നിങ്ങളെയും അവർ തേടിവരുകയാണ്

2018ൽ സ്വീഡനിൽ ഗ്രെറ്റ തുൻബർഗ് എന്ന 15 വയസ്സുകാരി ഗവൺമെൻറി​െൻറ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചു. നിയമം ലംഘിച്ചു സ്‌കൂളിൽ പോകാതെ, പാർലമെൻറിനു മുന്നിൽ സമരംചെയ്തു. അവളെ ഭരണകൂടം അറസ്​റ്റ്​ ചെയ്തില്ല, ജയിലിലടച്ചില്ല. ആ പെൺകുട്ടി ഇന്ന് സ്വീഡ​െൻറ ആഗോളമുഖമാണ്.

2021ൽ ഇന്ത്യയിലെ പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ യുവ മുഖങ്ങളിലൊന്ന്, ഫ്രെയ്‌ഡെയ്‌സ് ഫോർ ഫ്യൂച്ചർ കാലാവസ്ഥ പ്രവർത്തനത്തി​െൻറ ഇന്ത്യൻ സ്ഥാപകരിലൊരാളായ ദിശ രവി, കർഷക പ്രതിഷേധങ്ങൾക്ക് അനുകൂലമായ ഒരു സോഷ്യൽ മീഡിയ ടൂൾകിറ്റ് പങ്കു​െവച്ചതി​െൻറ പേരിൽ ജയിലിലടക്കപ്പെട്ടിരിക്കുന്നു. പരസ്യമായി കലാപാഹ്വാനം നടത്തിയവർക്കെതിരെ ചെറുവിരൽപോലും അനക്കാത്ത ഡൽഹി പൊലീസാണ് കേസെടുത്തത്. നിയമവാഴ്ചയുടെ ലാഞ്​ഛനപോലും പ്രകടിപ്പിക്കാത്ത വിധമായിരുന്നു ഇക്കാര്യത്തിൽ അധികാരികൾ സ്വീകരിച്ച നടപടികൾ. രാജ്യത്തെ നിയമവ്യവസ്ഥയും സുപ്രീംകോടതി ഉത്തരവുകളും മുന്നോട്ടു​െവക്കുന്ന നിർദേശങ്ങളൊന്നും നടപ്പിലായില്ല. അനുച്ഛേദം 22(2) പ്രകാരം ഏറ്റവും അടുത്തുള്ള മജിസ്‌ട്രേറ്റിനു മുന്നിൽ ദിശയെ ഹാജരാക്കേണ്ടതായിരുന്നു. ട്രാൻസിറ്റ് റിമാൻഡ് നേടേണ്ടതുണ്ടായിരുന്നു. എന്നാൽ, ബംഗളൂരുവിൽ നിന്ന് അറസ്​റ്റുചെയ്തു ഡൽഹിയിലെ പാട്യാല കോടതിയിലെ മജിസ്‌ട്രേറ്റിനു മുന്നിലാണ് അവരെ ഹാജരാക്കിയത്. കോടതിയിൽ ദിശക്ക്​ ഒരു വക്കീലിനെ അനുവദിച്ചില്ല. ഇത് ഭരണഘടനയുടെ അനുച്ഛേദം 22(1)െൻറ നഗ്​നമായ ലംഘനമാണ്.

ഒരു രാജ്യം അതി​െൻറ യുവതയോട് ചെയ്യുന്നത്!

ഇത്രമേൽ പേടിത്തൊണ്ണന്മാരായ ഒരു ഭരണവർഗത്തെ ഇതിനുമുമ്പ്​ രാജ്യം കണ്ടിട്ടില്ല. പരസ്യമായി പങ്കുവെച്ച ഒരു ടൂൾകിറ്റുകൊണ്ട്​ അപകടത്തിലാവുന്നതാണ് മഹത്തായ ഈ രാജ്യത്തി​െൻറ അടിത്തറയെന്ന് ഭീരുക്കൾ ധരിച്ചിരിക്കുന്നു. എന്നും വൈദേശികാധികാരികളുടെ പാദസേവ മാ​്ക്കത്രം ശീലിച്ചവർക്ക്​ പതിനായിരക്കണക്കിന് ധീരദേശാഭിമാനികളുടെ നിശ്ചയദാർഢ്യം കൊണ്ട്, ബഹുസ്വരസമൂഹത്തി​െൻറ അതിശയിപ്പിക്കുന്ന ഐക്യംകൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തി​െൻറ വിലയറിയില്ല. ആയിരത്തിലേറെ വർഷങ്ങളുടെ സാമൂഹികനവീകരണ പ്രസ്ഥാനങ്ങളും രണ്ടു നൂറ്റാണ്ടിലേറെകാലത്തെ രാഷ്​ട്രീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും ചേർന്നു നിർമിച്ച ഈ രാഷ്​ട്രത്തി​െൻറ ആന്തരിക ശക്തിയെന്തെന്ന് അറിയില്ല.

നിരായുധനായ, അർധനഗ്​നനായ ഒരു മനുഷ്യ​െൻറ ആദർശങ്ങളോട് പൊരുതാൻ കെൽപില്ലാത്തതുകൊണ്ട്, കൂപ്പുകൈകൊണ്ടു ചതിമറച്ച്, ആ മാറിലേക്ക് നിറയൊഴിച്ച പരമഭീരുക്കളാണിവർ. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയുടെ പിന്മുറക്കാർ. അപരവിദ്വേഷത്തി​െൻറ വികലദർശനം തലയിലേറ്റി മനുഷ്യത്വം മറന്ന അധമർ. ഇക്കൂട്ടർക്ക്, രാജ്യത്തോടോ യുവതയോടോ ഒരു കടപ്പാടുമില്ല. അധികാരം മാത്രമാണ് അവരുടെ ലക്ഷ്യം. വെറുപ്പു മാത്രമാണ് പ്രത്യയശാസ്ത്രം.

ഹിറ്റ്​ലറുടേത് ഭാരതത്തിനും 'അനുകരണീയമായ മാതൃക'യാണെന്ന് വിശ്വസിച്ച, വംശശുദ്ധിയുടെ ദർശനത്തെ പിന്തുടർന്ന, രാജ്യത്തി​െൻറ സ്വാതന്ത്ര്യപ്രസ്ഥാനത്തെയും നവോത്ഥാന മൂല്യങ്ങളെയും തിരസ്കരിച്ച ബ്രിട്ടീഷുകാർക്ക് രാജ്യത്തെ ഒറ്റുകൊടുത്ത വെറുപ്പി​െൻറ രാഷ്​ട്രീയ പ്രയോക്താക്കൾ അധികാരത്തിലിരുന്നുകൊണ്ട് നമ്മളെയും തേടിവരുകയാണ്.

ഹിറ്റ്​ലറുടെ ചുവടൊപ്പിച്ച്​

ആദ്യമവർ ന്യൂനപക്ഷങ്ങളെ തേടിയാണ് എത്തിയത്, പിന്നീട് കലാലയങ്ങളെ, അതിനുശേഷം തൊഴിൽ നിയമങ്ങളെയപ്പാടെ പൊളിച്ചെഴുതി തൊഴിലാളികളെയും ട്രേഡ് യൂനിയനുക​െളയും ലക്ഷ്യം​െവച്ചു, നോട്ട് നിരോധിച്ചു സാധാരണക്കാരുടെ നട്ടെല്ലൊടിക്കുകയും കോർപറേറ്റുകളുടെയും ഭരണകക്ഷികളുടെയും കീശ വീർപ്പിക്കുകയും ചെയ്തു. പ്രതിഷേധിച്ച കാമ്പസുകളെ കുരുതിക്കളമാക്കി. വിദ്യാർഥികളെ തടവിലാക്കി. വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ ധൈര്യംകാണിച്ച പത്രപ്രവർത്തകർക്കെതിരെ ദേശദ്രോഹക്കുറ്റവും യു.എ.പി.എയും ചാർത്തി ജയിലിൽ തള്ളി. കള്ളക്കേസുകൾ ഉണ്ടാക്കി ചിന്തകരെയും എഴുത്തുകാരെയും നിർവീര്യമാക്കാൻ ശ്രമിക്കുന്നു. വിമതരുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത്​ തെളിവുകൾ പ്ലാൻറ്​ ചെയ്തു വരെ ഭീകരവാദ കേസുകൾ സൃഷ്​ടിച്ചു. ജനാധിപത്യത്തി​െൻറ അടിസ്ഥാന സ്ഥാപനങ്ങളെയെല്ലാം നിർവീര്യമാക്കി-പാർലമെൻറ്​, ജുഡീഷ്യറി, മാധ്യമങ്ങൾ അങ്ങനെയെല്ലാം അധികാരതാൽപര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നു എന്ന പ്രതീതിയുണ്ടാക്കി. രാഷ്​ട്രത്തെയും പൗരത്വത്തെയും മതംകൊണ്ടു നിർവചിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അടിമുടി ജനാധിപത്യവിരുദ്ധമായ ഇന്ത്യൻ സാമൂഹിക രാഷ്​ട്രീയസാഹചര്യങ്ങളെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ജ്ഞാനോദയ മൂല്യങ്ങളിലേക്ക് നയിക്കാനുള്ള പ്രകാശഗോപുരമായി നിലകൊള്ളേണ്ട ഭരണഘടന ഒരു ഹിന്ദുദൈവത്തി​െൻറ ചിത്രം ആലേഖനം ചെയ്ത പുസ്തകം മാത്രമാക്കി മാറ്റാൻ, എന്നിട്ട് അതിന്മേൽ അവരാഗ്രഹിക്കുന്ന വർഗീയ ഫാഷിസ്​റ്റ്​ രാഷ്​ട്ര സങ്കൽപത്തെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നു.

രാഷ്​ട്രമെന്നാൽ ഒരു വിശുദ്ധകുടുംബവും ഭരണനേതാവ് കുടുംബനാഥനും ആകുന്നു. അയാൾ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതാകുന്നു. രാഷ്​ട്രം എന്നാൽ ഗവൺമെൻറും ഗവൺമെൻറ്​ എന്നാൽ ഒരു വ്യക്തിയും ആകുന്നു. ഗവൺമെൻറിനെ ചോദ്യം ചെയ്താൽ, നേതാവിനെ ചോദ്യം ചെയ്താൽ, അത് രാഷ്​ട്രത്തിനെതിരെയുള്ള ഗൂഢാലോചനയാണെന്നു വരുന്നു. രാഷ്​ട്രത്തി​െൻറ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞത് നമ്മുടെ രാഷ്​ട്രപിതാവാണ്. ഗ്രാമങ്ങളുടെ ആത്മാവ് കർഷകരാണ്. അവരുടെ വേദനകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതി​െൻറ പേരിലാണ് സാധാരണ പൗരന്മാർക്കെതിരെ ഭരണകൂടവും അവരുടെ രാഷ്​ട്രീയപ്രചാരകരും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.

രിഹാനയുടെയും മീന ഹാരിസി​െൻറയും മുതൽ സ്‌കൂൾ കുട്ടിയായ ഇന്ത്യൻ കാലാവസ്ഥ പോരാളി ലീസി പ്രിയഗംഗുജത്തി​െൻറ സോഷ്യൽ മീഡിയ ഫീഡിൽ പോലും അറയ്ക്കുന്ന അധിക്ഷേപങ്ങൾ ചൊരിയുകയാണ് രാഷ്​ട്രീയ വിദ്വേഷപ്രചാരകർ. ഗവൺമെ​േൻറാ സോഷ്യൽ മീഡിയ ടൂൾ കിറ്റ് പങ്കു​െവച്ചതി​െൻറ പേരിൽ ഒരു 21 കാരിയെ വേട്ടയാടുന്നു.

ചരിത്രം പ്രഹസനമോ ദുരന്തമോയൊക്കെയായി ആവർത്തിക്കുമത്രെ. 78 വർഷം മുമ്പുള്ള ഇതുപോലൊരു ഫെബ്രുവരിയിലാണ് സോഫി സ്‌കോൾ എന്ന മറ്റൊരു 21 വയസ്സുകാരി അറസ്​റ്റിലാകുന്നത്; ജർമനിയിൽ. ഒരു രാഷ്​ട്രീയ ലഘുലേഖ പങ്കുവെച്ചതിന് മ്യൂണിച്​ സർവകലാശാലയിൽ ​െവച്ചായിരുന്നു ആ പെൺകുട്ടി പിടിയിലായത്. സഹോദരൻ ഹാൻസ് സ്‌കോളിനൊപ്പം അവളും നാസി വിദ്വേഷ പ്രചാരണത്തിനെതിരെ പ്രവർത്തിച്ച 'വൈറ്റ് റോസ് പ്രസ്ഥാന'ത്തി​െൻറ ഭാഗമായിരുന്നു. 1943 ഫെബ്രുവരി 22ന് വൈകീട്ട് അഞ്ചു മണിക്ക് സോഫിയുടെയും സഹോദര​െൻറയും അവരുടെ സുഹൃത്ത് ക്രിസ്​റ്റഫി​െൻറയും തലയറുത്ത് ഹിറ്റ്​ലറുടെ ഭരണകൂടം വധശിക്ഷ നടപ്പാക്കി.

1943ലായിരുന്നു അത്. ആയിരം വർഷത്തെ സാമ്രാജ്യം എന്ന്​ നാസികൾ വിശ്വസിച്ച മൂന്നാം റെയ്ക് പിന്നീട് കേവലം രണ്ടുവർഷം മാത്രമാണ് നിലനിന്നത്. 1945 ​േമയ് മാസത്തിൽ സഖ്യകക്ഷികൾക്കു മുന്നിൽ ജർമനി കീഴടങ്ങി. ജനതയെ, ചോദ്യങ്ങളെ, നീതിയെ അഭിമുഖീകരിക്കാൻ കഴിയാത്ത ഭീരു, ഹിറ്റ്​ലർ, അതിനുംമുന്നേ ആത്മഹത്യ ചെയ്തു.

ശിക്ഷവിധി നടപ്പാക്കുവാൻ ഗില്ലറ്റിനരികിലേക്ക് നടക്കുന്നതിനുമുമ്പ്​ സോഫി അവസാനമായി പറഞ്ഞ വാക്കുകൾ: ''എത്ര പ്രസന്നമായ ദിവസം, എനിക്ക് പോകേണ്ടിവരും… എന്നിരുന്നാലും ഞങ്ങളിലൂടെ ഒരായിരം മനുഷ്യർ ഉണരുകയും സമരോത്സുകരാവുകയും ചെയ്യുമെങ്കിൽ മരണത്തിലെന്തു കാര്യം?''

Tags:    
News Summary - They are looking for you too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.