ഖിയു സാംഫനെ കേട്ടിട്ടുണ്ടോ? കംബോഡിയക്കാരനാണ്. മലയാളികൾക്ക് എളുപ്പം മനസ്സിലാക്കാൻ കംബോഡിയയിലെ എം. സ്വരാജ് എന്നു പറഞ്ഞാൽ മതി. പാരിസിൽ പഠിക്കുന്ന കാലത്ത് തന്നെ ഖമർ സ്റ്റുഡൻറ്സ് യൂനിയന് നേതൃത്വം കൊടുത്തു. ആളെ ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 15ന്, ലോകം മുഴുവൻ അഫ്ഗാനിലെ താലിബാൻ മുന്നേറ്റത്തെക്കുറിച്ച വാർത്തകളിൽ മുഴുകിനിൽക്കുന്ന സമയത്താണ് നോംപെനിലെ യുദ്ധക്കുറ്റ െെട്രബ്യൂണലിൽ കക്ഷിയുടെ അപ്പീൽ വാദം കേൾക്കാൻ തുടങ്ങിയത്.
സാംഫൻ കുറച്ച് വർഷങ്ങളായി ജയിലിലാണ്. മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരി പോൾപോട്ടിനൊപ്പം കംബോ ഡിയൻ വംശഹത്യയിലെ കൂട്ടുപ്രതിയാണ് ടിയാൻ. സാംഫനെ പോലെ പോൾപോട്ടും പാരിസിൽ പഠിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഐതിഹാസിക സ്ഥാനമുള്ളയാൾ. സ്റ്റാലിൻ, മാവോ പോലുള്ള കമ്യൂണിസ്റ്റ് നേതാക്കൾ കൊന്ന അത്രയൊന്നും പോൾപോട്ട് കൊന്നിട്ടില്ലെങ്കിലും വിപ്ലവചരിത്രത്തിൽ അദ്ദേഹത്തിെൻറ സ്ഥാനം അദ്വിതീയമാണ്. കാരണം, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ ആളുകളെ കൂട്ടക്കൊല ചെയ്യാൻ സാധിച്ച നേതാവാണ്. 1975-1979 കാലത്ത് 17.5ലക്ഷം കംബോഡിയക്കാരെയാണ് അദ്ദേഹം കൊന്നത്. പ്രസ്തുത പരിപാടിയിൽ അദ്ദേഹത്തിെൻറ വലംകൈയായിരുന്നു സോംഫെൻ. 90 വയസ്സായ സോംഫെൻ ഇപ്പോഴും വിചാരണ നേരിടുകയാണ്.
പാരിസ് യൂനിവേഴ്സിറ്റിയിലൊക്കെ പഠിച്ച ഈ സഖാക്കൾ എന്തുകൊണ്ട് ഇത്രയധികം മനുഷ്യരെ കൊന്നുകളഞ്ഞു എന്ന് നിങ്ങൾ വിസ്മയിക്കുന്നുണ്ടാകും. അത് മറ്റൊരു കഥ. വ്യവസായവിപ്ലവവും തുടർന്നുവന്ന ആധുനികതയും മനുഷ്യചരിത്രത്തിലെ ദിശാ വ്യതിയാനങ്ങളായിരുന്നു. ആ സന്ദർഭത്തിൽ ജീവിച്ച കാൾ മാർക്സ് എന്ന ചെറുപ്പക്കാരന്, പുതു മാറ്റങ്ങളും രീതികളും മനസ്സിലാക്കാനോ അവയോട് താദാത്മ്യപ്പെടാനോ സാധിച്ചില്ല. വിഷാദിയും അന്തർമുഖനുമായ ആ ചെറുപ്പക്കാരൻ ലോകത്തെ തന്നെ വെറുക്കുന്ന സ്വഭാവിയായി.
നമ്മുടെ നാട്ടിൽ ചിലർക്ക് കമ്പ്യൂട്ടറും ട്രാക്ടറും മനസ്സിലാകാതെ പോയതുപോലെ, ചുറ്റിലുള്ളതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. 'വൃത്തികെട്ട' ഈ ലോകത്തെക്കുറിച്ച് അവൻ ആലോചിച്ചു. ആ ആലോചനയിൽ തികവൊത്തൊരു അമർ ചിത്രകഥ ഒരുങ്ങി. ഉള്ളവനും ഇല്ലാത്തവനും തമ്മിലെ പൊരിഞ്ഞതല്ലാണ് ലോകചരിത്രം എന്നയാൾ കണ്ടെത്തി. ആ തല്ലിൽ ഒരുനാൾ ഇല്ലാത്തവൻ ജയിക്കും. വ്യവസായ വിപ്ലവനാന്തരം പലതരം കുലുക്കങ്ങൾ സംഭവിക്കുന്ന ആശയ ഭൂപടത്തിൽ, ലോകത്തിെൻറ പല ഭാഗത്തുള്ള ചെറുപ്പക്കാരെ ഈ ബാലസാഹിത്യം എളുപ്പം സ്വാധീനിച്ചു. പാരിസിൽ പഠിക്കവെ പോൾപോട്ടും സാംഫെനും ഈ സാഹിത്യങ്ങളുമായി സമ്പർക്കത്തിലായിരുന്നു. അങ്ങനെയാണ് നാട്ടിൽ തിരിച്ചെത്തി വിപ്ലവപരിപാടികൾ ആരംഭിക്കുന്നത്.
മാർക്സിയൻ ബാലസാഹിത്യത്തിലെ വരികൾ മാത്രമല്ല, തന്നെപ്പോലുള്ള വിപ്ലവകാരികൾ ലോകത്തിെൻറ മറ്റു ഭാഗങ്ങളിൽ അത് നടപ്പാക്കിയതിെൻറ പ്രായോഗിക പാഠങ്ങൾ കൂടി പോൾപോട്ടിനു മുന്നിലുണ്ടായിരുന്നു. സ്റ്റാലിനും മാവോയും തനിക്ക് മുേമ്പ കാണിച്ച മഹത്തായ മാതൃകകളുണ്ടായിരുന്നു. 97 ലക്ഷം മനുഷ്യരെയാണ് സ്റ്റാലിൻ കൊന്നത്. തൊട്ടുപിറകിലായി മാവോയുമുണ്ട്. സമകാലികരായ വിപ്ലവനേതാക്കളുടെ വഴിയെ സഞ്ചരിക്കുകയായിരുന്നു പോൾപോട്ടും സാംഫെനും. പക്ഷേ, അവരോടൊപ്പമെത്താനായില്ല.
അവരോടൊപ്പമെത്തണമെങ്കിൽ കംബോഡിയയിലെ മുഴുവൻ മനുഷ്യരെയും കൊന്നുതീർത്താലും മതിയാവില്ല. വിപ്ലവപാർട്ടിയുടെ ഭരണം രണ്ടുവർഷം പിന്നിടുമ്പോഴേക്ക് ആ രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനം ഇല്ലാതായിക്കഴിഞ്ഞിരുന്നു. അതിനിടക്ക് ബൂർഷ്വ പിന്തിരിപ്പന്മാരും ജാതിമത ശക്തികളും ചേർന്ന് വിപ്ലവസർക്കാറിനെ അട്ടിമറിച്ചു കളഞ്ഞു.
സ്റ്റാലിൻ, മാവോ, പോൾപോട്ട് തുടങ്ങിയ വിപ്ലവകാരികളെക്കുറിച്ച് പറയുമ്പോൾ ബൂർഷ്വാ ചരിത്രകാരന്മാർ പൊതുവെ രക്തദാഹികൾ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. യാഥാർഥ്യത്തെക്കുറിച്ചറിയാത്തതു കൊണ്ടാണത്. അവർ രക്തദാഹികൾ എന്നതിനെക്കാൾ ചല ദാഹികളും ശുക്ല ദാഹികളുമായിരുന്നു. ഇവർ രക്തംചിന്തി ആളെ കൊന്നതിെൻറ കണക്കെടുത്താൽ അത് ഏതാനും ലക്ഷങ്ങളേ വരുകയുള്ളൂ. ഗുലാഗുകൾ, ഡിപോർടേഷൻ ക്യാമ്പുകൾ, കൂട്ടുകൃഷി ക്യാമ്പുകൾ, സൈബീരിയൻ മഞ്ഞുപാടങ്ങൾ തുടങ്ങിയവയിൽ തള്ളി ജീവച്ഛവമാക്കി കൊല്ലുകയായിരുന്നു അവരുടെ പരിപാടി. മാസങ്ങളോളം പുഴുവരിച്ച, ചലമൊലിക്കുന്ന വ്രണങ്ങളുമായി മരണത്തെ പുൽകിയവരാണ് ദശലക്ഷങ്ങൾ.
1921ലെ വാഗൺ ട്രാജഡിയെക്കുറിച്ച് നമുക്ക് നന്നായറിയാം. നൂറ് ആളുകളെയാണ് അന്ന് പൂട്ടിയ വാഗണിൽ കുത്തിനിറച്ചത്. എന്നാൽ, സ്റ്റാലിെൻറ ചെച്നിയൻ പോപുലേഷൻ ട്രാൻസ്ഫർ എന്ന വിപ്ലവ പദ്ധതിയെക്കുറിച്ചറിയുമോ? ദശലക്ഷക്കണക്കിന് ചെച്നിയൻ മുസ്ലിംകളെ സൈബീരിയൻ മഞ്ഞുപാടങ്ങളിലേക്കും കസാഖ് മരുഭൂമികളിലേക്കും മാറ്റിപ്പാർപ്പിച്ച പരിപാടിയായിരുന്നു അത്. വാഗണുകളിൽ കുത്തിനിറച്ചാണ് മില്യൻ കണക്കിന് മുസ്ലിംകളെ അന്നു കൊണ്ടുപോയത്. പരിപാടി പൂർത്തിയാകുമ്പോഴേക്ക് രണ്ടു ലക്ഷം മുസ്ലിംകൾ മരണം പുൽകിയിരുന്നു.
ചെച്നിയൻ മുസ്ലിംകളുടെ മേൽ പ്രത്യേക വിപ്ലവലക്ഷ്യങ്ങൾ സ്റ്റാലിന് ഉള്ളതുപോലെ പോൾപോട്ടിന് കംബോഡിയയിലെ ചാം മുസ്ലിംകളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. കൂട്ടക്കൊല അദ്ദേഹം ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയത് ചാം മുസ്ലിംകളുടെ കാര്യത്തിലാണ്. ശുക്ലവിപ്ലവം സ്റ്റാലിൻ ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയത് പോളണ്ടിലായിരുന്നു. എട്ടു വയസ്സ് മുതൽ എൺപത് വയസ്സുവരെയുള്ള ലക്ഷക്കണക്കിന് സ്ത്രീകളെയാണ് സ്റ്റാലിെൻറ റെഡ് ആർമി ബലാത്സംഗം ചെയ്തത്. സഖാക്കളുടെ ലൈംഗികമായ ജാഗ്രതക്കുറവായിരുന്നില്ല അത്. മോസ്കോവിലെ പാർട്ടി കേന്ദ്രത്തിൽ നിന്ന് നേരിട്ടുള്ള നിർദേശത്തുടർന്ന് നടപ്പാക്കിയ വിപ്ലവ പരിപാടിയായിരുന്നു.
ഖിയു സാംഫൻ, പോൾപോട്ട്
പേടി തോന്നുന്നുണ്ടോ?
മേൽ വിപ്ലവകാരികളുടെ പടങ്ങൾ വെച്ച പാർട്ടി ഓഫിസുകൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. അവരുടെ മഹത്തായ വിപ്ലവ പരിപാടികളെ പ്രകീർത്തിക്കുന്നവരും ധാരാളം. ആലോചിക്കുമ്പോൾ ശരിക്കും പേടി തോന്നേണ്ട കാര്യം. പക്ഷേ, ഇവിടെ ഒരു നിയമവ്യവസ്ഥയും ജനാധിപത്യസംവിധാനവും ഉള്ളതുകൊണ്ട്, നമ്മളാരും അവരോട് നിങ്ങളെ കാണുമ്പോൾ പേടി തോന്നുന്നു എന്നു പറയാറില്ല.
റെഡ് ആർമിക്കാർ വന്ന് ആളെക്കൊന്ന് വെട്ടിനുറുക്കി മാശാ അല്ലാ സ്റ്റിക്കർ ഒട്ടിച്ച് ഓടിപ്പോയാലും കുറ്റവാളികളെ കണ്ടെത്താൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ആ പേടിയില്ലായ്മയുടെ ഒരു കാരണം. പക്ഷേ, ഇവിടെ ഇപ്പോൾ ചിലർ വലിയ പേടിയിലാണ്. 20 വർഷം നീണ്ടു നിന്ന, ലക്ഷങ്ങളെ കുരുതികൊടുത്ത യു.എസ് അധിനിവേശത്തിന് അന്ത്യം കുറിച്ച് അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതു മുതലാണ് ആ പേടി തുടങ്ങിയത്.
താലിബാൻ കാബൂൾ പിടിച്ചതല്ല പേടിക്ക് കാരണം. താലിബാനെ വേണ്ടവിധം അപലപിക്കാൻ ഇവിടത്തെ മുസ്ലിംകൾ തയാറാകാത്തതാണ് പ്രശ്നം. 'എനിക്ക് പേടി തോന്നുന്നു' കാമ്പയിൻ കേരളത്തിൽ ആരംഭിച്ചത് അങ്ങനെയാണ്. ഇടതുപക്ഷവേദികളിൽ പ്രസിദ്ധനായ ഒരു സപ്താഹ പ്രഭാഷകനാണ് കാമ്പയിൻ തുടങ്ങിവെക്കുന്നത്. ഇടതു സൈബർ പോരാളികളും നവനാസ്തികരും ഹിന്ദുത്വവാദികളും ചേർന്ന് ആ കാമ്പയിൻ പൊലിപ്പിക്കുകയാണ്. താലിബാനികളുടെ എണ്ണവും കേരളത്തിലെ താലിബാനികളുടെ എണ്ണവും വെച്ച് ചില കണക്കുകളും അവർ തയാറാക്കിയിട്ടുണ്ട്.
അപലപന തൊഴിലാളി യൂനിയൻ
അപലപനം നടത്തിയാലേ മര്യാദക്ക് ജീവിച്ചു പോകാൻ ഒക്കുകയുള്ളൂ എന്നത് ഇവിടത്തെ മുസ്ലിംകളുടെയും മുസ്ലിം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ദുര്യോഗമായിട്ടുണ്ട്. ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് രണ്ടു വീതം മൂന്നു നേരം അവർ അപലപിച്ചുകൊണ്ടേയിരിക്കണം. അഫ്ഗാനിലും ഇറാഖിലും കടന്നുകയറി ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നത് ജോർജ് ബുഷ് ആണ്. തേൻറത് ഒരു കുരിശ് യുദ്ധമാണ് എന്ന് പരസ്യമായി അയാൾ പ്രഖ്യാപിച്ചു. എന്നാൽ, ഇറാഖ്, അഫ്ഗാൻ കൂട്ടക്കൊലകളെ അപലപിച്ചു നമ്മുടെ നാട്ടിൽ ഏതെങ്കിലും സഭകളോ ബിഷപ്പുമാരോ രംഗത്ത് വന്നിട്ടില്ല. അവരങ്ങനെ രംഗത്ത് വരാത്തതുകൊണ്ട് ഞങ്ങൾക്കാകെ പേടിയാവുന്നു എന്ന് മുസ്ലിംസംഘടനകളോ ഖുർആൻപ്രഭാഷകരോ പറഞ്ഞിട്ടുമില്ല. തുടക്കത്തിൽ സൂചിപ്പിച്ച, മഹാന്മാരായ വിപ്ലവകാരികൾ ചെയ്ത കൂട്ടക്കൊലകളെ കേരളത്തിലെ വിപ്ലവകാരികളും അപലപിച്ചിട്ടില്ല.
അഫ്ഗാൻ പ്രസിഡൻറായിരുന്ന മുഹമ്മദ് ദാവൂദ് ഖാനെ കൊല ചെയ്താണ് 1978ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിക്കുന്നത്. ആ വിപ്ലവത്തിന് നേതൃത്വം കൊടുത്ത പാർട്ടി ജനറൽ സെക്രട്ടറി ഹാഫിസുല്ല അമീനെ കമ്യൂണിസ്റ്റ്പാർട്ടിയിലെ എതിർഗ്രൂപ്പുകാർ തന്നെ സോവിയറ്റ് സഹായത്തോടെ 1979ൽ കൊന്നു. ഇതെല്ലാം കഴിഞ്ഞ് 1986ലാണ് നജീബുല്ല വരുന്നത്.
പ്രസിഡൻറായ ശേഷം പതിവ് വിപ്ലവ പരിപാടികൾ അദ്ദേഹവും തുടങ്ങി. പതിനായിരങ്ങളെ കൊല ചെയ്തു. മുജാഹിദുകൾ ചെറുത്തുനിന്നു. അവസാനം ഭരണം നഷ്ടപ്പെട്ടു. മുജാഹിദുകൾ അധികാരത്തിലെത്തി. തമ്മിലടിച്ചു. പിന്നീട് താലിബാൻ അധികാരം പിടിച്ചു. 1996 സെപ്റ്റംബറിൽ അവർ നജീബുല്ലയെ കൊന്ന് വിളക്കു കാലിൽ കെട്ടിത്തൂക്കി. ഈ ക്രൂരതയെ ഒ.ഐ.സി മുതൽ അഫ്ഗാൻ മുജാഹിദീൻ നേതാക്കൾ വരെലോകമെങ്ങും അപലപിച്ചു. നമ്മുടെ നാട്ടിലെ മുസ്ലിംകളും. നേരത്തേ മുഹമ്മദ് ദാവൂദ് ഖാനെയും ഹഫീസുല്ല അമീനെയും വധിച്ചപ്പോൾ കമ്യൂണിസ്റ്റുകൾ അപലപിച്ചില്ലല്ലോ എന്ന് ആരും ചോദിച്ചില്ല.
പോയൻറ് ബ്ലാങ്കിൽ നിർത്തി അപലപനം എഴുതി വാങ്ങിക്കുകയാണ് പുതിയ പരിപാടി. അതായത്, മര്യാദക്ക് ജീവിക്കണമെങ്കിൽ നിത്യവും ഞങ്ങൾ പറയുന്നതുമാതിരി അപലപിച്ചു കൊള്ളണം. അല്ലെങ്കിൽ, താലിബാനാക്കിക്കളയും. അതിെൻറ മുന്നിൽ സമുദായം ചൂളിപ്പോയ ഒരു കാലമുണ്ടായിരുന്നു. ഇന്നങ്ങനെയല്ല. നിങ്ങൾ ചെയ്തുകൂട്ടിയതിനും കൂട്ടുന്നതിനുമുള്ള അപലപനങ്ങൾ എവിടെ എന്ന് തിരിച്ചുചോദിക്കുന്ന തലമുറ ഉയർന്നുവന്നിട്ടുണ്ട്.
ഞങ്ങളൊരു അപലപന തൊഴിലാളി യൂനിയനല്ല എന്നു പറയാൻ അറിയുന്നവരാണവർ. സ്വന്തം നിലക്ക് സംസാരിക്കുന്നവർ. സ്ത്രീശാക്തീകരണ ക്ലാസുകളുമായി ഉറുമി വീശുമ്പോൾ, കാൾ മാർക്സ് ജനിക്കുന്നതിനു മുേമ്പ സ്ത്രീകളെ രാഷ്ട്ര ഭരണാധികാരികളാക്കിയ സമുദായമാണിത്, കമ്യൂണിസ്റ്റ് രാജ്യത്ത് ഒരു വനിത ഭരണാധിപയെ കാണിച്ചൂ തരൂ എന്നവർ ചോദിക്കും. ചോദിക്കുന്നവരെ തിരുമേനിമാർക്ക് എന്നും പേടിയാണ്. അതിനാൽ, 'എനിക്ക് പേടിയാവുന്നു' കാമ്പയിൻ ഇനിയും തുടരേണ്ടി വരും.
ലേഖനത്തിന്‍റെ രണ്ടാം ഭാഗം വായിക്കാം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.