വ്യാഴാഴ്ച ആദ്യഘട്ട പോളിങ് നടന്ന പടിഞ്ഞാറൻ യു.പിയിൽ ഏറെ ആവേശപൂർവമാണ് വോട്ടർമാർ ബൂത്തിലേക്കൊഴുകിയത്. ഇതിൽനിന്ന് എന്താണ് വായിച്ചെടുക്കേണ്ടത്? നിലവിലെ ഭരണത്തിനെതിരായ വികാരമാണ് വോട്ടർമാരെ കൂട്ടമായി പോളിങ് സ്റ്റേഷനിലെത്തിച്ചതെന്ന് ഉറപ്പിക്കാൻ കഴിയുമോ? അതാണ് വാസ്തവമെങ്കിൽ തുടർഭരണം തേടുന്ന യോഗിക്കും സംഘത്തിനും അൽപം തലവേദനതന്നെയാവും.
58 മണ്ഡലങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 403ൽ 312 സീറ്റുകളിൽ വിജയം കൈവരിച്ച ബി.ജെ.പിക്ക് 53 എണ്ണം സംഭാവന ചെയ്ത മേഖലയാണ് പടിഞ്ഞാറൻ യു.പി.
കഴിഞ്ഞ കുറി ഈ മേഖലയിൽ അഭൂതപൂർവമായ നേട്ടം കൊയ്യാൻ ബി.ജെ.പിക്ക് തുണയായതെന്താണെന്ന് നാം ഏവരും ഓർമിക്കുന്നുണ്ട്. 2013ലെ കുപ്രസിദ്ധമായ മുസഫർനഗർ വംശീയ അതിക്രമത്തെ തുടർന്ന് വൻതോതിൽ പ്രകടമായ ഹിന്ദു ധ്രുവീകരണമായിരുന്നു അതിന് കാരണം. ജാട്ടുകൾക്ക് മേൽക്കോയ്മയുള്ള ഈ കർഷക മേഖലയിൽ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ വലിയ വിടവ് സൃഷ്ടിക്കുന്നതിൽ വിജയിച്ച ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് വിജയം അത്രയേറെ പ്രയാസമില്ലാത്ത ഒരു ഏർപ്പാടായി മാറുകയായിരുന്നു. എന്നാലിന്ന് പരമ്പരാഗതമായി നിലനിന്നിരുന്ന സൗഹാർദത്തിലേക്ക് ജാട്ടുകളും മുസ്ലിംകളും മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നതായി കാണാം. അവർക്കിടയിലെ മുറിവുകൾ ഉണങ്ങിക്കൊണ്ടിരിക്കുന്നു. വിവാദ കാർഷിക നിയമങ്ങൾ അടിച്ചേൽപിച്ച് കർഷകസമൂഹത്തെ സമരത്തിലേക്കും ദുരിതങ്ങളിലേക്കും തള്ളിവിട്ട മോദി സർക്കാർ നടപടി ഒരുതരത്തിൽ പറഞ്ഞാൽ അടിസ്ഥാന വിഭാഗങ്ങൾക്കിടയിൽ ഐക്യത്തിനുള്ള പാലമായി മാറുകയായിരുന്നു.
സമുദായങ്ങൾക്കിടയിൽ രൂപപ്പെട്ട ഐക്യം ഭരണപാർട്ടിയെ നന്നായി ആശങ്കയിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പായി അവർക്കിടയിൽ വേർതിരിവ് സൃഷ്ടിക്കാൻ കിട്ടുന്ന ഒരു അവസരം പോലും പാഴാക്കാതിരിക്കാനും ഭരണപക്ഷം ശ്രദ്ധിക്കുന്നുമുണ്ട്.
മനസ്സില്ലാമനസ്സോടെയാണെങ്കിലും കാർഷിക നിയമങ്ങൾ പിൻവലിക്കാൻ മോദി സർക്കാർ സന്നദ്ധമായത് ജാട്ടുകളെ വരുതിയിലാക്കാൻ വേണ്ടിത്തന്നെയായിരുന്നു. പക്ഷേ, അപ്പോഴേക്കും 700ഓളം കർഷകരുടെ ജീവൻ പൊലിഞ്ഞിരുന്നു, അത് അത്ര പെട്ടെന്ന് മറക്കാനും പൊറുക്കാനും കഴിയുന്ന നഷ്ടമല്ലല്ലോ. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറായി എന്നതു ശരിതന്നെ. പക്ഷേ, ഭീകരവാദികളെന്നും ഖലിസ്ഥാനികളെന്നും വിഘടനവാദികളെന്നുമൊക്കെയുള്ള വിളി കേട്ടതിന്റെ വിഷമം കർഷകരിലുണ്ട്.
അക്കിടി മനസ്സിലാക്കിയ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അവർക്ക് എളുപ്പത്തിൽ വഴങ്ങുന്ന വിദ്യ പുറത്തെടുത്തതിൽ യാതൊരത്ഭുതവുമില്ല. പക്ഷേ, ജാട്ടുകളെയും മുസ്ലിംകളെയും വീണ്ടും തമ്മിൽ തെറ്റിക്കാനുള്ള ശ്രമം അങ്ങനെ വിലപ്പോയില്ലെന്ന് പറയേണ്ടിവരും.
ഞങ്ങളൊരു മാറ്റത്തിനാണ് കാത്തിരിക്കുന്നത് എന്നായിരുന്നു 11 കാർഷിക ജില്ലകളിലും റിപ്പോർട്ടർമാരോടുള്ള സാമാന്യ ജനങ്ങളുടെ പ്രതികരണം. ബി.ജെ.പിയുടെ അവകാശവാദങ്ങളും വാഗ്ദാനങ്ങളും പുതുമ നഷ്ടപ്പെട്ടവയും വിരസവുമായി അവർക്ക് തോന്നിത്തുടങ്ങി എന്നതുതന്നെ കാര്യം. വിലക്കയറ്റവും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പുലർത്തിയ ഉപേക്ഷയും ഉൾപ്പെടെ മറ്റു ചില വിഷയങ്ങളും ഈ മേഖലയിലെ ജനങ്ങളെ അലട്ടുന്നുണ്ട്.
അഖിലേഷ് യാദവ്-ജയന്ത് ചൗധരി സഖ്യം നടത്തുന്ന പ്രചാരണത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട രീതിപോലും തങ്ങൾക്കെതിരായ പരോക്ഷ ഭീഷണിയായി ജാട്ടുകൾ കാണുന്നുണ്ട്. അവരുടെ ചൂട് ഞാൻ മാറ്റിക്കൊടുക്കാമെന്നും മാർച്ച് 10 കഴിയുന്നതോടെ ഇവിടം ഷിംല പോലെയാക്കുമെന്നുമായിരുന്നു ആദിത്യനാഥിന്റെ പറച്ചിൽ. ഒരു മുഖ്യമന്ത്രിക്ക് ചേർന്ന ഭാഷയോ ഇതെല്ലാം എന്നു ചോദിച്ച ഭാരതീയ കിസാൻ യൂനിയൻ മേധാവി രാകേശ് ടികായത് ഈ ഭീഷണി ബൂമറാങ് പോലെ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.
സമാജ്വാദിയുടെ ഭരണകാലത്ത് നിയമരാഹിത്യമായിരുന്നുവെന്ന പ്രചാരണവും പടിഞ്ഞാറൻ മേഖലയിൽ ഏശിയിട്ടില്ല. അഖിലേഷ് ഭരിച്ച 2012-17 കാലത്ത് കുറ്റകൃത്യ തോത് ഉയർന്നിരുന്നു എന്ന് സമ്മതിച്ചാൽപോലും ഉന്നാവ്, ഹാഥറസ് കൂട്ടബലാത്സംഗ കേസുകളിലെയും ലഖിംപുർഖേരിയിലെ കർഷകഹത്യയിലെയും പ്രതികൾക്ക് യോഗി സർക്കാർ സംരക്ഷണമൊരുക്കിയെന്ന് വോട്ടർമാർ ആരോപിക്കുന്നു. യോഗിയുടെ തട്ടകമായ ഗോരഖ്പുരിൽ ഒരു യുവ വ്യാപാരി കൊല്ലപ്പെട്ട സംഭവവും അവർ എടുത്തുപറയുന്നു. ഈ സംഭവങ്ങളിലെല്ലാം സർക്കാർ കൈക്കൊണ്ട നടപടികൾ എണ്ണിപ്പറയുന്ന സർക്കാർ വക്താക്കൾ ഒരുകാര്യം സൂത്രത്തിൽ മറച്ചുപിടിക്കുന്നു- സുപ്രീംകോടതിയോ അലഹബാദ് ഹൈകോടതിയോ ഇടപെട്ടശേഷം മാത്രമാണ് സർക്കാർ എന്തെങ്കിലും ചെയ്യാൻ തയാറായത് എന്ന യാഥാർഥ്യം.
അഖിലേഷിനെ ഉന്നംവെച്ച് പ്രധാനമന്ത്രി നടത്തുന്ന പരിവാർവാദ് (കുടുംബവാഴ്ച) ആരോപണവും അൽപം ഊതിപ്പെരുപ്പിച്ചതായാണ് അനുഭവപ്പെടുന്നത്. യാദവ് കുടുംബത്തിലെ 45 പേരാണ് രാഷ്ട്രീയ സ്ഥാനമാനങ്ങൾ കൈയാളുന്നത് എന്ന ആരോപണം അഖിലേഷിനെ താറടിക്കാൻ കൊള്ളാമെന്നല്ലാതെ വസ്തുതകളുടെ യാതൊരു പിൻബലവുമുള്ള കാര്യമല്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിർണായക ശക്തിയായിരുന്ന ബഹുജൻ സമാജ്വാദി പാർട്ടി (ബി.എസ്.പി) ഇക്കുറി പടിഞ്ഞാറൻ യു.പിയിൽ കാര്യമായ നേട്ടമുണ്ടാക്കില്ല. എന്നാൽ, പാർട്ടി മേധാവിയും മുൻ മുഖ്യമന്ത്രിയുമായ മായാവതിയുടെ നീക്കങ്ങളും തന്ത്രങ്ങളും അത്ര പെട്ടെന്ന് ഒരാൾക്കും പിടികിട്ടുകയുമില്ല. ഇക്കുറി തെരഞ്ഞെടുപ്പ് ബഹളങ്ങളിൽനിന്ന് ഒതുങ്ങി മാറിനിന്ന് ബി.ജെ.പിയുടെ ബി ടീം എന്ന മട്ടിലൊരു കളിയാണ് ബി.എസ്.പി കളിക്കുന്നത്. ജയസാധ്യതയില്ലാഞ്ഞിട്ടും പടിഞ്ഞാറൻ യു.പിയിൽ കണ്ടമാനം മുസ്ലിം സ്ഥാനാർഥികളെ അണിനിരത്തിയത് വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് സൗകര്യമൊരുക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ബി.എസ്.പി സ്ഥാനാർഥികളെ കണ്ടില്ലെന്നുനടിച്ച്, ബി.ജെ.പിയെ അകറ്റിനിർത്തണമെന്നുറച്ച് മുസ്ലിം വോട്ടർമാർ സമാജ്വാദി-ആർ.എൽ.ഡി സഖ്യത്തിനനുകൂലമായി നിലകൊള്ളുന്നുവെന്നതിന്റെ സൂചനയാണ് വ്യാഴാഴ്ചത്തെ വോട്ടിങ് പാറ്റേണിൽ പ്രകടമായത്. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ഇടങ്ങളിൽ ബി.ജെ.പിയുടെ സീറ്റ് സംഖ്യ ഇക്കുറി കുറയുമെന്ന കാര്യം ഒരാളും നിഷേധിക്കുന്നില്ല. എന്നാൽ, നഷ്ടത്തിന്റെ ആഘാതം കുറക്കാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ട് ആ പാർട്ടിയുടെ ഉന്നത നേതൃത്വം. ആദ്യഘട്ട പോളിങ് നടക്കുന്ന ദിവസവും കേരളത്തിനും ബംഗാളിനും നേരെപ്പോലും കുത്തുവാക്കുകൾ പറഞ്ഞ് 14ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ റാലികളിൽ അണികളെ ആവേശഭരിതരാക്കാനുള്ള യജ്ഞത്തിലായിരുന്നു അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.