ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ കേരള ഘടകം നിലവിൽ വരുന്നത് 1921 ജനുവരി 30ന് കോഴിക്കോട്ട് ചേർന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിലാണ്. അതുപ്രകാരം ഇന്ന് കെ.പി.സി.സിക്ക് 100 വർഷം പൂർത്തിയാവുകയാണ്. സ്വാതന്ത്ര്യത്തിനുശേഷവും കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി കോൺഗ്രസ് തുടർന്നു.
എന്നാൽ , 1937ൽ എ. കൃഷ്ണപിള്ള സ്ഥാപിച്ച കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരളഘടകം നാൽപതുകൾക്കൊടുവിലെ നിരോധനത്തെ അതിജീവിച്ചു, പാർലമെൻററി ജനാധിപത്യം അംഗീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെടാനാരംഭിച്ചതുമുതൽ അതിവേഗം വളർന്നു കോൺഗ്രസിനെ കടത്തിവെട്ടി. 1956ൽ ഐക്യകേരളം രൂപംകൊണ്ട ശേഷം 1957ലെ പ്രഥമ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രന്മാരുടെ പിന്തുണയോടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരമേറ്റത് അമ്പരപ്പോടെയാണ് കോൺഗ്രസ് നോക്കിക്കണ്ടത്.
കമ്യൂണിസ്റ്റുകളെ എന്തു വിലകൊടുത്തും അധികാരഭ്രഷ്ടരാക്കണമെന്ന ചിന്ത പാർട്ടിനേതൃത്വത്തെ മഥിച്ചതോടെ പ്രബലസമുദായങ്ങളെ കൂട്ടുപിടിച്ച് അതിനുള്ള ശ്രമമാരംഭിച്ചു. എൻ.എസ്.എസ് സ്ഥാപകനേതാവ് മന്നത്ത് പത്മനാഭനും കത്തോലിക്ക സഭകളും ചേർന്നാരംഭിച്ച പ്രക്ഷോഭങ്ങളിൽ കെ.പി.സി.സി സജീവപങ്കാളിത്തം വഹിച്ചു.
അമ്പതുകളുടെ തുടക്കത്തിൽ കോഴിക്കോട് സന്ദർശിച്ച ജവഹർലാൽ നെഹ്റു 'ചത്ത കുതിര' എന്ന് വിശേഷിപ്പിച്ച മുസ്ലിംലീഗിനെകൂടി വിമോചനസമരമെന്നു പേരിട്ട സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ പങ്കാളിയാക്കാൻ മുൻകൈയെടുത്തത് കോൺഗ്രസാണ്. സമരം അക്രമാസക്തമായതോടെ വെടിവെപ്പ് ഉൾപ്പെടെ ആത്യന്തിക നടപടികളിലൂടെ സർക്കാർ അതിനെ നേരിട്ടതും 1959ൽ നെഹ്റു ഗവൺമെൻറ് ഭരണഘടനയുടെ 356ാം അനുച്ഛേദം ഉപയോഗിച്ച് കമ്യൂണിസ്റ്റ് സർക്കാറിനെ പിരിച്ചുവിട്ടതും തദനന്തരം രാഷ്ട്രപതി ഭരണത്തിെൻറ തണലിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-പി.എസ്.പി-മുസ്ലിംലീഗ് സഖ്യം മഹാവിജയം നേടിയതും അനന്തര സംഭവങ്ങൾ.
സാമാന്യമര്യാദയും നീതിയും അനുസരിച്ച് മറ്റു രണ്ടു പാർട്ടികൾക്കുമൊപ്പം മുസ്ലിംലീഗിനും അധികാരത്തിൽ പങ്കാളിത്തം നൽകണം. അപ്പോൾ വരുന്നു ഉപരിലോകത്തുനിന്നുള്ള വിലക്ക്. എ.ഐ.സി.സിയുടെ ദുർഗാപുർ പ്രമേയമനുസരിച്ച് വർഗീയസംഘടനയായ മുസ്ലിംലീഗിനെ ഭരണത്തിൽ പങ്കാളികളാക്കാൻ പാടില്ല! ഒട്ടേറെ കൂടിയാലോചനകൾക്കും ഗൂഢാലോചനകൾക്കും ഒടുവിൽ മുതിർന്ന ലീഗ് നേതാവായ കെ.എം. സീതിസാഹിബിനെ സ്പീക്കറാക്കി തൽക്കാലം പ്രതിസന്ധി മറികടന്നു.
നടാടെ കിട്ടിയ അവസരം പാഴാക്കേണ്ടെന്നായിരുന്നു ലീഗിെൻറ തീരുമാനം. നിയമസഭാധ്യക്ഷൻ സീതിസാഹിബ് പക്ഷേ, അവിചാരിതമായി മരണമടഞ്ഞു. സ്വാഭാവികമായും പിൻഗാമിയാവേണ്ടത് മുസ്ലിംലീഗ് നോമിനി സി.എച്ച്. മുഹമ്മദ് കോയ. വീണ്ടും വരുന്നു ദുർഗാപുർ പ്രമേയം. വർഗീയ സംഘടനയായ മുസ്ലിംലീഗിൽനിന്ന് രാജിവെച്ചാലേ സി.എച്ചിനെ സ്പീക്കറാക്കൂ.
പാർട്ടി തീരുമാനപ്രകാരം അദ്ദേഹം പാർട്ടിയിൽനിന്നു രാജിവെച്ച് സ്പീക്കറായി (ഇതേപ്പറ്റിയാണ് രാഷ്ട്രീയ പ്രതിയോഗികളുടെ 'തൊപ്പിയൂരി...' പ്രയോഗം). 1967ൽ മുസ്ലിംലീഗിനെ സപ്തകക്ഷി മുന്നണിയിൽ ചേർക്കുമെന്നും മന്ത്രിസഭാംഗത്വം നൽകുമെന്നും സി.പി.എം നേതാവ് ഇ.എം.എസിെൻറ പ്രഖ്യാപനം.
കോൺഗ്രസിെൻറ വീണ്ടുവിചാരവും ബാഫഖി തങ്ങളും കരുണാകരനും ചേർന്ന് ഐക്യജനാധിപത്യമുന്നണി രൂപവത്കരണവുമൊക്കെ പിൽക്കാല വിശേഷങ്ങൾ. തൊപ്പി ധരിച്ചുതന്നെ സി.എച്ച്. മുഹമ്മദ് കോയ കോൺഗ്രസ് മുന്നണിയുടെ നോമിനിയായി കേരളത്തിെൻറ മുഖ്യമന്ത്രിപദവിയിലുമെത്തി. ദുർഗാപുർ പ്രമേയം എ.ഐ.സി.സി എപ്പോഴെങ്കിലും തിരുത്തിയതായി കേട്ടിട്ടില്ല. മുസ്ലിം ലീഗ് എം.പി ഇ. അഹമ്മദിനെ യു.പി.എ മന്ത്രിസഭയിൽ അംഗമാക്കി. ഇന്ന് നെഹ്റുവിെൻറ 'ചത്ത കുതിര'പ്പുറത്ത് കയറാതെ കേരളം ഭരിക്കുന്നത് കെ.പി.സി.സിക്ക് ആലോചിക്കാനാവില്ല.
1975ലെ അടിയന്തരാവസ്ഥയിൽ ഇന്ദിര ഗാന്ധി ആർ.എസ്.എസ്, ആനന്ദമാർഗ് തുടങ്ങിയ സംഘടനകളോടൊപ്പം ജമാഅത്തെ ഇസ്ലാമിയെ കൂടി നിരോധിച്ചിരുന്നു. 1976ൽ യശഃശരീരനായ മൗലാന അബുൽ ഹസൻ അലി നദ്വിയുടെ നേതൃത്വത്തിൽ അറബ് നാടുകളിൽനിന്നുള്ള ഉന്നത പണ്ഡിതസംഘം നിരോധനം നീക്കണമെന്ന് നിവേദനം നൽകിയപ്പോൾ, അവർ തെൻറ നടപടി ന്യായീകരിച്ചില്ല; നിരോധനം നീക്കുന്നത് പരിഗണിക്കാം എന്ന് ഉറപ്പുനൽകി.
അടുത്ത വർഷമാണ് ഇലക്ഷൻ പ്രഖ്യാപിക്കപ്പെട്ടത്. സമ്പൂർണ പരാജയം വരുന്നതറിഞ്ഞാവാം തെരഞ്ഞെടുപ്പിൽ പിന്തുണ നൽകാമെങ്കിൽ നിരോധനം നീക്കാം എന്ന് ജമാഅത്ത് നേതൃത്വത്തെ ഇന്ദിര ദൂതന്മാർ മുഖേന അറിയിച്ചു. നിരോധനം നീക്കി കേന്ദ്ര കൂടിയാലോചന സമിതി അംഗങ്ങൾ ജയിൽമോചിതരായാലേ ഇക്കാര്യം ചർച്ച ചെയ്യാനാവൂ എന്ന് സംഘടന മറുപടിയും നൽകി.
നിരോധനം നീങ്ങിയില്ല. ഇലക്ഷൻ നടന്നു. കനത്ത തോൽവിയുടെ ആഘാതത്തിൽ ഇന്ദിര അടിയന്തരാവസ്ഥ പിൻവലിച്ചതും സംഘടനകളുടെ നിരോധനം റദ്ദാക്കിയതും അനന്തര സംഭവം. ജമാഅത്തെ ഇസ്ലാമിയെ എന്തിന് നിരോധിച്ചു എന്ന് അന്നും ഇന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല!
1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തീവ്ര ഹിന്ദുത്വശക്തികൾ തകർത്തതിനെ തുടർന്ന് രാജ്യാന്തരീക്ഷം കലുഷമായപ്പോഴും വന്നു ആർ.എസ്.എസിെൻറ നിരോധനം. കൂടെ തൂക്കം ഒപ്പിക്കാൻ ജമാഅത്തെ ഇസ്ലാമിയും ബലിയാടായി. രണ്ടുവർഷം കഴിയാനിരിക്കെ സുപ്രീംകോടതിയുടെ വിധി വന്നു, ജമാഅത്തെ ഇസ്ലാമിയുടെ നിരോധനത്തിന് ആധാരമായി സ്വീകാര്യമായ ഒരു തെളിവും ഹാജരാക്കാൻ സർക്കാറിന് സാധിച്ചിട്ടില്ലാത്തതിനാൽ നിരോധനം അസാധുവാണെന്ന്.
ഇതൊക്കെയാണ് വസ്തുതകളെങ്കിൽ മതരാഷ്ട്രവാദം, വർഗീയത, തീവ്രവാദം തുടങ്ങിയ നെറികെട്ട ആരോപണങ്ങൾ സംഘടനയുടെ പേരിൽ വെച്ചുകെട്ടുന്നവരോടൊപ്പം നിൽക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിനു എന്തുണ്ട് ന്യായം? ആർ.എസ്.എസിെൻറ ഹിന്ദുരാഷ്ട്ര വാദത്തിന് സമാന്തരമായി ജമാഅത്തെ ഇസ്ലാമിക്ക് ഇസ്ലാമികരാഷ്ട്രവാദം ഉള്ളതിനാൽ രണ്ടു സംഘടനകളുമായും കോൺഗ്രസിന് ബന്ധമില്ല, ഉണ്ടായിക്കൂടാ എന്നാണല്ലോ ചില നേതാക്കളുടെ 'തത്ത്വാധിഷ്ഠിത' നിലപാട്.
ആർ.എസ്.എസിെൻറ ഹിന്ദു വംശീയ രാഷ്ട്ര സങ്കൽപവും ജമാഅത്തെ ഇസ്ലാമിക്കുണ്ടെന്ന് ആരോപിക്കുന്ന ദൈവരാജ്യ സങ്കൽപവും തമ്മിലെ സമീകരണത്തിെൻറ അർഥശൂന്യത ഇരിക്കട്ടെ, എ.ഐ.സി.സിയുടെ എക്കാലത്തെയും പ്രഗല്ഭനായ പ്രസിഡൻറ് മൗലാന അബുൽകലാം ആസാദ് ആയിരുന്നു മൗദൂദിയെക്കാൾ മുേമ്പ 'ഹുകൂമത്തെ ഇലാഹിയ്യ' (ദൈവരാജ്യം)ക്കുവേണ്ടി ശക്തമായി വാദിച്ചത് എന്ന ചരിത്ര സത്യവും കെ.പി.സി.സിക്ക് അറിയാേമാ? വർത്തമാനകാലത്ത് ആർ.എസ്.എസിനെക്കാൾ തീവ്രഹിന്ദുത്വ പ്രസ്ഥാനമായ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മഹാരാഷ്ട്ര മന്ത്രിസഭയിൽ ചേർന്ന് ഭരിക്കുന്ന കോൺഗ്രസിനെ കുറിച്ച് എന്തു പറയാനുണ്ട്? പകൽവെളിച്ചം പോലെ തെളിഞ്ഞ 2015ലെ വെൽഫെയർ-സി.പി.എം ധാരണകൾ തുറന്നുകാട്ടി സി.പി.എമ്മിെൻറ നെറികെട്ട പ്രചാരണങ്ങൾക്ക് തടയിടാൻ കെ.പി.സി.സിക്ക് കഴിയേണ്ടതായിരുന്നു.
സത്യത്തിൽ എന്താണ് നടന്നത്? 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം വെൽെഫയർ പാർട്ടിയുമായി ധാരണയുണ്ടാക്കി മത്സരിച്ചു. 50ൽ താഴെ സീറ്റുകളിൽ പാർട്ടി ജയിച്ചു. അന്ന് അതാരും പ്രശ്നവത്കരിച്ചില്ല. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് ഉന്നത കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസ് എം.പി ജമാഅത്തെ ഇസ്ലാമി നേതാക്കളെ കോഴിക്കോെട്ട വസതിയിലേക്ക് ക്ഷണിച്ച് കേരളത്തിലെ കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾക്ക് ഏർപ്പാട് ചെയ്തു.
രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, ഷാനവാസ് എന്നീ നേതാക്കൾ യു.ഡി.എഫിനെയും എം.ഐ. അബ്ദുൽ അസീസ്, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബ് റഹ്മാൻ എന്നിവർ ജമാഅത്തിനെയും പ്രതിനിധാനംചെയ്ത് ചർച്ചകളിൽ പങ്കെടുത്തു. കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. 'ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറാതിരിക്കണമെങ്കിൽ കോൺഗ്രസിന് മതിയായ ഭൂരിപക്ഷം ലഭിച്ചേ തീരൂ. പക്ഷേ, കോൺഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയില്ല.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും ആയേ പറ്റൂ. നിങ്ങൾ കേരളത്തിലെ 20 സീറ്റുകളിലും യു.ഡി.എഫിനെ പിന്തുണച്ചാലേ ഉദ്ദേശിച്ച ഫലം ഉണ്ടാവൂ' എന്നായിരുന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞതിെൻറ രത്നച്ചുരുക്കം. 'ഫാഷിസ്റ്റുകൾക്കെതിരെ മതനിരപേക്ഷ ശക്തികളെ പിന്താങ്ങുക എന്നത് ജമാഅത്തെ ഇസ്ലാമിയുടെ മൗലിക നിലപാടാണ്.
അടുത്ത തെരഞ്ഞെടുപ്പിലും സ്വാഭാവികമായും ആ നയം തുടരും. എന്നാൽ, കേരളത്തിലെ രണ്ടു മുന്നണികളും മതേതരമാണ് എന്നതുകൊണ്ട് ഏകപക്ഷീയമായി യു.ഡി.എഫിനെ മാത്രം പിന്തുണക്കുക പ്രായോഗികമാണോ എന്ന് ആലോചിക്കണം. ഇനിയും സമയമുണ്ടല്ലോ' എന്നായിരുന്നു ജമാഅത്ത് പ്രതികരണം. അതിനിടെ എം.ഐ. ഷാനവാസ് വിടവാങ്ങിയെങ്കിലും സംഭാഷണങ്ങൾ പലതലത്തിലും തുടർന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു.
എൽ.ഡി.എഫിെൻറ ഭാഗത്തുനിന്ന് ധാരണനീക്കങ്ങളൊന്നുമുണ്ടായില്ല. വെൽഫെയർ പാർട്ടി യു.ഡി.എഫിനൊപ്പം നിന്നു. മാത്രമല്ല, മുഴുസീറ്റുകളിലും മുന്നണിയുടെ സ്ഥാനാർഥികൾക്കുവേണ്ടി സജീവമായി രംഗത്തിറങ്ങുകയും ചെയ്തു. 19 മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിന് യു.ഡി.എഫ് ജയിക്കുന്നതാണ് കേരളം കണ്ടത്. വിജയശിൽപികൾ വെൽഫെയറാണെന്ന് ആരും അവകാശപ്പെട്ടില്ല. എന്നാൽ, പ്രചാരണത്തിലെ അവരുടെ സജീവ പങ്കാളിത്തം ശശി തരൂർ, കെ. മുരളീധരൻ, കെ. സുധാകരൻ തുടങ്ങിയവരുടെ അഭിനന്ദനങ്ങൾ പിടിച്ചുപറ്റി; വെൽെഫയറുമായി അവർ വേദി പങ്കിട്ടു.
ഈ പശ്ചാത്തലത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ്-വെൽഫെയർ നീക്കുപോക്കുകളെ കാണേണ്ടത്. അത് മുൻ വാഗ്ദാനത്തിന്റെയും ഉറപ്പുകളുടെയും സ്വാഭാവികഫലമായിരുന്നു. കെ.പി.സി.സി നേതൃത്വം സി.പി.എം പ്രോപഗണ്ടയിൽ പതറാതെ കാര്യങ്ങൾ തുറന്നു സമ്മതിക്കാൻ ആർജവം കാണിച്ചിരുന്നെങ്കിൽ പ്രതിയോഗികളുടെ കുതന്ത്രം പൊളിഞ്ഞേനെ.
ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ ലാക്കാക്കി പിണറായി വിജയനും പാർട്ടിയും മുസ്ലിംവർഗീയതയുടെ ഇമ്പാച്ചി കാട്ടി അരമനകളെയും തെരുവുകളെയും ഭയപ്പെടുത്തുേമ്പാൾ ചകിതരാവേണ്ട സാഹചര്യം കെ.പി.സി.സിക്കില്ല. ബംഗാളിലോ തമിഴ്നാട്ടിലോ ഇല്ലാത്ത 'മുസ്ലിം വർഗീയ പാർട്ടികളോടുള്ള' തൊട്ടുകൂടായ്മ കേരളത്തിൽ അനുവർത്തിക്കുന്നത് സി.പി.എമ്മിെൻറ അവസരവാദത്തിെൻറ മാത്രം ഫലമാണ്. ഈ പ്രോപഗണ്ടയുടെ യഥാർഥ ഗുണഭോക്താക്കളോ, സംഘ്പരിവാറും.
കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും തിരിച്ചറിയേണ്ട സത്യം, മതന്യൂനപക്ഷങ്ങൾ സ്വയം സംഘടിക്കേണ്ടതില്ല, അവർ മതേതരകക്ഷികളിൽ പ്രവർത്തിച്ചാൽ മതി എന്ന സാന്ത്വനവചനം ഇനി വിലപ്പോവില്ല എന്നതാണ്. രക്ഷാകർതൃത്വത്തിെൻറ അനുഭവം അവർ വേണ്ടതിലധികം പഠിച്ചുകഴിഞ്ഞു.
ഇനിയും പഠിക്കാനിരുന്നാൽ അവർ ചരിത്രത്തിെൻറ ഭാഗമാവും. അതിനാൽ ന്യൂനപക്ഷങ്ങൾ മതപരമായും സാംസ്കാരികമായും സാമൂഹികമായും മാത്രമല്ല, രാഷ്ട്രീയമായും സംഘടിക്കും. ഭരണഘടനാദത്തമായ ആവശ്യങ്ങൾക്കുവേണ്ടി പൊരുതും. ഈ സത്യം അംഗീകരിച്ച് അവരുമായി സംവദിക്കാനും കൂട്ടുചേരാനും മതേതര പാർട്ടികൾ സന്നദ്ധരാണെങ്കിൽ അവർക്ക് നല്ലത്. ബിഹാറും ബംഗാളും മാത്രമല്ല, േകരളവും നൽകാൻ പോവുന്ന പാഠം അതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.