വിദ്യാര്‍ഥി -യുവജനങ്ങളില്‍ ലഹരി ഉല്പന്നങ്ങളുടെ വ്യാപനവും സ്വാധീനവും തന്മൂലം സാമൂഹിക ജീവിതത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കത്തിനും നേരെ ഉയരുന്ന വന്‍ ഭീഷണിയും താമരശ്ശേരിയിലെ ഷഹ്ബാസ് എന്ന കുട്ടിയുടെ നിഷ്ഠുര കൊലപാതകത്തിന്റെയും വെഞ്ഞാറമൂട് കൂട്ടക്കൊലയുടെയും പശ്ചാത്തലത്തില്‍ സംസ്ഥാനമാകെ ഗൗരവതരമായ ചര്‍ച്ചാ വിഷയമായി, സര്‍ക്കാര്‍ തലത്തിലും ജനകീയ തലത്തിലും ഒരുപോലെ പ്രതിരോധ നടപടികള്‍ ആരംഭിച്ചിരിക്കെയാണ്, കളമശ്ശേരി ഗവ....
വിദ്യാര്‍ഥി -യുവജനങ്ങളില്‍ ലഹരി ഉല്പന്നങ്ങളുടെ വ്യാപനവും സ്വാധീനവും തന്മൂലം സാമൂഹിക ജീവിതത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കത്തിനും നേരെ ഉയരുന്ന വന്‍ ഭീഷണിയും താമരശ്ശേരിയിലെ ഷഹ്ബാസ് എന്ന കുട്ടിയുടെ നിഷ്ഠുര കൊലപാതകത്തിന്റെയും വെഞ്ഞാറമൂട് കൂട്ടക്കൊലയുടെയും പശ്ചാത്തലത്തില്‍ സംസ്ഥാനമാകെ ഗൗരവതരമായ ചര്‍ച്ചാ വിഷയമായി, സര്‍ക്കാര്‍ തലത്തിലും ജനകീയ തലത്തിലും ഒരുപോലെ പ്രതിരോധ നടപടികള്‍ ആരംഭിച്ചിരിക്കെയാണ്, കളമശ്ശേരി ഗവ. പോളിടെക്നിക് മെൻസ് ഹോസ്റ്റലില്‍ മയക്കുമരുന്ന് വ്യാപാരം വ്യവസ്ഥാപിതമായി നടക്കുന്നതായി പൊലീസിന് വിവരം ലഭിക്കുന്നതും തുടര്‍ന്ന് നടന്ന റെയ്ഡില്‍ തൊണ്ടിസഹിതം വിദ്യാര്‍ഥികളെ പിടികൂടുന്നതും. പതിവിന്‍പടി പ്രമാദമായ ഈ സംഭവവും രാഷ്ട്രീയ വിഴുപ്പലക്കിനും പരസ്പര പോര്‍വിളിക്കും വഴിയൊരുക്കിയതാണ് ഉടനടിയുള്ള പ്രത്യാഘാതം. പ്രതികളില്‍ സ്റ്റുഡന്റ്സ് യൂനിയന്‍ സെക്രട്ടറിയും എസ്.എഫ്.ഐ നേതാവുമായ വിദ്യാര്‍ഥി ഉള്‍പ്പെട്ടിരിക്കെ ലഹരിക്കച്ചവടത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മാര്‍ക്സിസ്റ്റ് വിദ്യാര്‍ഥി സംഘടനയുടെ മേല്‍ വെച്ചുകെട്ടി അതു പിരിച്ചുവിടണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. മറിച്ച്, കഞ്ചാവ് ഹോസ്റ്റലിലെത്തിച്ചത് കോണ്‍ഗ്രസുകാരായ പൂര്‍വ വിദ്യാര്‍ഥികളാണെന്ന കണ്ടെത്തലിലൂടെ സി.പി.എം വക്താക്കളും തുല്യനാണയത്തില്‍ തിരിച്ചടിക്കുന്നു. ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണെന്ന പഴമൊഴി അന്വര്‍ഥമാക്കുന്നതാണ് യഥാര്‍ഥത്തില്‍ സംസ്ഥാനത്തിന്റെ അവസ്ഥ. ഹിന്ദുവോ മുസ് ലിമോ ക്രൈസ്തവനോ നാസ്തികനോ ആസ്തികനോ പുരോഗമന വാദിയോ പിന്തിരിപ്പനോ യുവാവോ വയോധികനോ സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ലാതെ മലയാളി സമൂഹം മൊത്തം നേരിടുന്ന വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ് ലഹരിവ്യാപനം. ലഹരിപദാര്‍ഥങ്ങളുടെ സംഭരണ- വിതരണ- ഉപഭോഗ പ്രക്രിയ നിയമപരമായ പ്രതിരോധ നടപടികളെയും കോടതി കേസുകളെയും നോക്കുകുത്തിയാക്കി ഭയാനകമായി വളര്‍ന്നു സ്വൈര ജീവിതത്തിന് വന്‍ ഭീഷണിയായിത്തീര്ന്നുകൊണ്ടിരിക്കുന്നു എന്നാണ് കണക്കുകളില്‍നിന്നും ദൈനംദിനാനുഭവങ്ങളില്നിന്നും വ്യക്തമാവുന്നത്. ഇങ്ങനെ പോയാല്‍ മെക്സികോ പോലുള്ള നാർകോട്ടിക് റിപ്പബ്ലിക്കുകളുടെ പട്ടികയിലേക്കാണ് കേരളം കുതിക്കുന്നതെന്ന് കരുതേണ്ടിവരും. സംസ്ഥാന സര്‍ക്കാറിന്റെ മുഖ്യവരുമാന സ്രോതസ്സായി മദ്യവ്യവസായവും ബാര്‍ ഹോട്ടലുകളും വിദേശ മദ്യവില്പനശാലകളും മാറി, ഒയാസിസ് പോലുള്ള ഭീമന് മദ്യോല്പാദന കമ്പനികളെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കുവോളം ലഹരി സാമ്രാജ്യവും വികസിച്ചു കഴിഞ്ഞിരിക്കെ അഡിക് ഷനെതിരായ അധരവ്യായാമം കേവലം ജലരേഖയായി കലാശിക്കുകയേ ചെയ്യൂ എന്ന് സാമാന്യ ബുദ്ധിക്ക് തിരിച്ചറിയാവുന്നതേയുള്ളൂ. അതിനിടയില്‍ സര്‍ക്കാര്‍ വിലാസം വിമുക്തി കേന്ദ്രങ്ങളിലെ ക്യൂ, ബിവറേജ് ഔട്ട് ലെറ്റുകളെ തോല്പിക്കുന്നേടത്തേക്കാണ് പോക്കെന്ന് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. സ്വന്തം നിലയിലോ മറ്റുള്ളവരുടെ നിര്‍ബന്ധം മൂലമോ ഈ ശാപത്തില്‍നിന്ന് മുക്തിനേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായുള്ള രക്ഷാമാര്‍ഗം പോലും അത്യന്തം പരിമിതമാണെന്നര്ഥം. 1967ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ മുസ് ലിം ലീഗ് ഉള്‍പ്പെട്ട സപ്തകക്ഷി മുന്നണി സര്‍ക്കാറിന്റെ കാലത്ത് സംസ്ഥാനത്ത് ആദ്യമായി മദ്യനിരോധനം എടുത്തുകളഞ്ഞപ്പോള്‍ പ്രതിപക്ഷത്തെ കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഓർമയിലുണ്ട്:
തങ്ങളും നമ്പൂര്യും ഒന്നായപ്പോള്‍
പള്ളിക്ക് മുന്നിലും കള്ളായി,
കള്ളു കുടിച്ചു മത്തായി
മത്തായി മാഞ്ഞൂരാന് എന്തായി?
(കെ.എസ്.പിയുടെ മത്തായി മാഞ്ഞൂരാനും മന്ത്രിസഭയിലുണ്ടായിരുന്നു). അന്ന് എണ്ണത്തില്‍ കുറവായ കള്ള് ഷാപ്പുകളും ചാരായക്കടകളുമേ ഉണ്ടായിരുന്നുള്ളൂ. ഇന്നോ? കോണ്‍ഗ്രസില്‍നിന്ന് ഒരു വി.എം. സുധീരനും, മദ്യവര്‍ജനത്തിനും നിരോധനത്തിനുമായി ശബ്ദമുയർത്തുന്ന പൗര സംഘടനയെ നയിക്കുന്ന ഇയ്യച്ചേരി കുഞ്ഞികൃഷ്ണനും ഏതാനും പാതിരിമാരുമല്ലാതെ ലഹരിസാമ്രാജ്യത്തിനെതിരെ ഒച്ച വെക്കാന്‍ ആരെങ്കിലുമുണ്ടോ? അവരുടെ ശബ്ദംതന്നെ വനരോദനമായി കലാശിക്കുകയല്ലേ? ചാനലുകളുടെ അന്തിച്ചര്ച്ചകളില്പോലും അത്യന്തം ആപത്കരമായ ലഹരിവ്യാപനം മുഖ്യവിഷയമായി വരുന്നില്ലെന്നത് ശ്രദ്ധേയമാണ്. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പാനലിസ്റ്റുകളില്‍ മിക്കവര്‍ക്കും ലഹരിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ധാര്‍മിക ധൈര്യമില്ലെന്നതാണ് കാരണങ്ങളിലൊന്ന്.
ഏറ്റവുമൊടുവില്‍ ഇവ്വിഷയകമായി ഉയര്‍ന്നു കേള്‍ക്കുന്ന ചില വിമര്‍ശനങ്ങള്‍ കൂടി പരാമര്‍ശമര്‍ഹിക്കുന്നു. രാസ ലഹരിക്കേസുകളില്‍ പിടികൂടപ്പെടുന്നവരില്‍ അധികവും അഥവാ ഗണ്യമായ എണ്ണം എല്ലാവിധ ലഹരിവസ്തുക്കളും തീര്‍ത്തും നിഷിദ്ധമാക്കിയ ഇസ് ലാമിന്റെ അനുയായികളാണെന്ന് കാണുന്നതെന്തുകൊണ്ടാണ്? മറ്റേത് മത സമുദായക്കാരെയും അപേക്ഷിച്ച് മുസ് ലിം സമുദായക്കാരാണ് ബാല്യത്തിലേ മതപഠനം വ്യവസ്ഥാപിതമായി നടത്തുന്നത്. ഇസ് ലാമാവട്ടെ ലഹരിവസ്തുക്കളുടെ ഉല്പാദനവും വിതരണവും ഉപയോഗവും കര്‍ശനമായി നിരോധിച്ചതുമാണ്. ഇതൊക്കെ പഠിച്ചുവളരുന്ന തലമുറകള്‍ എന്തുകൊണ്ടാണ് ലഹരിക്കടത്തിലും ഉപയോഗത്തിലും ഒന്നാമതായി വരുന്നത്? സമുദായ നേതൃത്വങ്ങളും മതപണ്ഡിതന്മാരും സംഘടനകളും ഗൗരവപൂര്‍വം ഇടപെടേണ്ട പ്രശ്നമല്ലേ ഇത്?
പ്രത്യക്ഷത്തില്‍ കഴമ്പുണ്ടെന്ന് തോന്നാവുന്ന വിമര്‍ശനമാണിത്. പഠിച്ചതും അറിഞ്ഞതുമെല്ലാം ജീവിതത്തില്‍ പകര്‍ത്തുന്നവരല്ല എല്ലാവരും എന്നത് എക്കാലത്തെയും അനുഭവമാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ ആശയമറിയാതെ ഓതിപ്പഠിച്ചതുകൊണ്ടോ കര്‍മശാസ്ത്രം പ്രാഥമികമായി പരിചയപ്പെട്ടതുകൊണ്ടോ, നബിചരിതം വായിച്ചതുകൊണ്ടോ ഒരു വിദ്യാര്‍ഥിക്ക് ഇസ് ലാമിന്റെ മര്‍മ പ്രധാനമായ അധ്യാപനങ്ങള്‍ തനതായ കാഴ്ചപ്പാടിലൂടെ പഠിക്കാന്‍ അവസരം ലഭിക്കണമെന്നില്ല. പ്രാഥമിക മതപഠനം പരമ്പരാഗത രീതിയില്‍ പൂര്ത്തീകരിച്ചതുകൊണ്ടു മാത്രം കാലഘട്ടത്തിന്റെ വിശ്വാസപരവും ബൗദ്ധികവുമായ വെല്ലുവിളികളെ നേരിടാനുള്ള ശേഷി വിദ്യാര്‍ഥികള്‍ കൈവരിക്കുന്നില്ല. വിശിഷ്യാ, ഒന്നരയോ രണ്ടോ മണിക്കൂര്‍ മാത്രം നീളുന്ന മതപഠനം കഴിഞ്ഞു വിദ്യാര്‍ഥികള്‍ പോകുന്നത് മുഴുസമയ സ്കൂളുകളിലേക്കാണ്. സ്കൂൾ കരിക്കുലമാവട്ടെ തീര്‍ത്തും ധാര്‍മിക മൂല്യമുക്തവും. നാസ്തികതയും കേവല ഭൗതികവാദവും ലിബറലിസവും വേണ്ടതിലധികം തലയിലേറ്റിയവർ അധ്യാപക സമൂഹത്തിൽ കുറവല്ലതാനും.വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രത്തിന്റെ അരുമ സന്തതികളാല്‍ നയിക്കപ്പെടുന്ന വിദ്യാര്‍ഥി സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതോടെ കുട്ടികള്‍ മാതാപിതാക്കളുടെ വഴക്ക് ഭയന്ന് മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ നാമമാത്രമായി നിലനിര്ത്തുന്നുണ്ടാവാം. അവര്‍ അകമേ തങ്ങളുടെ മതവിശ്വാസത്തെക്കുറിച്ച സംശയങ്ങളും തെറ്റിദ്ധാരണകളുംകൊണ്ട് അസ്വസ്ഥഭരിതരായിരിക്കുകയും ചെയ്യും. തല്‍ഫലമായി കേവലം പണത്തിനും സുഖസൗകര്യങ്ങള്ക്കുംവേണ്ടി നിയമത്തിന്റെയും നിയമപാലകരുടെയും രക്ഷിതാക്കളുടെയും കണ്ണുവെട്ടിച്ച് അധോലോകത്തില്‍ വിഹരിക്കാന്‍ അവര്‍ക്കൊരു മനഃസാക്ഷിക്കുത്തും ഉണ്ടാവുകയില്ല. സമൂഹമാധ്യമങ്ങളുടെ നീരാളിപ്പിടിത്തത്തില്‍ അകപ്പെട്ടുപോയ പുതിയ തലമുറ, പഠനത്തിന്റെയും ബോധവത്കരണത്തിന്റെയും ലോകത്തുനിന്ന് ക്ഷണിക സന്തോഷങ്ങളുടെയും ആസ്വാദനങ്ങളുടെയും മായാ ലോകത്ത് പറന്നെത്തിക്കൊണ്ടിരിക്കെ സ്ഥിതി കൂടുതല്‍ ഗൗരവതരമാകുന്നു.
സാഹചര്യങ്ങള്‍ മൊത്തം മാറ്റുക ക്ഷിപ്രസാധ്യമല്ലെങ്കിലും വിധിയെ പഴിച്ചും കാലത്തെ കുറ്റപ്പെടുത്തിയും നേരം കളയാതെ അവിശ്വാസവും അധാര്മികതയുമുയര്ത്തുന്ന വെല്ലുവിളികളെ യഥോചിതം നേരിട്ടു തലമുറകളെ നേര്‍വഴിക്ക് നടത്താന്‍ കാലോചിതമായ ബോധന പദ്ധതിക്കും തദനുസൃതമായ ബോധവത്കരണത്തിനും മത -സാംസ്കാരിക സംഘടനകളും മത പണ്ഡിതന്മാരും സാമൂഹിക ചിന്തകരും രംഗത്തിറങ്ങിയേ പറ്റൂ. താരതമ്യേന നിസ്സാരമായ പടലപ്പിണക്കങ്ങളും അഭിപ്രായ ഭിന്നതകളും ഇളംതലമുറയുടെ വീണ്ടെടുപ്പിന്റെ മാര്‍ഗത്തില്‍ തടസ്സങ്ങളാവരുത്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.