രാഷ്ട്രീയ പ്രബുദ്ധതയുടെ ഏറ്റവും വലിയ ഗുണം വർഗീയ സ്പർധ വടകര ദേശത്തുനിന്ന് ഒഴിഞ്ഞുനിന്നു എന്നതാണ്. പല സമീപപ്രദേശങ്ങളിലും അതായിരുന്നില്ല സാഹചര്യം. വൈവിധ്യ സംസ്കാരങ്ങളും വിശ്വാസങ്ങളും ഇഴചേർന്നുനിൽക്കുന്ന ഇന്നാട്ടിൽ കഴിഞ്ഞ അര നൂറ്റാണ്ടിനിടെ എന്തെങ്കിലും വർഗീയ സംഘർഷങ്ങളുണ്ടായതായി ആരുടെയും ഓർമയിലില്ല.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ മലബാർ വിപ്ലവകാലത്ത് സംജാതമായ ഒരു സ്ഫോടനാത്മക സാഹചര്യത്തെ നിർവീര്യമാക്കുന്നതിൽ അന്ന് കോൺഗ്രസ് നേതാവും പിൽക്കാലത്ത് കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായ മൊയാരത്ത് ശങ്കരൻ വഹിച്ച പങ്കിനെക്കുറിച്ച് പഴമക്കാർ ഇപ്പോഴും പറയാറുണ്ട്. ബ്രിട്ടീഷ് പട്ടാളം പിടികൂടിയ വിപ്ലവകാരികളെ ട്രെയിനുകളിൽ ആടുമാടുകളെപ്പോലെ കുത്തിനിറച്ച് വടകര വഴി കണ്ണൂരിലേക്ക് കൊണ്ടുപോയി. മുസ്ലിം സമൂഹം രോഷത്തിലായിരുന്നു. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ സാമുദായിക സംഘർഷത്തിലേക്ക് നീങ്ങിയേക്കാവുന്ന സാഹചര്യം സംജാതമായി.
അവസ്ഥ തിരിച്ചറിഞ്ഞ മൊയാരത്ത് ഉടനെ അടുത്തുള്ള പള്ളികളിലേക്കും മുസ്ലിം പ്രദേശങ്ങളിലേക്കും ഓടിച്ചെന്നു. കൽക്കത്തയിൽ മെഡിസിന് പഠിക്കുന്നതിനിടെ ആനി ബസൻറിെൻറ പ്രഭാഷണം കേട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിവന്ന ആ പൊതുസേവകെൻറ ആശ്വാസപ്പെടുത്തലും ആഹ്വാനവും ഫലം കണ്ടു. ഉരുണ്ടുകൂടിയ സംഘർഷ മേഘങ്ങൾ വടകരയുടെ ആകാശക്കീറ് വിട്ട് ഒഴിഞ്ഞുപോയി. (ഇന്ത്യൻ നാഷനൽ കോൺഗ്രസിനെക്കുറിച്ച് പുസ്തകമെഴുതിയ മൊയാരത്ത് പിൽകാലത്ത് സജീവ കമ്യൂണിസ്റ്റ് പ്രവർത്തകനായി.പാർട്ടി നിരോധം നിലനിൽക്കേ 1948 മെയ് 11ന് എടക്കാട് വെച്ച് കോൺഗ്രസ്സ് പ്രവർത്തകർ അദ്ദേഹത്തെ പിടികൂടി മർദിച്ച് പൊലീസിന് കൈമാറി, പിറ്റേ ദിവസം ലോക്കപ്പിൽ മരണപ്പെട്ടു)
മൊയാരത്ത് ശങ്കരനെപ്പോലുള്ളവരും അവരുടെ പ്രയത്നങ്ങളും രാജ്യത്തെ പ്രതിപക്ഷത്തിെൻറ കണ്ണു തുറപ്പിക്കേണ്ടതുണ്ട്- പ്രത്യേകിച്ച്, വിദ്വേഷത്തിനും വംശഹത്യക്കും ആഹ്വാനം ചെയ്യുന്നവർക്കെതിരെപോലും പൊതുജന മുന്നേറ്റമൊരുക്കാൻ മുന്നിട്ടിറങ്ങാതെ കൈയുംകെട്ടി നോക്കിയിരിക്കാൻ നൂറ് ഒഴികഴിവുകൾ കണ്ടെത്തുന്ന കോൺഗ്രസിെൻറ.
രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് കടന്നുപോകുന്ന ആവേശഭരിതമായ പ്രകടനം കണ്ടുനിൽക്കെ ഒരു കാര്യം മനസ്സിൽ വന്നു- കുഞ്ഞായിരിക്കെ രക്തസാക്ഷികളെക്കുറിച്ചും അവരുടെ മഹത്ത്വത്തെക്കുറിച്ചും എന്നെയാരെങ്കിലും പഠിപ്പിച്ചിട്ടില്ല. ബച്ചനെയും സച്ചിനെയും പറ്റി ഒരുപാട് വായിച്ചത് ഓർമയുണ്ട്. പക്ഷേ, മണ്ടോടി കണ്ണനെയോ മൊയാരത്ത് ശങ്കരനെയോ സംബന്ധിച്ച് എന്തെങ്കിലും അക്കാലത്ത് വായിക്കാൻ ലഭിച്ചതായി ഓർക്കുന്നില്ല. മണ്ടോടിയേയും അദ്ദേഹത്തിെൻറ സഖാക്കളെയും കുറിച്ചോ മൊയ്യാരത്തിനെക്കുറിച്ചോ, താൻ വിശ്വസിച്ച ആദർശത്തിനുവേണ്ടി അവസാന ശ്വാസംവരെ നിലകൊണ്ടും പൊരുതിയും മരിച്ച മറ്റനേകരെക്കുറിച്ചോ എെൻറ കുഞ്ഞുങ്ങളെ പഠിപ്പിക്കുവാനും ഞാനൊന്നും ചെയ്തിട്ടില്ല.
വടകരയെക്കുറിച്ച് കൂടുതൽ ചില കാര്യങ്ങൾ ചോദിച്ചറിയാൻ ഒരു ടീച്ചറെ കാത്തുനിൽക്കെ ടി.പിയുടെ ബൈക്ക് കാണണോ എന്ന് തിരക്കി എെൻറ സുഹൃത്ത് സി.പി.എം നേതാക്കളടക്കം നിരവധി പേരെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച കോടതി കൊല്ലപ്പെടുേമ്പാൾ ടി.പി സഞ്ചരിച്ചിരുന്ന ബൈക്ക് വിട്ടുനൽകിയ വിവരം എനിക്കറിയില്ലായിരുന്നു. ടി.പിയുടെ ഓർമകൾ സൂക്ഷിച്ചിരിക്കുന്ന ആ ഭവനത്തിെൻറ ഒന്നാം നിലയിലേക്ക് ചങ്ങാതി എന്നെ കൊണ്ടുപോയി. സ്പീഡോമീറ്ററിനു മുകളിൽ അദ്ദേഹത്തിെൻറ ഹെൽമറ്റ് വെച്ചിരിക്കുന്നു. അത്യന്തം ക്രൂരമായ ഒരു കൃത്യത്തിെൻറ സാക്ഷിയെന്ന് ഓർമപ്പെടുത്തി ആ വാഹനത്തിെൻറ ചതഞ്ഞുപോയ ഹെഡ്ലൈറ്റ്. പെയിൻറിങ്ങുകളും പോസ്റ്ററുകളും വിപ്ലവ വാക്യങ്ങളുമാണ് ആ മുറി നിറയെ- ടി.പി ജീവിതം കൊണ്ടും മരണം കൊണ്ടും സ്പർശിച്ച അനേകരുടെ സേഹാഭിവാദ്യങ്ങളാണതെല്ലാം.
കടന്നുപോയ ജാഥയിൽ രമയുടെ പിതാവ് കെ.കെ. മാധവനും അണിചേർന്നിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. മകൾ സമ്മേളന സ്ഥലത്തേക്കുപോയ ശേഷവും എത്ര നേരമാണ് തികഞ്ഞ ക്ഷമയോടെ ആതിഥേയനായി അദ്ദേഹം ഞങ്ങളോടൊപ്പം നിന്നത്. ജനപ്രതിനിധികളുടെ വീടുകൾ വിശിഷ്യാ, ഇടതുപക്ഷ ജനപ്രതിനിധികളുടെ വീടുകൾ ആലംബഹീനർക്കും വഴിയാത്രികർക്കുമെല്ലാം നേരെ കയറിചെല്ലാവുന്ന ഇടങ്ങളായിരുന്നുവല്ലോ പണ്ട്.
ഒഞ്ചിയത്തിന് പോകുന്നതിന് ഏതാനും ആഴ്ച മുമ്പ് കോഴിക്കോടിെൻറ മറ്റൊരു കോണിൽ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തെ ഒരു വീട്ടിലേക്ക് സന്ദർശനത്തിനുപോയ വിശേഷം കൂടി ഇതിനോടൊപ്പം പറയേണ്ടതുണ്ട്. എഴുത്തുകാരനും പ്രഭാഷകനും അക്കാദമീഷ്യനും അതിലെല്ലാമുപരി സമകാലിക കേരളത്തിൽ അതിധീരമായി നിലപാട് തുറന്നുപറയുന്നയാളെന്ന രീതിയിൽ ഞാൻ ഏറെ ആദരിക്കുന്ന എം.എൻ. കാരശ്ശേരി മാഷായിരുന്നു ആതിഥേയൻ. മതമൗലിക വാദം അത് ഹിന്ദു- മുസ്ലിം-ക്രൈസ്തവ എന്നിങ്ങനെ ഏതുകോണിൽ നിന്നുമാവട്ടെ, പ്രഫ. കാരശ്ശേരി അതിനെ നിശിതമായ ഭാഷയിൽ എതിർക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു.
ടി.പിയെക്കുറിച്ച് കൊല്ലപ്പെടുന്നതുവരെ തനിക്കും കാര്യമായൊന്നും അറിഞ്ഞുകൂടായിരുന്നുവെന്ന് മാഷും പറഞ്ഞു. വധം നടന്നതിെൻറ പിറ്റേന്ന് ഒരു പ്രതിഷേധ- അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കാൻ ടി.പിയുടെ അനുയായികളും അനുഭാവികളും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കാൽമുട്ടിന് പരിക്കുപറ്റി വിശ്രമത്തിലായതിനാൽ യാത്ര അസാധ്യമാണെന്നറിയിച്ചു. എന്നിട്ടും സമ്മേളനത്തിനെത്തണമെന്നാവശ്യപ്പെട്ടുള്ള വിളികൾ തുരുതുരാ വന്നുകൊണ്ടിരുന്നു. പിന്നെയാണറിയുന്നത്, ആ പ്രദേശമാകമാനം കനത്ത ഭയം മൂടി നിൽക്കുന്നതിനാൽ ആളുകൾ പലരും ആ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കാൻ സന്നദ്ധരാവുന്നില്ല എന്ന വിവരം. അതു കേട്ടതും ഒരു കാറിെൻറ പിൻസീറ്റിൽ കയറി സമ്മേളന സ്ഥലത്തേക്കുപോയി അദ്ദേഹം. ഏകദേശം 30 കസേരകളാണ് സ്റ്റേജിനു മുന്നിൽ നിരത്തിയിട്ടിരുന്നത്. അവയിൽ ഭൂരിഭാഗവും തന്നെ കാലിയായി കിടന്നിരുന്നു. പല ആളുകളും വേദിയുടെ പരിസരങ്ങളിലും മറ്റുമായി നിൽക്കുന്നുണ്ടായിരുന്നു. മനസ്സുകൊണ്ട് കൊലപാതകത്തെ എതിർക്കുേമ്പാഴും കസേരയിൽ ഇരുന്ന് സമ്മേളനത്തിൽ പങ്കുചേരാൻ അവർക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. അനാരോഗ്യം വകവെക്കാതെ ഈ സമ്മേളനത്തിൽ സംസാരിക്കാൻ താൻ വന്നത് നിങ്ങളെ ഗ്രസിക്കുന്ന ഭയത്തിൽനിന്ന് വിടുതൽ നേടണമെന്ന് പറയുവാനാണ് എന്ന് അദ്ദേഹം കേൾവിക്കാരോടു പറഞ്ഞു (അതു കേട്ട് ആളുകൾ കസേരയിലേക്ക് കടന്നിരുന്നിട്ടുണ്ടാവും എന്നാണ് ഞാൻ അനുമാനിച്ചത്. ഇക്കാര്യം ഉറപ്പുവരുത്തുവാനും ഈ സംഭവം എടുത്തുദ്ധരിക്കുന്നതിന് സമ്മതം ചോദിക്കുവാനും മാഷെ വിളിച്ചന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഭയത്തെ ഇല്ലാതാക്കൽ അത്രകണ്ട് എളുപ്പമല്ല എന്നായിരുന്നു).
(ടി.പി. ചന്ദ്രശേഖരന്റെ പ്രതിമയിൽ കെ.കെ. രമ പൂക്കൾ അർപ്പിക്കുന്നു)
ആ അറുകൊലയും അനുശോചന യോഗവും നടന്ന് പത്തു വർഷങ്ങൾക്കിപ്പുറം ഒഞ്ചിയത്തെ ജനങ്ങളും രമയും ഭയത്തെ മറികടക്കാൻ കാര്യമായി പണിപ്പെട്ടിരിക്കുന്നു. 2016ൽ നിയമസഭയിലേക്ക് മത്സരിച്ച് പരാജിതയായ രമ പതിവുതെറ്റിച്ച് വൻ ഭൂരിപക്ഷത്തോടെ പിണറായി വിജയെൻറ നേതൃത്വത്തിലെ ഭരണമുന്നണി അധികാരം നിലനിർത്തിയ 2021ലെ തെരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കി നിയമസഭയിലേക്ക് നടന്നുകയറി. ഇക്കഴിഞ്ഞുപോയ കാലം അവരെ സംബന്ധിച്ച് ഒട്ടും എളുപ്പമായിരുന്നില്ല. രമ അക്രമിക്കപ്പെട്ടു, എെൻറ അമ്മയെയെങ്കിലും നിങ്ങൾ വെറുതെ വിടൂ എന്ന് മകൻ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി പ്രസ്താവന നടത്താൻ നിർബന്ധിതനാവുകയും ചെയ്ത സാഹചര്യം പോലുമുണ്ടായി. ഓൺലൈൻ അധിക്ഷേപങ്ങൾ ഇപ്പോഴും തുടരുന്നു. ടി.പി കൊല്ലപ്പെട്ട സ്ഥലത്ത് ഉയർത്തപ്പെട്ട സ്മാരകം പലകുറി തകർക്കപ്പെട്ടു.
ഏപ്രിൽ 30ന് നടക്കുന്ന ഒഞ്ചിയം അനുസ്മരണ ദിനാചരണത്തിെൻറ നാലാം നാൾ വന്നണയുന്ന ടി.പിയുടെ അനുസ്മരണ ദിനവും ഇന്ന് ഒരുപറ്റമാളുകളുടെ മനസ്സിൽ രക്തവർണാങ്കിതമാണ്; പ്രത്യേകിച്ച്, അടിസ്ഥാന കമ്യൂണിസ്റ്റ് ആദർശങ്ങളിൽനിന്ന് സി.പി.എം വ്യതിചലിച്ചുവെന്നും വർഗ-ബഹുജനങ്ങളെ പ്രതിനിധാനംചെയ്യുന്നില്ല എന്നും വിശ്വസിക്കുന്ന ഇടതുപക്ഷ ചിന്താഗതിക്കാർക്ക്. മേയ് നാലിെൻറ പുലരി മുതൽ നേരമിരുട്ടുംവരെ സമാന ചിന്താഗതിക്കാരായ ആയിരക്കണക്കിന് കമ്യൂണിസ്റ്റുകൾ ഒഞ്ചിയത്ത് ഒത്തുകൂടുന്നു. സൗഹൃദവും സമത്വലോകത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും പങ്കുവെച്ച് പിരിഞ്ഞുപോകുന്നു. അന്നേ ദിവസം ഒഞ്ചിയത്ത് എത്താൻ കണക്കാക്കി അവധി ആസൂത്രണം ചെയ്യുന്ന പ്രവാസികൾ പോലുമുണ്ട്.
ഒഞ്ചിയം രക്തസാക്ഷി അനുസ്മരണ സമ്മേളനം നടക്കവെ ഞാൻ എന്നോടു തന്നെ ചോദിച്ചു- രാഷ്ട്രീയവത്കരണവും രാഷ്ട്രീയ പ്രബുദ്ധതയുമാണ് ഒഞ്ചിയത്തെ വർഗീയതയിൽ നിന്ന് സംരക്ഷിച്ചുപോരുന്നത്. എന്നാൽ, ഒഞ്ചിയം രക്തസാക്ഷികളുടെയും പിൽക്കാലത്ത് ടി.പിയുടെയും ജീവൻ പിടിച്ചുപറിക്കപ്പെടാനും ഹേതുവായത് രാഷ്ട്രീയം തന്നെയല്ലേ?
തങ്ങൾ വിശ്വസിക്കുന്ന ആദർശത്തിനുവേണ്ടി ജീവൻനൽകുന്ന രക്തസാക്ഷികൾ ശരിയാംവിധം വിലമതിക്കപ്പെടുന്നുണ്ടോ?
ആ ചോദ്യത്തിനുള്ള ഉത്തരം അന്ന് രാത്രിവൈകിയാണ് ലഭിച്ചത്. ടി.പിയെ സംസ്കരിച്ചതിന് അരികിലായി ഉയർത്തപ്പെട്ട സ്മാരകത്തിലെ ശിലയിൽ എഴുതിവെച്ചിരിക്കുന്ന വരികൾ ഓർക്കുന്നുവോ എന്ന് എെൻറ സുഹൃത്ത് ഫോണിൽ ചോദിച്ചപ്പോൾ.
മറുപടിക്ക് കാത്തുനിൽക്കാതെ എെൻറ ചങ്ങാതി ആ വരികളെനിക്ക് ചൊല്ലിത്തന്നു. ടി.പി കൊല്ലപ്പെട്ട അതേ രാത്രിയിൽ കവി വീരാൻ കുട്ടി കുറിച്ചിട്ട 'രക്തം സാക്ഷി' എന്ന കവിതയിലെ വരികളായിരുന്നു അത്.
'' നൂറു വെട്ടിനാൽ
തീർക്കുവാനാവില്ല
നേരു കാക്കാൻ പിറന്ന
പോരാളിയെ,
വീണതല്ലവൻ
വീണ്ടുമുയിർക്കുവാൻ
വിത്ത് പോലെ
മറഞ്ഞിരിപ്പുണ്ടവൻ''
ഈ പാഠമാണ് നാം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് എന്ന് ഞാൻ കരുതുന്നു. കുഞ്ഞുങ്ങളെ മാത്രമല്ല, ഇന്ത്യ എന്ന ആശയം സംരക്ഷിച്ചുനിർത്തുന്നതിന് എന്തുചെയ്യണമെന്ന് നിശ്ചയമില്ലാതെ ആശയക്കുഴപ്പത്തിലാണ്ടുനിൽക്കുന്ന പ്രതിപക്ഷത്തെയും ഇതു പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുന്നു.
(അവസാനിച്ചു)
r.rajagopal@abp.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.