മലബാറിലെ മുസ്ലിം വീട്ടകങ്ങളെ സംഗീതസാന്ദ്രമാക്കിയ, മാപ്പിളപ്പാട്ടിനെ മലയാളിയുടെ ഹൃദയതാളമാക്കിയ പാട്ടുകാരനാണ് വി.എം. കുട്ടി. മാപ്പിളപ്പാട്ടുകൾ പുതിയ സംഗീതത്തിലൂടെയും രചനയിലൂടെയും ചിട്ടപ്പെടുത്തി, വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പൊതുവേദികളിൽ ആദ്യമായി അവതരിപ്പിച്ച ശിൽപി. 70കളിൽ സമ്പന്ന മുസ്ലിം വീടുകളുടെ വിവാഹം ഉത്സവമാക്കിയത് ഈ ഗാനമേളകളായിരുന്നു. വേദിയെ പ്രകമ്പനം കൊള്ളിച്ച് സംഘത്തിലുള്ള കലാകാരന്മാരെ പരിചയപ്പെടുത്തുകയും അവർ വായിക്കുന്ന ഉപകരണങ്ങളിൽനിന്ന് സംഗീതമുയരുകയും ചെയ്യുേമ്പാൾ കാണികളുടെ നിലക്കാത്ത കൈയടിയുയരും. ഒടുവിൽ എല്ലാ കലാകാരന്മാരുടെയും വാദ്യോപകരണങ്ങൾ ആസ്വാദകരെ വിസ്മയിപ്പിച്ച് സംഗീതമഴ തീർക്കുേമ്പാൾ സ്വയം പരിചയപ്പെടുത്തി നിറചിരിയോടെ നിറഞ്ഞ സദസ്സിനെ അഭിവാദ്യം ചെയ്ത് വി.എം. കുട്ടിയുടെ ഒരു വരവുണ്ട്. ഉപകരണ സംഗീതം അധികം കേട്ടിട്ടില്ലാത്ത കാലത്ത് ജീവിച്ചിരുന്ന ആസ്വാദകരുടെ മനസ്സിൽ ഇന്നും ആ സംഗീത മഴയുടെ ആരവമുണ്ടാവും. ജനകീയ സംഗീതത്തിലേക്കുള്ള മാപ്പിളപ്പാട്ടിെൻറ ഗതിമാറ്റത്തിെൻറ തുടക്കമായിരുന്നു അത്. മാപ്പിളപ്പാട്ടിന് ഇശലുകളുടെ കാവ്യഭംഗി തനിമ ചോരാതെ തുന്നിച്ചേർത്ത മഹാപ്രതിഭ മലയാളിയുള്ളിടത്തെല്ലാം മാപ്പിളപ്പാട്ടിനെയും എത്തിച്ചു.
വി.എം. കുട്ടി-വിളയിൽ ഫസീല സംഘത്തിെൻറ പാട്ടുകൾ ഒരിക്കലെങ്കിലും കേൾക്കാത്ത വീടുകളുണ്ടാവില്ല മലബാറിൽ. ''കിളിയേ ദിക്ർ പാടി കിളിയേ'' ഒരു കാലത്ത് മലയാളക്കര മുഴുവൻ ഏറ്റുപാടിയ ബേബി സാജിതയെന്ന ഗായികയുടെ ഉദയത്തിന് വഴിയൊരുക്കിയ പാട്ട് പോലെ എത്രയോ പാട്ടുകൾ. ഫറോക്ക് ഗണപത് ഹൈസ്കൂളിൽ പഠിക്കുന്ന 1950 കാലത്താണ് സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ സ്കൂൾ വാർഷികത്തിന് ആദ്യമായി അദ്ദേഹം മാപ്പിളപ്പാട്ട് പാടിയത്. 1957ൽ സ്വന്തമായി ഗാനമേള ട്രൂപ്പുണ്ടാക്കി. ഇതര സമുദായങ്ങളിലെ കുട്ടികളെക്കൊണ്ടു കൂടി ആകാശവാണിയിൽ പാട്ടുകൾ അവതരിപ്പിച്ചതോടെയാണ് മാപ്പിള ഗാനമേള എന്ന വിഭാഗം ഉണ്ടായത്.
മലപ്പുറം കോട്ടപ്പടി മൈതാനത്ത് ഒരു എക്സിബിഷനിടെ അര മണിക്കൂർ മാപ്പിളപ്പാട്ട് അവതരിപ്പിച്ചതാണ് ആകാശവാണിക്ക് പുറത്ത് ശ്രദ്ധേയമായ പൊതുപരിപാടികളിലൊന്ന്. പിന്നീട് വേദികളിൽനിന്ന് വേദികളിലേക്കുള്ള പടർച്ചയായിരുന്നു. വർഷത്തിൽ പല തവണ ഗാനമേള ട്രൂപ്പുമായി വി.എം. കുട്ടി ഗൾഫിലേക്കു പറന്നു. ഇക്കാലത്ത് പാടിയ ദുബായ് കത്തുപാട്ടുകൾ തീർത്ത അലയൊലി പ്രവാസമുള്ളിടത്തോളം തുടരും. പ്രവാസി രക്ഷിതാക്കളുടെ ഹൃദയമിടിപ്പു കൂട്ടിയ 'അറബി നാട്ടിൽ അകലെയെങ്ങാണ്ടിരിക്കും ബാപ്പ അറിയാൻ' എന്നു തുടങ്ങുന്ന കത്തുപാട്ടും അതിനുള്ള മറുപടിയും ഒരുപാട് കാലം വീട്ടകങ്ങളെ നൊമ്പരപ്പെടുത്തി.പതിനായിരത്തിലേറെ പാട്ടുകൾ പാടിയ വി.എം. കുട്ടിയുടെ കലാജീവിതം മാപ്പിളപ്പാട്ടിെൻറ ജീവചരിത്രം കൂടിയാണ്. മാപ്പിളപ്പാട്ടിെൻറ ചരിത്രവഴികൾ അന്വേഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തതിലൂടെ ചരിത്രകാരനെന്ന നിലയിലും അദ്ദേഹം അടയാളപ്പെട്ടുകിടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.