സന്തോഷം കൊണ്ടും ആശ്വാസം കൊണ്ടും കേരളത്തിന് ഉറക്കമില്ലാതായ രണ്ട് രാത്രികളാണ് കഴിഞ്ഞുപോയത്. ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ 34 കോടി രൂപ എന്ന വൻ തുക ജനകീയ ഐക്യത്തിലൂടെ സ്വരൂപിച്ചതിെൻറ വഴികളെക്കുറിച്ച്, വേനലിൽ പെയ്ത കാരുണ്യ മഴയെക്കുറിച്ച് ഈ ദൗത്യത്തിന് ചുക്കാൻ പിടിച്ച ട്രസ്റ്റിന്റെ ചെയർമാൻ കെ. സുരേഷ് ‘മാധ്യമ’ത്തോട് വിശദീകരിക്കുന്നു
സൗദി ജയിലിൽ തടവിലാക്കപ്പെട്ട ഞങ്ങളുടെ നാട്ടുകാരൻ എം.പി.അബ്ദുറഹീമിന്റെ ജയിൽമോചനത്തിനാവശ്യമായ നിയമസഹായം ഏകോപിപ്പിക്കുന്നതിന് 2021ലാണ് റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റിക്ക് രൂപം നൽകുന്നത്. വധശിക്ഷ വിധിക്കപ്പെട്ട ഇന്ത്യൻ പൗരന്റെ രക്ഷക്കായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമെല്ലാം ഇടപെടണമെന്ന് ഞങ്ങൾ അഭ്യർഥിച്ചു. ഭരണാധികാരികളും സൗദിയിലെ ഇന്ത്യൻ എംബസിയും തീർത്തും അനുഭാവപൂർണമായ നിലപാടാണ് കൈക്കൊണ്ടത്. മരണപ്പെട്ട കുട്ടിയുടെ കുടുംബം ഒരുവിധ ഒത്തുതീർപ്പിനുമില്ല എന്ന കടുത്ത നിലപാടിൽനിന്ന് പിന്മാറി 34 കോടി രൂപ ദിയാധനം നൽകിയാൽ മാപ്പു നൽകാമെന്നറിയിച്ചതോടെ സമയം കളയാതെ മുന്നിട്ടിറങ്ങാൻ ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി തീരുമാനിച്ചു. 34 കോടി രൂപ എന്നത് സാധാരണക്കാർക്ക് സങ്കൽപിക്കാൻപോലും കഴിയാത്ത തുകയാണ്. കോൺഗ്രസ് ഭാരവാഹിയും രാമനാട്ടുകര നഗരസഭ ഉപാധ്യക്ഷനുമായ ഞാൻ ചെയർമാനും മുസ്ലിം ലീഗിന്റെയും അധ്യാപക സംഘടനയുടെയും നേതാവായ കെ.കെ. ആലിക്കുട്ടി മാസ്റ്റർ കൺവീനറും പ്രമുഖ യുവജന നേതാവും സി.പി.എം ജില്ലസമിതി അംഗവുമായ എം. ഗിരീഷ് ട്രഷററുമായിരുന്ന കമ്മിറ്റിയുടെ മുൻകൈയിൽ ഒരു ട്രസ്റ്റ് രൂപവത്കരിച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, എം.കെ. രാഘവൻ എം.പി തുടങ്ങിയ നേതാക്കളാണ് ട്രസ്റ്റിന്റെ രക്ഷാധികാരികൾ.
ഏറ്റെടുത്തിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമായതിനാൽ ഒരുവിധത്തിലെ പാളിച്ചകളുമില്ലാതെ, എല്ലാ നിയമ-നടപടിക്രമങ്ങളും പാലിച്ചായിരുന്നു ഓരോ നീക്കവും. പണം സ്വരൂപിക്കാനും ഏകോപിപ്പിക്കാനും ഏറ്റവും സുതാര്യമായ മാർഗം വേണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. മലപ്പുറത്തെ ഒരു പ്രഫഷനൽ ടീമിനെ ഏൽപിച്ച് ആപ് തയാറാക്കി. ആപ്പിലൂടെ സംഭാവന നൽകുന്ന രീതി ജനങ്ങൾക്ക് പരിചിതമല്ല എന്നൊരു പ്രതിസന്ധിയുണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ വളരെ സാവകാശമാണ് സംഭാവന ലഭിച്ചുതുടങ്ങിയത്.വല്ലാത്ത ആധിയുണ്ടായിരുന്നു. കൺവീനറും ട്രഷററും ആശ്വസിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് വെങ്ങാട്ടിന്റെ നേതൃത്വത്തിലെ സൗദിയിലെ ഭാരവാഹികൾ ഉറച്ച പിന്തുണയുമായി വന്നു. എന്തുനിലക്കും നമ്മൾ ഈ ദൗത്യം പൂർത്തിയാക്കുമെന്ന് ഞങ്ങൾ പരസ്പരം ധൈര്യം പകർന്നു. പതുക്കെ ആപ് ഉപയോഗം ജനങ്ങൾക്ക് വഴങ്ങി, അതിന്റെ സുതാര്യത അവർക്ക് ബോധ്യമായി, അതിലേറെ റഹീമിനെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയും. തുടക്കത്തിൽ ആഞ്ഞുശ്രമിച്ചിട്ടും നാലുകോടി രൂപ മാത്രമേ സ്വരു ക്കൂട്ടാനായുള്ളൂ. അപ്പോഴേക്കും ഈ ഉദ്യമത്തിന് മാധ്യമ പിന്തുണയെത്തി.വിവിധ മത സംഘടനാ നേതാക്കൾ ആഹ്വാനങ്ങൾ നടത്തി, നാടൊട്ടുക്കും ഈ പ്രസ്ഥാനത്തെക്കുറിച്ചറിഞ്ഞു.
ബോബി ചെമ്മണൂർ നടത്തിയ കാമ്പയിനും ഫലം ചെയ്തു. കാരുണ്യത്തിന്റെയും നന്മകളുടെയും മാസമായ പുണ്യ റമദാൻ വന്നുചേർന്നത് നല്ല നിമിത്തമായി. ആളുകൾ വ്യക്തിപരമായും പള്ളിക്കമ്മിറ്റികൾ വഴിയും സംഭാവനകൾ എത്തിച്ചുതുടങ്ങിയതോടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ഉറച്ചു. 27ാം രാവിലും അവസാന വെള്ളിയാഴ്ചയും പെരുന്നാൾ സുദിനത്തിലും വിശ്വാസി ലക്ഷങ്ങളുടെ നന്മയുടെ പ്രവാഹമായി. റഹീമിന്റെ വീട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ട്രസ്റ്റ് ഓഫിസിൽ പണവുമായി ദൂരദേശങ്ങളിൽ നിന്നുൾപ്പെടെ ആളുകളെത്തി. അതിൽ വ്യാപാരികളുണ്ടായിരുന്നു, വ്യവസായികളുണ്ടായിരുന്നു, ഓട്ടോ-ബസ് തൊഴിലാളികളുണ്ടായിരുന്നു, പശുവിനെ പോറ്റുന്നവരും ഇറച്ചിവെട്ടുകാരുമുണ്ടായിരുന്നു. പെൻഷൻകാരായ വയോധികരും തൊഴിലുറപ്പ് ജോലി ചെയ്യുന്ന ചേച്ചിമാരുമുണ്ടായിരുന്നു, അവധിക്കാലത്ത് സൈക്കിൾ വാങ്ങാൻ കുടുക്കയിൽ കാശ് കൂട്ടിവെച്ചിരുന്ന കുഞ്ഞുമക്കളും സക്കാത്ത് പണം ലഭിച്ചവരുമുണ്ടായിരുന്നു.
റമദാനു ശേഷവും അവർ സകാത്ത് നൽകി, പെരുന്നാൾ കഴിഞ്ഞിട്ടും പെരുന്നാൾകാശ് നൽകി, വിഷുവിന് മുമ്പേ കൈനീട്ടം നൽകി,പ്രവാസി കൂട്ടായ്മകൾ ബിരിയാണി ചലഞ്ചുകൾ നടത്തി, എല്ലാം ഒരൊറ്റ ലക്ഷ്യത്തോടെ. മരിച്ച കുട്ടിയുടെ കുടുംബം പണം നൽകുന്നതിനുപറഞ്ഞ അവധിക്ക് മുമ്പുതന്നെ നമ്മൾ ലക്ഷ്യം വെച്ചതിലേറെ പണം അക്കൗണ്ടിലേക്ക് വന്നെത്തി. കേരളത്തിനുപുറമെ തമിഴ് നാട്, കർണാടക, ലക്ഷദ്വീപ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നും മലയാളികൾ ഒരുപാടുള്ള ഗൾഫ് രാജ്യങ്ങൾക്കുപുറമെ അമേരിക്ക, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും സംഭാവനകൾ ലഭിച്ചു. മലപ്പുറം ജില്ലയിലെ മനുഷ്യസ്നേഹികൾ മാത്രം ഒമ്പതുകോടി രൂപയാണ് സംഭാവന ചെയ്തത്. കോഴിക്കോട് ജില്ലയിൽ നിന്ന് അഞ്ചു കോടിയും കെ.എം.സി.സി ഒന്നരക്കോടിയും സ്വരൂപിച്ചുനൽകി. വെള്ളിയാഴ്ച ഉച്ചയോടെ തുക 31 കോടിയിലെത്തി, ആശ്വാസം പരകോടിയിലായി. പണവുമായി വരുന്നവരെ മടക്കിയയക്കാൻ വളന്റിയർമാരെ നിയോഗിക്കേണ്ട അവസ്ഥയായി. ആപ് പ്രവർത്തനം നിർത്തിവെച്ചു. ഇനി പണം അയക്കേണ്ടെന്ന് പള്ളികളിലും റെസിഡന്റ്സ് അസോസിയേഷനുകളിലും അറിയിപ്പ് നൽകി. ട്രസ്റ്റിന് ലഭിച്ച തുക മുഴുവനും റിസർവ് ബാങ്കിലേക്ക് കൈമാറി അവിടെ നിന്ന് എംബസി മുഖേനയാണ് പണം സൗദി കുടുംബത്തിന് കൈമാറുക. റഹീം നാട്ടിൽ ഉമ്മയുടെ അരികിൽ എത്തുന്നതോടെ ഈ ട്രസ്റ്റ് പ്രവർത്തനം അവസാനിപ്പിക്കും. കൂടുതൽ നന്മകൾ ചെയ്യാൻ വീണ്ടും കൂട്ടുകൂടും. ഈ ഉദ്യമത്തിനായി ചെലവിട്ട ഓരോ ചില്ലറ നാണയവും ഒരു മനുഷ്യന്റെ ജീവന്റെ തുള്ളികളായിരുന്നു.
സഹകരിച്ച ഓരോരുത്തരുടെയും പേര് പടച്ചവന്റെ കണക്കു പുസ്തകത്തിലുണ്ടാവും എന്നുറപ്പ്. ഇത്രയും ദിവസം പണം തികയുമോ എന്ന ആശങ്കയിലാണ് ഉറക്കം നഷ്ടപ്പെട്ടിരുന്നതെങ്കിൽ വെള്ളിയാഴ്ച രാത്രി സന്തോഷാതിരേകത്താലാണ് ഉറക്കമില്ലാതായത്. ജാതി-മത വിഭാഗീയതയുടെപേരിൽ ഒരുപാട് അമ്മ മാരുടെ, ഉമ്മമാരുടെ മക്കൾ നഷ്ടപ്പെടുന്ന, സ്വപ്നങ്ങൾ തകർക്കപ്പെടുന്ന ഒരു കാലത്താണ് ഒരു ഉമ്മയുടെ മകന്റെ ജീവൻ വീണ്ടെടുക്കാൻ മലയാളി സമൂഹം ഒരേ മനസ്സുമായി ഇറങ്ങിയത്. ഇതാണ് കേരളത്തിന്റെ യഥാർഥ സ്റ്റോറി, മാനവികതയാണ് ഇതിലെ ഹീറോ.ഏതൊരു വിഭാഗീയ അജണ്ടകൾക്കും പ്രോപഗണ്ടകൾക്കുമെതിരിൽ എന്നും നമ്മൾ ഉയർത്തിപ്പിടിക്കേണ്ടത് ഈ ഹീറോയിസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.