ഭാഷയെയും സംസ്കാരത്തെയും സ്വാഭിമാനത്തെയും ആയുധങ്ങളാക്കി തമിഴ്നാട്ടിലെ വിശാല മതനിരപേക്ഷ ജനാധിപത്യ സഖ്യം ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ അതിന്റെ എല്ലാ പൂർണതയിലും മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് സി.പി.എമ്മിന്റെ 24ാം പാർട്ടി കോൺഗ്രസ് മധുരയിൽവെച്ച് നടക്കാൻ പോകുന്നത്. ഇടതുപക്ഷത്തെയും കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും യോജിപ്പുള്ള മറ്റു പ്രാദേശിക പാർട്ടികളെയും കൂടെ നിർത്തി ഡി.എം.കെയും എം.കെ. സ്റ്റാലിനും നടത്തുന്ന ഹിന്ദി അടിച്ചേൽപിക്കൽ...
ഭാഷയെയും സംസ്കാരത്തെയും സ്വാഭിമാനത്തെയും ആയുധങ്ങളാക്കി തമിഴ്നാട്ടിലെ വിശാല മതനിരപേക്ഷ ജനാധിപത്യ സഖ്യം ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ അതിന്റെ എല്ലാ പൂർണതയിലും മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് സി.പി.എമ്മിന്റെ 24ാം പാർട്ടി കോൺഗ്രസ് മധുരയിൽവെച്ച് നടക്കാൻ പോകുന്നത്.
ഇടതുപക്ഷത്തെയും കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും യോജിപ്പുള്ള മറ്റു പ്രാദേശിക പാർട്ടികളെയും കൂടെ നിർത്തി ഡി.എം.കെയും എം.കെ. സ്റ്റാലിനും നടത്തുന്ന ഹിന്ദി അടിച്ചേൽപിക്കൽ വിരുദ്ധ പോരാട്ടവും നരേന്ദ്ര മോദി സർക്കാറിനെതിരെയുള്ള തുറന്ന യുദ്ധവും ബി.ജെ.പിയെ വലിയ അളവിലാണ് പ്രതിരോധത്തിലാക്കിയിരിക്കുന്നതും.
ക്ഷേത്രനഗരി എന്നതുപോലെ പുരോഗമന രാഷ്ട്രീയത്തിനും അടിസ്ഥാനവർഗ മുന്നേറ്റത്തിനും വലിയ വളക്കൂറുള്ള മണ്ണാണ് മധുരയുടേത്. അവിടെ നിന്നുള്ള ലോക്സഭാംഗം സി.പി.എം പ്രതിനിധിയാണ്. അദ്ദേഹത്തെ രണ്ടാംവട്ടവും തെരഞ്ഞെടുത്ത് പാർലമെന്റിൽ അയച്ചത് ആ പ്രദേശത്തെ ഡി.എം.കെ, കോൺഗ്രസ്, മുസ്ലിം ലീഗ്, എം.ഡി.എം.കെ, വി.സി.കെ തുടങ്ങിയവയുടെ പ്രവർത്തകരും അനുഭാവികളുമാണ്.
കേരളത്തിൽ നിന്ന് ഇടതുപക്ഷത്തിന് ഒരേയൊരു ലോക്സഭാംഗം മാത്രമുള്ളപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ളത് നാലുപേരാണ്. തമിഴ്നാട്ടിലെ ഇടതുപക്ഷ പ്രവർത്തകർ അന്ധമായ കോൺഗ്രസ് വിരോധം എന്നേ ഉപേക്ഷിച്ചതുമാണ്.
ഏപ്രിൽ ആദ്യവാരം നടക്കുന്ന പാർട്ടി കോൺഗ്രസിന് കേരള മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി അഖിലേന്ത്യ കോഓഡിനേറ്റർ പ്രകാശ് കാരാട്ടും മധുരയിൽ എത്തുമ്പോൾ അവിടത്തെ രാഷ്ട്രീയ പശ്ചാത്തലത്തെപ്പറ്റി ഇത്രയെങ്കിലും മുൻകൂറായി പറയാതെ വയ്യ.
കൊല്ലത്തെ സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് പിണറായി വിജയൻ മാധ്യമങ്ങൾക്ക് പ്രസിദ്ധീകരണത്തിന് നൽകിയ കുറിപ്പിൽ നിറഞ്ഞു നിന്നത് ബി.ജെ.പി വിരുദ്ധതയേക്കാളേറെ കോൺഗ്രസ് വിരോധമായിരുന്നു.
ദേശീയതലത്തിൽപോലും കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നാണ് സമീപ തെരഞ്ഞെടുപ്പുകളിൽ രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഹരിയാനയിലും പശ്ചിമ ബംഗാളിലും അതിനൊപ്പം മത്സരിച്ച പ്രധാന ഇടതുപാർട്ടിയുടെ ഏക മുഖ്യമന്ത്രി പറയുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞ സമയത്ത് പശ്ചിമ ബംഗാളിൽ അടക്കം സ്വന്തം പാർട്ടിയുടെ സ്ഥാനാർഥികൾക്ക് വോട്ടുചോദിക്കാൻ പോകാതെ ഇന്തോനേഷ്യയിൽ കുടുംബത്തോടൊപ്പം വിനോദയാത്ര പോയ ആളാണ് കേരളത്തിലെ മുഖ്യമന്ത്രി. അതുകൊണ്ടൊക്കെത്തന്നെ ദേശീയ തലത്തിൽ വിശാല ജനാധിപത്യ-മതേതര കൂട്ടായ്മ രൂപപ്പെടുന്നതിൽ അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ളത് മനസ്സിലാക്കാം. കേരളമാണ് ഇന്ത്യ എന്നുള്ള പരിമിതമായ സങ്കൽപത്തിലാകാം അദ്ദേഹം കോൺഗ്രസുമായി ദേശീയതലത്തിൽ കൂട്ടുണ്ടാകരുത് എന്ന് ഇപ്പോഴും വാദിക്കുന്നതും.
കൊല്ലം സമ്മേളനപ്പിറ്റേന്നാണ്, ‘ഇൻഡ്യ’ മുന്നണി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി മാത്രമായി ഉണ്ടാക്കിയ ഒന്നാണ് എന്നും അതിന്റെ പ്രസക്തി ഇനിയില്ലെന്നും പറഞ്ഞ് പ്രകാശ് കാരാട്ട് ‘ദ ഹിന്ദു’ ദിനപത്രത്തിന് അഭിമുഖം നൽകുന്നത്.
ആശയപരമായും രാഷ്ട്രീയമായും വ്യത്യസ്തങ്ങളായ 26 പാർട്ടികൾ ഒന്നിച്ചുനിൽക്കുക എന്നത് അപ്രായോഗികമായ ആശയമാണെന്ന് അദ്ദേഹം പറയുന്നു. പൊതുശത്രുവിനെതിരെ ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള വിശാല സഖ്യം എന്ന ചിന്തപോലും അദ്ദേഹം നിരാകരിക്കുന്നു. അതായത്, മധുരയിലെ പാർട്ടി കോൺഗ്രസിലേക്ക് പോകുമ്പോൾ സി.പി.എമ്മിനെ നയിക്കുക ഇർഫാൻ ഹബീബും സീതാറാം യെച്ചൂരിയും സമീപനാളുകൾ വരെ ചൂണ്ടിക്കാണിച്ചതും അവർക്കുമുമ്പ് ഹർകിഷൻ സിങ് സുർജിത്തും ജ്യോതിബസുവും പറഞ്ഞതുമായ വിശാല ബഹുസ്വര മതേതര ജനാധിപത്യ കൂട്ടായ്മയുടെ വഴിയല്ല എന്നാണ്.
കാരാട്ട് ഇത് കുറേക്കാലമായി പറയുന്നതുമാണ്. കേന്ദ്രം ഭരിക്കുന്നത് ഒരു ഫാഷിസ്റ്റ് സർക്കാർ ആണെന്ന ഇതര ഇടതുപക്ഷക്കാരുടെ നിലപാട് പോലും അദ്ദേഹം അംഗീകരിക്കുന്നില്ല. നവ ഫാഷിസ്റ്റ് പ്രവണതകൾ മാത്രമേ ബി.ജെ.പിക്ക് ഉള്ളൂ എന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ അത്ര തീർച്ച പാർട്ടിയിൽ അദ്ദേഹത്തേക്കാൾ പ്രബലനായ പിണറായിക്ക് മാത്രമേയുള്ളു.
ന്യൂനപക്ഷങ്ങളിലും ദലിതരിലും പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരിലും മാത്രമല്ല ജനസാമാന്യത്തിൽ ഏതാണ്ടെല്ലാവരിലും വലിയ അരക്ഷിതാവസ്ഥയും ആശങ്കകളും വളർത്തുന്ന സർക്കാറാണ് കേന്ദ്രത്തിലേത്. ഒരു മതാത്മക രാഷ്ട്രം എന്ന നിലയിലേക്ക് കാര്യങ്ങൾ അവർ കൊണ്ടുപോകുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കിക്കൊണ്ടിരിക്കുന്നു. സ്വതന്ത്ര ചിന്തക്കും ആശയ പ്രചാരണത്തിനും വിലങ്ങുകൾ വരുന്നു. ഭൂരിപക്ഷ മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭരിക്കുന്ന സർക്കാറും അതേപോലെ ഏറ്റെടുക്കുന്ന സ്ഥിതി വന്നിരിക്കുന്നു.
അത്തരമൊരു ഘട്ടത്തിലാണ് കാരാട്ടും പിണറായിയും ഫാഷിസ്റ്റുകളോട് മൃദുസമീപനം സ്വീകരിച്ച് ലെജിറ്റിമസി നേടിക്കൊടുക്കാൻ ശ്രമിക്കുന്നത്.
കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ സി.പി.എം മുന്നോട്ടുവെച്ച ദേശീയ മതേതര ബദൽ എന്തായിരുന്നുവെന്ന് ഒന്ന് നോക്കുന്നത് രസാവഹമാണ്. ദേവഗൗഡയുടെയും മകന്റെയും കുടുംബ പാർട്ടിയായ ജനതാദൾ സെക്കുലർ, മറ്റൊരു സ്വകാര്യ കുടുംബസ്വത്തായ തെലങ്കാന രാഷ്ട്ര സമിതി, അരാഷ്ട്രീയതയുടെ ആഘോഷമായ ആം ആദ്മി പാർട്ടി എന്നിവയായിരുന്നു അന്ന് കോൺഗ്രസിനും ബി.ജെ.പിക്കും എതിരായ സി.പി.എം ബക്കറ്റ് ലിസ്റ്റ്. അതിൽ ഗൗഡയും മകനും ഇപ്പോൾ ബി.ജെ.പിയുമായി പുണർന്നുനിന്ന് വലിയ വർഗീയത പറയുന്നു. തെലങ്കാന സമിതിയും ആം ആദ്മിയും നിലനിൽപിനുപോലും വഴികാണാതെ ഉഴറുന്നു.
വർഷങ്ങളിലൂടെ ഏറ്റവും ശക്തവും രാജ്യത്തിനാകെ മാതൃകയുമായ മതേതര ജനാധിപത്യ സഖ്യം ഉണ്ടായത് തമിഴ്നാട്ടിലാണ്. അവിടെയാണ് കോൺഗ്രസില്ലാത്ത അവശിഷ്ട മതേതര പ്രതിപക്ഷം എന്ന പരാജയപ്പെട്ട മോഡലുമായി കാരാട്ടും പിണറായിയും ഇപ്പോൾ പാർട്ടി കോൺഗ്രസിന് എത്തുന്നത്.
ഒരിക്കലും ഒരു ബഹുജനനേതാവ് അല്ലാതിരുന്ന കാരാട്ടാണ് ഇന്ത്യയിലെ മുഴുവൻ മതേതര ബഹുസ്വര പ്രസ്ഥാനങ്ങളും ആഗ്രഹിച്ചതിന് വിഭിന്നമായി ജ്യോതിബസു പ്രധാനമന്ത്രി ആകേണ്ട എന്ന തീരുമാനം പാർട്ടിയെക്കൊണ്ട് എടുപ്പിക്കാൻ മുന്നിൽനിന്നത്. കെ.ആർ. നാരായണനെപ്പോലുള്ള രാഷ്ട്രതന്ത്രജ്ഞർ ഫാഷിസത്തിന്റെ അരിയിട്ട് വാഴ്ചക്കെതിരെ കണ്ടെത്തിയത് ആയിരുന്നു ബസുവിന്റെ സ്ഥാനാർഥിത്വം. അത് സംഭവിച്ചിരുന്നെങ്കിൽ ഗുജറാത്ത് വംശഹത്യയോ മോദി പ്രധാനമന്ത്രി ആകുന്ന സാഹചര്യമോ ഉണ്ടാകുമായിരുന്നില്ല എന്നാണ് രാഷ്ട്രീയ വിദഗ്ധനായ ഹരീഷ് ഖാരെ ‘ദ ഹിന്ദു’വിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയത്.
നിരവധി പുരോഗമനപരമായ ഇടപെടലുകൾ രാജ്യത്താകെ നടത്തിയ ഒന്നാം യു.പി.എ സർക്കാറിനുള്ള പിന്തുണ കാരാട്ട് പിൻവലിച്ചത് ആർക്കും മനസ്സിലാകാത്ത കാരണങ്ങൾ കൊണ്ടാണ് എന്ന് ആരോപിച്ചത് അന്നത്തെ മുതിർന്ന നേതാവ് സോമനാഥ് ചാറ്റർജിയാണ്. പശ്ചിമ ബംഗാളിലും ത്രിപുരയിലും പാർട്ടി ഇല്ലാതായതിനുപിന്നിൽ അഖിലേന്ത്യ സെക്രട്ടറിയായിരുന്ന കാരാട്ടിന്റെ നയങ്ങൾ എത്രമേൽ കാരണമായി എന്നതും പാർട്ടി നേതാക്കൾ സ്വകാര്യമായി എങ്കിലും സമ്മതിക്കുന്നുണ്ട്.
അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും നടത്തിയ അഴിമതി വിരുദ്ധ സമരങ്ങൾ ബി.ജെ.പിക്ക് അധികാരം പിടിക്കാനുള്ള പശ്ചാത്തലമൊരുക്കൽ മാത്രമായിരുന്നുവെന്ന് ഇന്ന് രാജ്യമാകെ മനസ്സിലാക്കുന്നുണ്ട്. അന്ന് ഹസാരെക്ക് പിന്തുണയുമായി ബി.ജെ.പി നേതാക്കളുമായി വേദി പങ്കിടാൻ കാരാട്ടിന്റെ പാർട്ടി മടിച്ചിട്ടില്ല. കേരളത്തിലെ പാർട്ടിയെ പിണറായിയുടെ സമ്പൂർണ ആധിപത്യത്തിന് കീഴടക്കുന്ന തരം സമീപനങ്ങളാണ് എന്നും കാരാട്ടിൽ നിന്നുണ്ടായിട്ടുള്ളത്.മോദി ഭരണത്തിനെതിരെ അദ്ദേഹം നയിച്ച പോരാട്ടങ്ങൾ നമ്മൾ കണ്ടിട്ടില്ല. അറസ്റ്റോ ജയിൽ വാസമോ വരിച്ചത് അറിയില്ല.
ഇന്ത്യയിലെ ഇടതുപക്ഷം ഇന്ന് വലിയൊരു ദുർഘടമായ ദശാസന്ധിയിലാണ്. വലതുപക്ഷം കൂടുതൽ വലതുപക്ഷമാകുന്നു. സാധാരണ പ്രവർത്തകർ നോക്കുമ്പോൾ ഇടതുപക്ഷവും വളരെ വേഗം വലതുപക്ഷം ആകുന്നു. വ്യാപകമായ വിശ്വാസ തകർച്ച ഇടതുപക്ഷവും അതിന്റെ ഭരണവും കേരളത്തിൽ അടക്കം നേരിടുന്നു. കിരൺ അദാനിമാർ പ്രശംസിക്കുകയും സാധാരണ ജനങ്ങൾ പേടിയോടെ കാണുകയും ചെയ്യുന്ന ഒന്നായി തുടർഭരണം മാറുന്നു.
ഇവിടെയാണ് മതവർഗീയതയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് എതിരായ കൂട്ടായ ഐക്യവും ചെറുത്തുനിൽപ്പും എന്ന സങ്കൽപം പോലും ഇല്ലാതാക്കാൻ പിണറായിയും കാരാട്ടും ശ്രമിക്കുന്നത്. എല്ലാ പരിമിതികളുടെ ഉള്ളിലും രാഹുൽ ഗാന്ധിയും ഇതര മതേതര പ്രതിപക്ഷ നേതാക്കളും പാർലമെന്റിലും പുറത്തും കൂട്ടായ മതേതര ജനാധിപത്യ ബദൽ സ്വരങ്ങൾ സൃഷ്ടിക്കുമ്പോഴാണ് കാരാട്ട് ഇൻഡ്യ മുന്നണിതന്നെ നിലവിലില്ല എന്നും പറഞ്ഞുകൊണ്ട് സ്വന്തം അസ്തിത്വം തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
ഭയത്തെ ആയുധമാക്കിയാണ് കേന്ദ്രം ഭരിക്കുന്നവർ പ്രതിഷേധിക്കുന്നവരെ നിശ്ശബ്ദരാക്കുന്നത്. എന്തുതരം ഭയമാണ് അവർ കാരാട്ടിലും പിണറായിയിലും ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഇനിയും കണ്ടെത്തപ്പെടേണ്ടതുണ്ട്. രാജ്യത്തിന് ഇപ്പോൾ വേണ്ടത് ഫാഷിസത്തെക്കുറിച്ചുള്ള അക്കാദമിക് നിർവചനങ്ങൾ അല്ല. വിശാലമായ മതേതരത്വ ബഹുസ്വര ജനാധിപത്യ കൂട്ടായ്മയും പ്രതിഷേധങ്ങളുമാണ്. മധുരയിൽനിന്നുള്ള സന്ദേശം ഇൻഡ്യ മുന്നണിയെ നശിപ്പിക്കുന്നതാകരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.