പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി ചരിത്രപ്രധാനമെന്നാണ് സാര്‍വത്രികമായി വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍, ഈ വിധിയെ സുപ്രീംകോടതിതന്നെ പിന്നീട് പുറപ്പെടുവിച്ച വിധികളിലൂടെ അട്ടിമറിക്കുകയും അപ്രസക്തമാക്കുകയും ചെയ്ത അസാധാരണനടപടിക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നിരിക്കുന്നു. പരമോന്നത നീതിപീഠത്തിെൻറ 2016 ഡിസംബർ 15ലെ വിധി വീണ്ടും പരിഗണിക്കപ്പെട്ടപ്പോള്‍ സർവ എതിര്‍വാദങ്ങളെയും നിരാകരിച്ച് മുൻവിധിയിലെ കാര്യങ്ങൾ ആവർത്തിച്ചുറപ്പിച്ചാണ് 2017 മാർച്ച് 31ന് വിധിയുണ്ടായത്. ഇതാണ് ഒരുവര്‍ഷത്തിനുള്ളില്‍തന്നെ തകിടംമറിക്കപ്പെട്ടത്.
മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ പ്രസക്തഭാഗങ്ങളുടെയും ആധികാരിക പഠനറിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് 2016 ഡിസംബറിലെ ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്ററിനകത്ത് വരുന്ന മദ്യശാലകളെ നിരോധിച്ച സുപ്രീംകോടതി ഉത്തരവ് വന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നതിെൻറ ഫലമായി ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും വർധിച്ചുവരുന്ന ആശങ്കജനകമായ സ്ഥിതിവിശേഷമാണ് ഇൗ വിധിക്ക് ആധാരമായത്.
ഈ വിധി ദുര്‍വ്യാഖ്യാനം ചെയ്യാനും ബാര്‍ ഹോട്ടലുകള്‍ക്കും ബിയര്‍/വൈന്‍ പാര്‍ലറുകള്‍ക്കും ഇത് ബാധകമല്ലെന്ന് പ്രചരിപ്പിക്കാനും ശ്രമങ്ങളുണ്ടായി. മദ്യ ഔട്ട്ലെറ്റുകള്‍ക്കു മാത്രമാണ് ഇതെല്ലാം ബാധകമെന്നായിരുന്നു മറ്റൊരു വാദം. കേരളത്തിലാകട്ടെ, ബിയര്‍/വൈന്‍ പാര്‍ലറുകളും ബാര്‍ ഹോട്ടലുകളും ഈ പരിധിയില്‍ വരുന്നതില്‍നിന്നും ഒഴിവാക്കിക്കൊണ്ടുള്ള മന്ത്രിസഭ തീരുമാനവും വന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടികളുമായി എനിക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നത്. നഗരപരിധിയിലുള്ള മദ്യശാലകള്‍ ഈ വിധിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെടണം എന്ന വാദഗതിയെ എതിര്‍ത്തുകൊണ്ടുള്ള ഹരജിയും എനിക്കുവേണ്ടി അഡ്വ. കാളീശ്വരം രാജ് മുഖാന്തരം സമര്‍പ്പിച്ചിരുന്നു.
സുപ്രീംകോടതി വീണ്ടും കേസ് പരിഗണിച്ചു. ഇന്ത്യയില്‍ അറിയപ്പെടുന്ന ഒട്ടുമിക്ക അഭിഭാഷകരും മദ്യശാല ഉടമസ്ഥര്‍ക്കും അവരെ അനുകൂലിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ക്കുംവേണ്ടി ഹാജരായിരുന്നു. എല്ലാ വാദങ്ങളും കേട്ടശേഷം നഗരപരിധിയിലുള്ള ബാര്‍ ഹോട്ടലുകളും ബിയര്‍/വൈന്‍ പാര്‍ലറുകളും ആദ്യ വിധിയുടെ പരിധിയില്‍വരുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സുപ്രീംകോടതി വീണ്ടും വിധി പ്രസ്താവിച്ചു. സാധാരണക്കാര്‍ വ്യാപകമായി കോടതിവിധിയെ സ്വാഗതംചെയ്തു. എതിര്‍പ്പ് വന്നത് മദ്യശാലക്കാരുടെയും അവരെ അനുകൂലിക്കുന്ന സംസ്ഥാന സര്‍ക്കാറുകളുടെയും ഭാഗത്തുനിന്ന് മാത്രമാണ്.
ജനജീവിതം നശിപ്പിച്ചിട്ടായാലും പണമുണ്ടാക്കാന്‍ വെമ്പുന്ന മദ്യശാലക്കാരും അവരുടെ വക്താക്കളായ ഭരണാധികാരികളും പലവിധ കുത്സിത മാർഗങ്ങളിലൂടെ സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. ദേശീയ-സംസ്ഥാന പാതകളെ അതല്ലാതെയാക്കി വീണ്ടും നോട്ടിഫിക്കേഷനുകള്‍ ഇറക്കാന്‍വരെ കേരളം ഉള്‍പ്പെടെ തയാറായി. വര്‍ഷങ്ങളായി ദേശീയപാതയായി നിലകൊള്ളുന്ന കുറ്റിപ്പുറം-കണ്ണൂര്‍ പാതയുടെ പേരില്‍പോലും തെറ്റിദ്ധാരണ പരത്തി മദ്യശാലകള്‍ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാറിെൻറ ശ്രമങ്ങളെ ഹൈകോടതി തന്നെ തടഞ്ഞു. ചേര്‍ത്തല-തിരുവനന്തപുരം ദേശീയപാതയും അതല്ലാതെ ആക്കാനുള്ള പരിഹാസ്യമായ നീക്കത്തില്‍നിന്ന് സംസ്ഥാന സർക്കാറിന് പിന്തിരിയേണ്ടിവന്നു.
പാതയോരത്തെ മദ്യശാല നിരോധനം നടപ്പായതോടെ മദ്യവിൽപനയിലും ഉപയോഗത്തിലും വന്‍ കുറവാണ് അനുഭവപ്പെട്ടത്. കേരളത്തില്‍തന്നെ സുപ്രീംകോടതി വിധി പ്രാബല്യത്തില്‍വന്ന 2017 ഏപ്രിൽ ഒന്നുമുതല്‍ മൂന്നുമാസ കാലത്തെ മദ്യവിൽപനയും ഉപയോഗവും മുന്‍വര്‍ഷത്തെ ഇക്കാലത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 21.87 ശതമാനം കുറവാണ്. സുപ്രീംകോടതി വിധിയുടെ ഗുണഫലങ്ങള്‍ സർവതലത്തിലും അനുഭവപ്പെട്ടുവരുന്ന ഘട്ടത്തിലാണ് പാതയോരം നിരോധന വിധിയില്‍ ആദ്യത്തെ അട്ടിമറി ഉണ്ടാകുന്നത്.
കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിലെ ഭരണാധികാരികള്‍ ചില ഹൈവേകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയില്‍ ഇളവുനല്‍കിയ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ വന്ന ‘എറൈവ് സേഫ് സൊസൈറ്റി’ കേസിലെ 2017 ജൂെലെ 11െൻറ വിധി സുപ്രീംകോടതിയുടെതന്നെ നിലവിലെ വിധിക്ക് തികച്ചും വിരുദ്ധമായിട്ടാണ് വന്നത്. ചണ്ഡിഗഢിന് മാത്രം ബാധകമായ കാര്യങ്ങളാണ് പരിഗണനവിഷയമായിരുന്നതെങ്കിലും അന്തിമവിധി വന്നപ്പോള്‍ ഇന്ത്യയിലെ മുഴുവന്‍ നഗരങ്ങള്‍ക്കും ബാധകമാണെന്ന നിലയിലേക്കെത്തി.
ഈ കേസിെൻറ പരിഗണനയില്‍ ആരും ഉന്നയിക്കാത്ത ഇങ്ങനെയൊരു ആവശ്യം സുപ്രീംകോടതി വിധിയില്‍ അംഗീകരിക്കപ്പെട്ടത് എങ്ങനെ? ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ ഇന്നേവരെ ഇക്കാര്യം വിശദീകരിക്കപ്പെട്ടിട്ടില്ല. നഗരപരിധിയിലുള്ള മദ്യശാലകളെ 2016 ഡിസംബർ 15ലെ വിധിയില്‍നിന്ന് ഒഴിവാക്കണമെന്ന ശക്തമായ വാദങ്ങളെ സമ്പൂര്‍ണമായി നിരാകരിച്ചാണ് കഴിഞ്ഞ മാർച്ച് 31ന് വിധി പ്രസ്താവിച്ചത്. അതേ സുപ്രീംകോടതി തന്നെ എങ്ങനെയാണ് ഇത്തരത്തിലുള്ള വിധി പറഞ്ഞത്? ‘എറൈവ് സേഫ് സൊസൈറ്റി’ കേസിലെ വിധി രാജ്യത്തെ മറ്റു ഭാഗങ്ങളിലേക്ക് ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് അഭ്യര്‍ഥിച്ചും ഞാന്‍ നല്‍കിയ ഹരജി സുപ്രീംകോടതി പരിഗണിച്ചില്ലെന്ന് അതീവ ദുഃഖത്തോടെ പറയട്ടെ.
ഇപ്പോഴിതാ പഞ്ചായത്ത് പ്രദേശങ്ങളില്‍ മദ്യശാലകള്‍ തുടങ്ങുന്നതിന് സംസ്ഥാനങ്ങളെ അധികാരപ്പെടുത്തുന്ന പുതിയ വിധി കഴിഞ്ഞ 23ന് വന്നിരിക്കുന്നു. ജനജീവിതത്തില്‍ വന്‍ പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ വിധിയിലൂടെ തകിടംമറിക്കപ്പെട്ടത് സുപ്രീംകോടതിയുടെതന്നെ വിധിയാണ്. അത്ഭുതകരമായ ജുഡീഷ്യല്‍ വൈരുധ്യമാണ് ഇവിടെ കാണുന്നത്. തന്നെയുമല്ല, ഭരണഘടനയുടെ മാര്‍ഗനിർദേശകതത്ത്വങ്ങളുടെ ഭാഗമായിട്ടുള്ള 47ാം അനുച്ഛേദത്തിെൻറ അന്തസ്സത്തക്ക് നിരക്കാത്തതുമാണ്. മദ്യശാലകള്‍ അടച്ചുപൂട്ടിയാല്‍ ടൂറിസം തകരുമെന്ന വാദം നിരര്‍ഥകമാണെന്ന് സംസ്ഥാന ടൂറിസം ഡിപ്പാർട്മെൻറിെൻറതന്നെ കണക്കുകള്‍ തെളിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പുതിയ മദ്യനയത്തിെൻറ ഭാഗമായി മദ്യശാലകള്‍ ഉദാരമായി തുറക്കപ്പെട്ടശേഷം മയക്കുമരുന്ന് ഉപയോഗത്തില്‍ വന്‍ വർധനയാണ് ഉണ്ടായത്. സാമ്പത്തികമായി സംസ്ഥാനം വന്‍ തകര്‍ച്ചയിലുമായി.
നേരേത്തതന്നെ മദ്യലോബിക്കുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സംസ്ഥാന സർക്കാർ ഈ വിധിയുടെ പിൻബലത്തിൽ കേരളത്തിലെമ്പാടും വ്യാപകമായി മദ്യമൊഴുക്കും. അത് സാമൂഹികജീവിതത്തെ കുട്ടിച്ചോറാക്കും. ജനതാൽപര്യത്തേക്കാൾ മദ്യലോബിയുടെ താൽപര്യങ്ങൾക്കാണ് സർക്കാറിെൻറ മുന്തിയ മുൻഗണന. ജനങ്ങളുടെ രക്ഷക്കും നന്മക്കുമായി പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട ഭരണഘടന സ്ഥാപനങ്ങള്‍ ഇതില്‍ പരാജയപ്പെട്ടാല്‍ അരാജകത്വത്തിലേക്കാണ് രാജ്യം എത്തിച്ചേരുക. ഏറ്റവുംവലിയ പരമാധികാര കോടതി ജനകീയ കോടതിയാണ്. ജനങ്ങള്‍ക്ക് ദുരന്തം വരുത്തിവെക്കുന്ന ഇപ്പോഴത്തെ സുപ്രീംകോടതി വിധിയെ ജനങ്ങള്‍തന്നെ വിലയിരുത്തട്ടെ; പ്രതികരിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.