നാല് വർഷം മുമ്പ് ജോ ബൈഡനോട് പരാജയപ്പെട്ട ഡോണൾഡ് ട്രംപിന് വൈറ്റ് ഹൗസും അമേരിക്കൻ ജനതയും യാത്രയയപ്പ് നൽകിയതെങ്ങനെയെന്ന് ഓർമയുണ്ടോ? സാധാരണ അധികാര കൈമാറ്റത്തിന് മുമ്പ് വൈറ്റ് ഹൗസിൽ ചില കീഴ്വഴക്കങ്ങളുണ്ട്: പിൻഗാമിയുമായൊരു കൂടിക്കാഴ്ച; അതുകഴിഞ്ഞ് ലളിതമായൊരു ചായ സൽക്കാരം; ശേഷം, ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമൊപ്പമുള്ള ഫോട്ടോ സെഷൻ; എല്ലാം കഴിഞ്ഞ് കുടുംബത്തോടൊപ്പം പടിയിറക്കം.
എന്നാൽ, അതിനൊന്നും കാത്തുനിൽക്കാതെ ജോ ബൈഡൻ വൈറ്റ് ഹൗസിൽ പ്രവേശിക്കും മുമ്പേ അദ്ദേഹം വാഷിങ്ടൺ വിട്ടു. 2021 ജനുവരി ആറിന് യു.എസ് പാർലമെൻറ് മന്ദിരത്തിലേക്ക് (കാപിറ്റോൾ ബിൽഡിങ്) അതിക്രമിച്ചുകയറാൻ അനുയായികളോട് ആഹ്വാനം ചെയ്തതിന് ഇംപീച്ച്മെന്റ് നടപടിയിലേക്ക് കടക്കുമ്പോഴായിരുന്നു ഈ ഒളിച്ചോട്ടം! ആ ഒളിച്ചോട്ടത്തോടെ ട്രംപ് യുഗം അവസാനിച്ചുവെന്ന് വിധിയെഴുതിയവരുണ്ട്. പക്ഷേ, സംഭവിച്ചത് മറിച്ചായിരുന്നു. സെനറ്റിലെ റിപ്പബ്ലിക്കൻ ഭൂരിപക്ഷത്തിൽ ഇംപീച്ച്മെന്റിൽ ക്ലീൻ ചിറ്റ് വാങ്ങിയതോടെ തുടർന്നും പൊതുജീവിതത്തിൽ തുടരാമെന്നും മത്സരിക്കാമെന്നുമായി.
അപ്പോഴും, 75 പിന്നിട്ടൊരാൾ അതിന് മുതിരില്ലെന്നാണ് കരുതിയത്. പിന്നീട്, ലൈംഗിക പീഡനം അടക്കമുള്ള നിരവധി കേസുകൾക്കിടയിൽപെട്ടതോടെ അക്കാര്യം തീർച്ചപ്പെടുത്തുകയും ചെയ്തു. പക്ഷേ, സംഭവിച്ചതത്രയും മറിച്ചാണ്: റിപ്പബ്ലിക്കൻ പാർട്ടിയിലെ ആഭ്യന്തര ശത്രുക്കളെ ആദ്യം ഒതുക്കി; ശേഷം, ഉന്മാദരാഷ്ട്രീയത്തിന്റെ തന്റെ പഴയ മുദ്രാവാക്യങ്ങൾ പഴയതിലും ശക്തിയിൽ ഡെമോക്രാറ്റുകൾക്കെതിരെ പ്രയോഗിച്ചു. അതിപ്പോൾ ഫലം കണ്ടിരിക്കുന്നു. 78ാം വയസ്സിൽ വീണ്ടും പ്രസിഡന്റ് പദവിയിൽ. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്.
ട്രംപിന്റെ രണ്ടാം വരവിന് വഴിയൊരുക്കിയതെന്ത് എന്ന ചോദ്യത്തിന്റെ ഉത്തരം ലളിതം: ട്രംപ് പോയാലും ‘ട്രംപിസം’ അത്ര പെട്ടെന്ന് മാഞ്ഞുപോവില്ലെന്ന് അമേരിക്കയിലെ രാഷ്ട്രീയ പണ്ഡിറ്റുകൾ ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത നിമിഷത്തിലേ പ്രവചിച്ചിരുന്നു. നാലുവർഷം മുമ്പ് അദ്ദേഹം ബാക്കിവെച്ച തീവ്രവലതുപക്ഷ നയങ്ങളിൽ കാര്യമായ മാറ്റം വരുത്താൻ ബൈഡന്റെ ഭരണകൂടത്തിനായില്ല. ഭരിക്കുന്നത് ഡെമോക്രാറ്റുകളായിരുന്നുവെങ്കിലും നയം റിപ്പബ്ലിക്കൻ പാർട്ടിയുടേതായിരുന്നു.
അതുകൊണ്ടാണ്, കുടിയേറ്റ നിയമത്തിലും വിദേശകാര്യ നയത്തിലുമെല്ലാം ഒരു മാറ്റവുമില്ലാതിരുന്നത്. മറുവശത്ത്, രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വലിയതോതിൽ ഇടിവ് സംഭവിക്കുകയും ചെയ്തു. അതോടെ, ട്രംപിന് കാര്യങ്ങൾ എളുപ്പമായി. 2022 നവംബറിലാണ് അദ്ദേഹം മൂന്നാമതും പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഈ ഘട്ടത്തിൽ അദ്ദേഹത്തിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ കാര്യമായ പിന്തുണയുണ്ടായിരുന്നില്ല. ഇംപീച്ച്മെന്റിൽ ജനപ്രതിനിധി സഭ അദ്ദേഹത്തിനെതിരായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, സെനറ്റിൽ അതുണ്ടായില്ല.
പക്ഷേ, ഏഴ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. 2023 ഡിസംബറിൽ കൊളറാഡോ സുപ്രീംകോടതി കാപിറ്റോൾ ബിൽഡിങ് ആക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കി. 2024 മാർച്ചിൽ യു.എസ് സുപ്രീംകോടതി ഈ വിധി റദ്ദാക്കിയതോടെ അദ്ദേഹത്തിന് മത്സരിക്കാമെന്നായി.
നിക്കി ഹാലി, ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി തുടങ്ങിയവരായിരുന്നു ട്രംപിനെതിരെ റിപ്പബ്ലിക്കൻ റേസിലുണ്ടായിരുന്നത്. വൻഭൂരിപക്ഷത്തിൽ ട്രംപ് വിജയിച്ചു. ജൂലൈയിൽ അദ്ദേഹത്തെ ഔദ്യോഗിക സ്ഥാനാർഥിയായി റിപ്പബ്ലിക്കൻ പാർട്ടി പ്രഖ്യാപിച്ചു. ഇതിനിടയിൽ, ജോ ബൈഡൻ മത്സരരംഗത്തുനിന്ന് പിന്മാറി, കമല ഹാരിസ് വന്നത് ട്രംപിന് ഗുണകരമായി. ഡെമോക്രാറ്റിക് ക്യാമ്പ് അൽപം ക്ഷീണത്തിലാണെന്ന് സ്ഥാപിക്കാൻ ഇതിലൂടെ ട്രംപിന് സാധിച്ചു.
പാർട്ടിക്കുള്ളിലെ മത്സരസമയത്തും പിന്നീട് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണസമയത്തുമെല്ലാം വിദ്വേഷപൂർണമായ പരാമർശമാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. തുടർച്ചയായ വംശീയ പരാമർശങ്ങൾ അദ്ദേഹം കമല ഹാരിസിനും മറ്റും നേർക്ക് പ്രയോഗിച്ചു. ശരിക്കും ട്രംപിസം തന്നെ. ഇതിനിടയിൽ ഒരു പ്രസംഗത്തിനിടെ അദ്ദേഹത്തിന്റെ ചെവിക്ക് വെടിയേറ്റതും വാർത്തയായി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ട്രംപും കമലയും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നുവെന്നാണ് സർവേ ഫലങ്ങൾ പ്രവചിച്ചത്. എന്നാൽ, ഫലം പുറത്തുവരുമ്പോൾ സാമാന്യം മികച്ച വിജയമാണ് ട്രംപിന് അമേരിക്കൻ ജനത സമ്മാനിച്ചിരിക്കുന്നത്. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തോടൊപ്പമാണ് ഭൂരിഭാഗം അമേരിക്കക്കാരുമെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അതിനപ്പുറം, പാർട്ടി വ്യത്യാസമില്ലാതെ അമേരിക്ക എത്രമേൽ വലത്തോട്ട് ചാഞ്ഞുവെന്നും തെരഞ്ഞെടുപ്പ് ചിത്രം വിശദമാക്കുന്നുണ്ട്.
1946 ജൂൺ 14ന് ന്യൂയോർക് സിറ്റിയിലാണ് ട്രംപ് ജനിച്ചത്. വിദ്യാഭ്യാസത്തിനുശേഷം പിതാവിനൊപ്പം ബിസിനസിലാണ് ശ്രദ്ധിച്ചത്. 1982ൽ, അദ്ദേഹത്തിന്റെ ‘ട്രംപ് മാനേജ്മെൻറ് കോർപറേഷൻ’ എന്ന സ്ഥാപനത്തിനെതിരെ യു.എസ് നീതിന്യായ വകുപ്പ് വംശവിവേചനത്തിന് നിയമനടപടി സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു. അതിനുശേഷം, പിതാവിനെ വീട്ടിലിരുത്തി ബിസിനസ് സ്വന്തമായി നോക്കിനടത്താൻ തുടങ്ങി.
അതോടെ, പിതാവിനെക്കാൾ വലിയ ബിസിനസുകാരനായി. ആ പേരിൽ വലിയൊരു ബിസിനസ് സാമ്രാജ്യവും അമേരിക്കയിൽ കെട്ടിപ്പൊക്കി. റിയൽ എസ്റ്റേറ്റിലും ബ്രാൻഡിങ്ങിലുമൊക്കെയായി എത്രയോ സംരംഭങ്ങൾ. ഇതിനിടെ, ലോകസുന്ദരി മത്സരം അടക്കമുള്ള വലിയ പരിപാടികളുടെ സംഘാടകനും ടി.വി അവതാരകനുമായി.
പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് തൊട്ടുമുമ്പുവരെ, ‘അപ്രൻറിസ്’ എന്ന ബിസിനസ് റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു. ഏതാനും സിനിമകളിലും മുഖം കാണിച്ചു. ബിസിനസിലും രാഷ്ട്രീയത്തിലുമായി 19 പുസ്തകങ്ങൾ രചിച്ചു. നാലരപതിറ്റാണ്ടിനിടയിലെ ബിസിനസ് കരിയറിനിടെ, 4000 കേസുകളാണ് നേരിട്ടത്. ഇത്രയധികം കോടതി കയറിയിറങ്ങിയ മറ്റൊരു രാഷ്ട്രീയ നേതാവുമുണ്ടാകില്ല. മൂന്ന് ഭാര്യമാരിലായി അഞ്ച് മക്കളുണ്ട്.
വാഷിങ്ടൺ: അമേരിക്കക്ക് സുവർണകാലം വാഗ്ദാനം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫലമറിഞ്ഞശേഷം ഫ്ലോറിഡയിലെ പാം ബീച്ച് കൺവെൻഷൻ സെന്ററിൽ അനുയായികളെ അഭിസംബോധന ചെയ്യവെയാണ് ട്രംപിന്റെ പ്രഖ്യാപനം. അസാധാരണവും അതിശക്തവുമായ ജനവിധിയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ മെലാനിയ ട്രംപ്, മറ്റ് കുടുംബാംഗങ്ങൾ, നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഭാര്യ ഉഷ വാൻസ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ജെ.ഡി. വാൻസും ഭാര്യയും നൽകിയ പിന്തുണ അതുല്യമാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ജനവിധിയാണിത്. ഇത്തരമൊരു മുന്നേറ്റം മുമ്പ് കണ്ടിട്ടില്ല. എക്കാലത്തെയും മികച്ച രാഷ്ട്രീയ മുന്നേറ്റമാണ് ഇതെന്ന് താൻ വിശ്വസിക്കുന്നു. രാജ്യത്തും ഒരു പക്ഷേ മറ്റൊരിടത്തും ഇതുപോലൊന്ന് സംഭവിച്ചിട്ടുണ്ടാകില്ല. രാജ്യത്തിന്റെ മുറിവുണക്കാനുള്ള ശ്രമമാണ് ഇനി. അങ്ങനെ ഈ മുന്നേറ്റം പുതിയൊരു തലത്തിലേക്ക് കടക്കുകയാണ് -അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റം തടയുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചുവരവുകളിലൊന്നാണ് ട്രംപിന്റെ വിജയമെന്ന് നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു. ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൻ കീഴിൽ സമ്പദ്വ്യവസ്ഥയിലും ശക്തമായ തിരിച്ചുവരവുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.