉന്നമനത്തിനായി സർക്കാർ ഖജനാവിൽ നിന്നും കോടികളാണ് വർഷംതോറും ചെലവഴിച്ച് കൊണ്ടിരിക്കുന്നത്. വ്യത്യസ്ഥ വകുപ്പുകൾ, കോർപറേഷനുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ വഴിയാണ് പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് വേണ്ടി ഫണ്ടുകൾ ചെലവഴിച്ച് കൊണ്ടിരിക്കുന്നത്. ഇവർക്ക് വേണ്ടി ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപ ഓരോ പട്ടിക ജാതി/വർഗ വിഭാഗങ്ങൾക്ക് നേരിട്ട് കൊടുക്കുകയായിരുന്നുവെങ്കിൽ ഈ വിഭാഗം ഇന്ന് സമ്പന്നരായി മാറിയേനെ എന്ന് പറയാറുണ്ട്.

ഇവർക്ക് വേണ്ടി പദ്ധതി ആവിഷ്കരിച്ചവരും അവ നിർവഹണം നടത്തിയവരും സമ്പന്നരാവുകയാണ് ചെയ്തത്. ഒരു മന്ത്രിയും വകുപ്പും എല്ലാം ഉണ്ടെങ്കിലും ഈ മേഖലയിൽ ചെലവഴിക്കുന്ന ഫണ്ടുകൾക്ക് ശക്തമായ ഒരു മോണിറ്ററിങ്ങും ഒരു കോ-ഓർഡിനേഷനും ഇല്ല എന്നതാണ് വാസ്തവം. ഇവർക്കായി ചെലവഴിക്കുന്ന ഫണ്ടുകളുടെ ദുരുപയോഗം സംബന്ധച്ച് നിരന്തരമായി പത്രമാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിട്ടും ഓഡിറ്റ് വിഭാഗങ്ങൾ ഫണ്ട് വെട്ടിപ്പ് നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നതാണ് അഴിമതി വീണ്ടും വീണ്ടും നിർബാധം നടക്കുന്നതിന് കാരണം.

മുകളിൽ സൂചിപ്പിച്ച പോലെ വിവിധ ഏജൻസികളാണ് സമൂഹത്തിലെ ഈ അവശ വിഭാഗങ്ങൾക്ക് വേണ്ടി പദ്ധതി ആവിഷകരിക്കുന്നത്. അതിൽ വലിയൊരു വിഹിതം ഇവർക്കായി ചെലവഴിക്കുന്നത് തദ്ദേശ സ്വയം ഭരണ വകുപ്പാണ്. കൃഷി കഴിഞ്ഞാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിക്കുന്നത് ഈ മേഖലയിലാണ്. പദ്ധതി രൂപീകരിക്കുമ്പോൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ 22.5 ശതമാനം ഫണ്ട് നിർബന്ധമായും പട്ടികജാതി/വർഗ വിഭാഗത്തിന് നീക്കിവെക്കണം. ഈ മേഖലയിൽ വെക്കുന്ന ഫണ്ട് ഒരു കാരണവശാലും വകമാറ്റി ചെലവഴിക്കാൻ പാടില്ല. 22.5 ശതമാനം എന്നത് ജില്ലാ പഞ്ചായത്തുകളെ സംബന്ധിച്ചേടത്തോളം വലിയൊരു സംഖ്യയാണ്. 100 കോടി രൂപയുടെ പദ്ധതി അലോട്ട്മെന്റ് ലഭിച്ചാൽ 22.5 കോടി ഇവർക്കുള്ള പദ്ധതിക്ക് വേണ്ടി നീക്കിവെക്കണം. ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും അവർക്ക് വേണ്ടി 22.5 ശതമാനം ഫണ്ട് നിർബന്ധമായും ചെലവഴിച്ചിരിക്കണം. ഇവർക്ക് വേണ്ടി പദ്ധതി കണ്ടെത്തുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചേടത്തോളം വലിയൊരു തലവേദനയാണ്. ഇവർ താമസിക്കുന്ന കോളനികൾ കേന്ദ്രീകരിച്ച് കുറെ തട്ടിക്കൂട്ട് പദ്ധതികൾ ആവിഷകരിക്കും.

കോളനികളുടെ ശാക്തീകരണം എന്ന് പറഞ്ഞ് സൈഡ് കെട്ടൽ, ടൈൽ പതിക്കൽ തുടങ്ങിയവക്ക് ലക്ഷക്കണക്കിന് രൂപ നീക്കിവെക്കും. എഞ്ചിനീയറിങ് വിഭാഗം ബോഗസ് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കും. അത് അംഗീകരിച്ചാൽ അതിന് നീക്കിവെച്ച ഫണ്ടിന്റെ പകുതി പോലും ചെലവഴിക്കാതെ ബില്ല് എഴുതി പണം തട്ടും. കോളനികളോട് അനുബന്ധിച്ച് കമ്യൂണിറ്റി ഹാൾ, വിശ്രമ മന്ദിരം, തൊഴിൽ പരിശീലന കേന്ദ്രം എന്നൊക്കെ പറഞ്ഞ് കെട്ടിടങ്ങൾ പണിയാൻ കോടികൾ നീക്കിവെക്കും. കെട്ടിടം കെട്ടി അതിന്റെ പണം തട്ടുക എന്നതിനപ്പുറം ഇവ ഒരു കോളനിക്കും പ്രയോജനപ്പെട്ടില്ല എന്നത് ഇതുമായി ബന്ധപ്പെട്ട് ഒരു പരിശോധനക്ക് പോയപ്പോൾ എനിക്ക് ബോധ്യമായ വസ്തുതയാണ്. കെട്ടിടം പണിക്കേ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടാവുകയുള്ളൂ. കറന്റ് കണക്ഷന് ഫണ്ട് വക കൊള്ളിച്ചിട്ടുണ്ടാകില്ല. വിശ്രമകേന്ദ്രമാണെങ്കിൽ അതിലെ ഫർണിച്ചറുകൾക്ക് ഫണ്ട് വെച്ചിട്ടുണ്ടാവുകയില്ല. നോക്കുകുത്തിയായ കെട്ടിടം കാലക്രമത്തിൽ നശിക്കും. ചിലത് സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രങ്ങളായി മാറും. പദ്ധതി പണത്തിന്റെ വ്യക്തമായ ദുരുപയോഗമാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. പട്ടികജാതി/വർഗ വിഭാഗങ്ങൾക്കുള്ള തൊഴിൽ പരിശീലനമാണ് മറ്റൊരു തട്ടിപ്പ്. നല്ലൊരു സംഖ്യ അതിനായി വർഷംതോറും തദ്ദേശസ്ഥാപനങ്ങൾ നീക്കി വെക്കും. പേരിന് ഒരു പരിശീലനം നൽകി. ലക്ഷങ്ങൾ അതിൽ നിന്ന് വിവിധ ഏജൻസികൾ തട്ടിയെടുക്കും.

വീട് നിർമാണത്തിനാണ് പിന്നെ പണം നൽകുന്ന ഒരു സ്കീം. ഇതാണ് ഈ വിഭാഗങ്ങൾക്ക് ഏറ്റവും പ്രയോജനമുള്ള പദ്ധതി. ഒരു വീടിന് 4 ലക്ഷം രൂപ മാത്രമാണ് അതിനായി നൽകുക. ഇപ്പോഴത്തെ അവസ്ഥയിൽ 4 ലക്ഷം കൊണ്ട് വീടിന്റെ പകുതി പണി പോലും നടക്കുകയില്ല. ഒരു ഒറ്റമുറി വെയ്റ്റിങ് ഷെഡ് നിർമാണത്തിന് പത്ത് ലക്ഷം, പതിനഞ്ച് ലക്ഷം ചെലവഴിക്കുന്ന സർക്കാർ, ഇവരുടെ വീട് നിർമാണത്തിന് മാത്രം മതിയായ ഫണ്ട് നൽകുന്നില്ല. അവരുടെ ഫണ്ട് അനാവശ്യമായി മറ്റ് മേഖലകളിൽ ചെലവഴിക്കുന്നത് ഒഴിവാക്കി ഭവന നിർമ്മാണത്തിന് ആ സംഖ്യ കൂടി നീക്കിവെച്ച് ഒരു വീടിന് ചുരുങ്ങിയത് 10 ലക്ഷം രൂപയെങ്കിലും നൽകിയാൽ അത് ഉപകാരത്തിൽ പെടും. അവർ രക്ഷപ്പെടുകയും ചെയ്യും. 4 ലക്ഷം കൊടുത്താൽ ബാക്കി സംഖ്യ പലിശക്ക് കടമെടുത്ത് ഇവർ കുത്തുപാളയെടുക്കും. എത്ര എത്ര അനുഭവങ്ങളാണ് നേരിൽ കാണാനിടയായിട്ടുള്ളത്.

ഈ വിഭാഗത്തിന്റെ പുരോഗതിയാണ് സർക്കാറിന്റെ ഉദ്ദേശമെങ്കിൽ ഇവർക്കായി പ്രത്യേക കോളനികൾ നിർമിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. കോളനിവൽകരണത്തിലൂടെ അവർ ഒറ്റപ്പെടുകയാണ് ചെയ്യുക. സാമൂഹ്യ ഉച്ഛനീചത്വങ്ങൾക്കും കോളനിവത്കരണം ഇടയാകുന്നു. സമൂഹത്തിൽ ഒരു രണ്ടാം കിട പൗരന്മാരാക്കി മാറ്റുന്ന താണ് ഈ സമ്പ്രദായം. അവരെ സമൂഹത്തിൽ മറ്റ് വിഭാഗങ്ങളിൽ ഇടകലർന്ന് ജീവിക്കാനുള്ള സാഹചര്യങ്ങളാണ് ഉണ്ടാക്കേണ്ടത്. അവരെ കോളനികളിലാക്കി ഒറ്റപ്പെടുത്തുകയല്ല വേണ്ടത്.

വ്യക്തികൾക്ക് നേരിട്ട് ഗുണം ലഭിക്കുന്ന പദ്ധതികളാണ് ഇവർക്ക് കൂടുതൽ പ്രയോജനം ചെയ്യുക. അതിന് മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തണം. ഞാൻ സെക്രട്ടറിയായിരുന്ന കാലത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ചില പദ്ധതികൾ വഴി അവർക്ക് നല്ല പ്രയോജനം ലഭിച്ചവയായിരുന്നു. ഡിഗ്രി, പി.ജി, എഞ്ചിനീയറിങ് എന്നിവക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് ലാപ് ടോപ് വാങ്ങി നൽകിയ പദ്ധതി ഏറെ പ്രയോജനപ്പെട്ട ഒന്നാണ്. മറ്റൊന്ന് ശിങ്കാരിമേളം നടത്തുന്ന സംഘങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്ന ഒരു പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതിനായി ജില്ലയിലെ നിരവധി സംഘങ്ങളെ തെരത്തെടുത്ത് അവർക്ക് ശിങ്കാരിമേളത്തിന് ആവശ്യമായ മുഴുവൻ ഉപകരണങ്ങളും വിതരണം ചെയ്തത് അവർക്ക് ഏറെ പ്രയോജനം ലഭിച്ച ഒന്നായിരുന്നു. ഒരു ഉപജീവനമാർഗം ലഭിച്ച സന്തോഷത്തിലായിരുന്നു അവർ. മുച്ചക്ര വാഹന വിതരണം അവർക്ക് വേണ്ടി നടപ്പാക്കായ മറ്റൊരു പദ്ധതി ആയിരുന്നു. വ്യക്തികൾക്കും സംഘങ്ങൾക്കും ഉപജീവനത്തിനും പഠനത്തിനും പ്രയോജനം ചെയ്യുന്ന പദ്ധതികളാണെങ്കിൽ അവർക്ക് അത് ഫലം ചെയ്യും. നിർമ്മാണ പ്രവർത്തനങ്ങളാണെങ്കിൽ കോൺട്രാക്റ്റർമാർക്കും എഞ്ചിനീയർ മാർക്കും ഫലം കിട്ടും.

വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തത് കൊണ്ട് ഇവർക്ക് വേണ്ടി നടപ്പാക്കുന്ന പല പദ്ധതികളിലും ഇരട്ടിപ്പ് കാണാൻ കഴിയും. ഉദാഹരണത്തിന് ജില്ലാ പഞ്ചായത്ത് വിദ്യാർഥികളുടെ പഠനാവശ്യങ്ങൾക്ക് വേണ്ടി നടപ്പാക്കിയ ലാപ് ടോപ് വിതരണം പദ്ധതി തന്നെ പട്ടികജാതി വകുപ്പും പട്ടികജാതി വികസന കോർപറേഷനും ഒരേ വർഷം തന്നെ നടപ്പാക്കിയിട്ടുണ്ട്. പലർക്കും ഒന്നിൽ കൂടുതൽ ലാപ്ടോപുകൾ ഒരേ വർഷം ലഭിക്കുകയുണ്ടായി. ഈ ഇരട്ടിപ്പ് പലപദ്ധതികളിലും നമുക്ക് കാണാൻ കഴിയും. ഇരട്ടിപ്പ് കണ്ടെത്തുന്ന ഉദ്യോഗസ്ഥർ ബില്ലുകൾ മാറിയെടുത്ത് ഉപകരണങ്ങൾ വിതരണം ചെയ്യാതെ ലക്ഷങ്ങൾ തട്ടിയെടുക്കും. ഉപഭോക്താക്കൾ ഇത് അറിയുന്നില്ലല്ലോ? ഓഡിറ്റ് ചെയ്യുന്ന ഏജൻസികൾക്ക് ബില്ല് ഉണ്ടായാൽ മതിയല്ലോ?

പട്ടിക വർഗ വിഭാഗങ്ങൾക്ക് നടപ്പാക്കുന്ന പദ്ധതികളിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ അരങ്ങേറുന്നത്. കാടുകളോടനുബന്ധിച്ച വിദൂര കോളനികളിൽ കഴിയുന്ന വിവിധ ആദിവാസി വിഭാഗങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പട്ടിക വർഗ വകുപ്പും പട്ടിക വർഗ കോർപറേഷനും മറ്റ് ധാരാളം എൻ.ജി.ഒകളും വർഷംതോറും കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. അധികവും കടലാസ് പദ്ധതികളാവും. കോളനികളിൽ വൈദ്യുതി എത്തിക്കാൻ പ്രയാസമായത് കൊണ്ട് സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി വ്യാപകമായി നടപ്പാക്കുന്ന ഒന്നാണ്. കാട്ടാനകളുടെ ഉപദ്രവങ്ങളിൽ നിന്ന് ആദിവാസി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയായിരുന്നു സോളാർ ഫെൻസിങ്. സർക്കാർ ഏജൻസിയായ അനർട്ടിനാണ് മിക്ക സ്ഥലത്തും പദ്ധതിയുടെ നിർവ്വഹണ ചുമതല. തദ്ദേശസ്ഥാപനങ്ങൾ പദ്ധതി ആവിഷ്കരിച്ച ഉടനെ ഫണ്ട് അനർട്ടിന് കൈമാറും. പണം കൈമാറുന്നതോടെ പദ്ധതി പണം ചെലവായതായി കണക്കാക്കും. വർഷങ്ങൾ കഴിഞ്ഞ് ഇതുമായി ബന്ധപ്പെട്ട യൂട്ടി ലൈസേഷൻ സർട്ടിഫിക്കറ്റ് ചോദിക്കുമ്പോഴാണ് അങ്ങിനെ ഒരു പദ്ധതി പോലും നടന്നിട്ടില്ലന്ന് മനസ്സിലാവുക. പിന്നെ ഒരു തട്ടിക്കൂട്ട് പ്രൊജക്റ്റ് അനർട്ടിൽ അക്രഡിറ്റ് ചെയ്ത ഏജൻസികൾ വഴി നടപ്പാക്കന്നു. ഒരു കാട്ടാനയെപ്പോലും തടഞ്ഞിട്ടില്ലാത്ത സോളാർ കമ്പിവേലി പേരിന് സ്ഥാപിച്ച് തദ്ദേശസ്ഥാപനങ്ങൾ അനർട്ടിൽ നിക്ഷേപിച്ച ലക്ഷക്കണക്കിന് രൂപ പരസ്പര ധാരണയോടെ തട്ടിയെടുക്കുന്നു. ഇങ്ങനെ എത്ര എത്ര പദ്ധതികൾ വഴിയാണ് ആദിവാസി ഫണ്ട് തട്ടിപ്പ് അരങ്ങേറുന്നത്.

ആദിവാസി വിഭാഗങ്ങൾക്കുള്ള ഭവന നിർമ്മാണമാണ് ഇതിൽ ഏറ്റവും വലിയ തട്ടിപ്പ് നടക്കുന്ന ഒരു മേഖല. കോടികൾ ചെലവഴിച്ച് ഭവനങ്ങൾ പണിതിട്ടും നല്ല രീതിയിൽ താമസിക്കാൻ പറ്റുന്ന ഒരു വീടും അവരുടെ ഊരുകളിൽ കാണാൻ സാധിക്കുകയില്ല. ഓല മേഞ്ഞ കുടിലുകൾക്കിടയിലുള്ള സ്ഥലം കട്ടവിരിച്ചും ടൈലിട്ടും സൗന്ദര്യ വത്കരണം നടത്തും. ആ മിനുസമുള്ള ടൈലുകൾ ചവുട്ടിക്കയറുന്ന വീടുകൾ പൊട്ടിപ്പൊളിഞ്ഞ നിലവും നിലംപൊത്താറായ മേൽക്കുരയും ഉള്ളതായിരിക്കും. ഇങ്ങനെ വൈരുദ്ധ്യങ്ങളിലുടെയാണ് ഇവർക്ക് വേണ്ടിയുള്ള വികസന പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ഈ പച്ചയായ കൊള്ളയെ സംബന്ധിച്ച് പത്ര- ദൃശ്യ മാധ്യമങ്ങൾ വ്യക്തമായ രേഖകളോടെ പ്രസിദ്ധീകരിച്ചിട്ടും സർക്കാറിനോ വകുപ്പുകൾക്കോ ഒരു കുലുക്കവുമില്ല. പേരിന് ചിലത് അന്വേഷിക്കും. വീണ്ടും ഇത് പോലുള്ള പദ്ധതികൾ യാതൊരു ഉളുപ്പുമില്ലാതെ ആവർത്തിക്കും. ചോദ്യം ചെയ്യാനും പറയാനും ഈ പാവങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് ഇത്രയും ധൈര്യമായി ഈ തട്ടിപ്പുകൾ നിർബാധം നടത്തുവാൻ ഉദ്യോഗസ്ഥ- കരാർ ലോബികൾക്കാവുന്നത്. ഇവർക്കായി വർഷംതോറും ഒഴുക്കുന്ന കോടികൾ ആദിവാസികൾക്ക് നേരിട്ട് നൽകിയിരുന്നുവെങ്കിൽ അവർ ഇപ്പോൾ ലക്ഷപ്രഭുക്കളായി മാറിയേനെ.

ഇതൊക്കെ ആരോട് പറയാൻ! കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി എന്ന പഴഞ്ചല്ല് അന്വർഥമാകുന്നതാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്. നമ്മുടെ പൊതുഫണ്ടിൽ നിന്ന് വർഷങ്ങളായി ഫണ്ട് ചോരുന്നതിൽ ആർക്കും ഒരു പരിഭവവും കാണുന്നില്ല. നാം കടമെടുക്കുന്ന ഫണ്ടിൽ നിന്നാണ് ഈ കൊള്ളകൾ നടക്കുന്നത്. ഇത് ബോധ്യപ്പെട്ടാലും തടയാൻ ശ്രമിക്കുന്നില്ലന്ന് മാത്രമല്ല, വീണ്ടും വീണ്ടും ഫണ്ടുകൾ ഒഴുക്കുകയാണ്.

പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിൽ വിവിധ വകുപ്പുകളും ഏജൻസികളും നാളിത് വരെയായി ചെലവഴിച്ച സംഖ്യകളും അവ ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതികളും അവയുടെ പ്രയോജനങ്ങളും വിശദമായ ഒരു പഠനത്തിന് വിധേയമാക്കി ഒരു ധവളപത്രം ഇറക്കാൻ അധികാരികൾ തയാറായാൽ അറിയാം, ഇതിന്റെയൊക്കെ ഉള്ളുകള്ളികൾ. ഈ കൊള്ളയിലെ പങ്ക് വെപ്പുകാരാണ് മുകൾ തട്ട് മുതൽ താഴെ തട്ട് വരെയുള്ള ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇടനിലക്കാരും അടക്കമുള്ള എല്ലാവരും.

Tags:    
News Summary - The problem is marginalization, not the word 'colony'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.