വൈകിയാണ് ജനുവരി ഒമ്പതിലെ ആ പത്രസമ്മേളനം കണ്ടത്. മാധ്യമപ്രവർത്തകന്റെ ചോദ്യം: ഇസ്ലാം വിട്ടശേഷം നിങ്ങൾ മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ? സംഘാടക മറുപടി: ഇസ്ലാം വിട്ടവർ വേറെ മതത്തിൽ വിശ്വസിക്കുക എന്നത് വലിയ തമാശയാണ്. മുസ്ലിംകൾ ഞങ്ങളെ പഠിപ്പിച്ചത് ഇസ്ലാം മാത്രമാണ് ശരിയെന്നാണ്. അങ്ങനെയുള്ള മതം തെറ്റാണെന്ന് ബോധ്യപ്പെടുന്നവർ വേറെ മതത്തിൽ ചേരുകയോ? ഇസ്ലാം ഉപേക്ഷിച്ച് നാസ്തികത സ്വീകരിച്ചവർ മാത്രമാണ് ഈ സംഘടനയിലുണ്ടാവുക. ആരെങ്കിലും നാസ്തികത വിട്ട് ഹിന്ദുയിസമോ ക്രിസ്തുമതമോ സ്വീകരിച്ചാൽ അവർ സംഘടനയിൽനിന്ന് പുറത്താവും. എക്സ് മുസ്ലിംസ് ഓഫ് കേരളയുടെ തുടക്കം ബുദ്ധിപരമായ പാപ്പരത്തത്തിന്റെ ഉദ്ഘാടനം കൂടിയായിരുന്നുവെന്നതിന് ഈ മറുപടികൾതന്നെ തെളിവ്.
ഒരാൾ ഇസ്ലാം വിട്ട് ഹിന്ദുമതം സ്വീകരിച്ചാലും അയാൾ എക്സ് മുസ്ലിമാണെന്നാണ് ഭാഷാശാസ്ത്രം പറയുന്നതെങ്കിലും ഇവർ അത് സമ്മതിച്ച് കൊടുക്കില്ല. ഇസ്ലാം മാത്രമാണ് ശരിയെന്ന് ഇവരെ പഠിപ്പിച്ചതുകൊണ്ട് പിന്നീട് അതു തെറ്റാണെന്ന് ബോധ്യപ്പെട്ടാലും അതിലും മുന്തിയ മതം കണ്ടെത്താൻ കഴിയില്ലെന്ന് അവർ സ്വയമങ്ങ് തീരുമാനിക്കുന്നു. എക്സ് മുസ്ലിംകൾ നാസ്തികർതന്നെയായിരിക്കണമെന്ന് പ്രഖ്യാപിക്കുന്നു. എന്തൊരു സത്യസന്ധത! സഹിഷ്ണുത!
ഇസ്ലാം വിടുന്നവരോട് കേരള മുസ്ലിംകൾക്ക് കടുത്ത അസഹിഷ്ണുതയുണ്ടെന്നും അവരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നുണ്ടെന്നും തട്ടിവിടുന്ന ഇക്കൂട്ടർ പക്ഷേ, ഇരകളുടെ പട്ടികയൊന്നും ഹാജരാക്കിയില്ല. എങ്കിൽപിന്നെ എക്സ് ഹിന്ദൂസ് രൂപവത്കരിക്കാത്തത് എന്തുകൊണ്ടെന്ന് ഒരു പത്രക്കാരനും ചോദിച്ചതുമില്ല. ഇസ്ലാംവിരുദ്ധ സഖ്യസേനയിൽ ഹിന്ദുത്വർ കൂടിയുള്ളതിനാൽ അത്തരമൊരു സംഘടന പ്രതീക്ഷിക്കേണ്ട. രൂപവത്കരിച്ചാൽ തന്നെ പൻസാരയുടെ ഗതിയുണ്ടാവുകയും ചെയ്യും.
രാഷ്ട്രാന്തരീയ മതസ്വാതന്ത്ര്യത്തിനായുള്ള അമേരിക്കൻ കമീഷന്റെ (USCIRF) 2021ലെ റിപ്പോർട്ടിൽ പ്രത്യേകം ആശങ്കപ്പെടേണ്ട ലോകത്തെ 14 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ കണ്ടത് രാജ്യത്ത് മുസ്ലിംകൾക്കും ക്രൈസ്തവർക്കുമെതിരായ അക്രമങ്ങളും അസഹിഷ്ണുതയും വർധിച്ചതു കൊണ്ടാണ്. 2020 ലും ഇന്ത്യ ഇതേ പട്ടികയിലായിരുന്നു. സഹിഷ്ണുത പട്ടികയിൽ ഇന്ത്യക്ക് 44ാം സ്ഥാനമാണുള്ളത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മതപരിവർത്തനം വൻ കുറ്റമായി നിയമനിർമാണങ്ങൾ നടത്തിക്കഴിഞ്ഞു. ക്രൈസ്തവർക്കെതിരെ മുമ്പെങ്ങുമില്ലാത്ത വിധം അക്രമങ്ങൾ കുതിച്ചു കയറി. വിദ്വേഷ പ്രചാരണങ്ങളുടെ പരമ്പരകൾക്കൊടുവിലാണ് ഇക്കഴിഞ്ഞ ഡിസംബർ 17, 18, 19 തീയതികളിൽ ഹരിദ്വാറിൽ ധർമസൻസദ് നടന്നത്. അതിൽ മുസ്ലിം ജനസംഖ്യ കുറക്കാൻ അവരെ കൊന്നൊടുക്കാനും മുസ്ലിം കച്ചവടക്കാരെ ആട്ടിപ്പായിക്കാനും ആഹ്വാനം ചെയ്യുന്നു. വംശഹത്യക്ക് ആഹ്വാനം ചെയ്തവരെ അറസ്റ്റ് ചെയ്യാൻ മനുഷ്യാവകാശ പ്രവർത്തകർക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുന്നു. ഇതെല്ലാമായിട്ടും ഇഷ്ടമുള്ള ആശയം സ്വീകരിക്കാനുള്ള മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നതിന്റെ കുറ്റം മുസ്ലിംകളിൽ ചുമത്തുന്നു.!
ഏതു സംഘടനക്കും പേരിടുക ആവരുടെ ആദർശവുമായും പ്രവർത്തനവുമായും ബന്ധപ്പെട്ട വാക്കുകളുപയോഗിച്ചാവും. ഇല്ലെങ്കിലും നേർവിപരീതമോ വിചിത്രമോ ആയ പേര് ആരും ചേർക്കാറില്ല. യഥാർഥ ആശയവുമായി ബന്ധപ്പെട്ട പേര് സ്വീകരിച്ചാൽ അർഥശൂന്യത എളുപ്പം തിരിച്ചറിയപ്പെടുമെന്നത് കൊണ്ടാണ് ഭാഷാപരമായി തെറ്റായ പേരുമായി അവർ വന്നിരിക്കുന്നത്. പേരിനു മുമ്പിൽ എക്സ് ചേർക്കുന്ന(എക്സ് എം.എൽ.എ/സർവിസ് മെൻ ഉദാഹരണം)വരൊക്കെ മുമ്പു വഹിച്ച പദവിയുടെ മഹത്വം ഓർക്കാനോ അതിന്റെ ആദരവും സൗകര്യങ്ങളും അനുഭവിക്കാനോ ആണ്.
വാസ്തവത്തിൽ കേരള യാദൃച്ഛികത വാദസംഘം എന്നോ കേരള രാസവസ്തു അസോസിയേഷൻ എന്നോ ആണ് ഇവർ ഉപയോഗിക്കേണ്ടിയിരുന്നത്. പ്രപഞ്ചം ഒന്നുമില്ലായ്മയിൽനിന്ന് യാദൃച്ഛികമായ ചലനവികാസങ്ങളിലൂടെയാണ് ഉണ്ടായതെന്നും അതിന് പിന്നിൽ ഒരു പ്രകൃത്യാതീത ശക്തിയുണ്ടെന്ന് പറയുന്നത് മണ്ടത്തരമാണെന്നുമുള്ള അടിസ്ഥാന നിലപാടുള്ളവർക്ക് ഇതിലും പറ്റിയ മറ്റൊരു പേരില്ല.
മനുഷ്യനും മറ്റ് ജീവജാലങ്ങളും ചില രാസവസ്തുക്കളുടെ പ്രത്യേക രൂപത്തിലുളള യാദൃച്ഛികമായ സമ്മേളനം മാത്രമാണെന്നും ആത്മാവ്, ആത്മനിഷ്ഠത എന്നൊക്കെ പറയുന്നത് പറ്റിപ്പാണെന്നുമാണ് അവരുടെ മറ്റൊരു വാദം. മതം, ധാർമികത എന്നതൊക്കെ ജൈവ മനുഷ്യന്റെ നൈസർഗികതയുടെ ഭാഗമല്ല എന്നൊക്കെ പറയുന്ന കേരളത്തിലെ ഹോമോസാപിയൻസിന് യോജിച്ച മറ്റൊരു പേര് കേരള രാസവസ്തു അസോസിയേഷൻ എന്നായിരുന്നു. യുക്തിവാദം എന്ന പദം പോലും ആത്മനിഷ്ഠമായതിനാൽ ആ പേരിൽപോലും അറിയപ്പെടാൻ അവർക്കർഹതയില്ല.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.