കുന്നുകാണാതെ മല കാണുന്നവർ

'മലയോളം മോഹിച്ചാലേ കുന്നോളം കിട്ടൂ'. ആ തിരിച്ചറിവുള്ളവർ മല മോഹിക്കുന്നത് കാണുമ്പോൾ കുന്നാണ് ലക്ഷ്യമിടുന്നതെന്ന് കണ്ടാലറിയാത്തവർ കൊണ്ടാലേ അറിയൂ. ഇനിയും പിടികിട്ടിയില്ലെങ്കിൽ ജൈവകൃഷി, ജൈവ വളം, ജൈവ കീടനാശിനി എന്നതൊക്കെ പോലെ ഒരു ജൈവ ഉദാഹരണമുണ്ട് നമ്മുടെ മുമ്പിൽ-അതാണ് ശശി തരൂർ. അത്തരത്തിൽ, മലയാളിയുടെ പഴഞ്ചൊല്ലിൽ പതിരില്ലെന്ന് തെളിയിക്കുകയാണ്, കടിച്ചാൽ പൊട്ടാത്ത, നൂറ്റാണ്ടുകൾക്ക് മുമ്പ് ആളുകൾ ഉപേക്ഷിച്ചതു മുതൽ നാളെ ഉപയോഗിക്കാൻ സാധ്യതയുള്ളതുവരെയുള്ള ഇംഗ്ലീഷ് വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന തരൂർ.

മൂന്ന് തവണ തുടർച്ചയായി തിരുവനന്തപുരത്തുനിന്നുള്ള കോൺഗ്രസ് എം.പിയാണ് അദ്ദേഹം. പാർട്ടിയിലെ കുതികാൽവെട്ടും പാരയും വോട്ട് മറിപ്പുമൊക്കെ മറികടന്നാണ് ഒരോ പ്രാവശ്യവും ഡൽഹിക്ക് പോയത്. ഒന്നും കാണാതെ അപ്പുക്കുട്ടൻ മരത്തിൻമേൽ നിന്ന് കൈവിടില്ലെന്നൊരു പറച്ചിലുണ്ട്. ആ അപ്പുക്കുട്ടൻ സാങ്കൽപിക കഥാപാത്രമാണെങ്കിലും തരൂർ പച്ചവെള്ളം പോലൊരു യാഥാർഥ്യമാണ്. 'ഏത് രൂപത്തിലും അവൻ വരും' എന്ന് പണ്ട് ബഷീർ പറഞ്ഞത് ശശിയെക്കുറിച്ചാണോ എന്നുപോലും സംശയിച്ചുപോവും ഇപ്പോഴത്തെ മട്ടും തരവുമൊക്കെ കാണുമ്പോൾ.

ഐ.പി.എല്ലിൽ മാത്രമല്ല, രാഷ്ട്രീയത്തിലും എറിയാനറിയാവുന്ന കളിക്കാരനാണ്. ബാറ്റ് ചെയ്യുന്നയാളല്ല, പിന്നിൽ നിൽക്കുന്ന കീപ്പർപോലും അറിയാതെ കുറ്റി തെറിപ്പിക്കാൻ, അദ്ദേഹത്തിനറിയാം. കുറ്റി തെറിച്ചു കഴിഞ്ഞേ അറിയൂ, കളി കഴിഞ്ഞുവെന്ന്. ആ ഏറിൽ കുന്ന് മാത്രമാണ് ലക്ഷ്യം. ദ്രോണരോട് അർജുനൻ പറഞ്ഞതുപോലെ, തരൂർ ആ കണ്ണ് മാത്രമേ കാണുന്നുള്ളൂ, പക്ഷേ, തരൂരിനെ കാണുന്നവർ പക്ഷിയെയും മരത്തെയുമൊക്കെയാണ് കാണുന്നത്. ഗാന്ധിയല്ല, ഡെങ് സിയോ പെങ് ആണ് വഴികാട്ടി. മാർഗമല്ല, ലക്ഷ്യമാണ് തരൂരിസത്തിന് പ്രധാനം. പൂച്ച കറുത്തതാണോ വെളുത്തതാണോ എന്നതല്ല എലിയോ പിടിക്കുമോ എന്നാണ് നോട്ടം.

ചെറിയൊരു കാലയളവുകൊണ്ട് കളിച്ച കളങ്ങൾ ചെറുതൊന്നുമല്ല. ഐക്യരാഷ്ട്ര സഭയിൽ വാർത്താവിനിമയം, പബ്ലിക് ഇൻഫർമേഷൻ എന്നിവയുടെ ചുമതലയുണ്ടായിരുന്ന അണ്ടർ സെക്രട്ടറിയായിരുന്നു . അവിടെ നിന്ന് ടിക്കറ്റെടുത്തത് തിരുവനന്തപുരത്തേക്കാണെങ്കിലും അതിനിടെ, യു.എൻ സെക്രട്ടറി ജനറലിന്റെ കോട്ട് തനിക്ക് പാകമാകുമോ എന്ന് നോക്കുന്നതായി ഒന്ന് അഭിനയിച്ചു.

അതോടെ അണ്ടർ സെക്രട്ടറിമാർ പലരിൽ ഒരാളായിരുന്ന ശശിതരൂർ ലോകം മുഴുവൻ പേര് കേൾപ്പിച്ച് വിശ്വപൗരനായി. ചേരിചേരാ പ്രസ്ഥാനത്തിന്‍റെ ശിൽപികളിലൊരാളും യു.എൻ പൊതുസഭയിൽ, ഏഴുമണിക്കൂർ 48 മിനിറ്റ് പ്രസംഗിച്ച് ചരിത്രം സൃഷ്ടിക്കുകയും ചെയ്ത വി. കെ. കൃഷ്ണമേനോൻ എന്ന വിശ്വപൗരൻ എവിടെ? ശശി തരൂർ എവിടെ? എന്നൊന്നും ആരും ചോദിക്കരുത്.

അങ്ങനെ വിശ്വപൗരവേഷത്തിൽ തിരുവനന്തപുരത്തിറങ്ങി. സെക്രട്ടറി ജനറൽ എന്ന മല മോഹിച്ചെങ്കിലും യഥാർഥ ലക്ഷ്യം അവശിഷ്ട മൂക്കുന്നിമല മാത്രമുള്ള തിരുവനന്തപുരം ലോക്‌സഭ മണ്ഡലമായിരുന്നുവെന്ന് കോൺഗ്രസുകാർ അറിഞ്ഞത് 2009ൽ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോഴാണ്. ജയിച്ചു, കേന്ദ്രത്തിൽ സഹമന്ത്രിയുമായി. ഇനി ഡൽഹിയിൽ പോയിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതോടെ, കളിക്കളം കേരളത്തിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന ചിന്തയായി.

അപ്പോഴതാ സോണിയാജിക്കും മക്കൾജികൾക്കും ജനാധിപത്യബോധവും വന്നുദിച്ചു. അപ്പനും ഞാനും സുഭദ്രയും എന്ന മട്ടിൽ പദമാടുന്ന പാർട്ടിയിലെ കുടുംബാധിപത്യം മാറ്റിക്കളയാം എന്ന് കുടുംബം തീരുമാനിച്ചു. അതിനായി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ, 'തരൂറോസോറസ്' പ്രകാരം അതൊരു 'ക്വാക്കർവോജർ' ഭരണമാകുമെന്ന് അദ്ദേഹത്തിന് തോന്നി.അതിനാൽ താപ്പാനകളൊന്നും കൂടെയില്ലെങ്കിലും പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒരു കൈ നോക്കാൻ ഞാനുമുണ്ടെന്ന് പ്രഖ്യാപിച്ചു. പിന്നെയൊക്കെ ചരിത്രം.

സത്യത്തിൽ, ശശി കൈനോക്കിയത് കോൺഗ്രസ് പ്രസിഡന്റാകാനായിരുന്നില്ലെന്ന് കോൺഗ്രസുകാർക്ക് പോയിട്ട് കാണിപ്പയ്യൂരിന് പോലും തിരിഞ്ഞത്, പുള്ളി പാണക്കാട് കുടപ്പനക്കലേക്ക് വണ്ടി പിടിച്ചപ്പോൾ മാത്രമാണ്. തൊട്ടുപിറകെ പെരുന്നയിൽ മന്നം ജയന്തി ആഘോഷത്തിൽ ശശി നായരാവും മുഖ്യാതിഥിയെന്ന് സുകുമാരൻ നായരും പ്രഖ്യാപിച്ചു. ഇതിനു തൊട്ടുമുമ്പ്, പറവൂരിൽ ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി കശക്കിയപ്പോഴേ എന്തോ മണക്കുന്നുണ്ടല്ലോ എന്ന് തോന്നിയിരുന്നു.

മുൻ വർഷങ്ങളിൽ അരങ്ങേറിയ 'താക്കോൽ നായർ', 'ഡൽഹി നായർ' തുടങ്ങി കാര്യസാധ്യവിജയം നാടകങ്ങൾക്ക് ശേഷം അടുത്തതായി, 'വിശ്വനായർ' നാടകം തട്ടിൽ കയറ്റാനുള്ള സൂചനയായിട്ടാണ് മന്നം സമാധിയിലേക്കുള്ള തരൂരിന്‍റെ ക്ഷണത്തെയും സതീശനു നേരെയുള്ള മെക്കിട്ട് കയറ്റത്തേയും കരയിലിരിക്കാൻ മാത്രം യോഗമുള്ളവർ കാണുന്നത്.ത്സ2009ൽ കേന്ദ്രസഹമന്ത്രിയാക്കിയപ്പോൾ ഡൽഹി നായരെന്ന് വിളിച്ച് ആക്ഷേപിച്ച എൻ. എസ്.എസ്സിനു പുറമെ, ലീഗും വിവിധ ക്രൈസ്തവ സഭകളുമൊക്കെ ഇപ്പോൾ ശശിയുമായി നല്ല ബന്ധത്തിലാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫിനെ തോൽപിക്കാനിറങ്ങിയ സുകുമാരൻ നായർക്ക് വെള്ളാപ്പള്ളി നടേശന്‍റെ യോഗമായിരുന്നു. വിജയനെ തോൽപിക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, കൂടുതൽ ഭൂരിപക്ഷത്തോടെ വിജയൻ വിജയിച്ചു. ഇനി സമുദായത്തിന് ഉശിര് വരാൻ പറ്റിയ തുണ വേണം. അതിനാണ് ഡൽഹി നായരെ, നാടൻ നായരാക്കി,'ഇവൻ എൻ. എസ്.എസിന്റെ പ്രിയ പുത്രൻ' എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മുമ്പ് മറ്റൊരു നായർക്ക് താക്കോൽ വാങ്ങിച്ചുകൊടുക്കാനും പെരുന്ന ഇടപെട്ടിരുന്നു. താക്കോലൊക്കെ കിട്ടിയെങ്കിലും പിന്നീട് തന്‍റെ 'സെക്യുലർ ക്രഡൻഷ്യൽ' തെളിയിക്കാൻ അദ്ദേഹം പെട്ടപാട് അദ്ദേഹത്തിനെ അറിയൂ.

നിലത്തിരിക്കുന്നത് എടുക്കാൻ മാനത്തു നോക്കുന്ന തരൂരിനെതിരെ കോൺഗ്രസുകാർ പഴയ 'ഐ, എ'കബഡിയാണ് ഇപ്പോൾ കളിക്കുന്നത്. കടുകട്ടി ഗാന്ധിയന്മാരായി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചിരിക്കയാണവർ. എന്നിട്ടെന്തായി? പത്രങ്ങളുടെ ജില്ല പേജിൽ പടമടക്കം മൂന്നു കോളം വാർത്തയായി ഒതുങ്ങുമായിരുന്ന പരിപാടികൾ കേരള നേതാക്കളുടെ നിസ്സഹകരണവും പ്രീതി പിൻവലിപ്പും കാരണം ഡൽഹിയിലെ ഇംഗ്ലീഷ് പത്രങ്ങളിലടക്കം ഒന്നാംപേജ് വാർത്തയായി. ചാനലുകളിൽ വാർത്താവാരവും താരവുമായി തരൂർ നിറഞ്ഞാടുന്നു, പുറമേ, ഓൺലൈനുകളിലും സമൂഹ മാധ്യമങ്ങളിലും തുരുതുരാ തരൂർ വിശേഷങ്ങൾ.

യു.എന്നിലിരുന്ന് പഞ്ചാരിമേളവും പരിചമുട്ടുകളിയും കണ്ടുംകളിച്ചും വന്ന തരൂരിന് കേരളത്തിലെ സമുദായങ്ങളുടെ 'അമ്പോറ്റി'മാരെ കൈയിലെടുക്കാൻ പ്രത്യേക പരിശീലനമൊന്നും വേണ്ട. തരാതരം പോലെ അദ്ദേഹം എല്ലാവരെയും കണ്ടു, വണങ്ങി, വലംകൈയായി. യു.എന്നിൽ നിന്ന് ഇവിടെ വന്നിട്ടു തന്നെ, 'കാറ്റിൽ ക്ലാസ്' (കന്നുകാലി ക്ലാസ്),ഐ.പി.എൽ ഓഹരി, മീൻ മണം തുടങ്ങിയവയിലൊന്നും തട്ടി വീഴാതെ രക്ഷപ്പെട്ട കക്ഷിയാണെന്നോർക്കണം. പാണക്കാട്, താമരശ്ശേരി, കാരന്തൂർ, പാലാ, ചങ്ങനാശ്ശേരി, കൊച്ചി, പെരുന്ന...റൂട്ട് നോക്കിയാൽത്തന്നെ അറിയാം ആ വിശ്വവൈഭവം .

Tags:    
News Summary - Those who see the mountain without seeing the hill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.