രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമായിരിക്കുന്നു. ഡൽഹിയിൽ നടന്ന ആറാമത് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് വേദിയിൽ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം നിർവഹിച്ചത്. വീടും അവസരങ്ങളും തമ്മിലെ അകലം കുറയ്ക്കുക എന്നതാണ് ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഈവർഷത്തെ പ്രമേയം. 5ജിയിലേക്കുള്ള ഇന്ത്യൻ ചുവടുവെപ്പിനാധാരവും അതുതന്നെ.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഡിജിറ്റൽ മേഖലയിൽ ഏറ്റവും വലിയ നേട്ടം കൈവരിച്ച രാഷ്ട്രമാണ് ഇന്ത്യ. ഡിജിറ്റൽ സാമ്പത്തിക ഇടപാടിൽ 2021-22ൽ നമ്മുടെ രാഷ്ട്രം വികസിത രാഷ്ട്രങ്ങളെപ്പോലും കടത്തിവെട്ടി ഒന്നാം സ്ഥാനത്താണുള്ളത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ നമ്മുടെ സാമ്പത്തിക ഇടപാടുകൾ അതിവേഗം ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറി. പലപ്പോഴും സാങ്കേതിക മുന്നേറ്റങ്ങളും വളരെ പതുക്കെ മാത്രം സ്വീകരിച്ചിരുന്ന പതിവിൽനിന്ന് മാറി ഇപ്പോൾ അതിവേഗത്തിൽ സ്വീകരിക്കാൻ ആബാലവൃദ്ധം ജനങ്ങളും നിർബന്ധിതമായിരിക്കുന്നു എന്നതാണ് യാഥാർഥ്യം.
ഇന്റർനെറ്റില്ലാത്ത ഒരുദിവസം ഇന്ന് ഇന്ത്യക്ക് ചിന്തിക്കാൻ കഴിയില്ല. ഇ-സർക്കാർ, ഇ-ബാങ്കുകൾ, ഇ-ഓഫിസുകൾ, ഇ-സിനിമ തുടങ്ങിയ സംവിധാനങ്ങൾ പൂർണമായി നടപ്പാക്കാൻ കഴിയാത്തത് തടസ്സമില്ലാത്ത, അതിവേഗ ഇന്റർനെറ്റ് ലഭ്യത ഇല്ലാത്തതുകൊണ്ടായിരുന്നു. 5ജി സംവിധാനം സാർവത്രികമാകുന്നതോടെ അതിനൊരു പരിഹാരമാവും.
നിലവിൽ രാജ്യത്ത് ഉപയോഗിച്ചുവരുന്ന 4ജിയുടെ പത്ത് മടങ്ങ് വേഗമാണ് 5ജിയിൽ പ്രതീക്ഷിക്കുന്നത്. 5ജിയുടെ ഏറ്റവും വലിയ പ്രത്യേകത അത് നാലാം വ്യവസായിക വിപ്ലവത്തിന് കളമൊരുക്കുന്ന സാങ്കേതികവിദ്യകളിലുണ്ടാവുന്ന മാറ്റങ്ങളുടെ ആക്കംകൂട്ടുമെന്നാണ്. നമ്മുടെ ജനസംഖ്യ വളർച്ചയെയും സാങ്കേതികമുന്നേറ്റങ്ങളെയും ഒരുമിപ്പിച്ചാൽ സാമ്പത്തികവളർച്ചയും വികസനവുമെന്ന ലക്ഷ്യം എളുപ്പമാക്കാൻ 5ജിയിലൂടെ സാധിക്കുമെന്നും കണക്കുകൂട്ടപ്പെടുന്നുണ്ട്. 5ജിയും അനുബന്ധ സേവനങ്ങളും ശാസ്ത്രീയമായി ദീർഘവീക്ഷണത്തോടെ ഉപയോഗിച്ചാൽ നമ്മുടെ വിദ്യാഭ്യാസത്തിന്റെയും നൈപുണി വികസനത്തിന്റെയും ഗുണമേന്മ ഉറപ്പാക്കാൻ കഴിയും. 2025-30 ആവുമ്പോഴേക്ക് യുവത്വത്തിന്റെ നാടായിമാറുന്ന ഇന്ത്യയിൽ കൂടുതൽ കരുത്തും മത്സരബുദ്ധിയുമുള്ള ജനതയും ഉണ്ടാകേണ്ടതുണ്ട്. അതിന് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. ശരിയാംവിധം ഉപയോഗിക്കാനായാൽ 5ജിയുടെ വേഗതയും അനുബന്ധ സാങ്കേതികവിദ്യകളും ഇതിന് സഹായകമാവും. എന്നാൽ, നമ്മുടെ യൂനിവേഴ്സിറ്റികളും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും ഇപ്പോഴും പരമ്പരാഗത ഡിഗ്രി, ഡിപ്ലോമ വിതരണകേന്ദ്രം എന്നനിലയിൽനിന്ന് മാറിയിട്ടില്ല.
ആരോഗ്യരംഗത്ത് വമ്പിച്ച മുന്നേറ്റമുണ്ടാക്കാൻ 5ജിക്ക് കഴിയും. ഗ്രാമപ്രദേശങ്ങളിലുള്ള പ്രാഥമിക- താലൂക്ക് ആശുപത്രികളെ നഗരങ്ങളിലെ വലിയ ആശുപത്രികളുമായും മെഡിക്കൽ കോളജുകളുമായും ബന്ധിപ്പിക്കാനും വികസിപ്പിക്കാനും അധിക സാമ്പത്തിക നിക്ഷേപങ്ങളില്ലാതെ സാധിക്കും. പ്രഗത്ഭ ഡോക്ടർമാരുടെ നിരീക്ഷണവും മേൽനോട്ടവും പ്രശ്നപരിഹാര മാർഗനിർദേശങ്ങളും ആരോഗ്യരംഗത്ത് പ്രത്യേകിച്ച്, ഗ്രാമീണ ആരോഗ്യമേഖലയിൽ വൻ മുന്നേറ്റമാണ് സാധ്യമാക്കുക. യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഓപറേഷൻ അടക്കമുള്ള വൈദ്യശാസ്ത്ര പ്രവർത്തനങ്ങളിൽ 5ജി ലഭ്യത ഇതിനകംതന്നെ വലിയ സംഭാവനയാണ് നൽകുന്നത്.
നേട്ടങ്ങളെ പൂർണമായി അംഗീകരിക്കുമ്പോഴും അത് നമ്മുടെ നാടിന്റെ തൊഴിലിനെയും പരമ്പരാഗത മാർഗങ്ങളെയും എങ്ങനെ ബാധിക്കുമെന്നും ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ നാം എന്തു തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട് എന്നും നമ്മുടെ രാഷ്ട്രീയ-ഭരണ നേതൃത്വം മനസ്സിലാക്കിയിട്ടില്ല എന്നത് നിരാശജനകമാണ്. വിദ്യാഭ്യാസത്തിലും നൈപുണി പരിശീലനത്തിലും പരമ്പരാഗത രീതി പിന്തുടരുകയും സാങ്കേതികമാറ്റങ്ങൾ ത്വരിതഗതിയിൽ നടപ്പിലാവുകയും ചെയ്യുമ്പോൾ അത് രൂക്ഷമായ തൊഴിലില്ലായ്മയിലേക്കും സാമൂഹിക വിപത്തുകളിലേക്കും എത്തിക്കാനിടയുണ്ട്.
ലോക സാമ്പത്തിക ഫോറത്തിലെ സെമിനാറിൽ നടത്തിയ ശ്രദ്ധേയമായ പ്രഭാഷണത്തിൽ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ പ്രകടിപ്പിച്ച ഒരു സങ്കടം രാഷ്ട്രങ്ങൾ എന്തുകൊണ്ട് തങ്ങളുടെ സാങ്കേതിക മുന്നേറ്റങ്ങളെ സാങ്കേതികമികവോടെ തദ്ദേശീയ സർക്കാർ മാർഗങ്ങളുപയോഗിച്ച് മോണിറ്റർ ചെയ്യുന്നില്ല എന്നതായിരുന്നു.
(സംരംഭകത്വ വികസന പരിശീലകനും മുൻ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.