അറിയാത്ത രോഗം വന്നാൽ ആദിവാസികൾക്ക് ചികിത്സ അറിയില്ല. ആക്രമിക്കപ്പെടുമെന്നും വിവരമില്ല. അവർ പരസ്പരം തല്ലുണ്ടാക്കാറുണ്ടെങ്കിലും ആദിവാസികൾ സംഘടിതമായി ആരെയും തല്ലിക്കൊന്നിട്ടില്ല. ഉൗരിലെത്തുന്ന മൃഗങ്ങൾക്കുപോലും ഒരു ഒാഹരി ഭക്ഷണം നൽകുന്നതാണ് അവരുടെ ശീലം. അത്തരമൊരു സമൂഹത്തിലെ യുവാവിനെയാണ് ഭക്ഷണ സാധനങ്ങൾ മോഷ്ടിെച്ചന്ന പേരിൽ ഒരു സംഘമാളുകൾ ചേർന്ന് കെട്ടിയിട്ട് മർദിച്ചത്.
അടുത്തകാലത്തായി അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ കാണപ്പെടുന്ന ഉണർവിൽ കുടിയേറ്റക്കാർ വല്ലാതെ അസ്വസ്ഥരാണ്. അവരെ അടിച്ചമർത്താൻ ലഭിക്കുന്ന ഏത് അവസരവും അവർ ഉപയോഗിക്കുന്നു. അതു തന്നെയാകണം മധുവെന്ന മാനസികവൈകല്യമുള്ള ആ യുവാവിനെ അടിച്ച് കൊല്ലുന്നതിലേക്ക് നയിച്ചതും. മോഷ്ടിച്ചെങ്കിൽ തല്ലിക്കൊല്ലേണ്ട കാര്യമുണ്ടോ? ആദിവാസി അല്ലായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ? കള്ളനെന്ന് നാട്ടുകാർ ആരോപിക്കുന്ന മധു എന്ന ആദിവാസി യുവാവിനെ പിടിച്ചുകൊണ്ടുപോകാനാണ് പൊലീസ് താൽപര്യം കാണിച്ചത്. മർദിച്ചവരെ പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം അപ്പോൾ തന്നെ എന്തുകൊണ്ട് അറസ്റ്റുചെയ്തില്ലെന്നു പരിശോധിക്കണം. ഇതും ഒറ്റപ്പെട്ട സംഭവമല്ല. അട്ടപ്പാടിയിൽ ആദിവാസി പ്രതിയാണെങ്കിൽ പൊലീസ് നടപടികൾക്ക് വേഗമുണ്ടാകും. ആദിവാസി വാദിയാണെങ്കിൽ എഫ്.െഎ.ആർ പോലും ഉണ്ടാകണമെന്നില്ല.
പ്രത്യേക പരിഗണന ലഭിക്കേണ്ടതെന്ന് കേന്ദ്ര സർക്കാർ നിശ്ചയിച്ച പട്ടികയിൽ കുറുമ്പ സമുദായത്തിൽപ്പെടുന്നയാളാണ് കൊല്ലപ്പെട്ട മധു. കടുക്മണ്ണിൽ മധുവിന് മാത്രമല്ല മാനസികവൈകല്യം. വേറെയും ചിലരുണ്ട്. അവരും അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ട്. മാനസിക വൈകല്യമുള്ള ആദിവാസി യുവാക്കളെകൊണ്ട് പണിയെടുപ്പിക്കുകയും തക്കംകിട്ടുേമ്പാൾ അവരെ മർദിക്കുകയും ചെയ്യുന്നത് അട്ടപ്പാടിയിലെ പതിവ് കാഴ്ചയാണ്. എന്നാൽ ഒരാളെ തല്ലിക്കൊല്ലുന്നത് ഇതാദ്യം.
അട്ടപ്പാടിയിൽ മാനസിക വൈകല്യം ബാധിച്ച ഒേട്ടറെ പേരുണ്ട്. അവർക്ക് വേണ്ടത് ക്ലിനിക്കലായ ചികിത്സയല്ല, അതിനു അട്ടപ്പാടിയിൽ സൗകര്യമില്ല. ഒരു സംഘടനയുടെ പേരിൽ ഇത്തരക്കാർക്ക് ചികിത്സ നൽകുന്നുണ്ട്. അവർ മരുന്ന് വീട്ടിലേക്ക് കൊടുത്തയക്കും. കൃത്യമായി കഴിക്കുന്നുവോ എന്നു പരിശോധിക്കാൻ പോലും അവർക്ക് സംവിധാനമില്ല. അല്ലെങ്കിലും അവർക്ക് വേണ്ടത് ഇത്തരം ചികിത്സയല്ല. എല്ലാ ആദിവാസി ഉൗരുകളിലും ഏതെങ്കിലുമൊക്കെ തരത്തിൽ മാനസിക വൈകല്യമുള്ളവരെ കാണാം. ചിലർക്ക് വിഷാദരോഗമായിരിക്കും. ചെറുപ്പത്തിലേ ഭക്ഷണം കിട്ടാത്ത പ്രശ്നമുണ്ട്. പഠിച്ചിട്ടും ജോലി ലഭിക്കാത്തത് മൂലമുള്ള മാനസിക പ്രയാസങ്ങളുണ്ട്. സ്ത്രീകളെ പുറത്തുനിന്നുള്ളവർ ആക്രമിക്കുന്നതിൽനിന്നുള്ള പ്രശ്നങ്ങളുണ്ട്. പ്രണയ നൈരാശ്യമുണ്ട്. അങ്ങനെ നിരവധിയാണ് കാരണങ്ങൾ. എന്നാൽ, ഇതൊന്നും സർക്കാർ ഗൗരവമായി കാണുന്നില്ല.
ആദിവാസികളോടുള്ള പൊതുസമൂഹത്തിെൻറ നിലപാടാണ് അട്ടപ്പാടിയിൽ നിന്നുള്ള ആ വിഡിയോയിലൂടെ പുറത്തുവരുന്നത്. കുരങ്ങു കളിപ്പിക്കുക എന്നത് സ്ഥിരം പരിപാടിയാണ്. മനോരോഗിയായ പെൺകുട്ടികൾ പീഡനത്തിനിരയായ നിരവധി സംഭവങ്ങളുണ്ട്. ആദിവാസി മേഖലയിലെ മാനസിക വൈകല്യ ചികിത്സക്ക് പ്രത്യേക പദ്ധതിവേണമെന്ന ആവശ്യം പലവട്ടം സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തിയതാണ്. ആദിവാസികൾക്കിടയിൽ മാനസിക വൈകല്യം വർധിക്കാൻ സാംസ്കാരികപരമായ ചില കാരണങ്ങളും ഉണ്ട്. മദ്യപാനവും കാരണമാണ്. പുരുഷന്മാരിലാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ആദിവാസി മേഖലകളിൽ പുരുഷന്മാർക്കു വേണ്ടി പദ്ധതിയില്ലെന്നതും ശ്രദ്ധേയമാണ്. എല്ലാ പദ്ധതികളും സ്ത്രീകൾക്കുവേണ്ടിയാണ്. രാഷ്ട്രീയ പാർട്ടികൾ ജാഥകൾക്കുവേണ്ടി അന്വേഷിക്കുന്നതും സ്ത്രീകളെ.
ആദിവാസികളുടെ സവിശേഷതകൾ മനസ്സിലാക്കി പദ്ധതി തയാറാക്കുന്നതിൽ സർക്കാറും ശ്രദ്ധിക്കുന്നില്ല. 30,000 ജനസംഖ്യയുള്ള പണിയർക്കും 19 ഉൗരുകളിലെ 500 കുടുംബങ്ങളിൽപ്പെട്ട 2500 പേർ മാത്രമുള്ള കുറുമ്പകൾക്കുവേണ്ടിയും ഒരേ പദ്ധതിയാണ്. ഒാരോ സമുദായത്തിെൻറയും സാംസ്കാരികവും സാമൂഹികവുമായ അവസ്ഥ അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണ് ആവശ്യം. ആദിവാസിയെ കള്ളനാക്കുക എന്നത് ഒരുതരം മനോരോഗമാണ്. അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമി നഷ്ടപ്പെട്ടു. അവരുടെ റോഡും ജലസേചന സൗകര്യങ്ങളും നഷ്ടമായി. സ്ത്രീകൾ ഉപദ്രവിക്കപ്പെട്ടു. അവിടെ നീതിയും നിയമവും ആദിവാസികൾക്കൊപ്പമല്ല. ഒറ്റപ്പെടുത്തി ഒാടിക്കുക എന്നത് ചരിത്രപരമാണ്. മുമ്പ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച്പിടിക്കാൻവന്ന െഎ.എ.എസ് ഉദ്യോഗസ്ഥൻ എസ്. സുബ്ബയ്യയെ അടിച്ചോടിച്ചതും ചരിത്രം.
അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ പട്ടിണി നിലനിൽക്കുന്നു. പലതിെൻറയും അടിസ്ഥാനം അതാണ്. അവരുടെ ജീവിതം റേഷനരിയിൽ കോർത്തിണക്കി മാനസിക ആരോഗ്യം ഇല്ലാതാക്കി. ചെറുത്തുനിൽപ്, മത്സരങ്ങളെ നേരിടുക എന്നിവയൊന്നും ഇപ്പോൾ ആദിവാസികളുടെ ജീവിതത്തിലില്ല. അവരെ ശോഷിപ്പിച്ചും പരിഹസിച്ചും ആട്ടിയോടിക്കാനാണ് ശ്രമിക്കുന്നത്. ആദിവാസികളുടെ പ്രകൃതി വിഭവങ്ങൾ ഇല്ലാതാക്കി. കൃഷി നഷ്ടമായി. കൃഷിയുമായി ബന്ധപ്പെട്ട് അവരുടെ അറിവുകൾ പ്രയോജനപ്പെടുത്തുന്നില്ല. പച്ചക്കറികളും കടുകും തുവരയും റാഗിയുമൊന്നും ഇപ്പോൾ കൃഷിചെയ്യുന്നില്ല. എല്ലാവരും റേഷൻകടകൾക്ക് മുന്നിലാണ്. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ പുരുഷന്മാരെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ആദിവാസിയുടെ മണ്ണും പെണ്ണും കാടും അഭിമാനവും എല്ലാം കട്ടെടുത്തതിനു ശേഷം അതിനു നിയമവുമുണ്ടാക്കിയിട്ട് ഇപ്പോ അവനെ കള്ളനാണ് എന്നു പറഞ്ഞ് തല്ലിക്കൊല്ലുന്നു. ആ രാത്രിയിൽ കോട്ടത്തറയിലെ മോർച്ചറിക്കു മുന്നിൽ ആരുമുണ്ടായിരുന്നില്ല. മരിച്ചെന്നുറപ്പ് വരുത്തി എല്ലാരും മടങ്ങിപ്പോയിരിക്കുന്നു. വിക്ടർ യൂഗോയുടെ ഴാങ് വാൽ ഴാങ്ങിനെപ്പോലെ കയറിപ്പോകാൻ അയാൾക്ക് ഒരിടവും ഉണ്ടായില്ല. ഭക്ഷണം മോഷ്ടിച്ചുവെന്നു പറഞ്ഞ് അടിച്ചുകൊല്ലുമ്പോൾ ആദിവാസിയുടെ എല്ലാം തട്ടിയെടുത്ത നിങ്ങളെ /നമ്മളെ എങ്ങനെ കൊല്ലണം ? 1975ലെ ഭൂനിയമം തുടങ്ങി എത്രയോ നിയമങ്ങൾ. അവക്കൊന്നും മധുവിെൻറ ജീവന് സംരക്ഷണം നൽകാൻ കഴിഞ്ഞില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.