നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒരു സംസ്ഥാനത്ത് കൂടി മുഖ്യമന്ത്രിയെ ഇളക്കി പ്രതിഷ്ഠിച്ചിരിക്കുന്നു കേന്ദ്ര ഭരണം കൈയാളുന്ന ഭാരതീയ ജനത പാർട്ടി. ത്രിപുരയിൽ ബിപ്ലബ് കുമാർ ദേബിനെ നീക്കി ഡോ. മണിക് സാഹയെ മുഖ്യമന്ത്രി പദമേൽപിച്ച് കൊടുത്തിരിക്കുന്നു.
നേതാവിനെ നീക്കണമെന്ന് സംസ്ഥാന ഘടകത്തിനുള്ളിൽ ആവശ്യമുയർന്നിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ശനിയാഴ്ച പൊടുന്നനെയാണ് കേന്ദ്രനേതൃത്വം ഈ തീരുമാനമെടുത്തത്. വരുംവരായ്കകളെക്കുറിച്ച് ആലോചിച്ച് ചതുരംഗപ്പലകയിലെ കരുക്കളെ ബുദ്ധിപൂർവം നീക്കുന്നതുപോലെ സമവാക്യങ്ങളെല്ലാം ഇഴകീറി പരിശോധിച്ച് മുഖ്യമന്ത്രിമാരെ മാറ്റുന്ന വിദ്യയിൽ ഇതിനോടകം സാമർഥ്യം കൈവരിച്ചിരിക്കുന്നു ബി.ജെ.പി നേതാക്കൾ.
അടുത്തുതന്നെ തെരഞ്ഞെടുപ്പു നടക്കാനുള്ള ഗുജറാത്തിൽ അവർ ഇറക്കിക്കളിച്ചത് ആദ്യവട്ട എം.എൽ.എ ആയ ഭൂപേന്ദ്ര പട്ടേലിനെയാണ്. ഉത്തരാഖണ്ഡിൽ കഴിഞ്ഞ ഊഴത്തിൽ മൂന്ന് മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിച്ചിരുന്നു. ഒടുവിൽ ചുമതലയേൽപിക്കപ്പെട്ട പുഷ്കർ സിങ് ധാമിക്ക് ഭരണം നിലനിർത്താനായെങ്കിലും സ്വന്തം സീറ്റ് സംരക്ഷിക്കാനായില്ല. എങ്കിലും വീണ്ടും ഒരു വട്ടം കൂടി അവസരം നൽകി.
ഇടതുപാർട്ടികളും കോൺഗ്രസും തൃണമൂൽ കോൺഗ്രസും വരെ രൂക്ഷവിമർശനങ്ങളാണ് ബിപ്ലബ് ദേബിനെതിരെ ഉയർത്തിയിരുന്നത്. പാർട്ടിയിലെ പ്രമുഖരായിരുന്ന മുൻ മന്ത്രി സുദീപ് റോയ് ബർമനും ആശിഷ് സാഹയും ദേബിനെക്കുറിച്ച് പരാതിപറഞ്ഞ് മടുത്ത് പാർട്ടി വിട്ട് കോൺഗ്രസിൽ കുടിയേറിയിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലെ ബിപ്ലബ്ദേബിെൻറ പരിമിതികൾ ബി.ജെ.പിയിലേയും ആർ.എസ്.എസിലെയും പ്രമുഖർക്ക് അറിയുമായിരുന്നു.
രാഷ്ട്രീയ യുക്തിബോധം ഇല്ലെന്നതിനുപരി വാർത്തസമ്മേളനങ്ങളിൽ പടുവിഡ്ഢിത്തങ്ങൾ പറഞ്ഞ് പാർട്ടിയെ അപഹാസ്യമാക്കുകയും ചെയ്യുന്നത് വല്ലാത്ത ബാധ്യതയാണല്ലോ. അകത്തും പുറത്തുമുള്ള എതിരാളികൾ ഉന്നയിച്ച ആക്ഷേപങ്ങൾക്കൊന്നും തരിമ്പ് ചെവികൊടുക്കാൻ തയാറല്ലായിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയും മറ്റു പോംവഴികളൊന്നുമില്ലാത്തതുകൊണ്ട് ഒടുവിൽ ആ കടുത്ത തീരുമാനമെടുക്കുകയായിരുന്നു. എതിരാളികൾക്ക് തങ്ങളുടെ ആഗ്രഹം സഫലമായി എന്ന ചിന്ത നൽകാൻ ഈ മാറ്റം ഉപകരിക്കും. എന്നാൽ, അതിലേറെ ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ പാർട്ടിക്ക് ഇതു വളരെയേറെ സഹായകമാവും.
ഇത്രയധികം എതിർപ്പുകളുണ്ടായിട്ടും നാലരവർഷം അധികാരത്തിൽ തുടരാൻ ദേബിനെ കേന്ദ്ര നേതൃത്വം അനുവദിച്ചത് എന്തുകൊണ്ടായിരിക്കും? ഡൽഹിയിലെ പത്രക്കാർക്ക് ഈ മനുഷ്യനെ പണ്ടേ അറിയാം. ഒരു നാണംകുണുങ്ങി പയ്യനായിരുന്ന ദേബ് മധ്യപ്രദേശിൽനിന്നുള്ള ഒരു എം.പിയുടെ സഹായി ആയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ അവതരിക്കുന്നത്.
ആർ.എസ്.എസ് പ്രമുഖനായ സുനിൽ ദിയോദർ ആണ് 2018ലെ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ത്രിപുരയിൽ പാർട്ടിയെ നയിക്കാനുള്ള നിയോഗത്തിനായി ഇദ്ദേഹത്തെ കണ്ടെടുക്കുന്നത്. പാർട്ടിക്ക് കാര്യമായ വേരോട്ടമൊന്നുമില്ലാതിരുന്ന, മാർക്സിസ്റ്റ് കോട്ടയായിരുന്ന ഈ വടക്കുകിഴക്കൻ സംസ്ഥാനത്ത് ഒന്നു പയറ്റിനോക്കാം എന്നു മാത്രമേ ബി.ജെ.പി തുടക്കത്തിൽ കരുതിയിരുന്നുള്ളൂ. പക്ഷേ, 25 വർഷം നീണ്ട ഭരണത്തുടർച്ച ഇടതുപാർട്ടിയെ പലതരത്തിലും ദുർബലമാക്കിയിരുന്നു.
കേന്ദ്രഭരണത്തിെൻറ സ്വാധീനവും ആർ.എസ്.എസിെൻറ ആൾബലവുമെല്ലാം ഒരുമിച്ച് പ്രവർത്തിച്ചതോടെ ഇടതുഭരണത്തെ കടപുഴക്കാൻ ദേബിെൻറ നേതൃത്വത്തിൽ ബി.ജെ.പിക്ക് സാധിച്ചു. ഒരുകാലത്ത് അസാധ്യമെന്നു കരുതിയ സംസ്ഥാന ഭരണം നേടിയെടുക്കുന്നതിന് നേതൃസ്ഥാനം വഹിച്ചയാളെ പാർട്ടിക്കുള്ളിലെ പരാതികളുടെ പേരിൽ പുറത്തിരുത്തേണ്ടതില്ല എന്ന് കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഇടതുബോധം വേരോടിയിരുന്ന ത്രിപുര വർഗീയവത്കരിക്കപ്പെടുന്നതിനും വർഗീയ കലാപത്തിനും ഇക്കഴിഞ്ഞ വർഷങ്ങൾ സാക്ഷിയായി.
തിപ്രാ ഇൻഡിജീനിയസ് പ്രോഗ്രസിവ് റീജനൽ അലയൻസ് (TIPRA Motha) എന്ന പുതിയ രാഷ്ട്രീയ സഖ്യത്തിെൻറ വരവാണ് സംസ്ഥാന ഭരണത്തിൽ ഒരു പുതുക്കിപ്പണിക്ക് ബി.ജെ.പിയെ പ്രേരിപ്പിച്ചത്. ഏറെ നിർണായകമായ ആദിവാസി സമൂഹത്തിെൻറ പിന്തുണ പ്രദ്യോത് ബിക്രം മനിക്യാ ദേബ്ബർമ നയിക്കുന്ന തിപ്രാ നേടിയെടുക്കുമോ എന്ന ഭീതി അവർക്കുണ്ട്. പഴയ കോൺഗ്രസുകാരനാണ് പ്രത്യോദ്. അദ്ദേഹത്തിെൻറ പിതാവ് കിരിത് ബിക്രം ദേബ് ബർമ മൂന്നുവട്ടം എം.പിയായിരുന്നു, അമ്മ ബിഭു കുമാരി കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തിയിട്ടുണ്ട്. കോൺഗ്രസോ തൃണമൂലോ നിയമസഭ തെരഞ്ഞെടുപ്പിൽ നിർണായക ഘടകങ്ങളേ ആയിരിക്കില്ല. എന്നാൽ, ഈ മുൻ കോൺഗ്രസുകാരെൻറ കാര്യം അതല്ല.
ഡോ. സാഹയെ മുൻനിർത്തി എല്ലാ വെല്ലുവിളികളെയും നേരിടാനാവും എന്ന പ്രതീക്ഷയിലാണ് ഞായറാഴ്ച മുതൽ കേന്ദ്ര-സംസ്ഥാന ബി.ജെ.പി നേതൃത്വങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.