(‘ജ്ഞാനിയുടെ ബുദ്ധി അവന്റെ വലതുഭാഗത്തും മൂഢന്റെ ബുദ്ധി അവന്റെ ഇടതുഭാഗത്തും ഇരിക്കുന്നു’ -സഭാപ്രസംഗി)
‘പഠനം പാൽപായസം, അധ്യാപനം അതിമധുരം’ എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ വിദ്യാഭ്യാസവിപ്ലവം സ്വപ്നംകണ്ട് കേരളത്തിലെമ്പാടും പരിഷത്തുകാർ പാടിനടന്നിരുന്നു. അതൊക്കെയൊരു കാലം... ഇന്നിപ്പോൾ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ഗവേഷണത്തിൽ വീശിയടിക്കുന്നത് പുതിയൊരു വിപ്ലവചിന്തയാണ്. കൊടുങ്കാറ്റായിത്തുടങ്ങിയത് മന്ദമാരുതനായിട്ടുണ്ടെങ്കിലും പ്രസക്തവും ചർച്ചചെയ്യപ്പെടേണ്ടതുമാണ് വിഷയം. പ്രത്യേകിച്ച്,‘നോളജ് ഇക്കോണമി’യും ‘എജുക്കേഷനൽ ഹബു’മൊക്കെ സൃഷ്ടിക്കാൻ സർക്കാർതന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കെ.
‘കൺട്രോൾ സി’ ‘കൺട്രോൾ വി’ അഥവാ ‘കോപ്പി പേസ്റ്റ്’ എന്ന പുതിയ വിപ്ലവപരിപ്രേക്ഷ്യമാണ് കേരളത്തിലെ ഗവേഷകരും അവരുടെ ഗൈഡുമാരും ചേർന്ന് ചിന്തേരിട്ട് മിനുക്കുന്നത്. ‘കോപ്പി പേസ്റ്റ്’ എന്ന സിദ്ധാന്തം മാത്രമല്ല, കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക എന്ന സിദ്ധാന്തവും ഗവേഷണകുതുകി താനെഴുതിയ ഗവേഷണപ്രബന്ധത്തിൽ പുതുക്കിയെഴുതിയിട്ടുണ്ട്. കവിത എഴുതിയ ആളെ ഓർമവരാത്തതുകൊണ്ടോ ഇനി കവിക്ക് പുരോഗമനം കുറച്ച് കുറവായിപ്പോയതുകൊണ്ടോ, മറ്റൊരു പേര് കണ്ടുപിടിച്ച് ചാർത്തിക്കൊടുത്തതുമാവാം. എന്തായാലും ചിന്തയില്ലാതെ ചെയ്ത ഗവേഷണം കണ്ടാൽ, ആരും പറഞ്ഞുപോകും ‘ഹന്ത ചിന്തയ്ക്ക് ഇന്ത ഡോക്ടറേറ്റ്’ എന്ന്.‘മറ്റൊന്നിൽ ധർമയോഗത്താലതുതാനല്ലയോ ഇത് എന്നു വർണ്യത്തിലാശങ്ക’ പോയിട്ട് വസ്തുതയിൽ പോലും ആശങ്കയില്ലാതെയാണ് ഗൈഡും ഗവേഷകയും കൂടി ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി ‘വൈലോപ്പിള്ളി’ക്ക് കൊടുത്തത്.
ഗവേഷണപടുതിയുടെ കാര്യത്തിൽ വളരെയധികം ചിന്തയുള്ള വ്യക്തിയാണ് ഈ ഗവേഷണപ്രബന്ധം എഴുതിയത്. മലയാളത്തിലിറങ്ങിയ ജിമിക്കി കമ്മൽ എന്ന സിനിമാപാട്ടിനെ കീറിമുറിച്ച് എല്ലാ അമ്മമാരും ജിമിക്കി കമ്മലിടാറുണ്ടോ? കമ്മൽ എടുത്തുകൊണ്ടുപോകുന്ന അച്ഛന്മാർ കേരളത്തിലുണ്ടോ? കേരളത്തിലെ അമ്മമാർ ബ്രാണ്ടി കുടിക്കുമോ? എന്നൊക്കെയുള്ള നീറുന്നപ്രശ്നങ്ങൾ കണ്ടെത്തിയ പ്രതിഭ. സെൽഫിയുടെ കാര്യത്തിലും ഇതുപോലെ സ്വന്തം ചിന്തയിൽ വലിയൊരു ഗവേഷണം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് പറയുന്നത് ശരിയാകണമെന്നില്ല. മലയാളസിനിമയെ കുറിച്ചുള്ള ഗവേഷണപ്രബന്ധത്തിൽ കോപ്പിയടിയോ കോപ്പി പേസ്റ്റോ ഉണ്ടെന്നുപറയുന്നവർ ജിമിക്കി കമ്മൽ മുതൽ സെൽഫി പ്രതിഭാസം വരെയുള്ള അചിന്ത്യമായ ചിന്തകൾ ഉൾക്കൊള്ളുന്ന ഗവേഷണപ്രഭാഷണങ്ങൾ കേൾക്കാത്ത മൂഢരാണ്.
കേരള സർവകലാശാലയിൽ കവിതയെയും കവിയെയും ഒക്കെ മാറ്റിയെഴുതി പിഎച്ച്.ഡി വാങ്ങുന്നത് ഇതാദ്യമല്ല. ദശകങ്ങൾക്ക് മുമ്പുതന്നെ ഉണ്ടായിട്ടുണ്ട്. ആ ഗവേഷണപ്രബന്ധത്തിനോ അത് രചിച്ച ആളിനോ ഒന്നും സി.പി.എമ്മുമായി ബന്ധമൊന്നുമില്ല. മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള സംഭവം വാർത്തകളുടെ ആർക്കൈവ്സ് നോക്കിയാൽ കാണാനാകും. അന്ന് ആ പ്രതിഭ വയലാർ കവിതകളിൽ പഠനം നടത്തിയാണ് ഡോക്ടറേറ്റ് നേടിയത്. എന്നാൽ, അതിൽ ഉൾപ്പെടുത്തിയ കവിതകൾ പലതും ഒ.എൻ.വിയുടേതായിരുന്നു എന്ന് വിമർശനമുയർന്നു. അതായത്, ഗവേഷകരുടെ കൈപ്പിഴകളും ഗൈഡുകളുടെ കൊറ്റിക്കാൽ നിൽപും ഇപ്പോൾ തുടങ്ങിയതല്ല എന്നുചുരുക്കം.
അന്ന് ഗവേഷണപ്രബന്ധങ്ങൾ എല്ലാവർക്കും വേഗത്തിൽ ലഭിക്കാനോ അതിൽ പ്ലേജറിസം ഉണ്ടോയെന്ന് നോക്കാനോ പോയിട്ട് ഇ-മെയിൽപോലും ഇല്ലാതിരുന്ന കാലമായതിനാൽ അതിലെ കാര്യങ്ങളൊക്കെ ഒരു വാർത്തക്കപ്പുറം മാഞ്ഞുപോയി. യു.ജി.സി നിരക്കിൽ ശമ്പളപരിഷ്കരണം വന്നതോടെ, അധ്യാപകർക്ക് ഗവേഷണബിരുദം ആവശ്യമായിവന്നപ്പോൾ മുതലാണ് ഇത്തരം ഗവേഷണപ്രവണതക്ക് തുടക്കമായത്. ഈ കാലയളവിൽ രൂപപ്പെട്ടതാണ് ‘ഫാക്കൽറ്റി ഇംപ്രൂവമെന്റ് പ്രോഗ്രാം’ എന്ന് ഔദ്യോഗികമായി പറയുകയും ഭൂരിപക്ഷം പേരുടെയും കാര്യത്തിൽ ‘ഫാമിലി ഇംപ്രൂവ്മെന്റ് പ്രോഗ്രാം’ ആയി മാറുകയും ചെയ്ത എഫ്.ഐ.പി എന്ന ഗവേഷണത്തിനായി ശമ്പളത്തോടുള്ള അവധിനൽകൽ പദ്ധതി. ആ അധ്യാപകരുടെ ഗവേഷണവും അതിലൂടെ പുറത്തുവന്ന ഔട്ട്പുട്ടും തന്നെ ഒന്നിലേറെ ഗവേഷണങ്ങൾക്ക് വിഷയമാണ്.
വിദ്യാഭ്യാസ മേഖലയിൽ സർക്കാർ പണം ഇത്രയധികം പാഴാക്കിയ മറ്റൊരു പദ്ധതി ഒരുപക്ഷേ മറ്റൊന്നുമുണ്ടാവാനിടയില്ല. സംഘടിത കോളജ് അധ്യാപകസമൂഹത്തിനും അവർ നൽകുന്ന പിരിവിനും മുന്നിൽ ഇടതുവലത് ഭേദമില്ലാതെ മുട്ടുമടക്കിയപ്പോൾ തിരിച്ചടിയായത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിനാണ്. ഇതുപോലുള്ള അപവാദങ്ങൾ ഒഴിച്ചുനിർത്തിയാൽ ഏറ്റവും മികച്ചരീതിയിലും അതികഠിനമായ കാലങ്ങളിലൂടെ കടന്നുപോയും ഗവേഷണം നടത്തുന്നവരാണ് ഇവിടത്തെ ഗവേഷകരിൽ ഭൂരിപക്ഷവും. പ്രത്യേകിച്ച്, വിദ്യാർഥികളായ ഗവേഷകസമൂഹം. ഇപ്പോഴത്തെ വാഴക്കുലയിലായാലും യഥാർഥ ഗവേഷണത്തിലായാലും സംഭവിച്ചേക്കാവുന്ന കൈപ്പിഴകൾ കണ്ടെത്തി തിരുത്തിനൽകേണ്ട ഉത്തരവാദിത്തം ഗൈഡിനില്ലേ. അതോ ചമഞ്ഞുനടക്കാനാണോ ഗൈഡ് പദവി. ഇതിന് പുറമെ ഡോക്ടറൽ അഡ്വൈസറി കമ്മിറ്റി എന്നൊന്നില്ലേ.
അവർ ഇത് കാണില്ലേ. ഓപൺ ഡിഫൻസ് നടക്കുമ്പോഴും ആരുടെയും കണ്ണിൽ ഇതൊന്നും പെടില്ലെന്നുണ്ടോ. പിന്നെ എന്തുകുന്തവും കുടച്ചക്രവുമാണ് ഇപ്പറയുന്ന സംവിധാനംകൊണ്ട് ഗവേഷകരും ഗൈഡും സർവകലാശാലയും ഒക്കെ അർഥമാക്കുന്നത്. എന്തിന്, ഇത്തരം സംവിധാനങ്ങളൊന്നുമില്ലാത്ത എട്ടാം ക്ലാസ് പരീക്ഷക്ക് വാഴക്കുലയുടെ കർത്താവ് ആരെന്നചോദ്യത്തിന് വൈലോപ്പിള്ളിയെന്ന് എഴുതിയാൽ കൈപ്പിഴയുടെ പേരിൽ ആരെങ്കിലും മാർക്ക് നൽകുമോ.
അനുവദിക്കപ്പെട്ട നിശ്ചിതസമയത്തിൽ കൂടുതലെടുത്ത് പട്ടിണിയും പരിവട്ടവുമായാണ് പല ഗവേഷകരും തങ്ങളുടെ പ്രബന്ധങ്ങൾ പൂർത്തിയാക്കുന്നത്. അവർ അതിനെടുക്കുന്ന ശാരീരികവും മാനസികവുമായ സമ്മർദങ്ങളും വെല്ലുവിളികളും ചെറുതല്ല. ഗൈഡുമാരിൽനിന്നും വീട്ടുകാരിൽനിന്നും സമൂഹത്തിൽനിന്നുമൊക്കെ അവരിൽ പലരും നേരിടുന്നത് പറയാൻപോലും പറ്റാത്തത്ര കഠിനവും ക്രൂരവുമായ പീഡനങ്ങളാണ്. തങ്ങൾ പഠിക്കുന്ന വിഷയങ്ങൾ ഗവേഷകർക്ക് നൽകുന്ന ഉൾക്കാഴ്ച അവരെ പലപ്പോഴും അലോസരപ്പെടുത്താം, അസ്വസ്ഥമാക്കാം, അത്ഭുതപ്പെടുത്താം. ഇതൊക്കെ അവരുടെ വ്യക്തിജീവിതത്തെയും വളരെയധികം ബാധിക്കാം. ഇങ്ങനെയൊക്കെ ഒട്ടേറെ പ്രതിസന്ധികൾ മറികടന്ന് ഗവേഷണം നടത്തുന്നവരാണ് ഭൂരിപക്ഷം പേരും. അവരെയെല്ലാം അപഹസിക്കുന്നതും അപമാനിക്കുന്നതുമാണ് ഇതുപോലത്തെ ചിന്തയില്ലാത്ത തത്തമ്മേ പൂച്ച, പൂച്ച എന്ന പ്രസംഗം പോലുള്ള കോപ്പി പേസ്റ്റ് ഗവേഷണപ്രബന്ധങ്ങൾ എഴുതുന്നവരും അതിനൊക്കെ എന്തിനോവേണ്ടി തുല്യംചാർത്തുന്ന ഗൈഡുമാരും.
ഇത്തരം ഗവേഷണവും ഗൈഡുമാരുമാണ് കേരളത്തിൽനിന്ന് വിദ്യാർഥികളെ പുറത്തുപോകാൻ പ്രേരിപ്പിക്കുന്നത് എന്ന് വ്യാഖ്യാനിക്കുന്നത് അതിലേറെ അപകടമാകും. അത് വസ്തുതാപരമല്ലാത്ത നിരീക്ഷണവുമാണ്. പുറത്തുപോയി പഠിച്ചുവന്നവർ മാത്രമല്ല, കേരളത്തിന് പുറത്തെ ലോകത്ത് എന്തെങ്കിലും രീതിയിൽ ജീവിക്കാൻ കഴിയുന്നവർ അവർ ഏത് രാഷ്ട്രീയം പറയുന്നവരായിക്കൊള്ളട്ടെ കേരളത്തിലേക്ക് തിരിച്ചുവരാൻ മടിക്കുന്നുണ്ട്. അതിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്തിക്കൊണ്ടേ വിദ്യാർഥികൾ പുറത്തുപോകുന്നതിനെക്കുറിച്ച ആശങ്കകൾ പരിഹരിക്കാനാവൂ. അന്യന്റെ മേലുള്ള മലയാളിയുടെ ഒളിഞ്ഞുനോട്ട മനസ്സ് അതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് വിദ്യാർഥികൾ പറയുന്നു എന്നതും വാസ്തവം.
തെറ്റുപറ്റിയാൽ തെറ്റുപറ്റിയെന്നും അത് തിരുത്തുകയും ചെയ്യുക എന്നതാണ് വഴി. ഗവേഷകർക്ക് തെറ്റുപറ്റിയാൽ അത് കണ്ടെത്തി തിരുത്തിക്കാൻ ഉത്തരവാദിത്തമുള്ളവർ എന്തുചെയ്തു എന്നചോദ്യമാണ് ഈ ഗവേഷണവിവാദം ഉയർത്തുന്നത്. അത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ അവസ്ഥയിലേക്കുള്ള ചൂണ്ടുപലകകൂടിയാണ്. അവിടെയാണ് പ്രശ്നവും പരിഹാരവും ആവശ്യമായത്. അതിന് പകരം ഗവേഷകയുടെ ന്യായീകരണങ്ങളോ അവരെ പിന്തുണക്കുന്നവരുടെ രാഷ്ട്രീയകളികളോ അധികാരത്തിലെ പിടിപാടുകളോ ഉന്നത വിദ്യാഭ്യാസമേഖലയിൽ പ്രത്യേകിച്ച്, മാറ്റമൊന്നുമുണ്ടാക്കാൻ പോകുന്നില്ല. ഈ കേരളത്തിൽ ഇരുന്നുകൊണ്ടാണ് നമ്മളിവിടെ നോളജ് ഇക്കോണമിയും എജുക്കേഷനൽ ഹബുമൊക്കെ സൃഷ്ടിക്കാൻ ചാടിപ്പുറപ്പെടുന്നത്. അത്തരം പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ സ്വന്തം കൺമുന്നിലുണ്ടാകുന്ന തെറ്റുകളെങ്കിലും തിരുത്താനുള്ള മനസ്സുണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.