ഫെബ്രുവരി പത്തു മുതൽ ഏഴു ഘട്ടങ്ങളിലായി നടക്കാൻ പോകുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിെൻറ ആഖ്യാനം തങ്ങൾക്ക് ഹിതകരമായ രീതിയിൽ സൃഷ്ടിച്ചെടുക്കുന്നതിന് ബി.ജെ.പി കൊണ്ടുപിടിച്ചുശ്രമിക്കുന്നുണ്ട്. കണക്കുകൂട്ടലുകൾ പോലെ കാര്യങ്ങൾ ഒത്തുപോകുന്നില്ലെന്ന് കാണുേമ്പാഴൊക്കെ അവർക്ക് എടുത്തു പയറ്റാനുള്ളത് ഹിന്ദുക്കളെയും മുസ്ലിംകളെയും എതിർക്കള്ളികളിൽനിർത്തിയുള്ള കളിയാണ്.
ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 ശതമാനവും 20 ശതമാനവും (യു.പി ജനസംഖ്യയുടെ 20 ശതമാനമാണ് മുസ്ലിംകൾ) തമ്മിലാണ് മത്സരിക്കുന്നതെന്ന മുഖ്യമന്ത്രി ആദിത്യനാഥ് യോഗിയുടെ പ്രഖ്യാപനം തന്നെ അത് തുറന്നുകാട്ടുന്നു. ഹിന്ദുക്കളെയും മുസ്ലിംകളെയും എതിരാക്കി നിർത്തിയുള്ള കളി ഇക്കുറി ഏശുമോ എന്നതാണ് ഇനി അറിയാനുള്ളത്. പത്തിനും പതിനാലിനുമായി നടക്കുന്ന ആദ്യ രണ്ടു ഘട്ട പോളിങ്ങുകളാണ് ബി.ജെ.പിയുടെ ഈ വിഘടനതന്ത്രത്തിെൻറ ഉരകല്ലാവുക.
ജാട്ട് ബെൽറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മേഖല ഒന്നാകെ ബൂത്തിലേക്ക് പോകുന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് അതി നിർണായകമാണ്. 2013 ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ മുസ്ലിംകളും ജാട്ടുകളും തമ്മിൽ കലാപം നടന്ന മുസഫർ നഗറിൽ നിന്നാണ് 2014ൽ പ്രധാനമന്ത്രി പദമേറാനുള്ള തെരഞ്ഞെടുപ്പിനായി മോദി പ്രയാണം തുടങ്ങിയത്. കലാപത്തിെൻറ കാലുഷ്യപ്പുക നിറഞ്ഞുനിന്ന അന്തരീക്ഷം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മുന്നേറ്റത്തിന് വലിയ ഊർജം പകർന്നിരുന്നു അന്ന്. എന്നാൽ, ഒമ്പതാണ്ടുകൾക്കിപ്പുറം അവിടത്തെ അന്തരീക്ഷവും വികാരവും അപ്പാടെ മാറിയിരിക്കുന്നു. ജാട്ട് സമൂഹത്തിെൻറ ചിന്താഗതിയിലും രാഷ്ട്രീയ നിലപാടിലും അചിന്ത്യമായ മാറ്റങ്ങൾ സംഭവിച്ചു. കർഷക പ്രക്ഷോഭത്തിലെ മുഖ്യ നായകരും പങ്കാളികളുമായിരുന്ന അവരിന്ന് കടുത്ത ബി.െജ.പി വിരുദ്ധരും മോദിയെ എതിർക്കുന്നവരുമാണ്.
ഒരു വർഷം നീണ്ട സമരത്തിനൊടുവിൽ കഴിഞ്ഞ നവംബർ 20നാണല്ലോ വിവാദ കാർഷിക നിയമം പിൻവലിക്കപ്പെട്ടത്. കലാപാനന്തരം 2014ൽ മോദിക്ക് ആദ്യ ഊഴം നൽകിയ ലോക്സഭതെരഞ്ഞെടുപ്പിൽ തുടങ്ങി 2017ലെ നിയമസഭതെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബി.െജ.പിയുടെ വിനീത വോട്ടർമാരായിരുന്ന ജാട്ട് സമൂഹം 2022ൽ കൂടുതൽ അടുപ്പം പുലർത്തുന്നത് യു.പിയിൽ നിന്നുള്ള ഐതിഹാസിക കർഷക നേതാവായിരുന്ന മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിങ്ങിെൻറ പാരമ്പര്യം അവകാശപ്പെടുന്ന രാഷ്ട്രീയ ലോക്ദളു (ആർ.എൽ.ഡി) മായാണ്. അവരാകട്ടെ, സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലുമാണ്.
കലാപം സമൂഹത്തിൽ സൃഷ്ടിച്ച ആഴത്തിലുള്ള ഒരുപാട് മുറിവുകളുണക്കാൻ കർഷകപ്രക്ഷോഭം നിമിത്തമായി എന്നാണ് വിശ്വസിക്കപ്പെടുന്നത്. ജാട്ട്-മുസ്ലിം കൂട്ടായ്മയാണ് എക്കാലവും ആർ.എൽ.ഡിയുടെ പിൻബലമായി വർത്തിച്ചിട്ടുള്ളത്. ചരൺസിങ്ങിെൻറ പേരക്കുട്ടി ജയന്ത്ചൗധരിയാണ് പാർട്ടിയെ നയിക്കുന്നതിപ്പോൾ. ജാട്ടുകൾ എല്ലാവരും കർഷകരല്ല, പൊലീസിലും സൈന്യത്തിലും വലിയ പ്രാതിനിധ്യമുണ്ട് ഈ സമുദായത്തിന്. യു.പിയുടെ കരിമ്പ് മേഖലയിലെന്ന പോലെ പഞ്ചാബിലും ഹരിയാനയിലും രാജസ്ഥാനിലും അവരുണ്ട്.
ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ മുസ്ലിം ജനസംഖ്യ അവഗണനാതീതമാണ്. എണ്ണത്തിൽ ജാട്ടുകളേക്കാൾ കൂടുതലാവും ഒരു പക്ഷേ അവർ. ജനസംഖ്യയുടെ പകുതിയോളം മുസ്ലിംകൾ പാർക്കുന്ന മുറാദാബാദ്, റാംപുർ തുടങ്ങിയ മണ്ഡലങ്ങളുൾപ്പെടെ കുറെയേറെ സീറ്റുകളിലേക്ക് രണ്ടാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. എസ്.പി- ആർ.എൽ.ഡി സഖ്യത്തിന് തുടക്കം മുതലേ അവർ കാര്യമായ പിന്തുണ നൽകിപ്പോരുന്നു. ബി.ജെ.പിയാവട്ടെ, അവരുടെ ചങ്ങാത്ത മാധ്യമങ്ങളുടെ പിന്തുണയോടെ മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ മനഃപൂർവമായും അനാവശ്യമായും ചർച്ചയാക്കി അതിൽ നിന്നെങ്ങനെ വോട്ടുകൾ സംഘടിപ്പിച്ചെടുക്കാം എന്ന ആലോചനയിലാണ്. യു.പി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിെൻറ ചർച്ചകളിലും വാർത്തസമ്മേളനങ്ങളിലുമെല്ലാം ജിന്നയെക്കുറിച്ചും പാകിസ്താനെക്കുറിച്ചും ബോധപൂർവമായ പരാമർശങ്ങളും വിവാദങ്ങളുമെല്ലാം സൃഷ്ടിക്കുന്നത് അതിെൻറ ഭാഗമാണ്.
ബി.ജെ.പിയുടെ മുഖ്യവക്താക്കളിെലാരാളായ സാംബിത് പത്ര കഴിഞ്ഞയാഴ്ച ലഖ്നോവിൽ വന്നിറങ്ങി നടത്തിയ വാർത്തസമ്മേളനത്തിൽ ജയിലിൽ കഴിയുന്ന രാഷ്ട്രീയ നേതാക്കളായ മുഖ്താർ അൻസാരിയേയും ആതിഖ് അഹ്മദിനെയും പരാമർശിച്ചപ്പോൾപോലും പാകിസ്താനെ ചേർത്തുകെട്ടി. ബി.ജെ.പിയുടെ നിരവധി എം.എൽ.എമാർക്കും നേതാക്കൾക്കും കടുത്ത ക്രിമിനൽ പശ്ചാത്തലമുണ്ട്, പലരും അവരവരുടെ പ്രദേശങ്ങളിലെ മുഖ്യവില്ലനായാണ് അറിയപ്പെടുന്നതു പോലും. എന്നാൽ മാധ്യമങ്ങൾ ആ വശം ചർച്ച ചെയ്യാറേ ഇല്ല. പകരം മുസ്ലിംകൾ ഒരു ക്രിമിനൽ സമുദായമാണ് എന്ന മട്ടിലെ ആഖ്യാനം ചമക്കാനാണ് അവരുടെ ധിറുതി.
മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മുഖേനെ ബി.ജെ.പി കാര്യമായി ശ്രമിക്കുന്നുണ്ടെങ്കിലും ഇത് ഹിന്ദു/മുസ്ലിം തെരഞ്ഞെടുപ്പാണ് എന്ന അവരുടെ ആഖ്യാനം നിലവിൽ പൂർണമായി സ്വീകരിക്കപ്പെട്ടിട്ടില്ല എന്നു തന്നെ പറയേണ്ടി വരും. തൊഴിലില്ലായ്മ, വിലക്കയറ്റം, കൂട്ടമായി അലഞ്ഞുതിരിയുന്ന കന്നുകാലികൾ വിളകൾ നശിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി ജീവൽപ്രശ്നങ്ങൾ, സാമ്പത്തിക വിഷയങ്ങൾ സാധാരണക്കാരായ വോട്ടർമാരെ അലട്ടുന്നുണ്ട്. പടിഞ്ഞാറൻ യു.പിയിൽ പലേടത്തും രോഷാകുലരായ ഗ്രാമീണർ ബി.ജെ.പി എം.എൽ.എമാരെ വോട്ടുചോദിച്ചു വരാൻപോലും അനുവദിക്കുന്നില്ല എന്ന തരത്തിലെ റിപ്പോർട്ടുകൾ കേൾക്കുന്നത് അതുകൊണ്ടാണ്.
വൈറലായി പ്രചരിക്കുന്ന ചില വിഡിയോ ക്ലിപ്പുകളിൽ ജനങ്ങൾ ബി.ജെ.പി നേതാക്കളുടെ വാഹനവ്യൂഹം കടന്നുപോകവെ കരിങ്കൊടി കാണിക്കുന്നതും മടങ്ങിപ്പോവാൻ നിർബന്ധിക്കുന്നതും കാണാം. ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മുസഫർ നഗർ, മീററ്റ്, ശംലി, മഥുര തുടങ്ങിയ ജില്ലകളിൽ നിന്നാണ് ഈ പ്രതിരോധത്തിെൻറയും പ്രതിഷേധത്തിെൻറയും ദൃശ്യങ്ങൾ പ്രചരിക്കുന്നത്. എന്തൊക്കെപ്പറഞ്ഞാലും സംസ്ഥാനത്ത് ഒരു ഭരണകൂടത്തെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പാണല്ലോ നടക്കാൻ പോകുന്നത്. ജനങ്ങൾ തങ്ങളുടെ വിഷമങ്ങളും ആവലാതികളും ഉന്നയിക്കുക തന്നെ ചെയ്യും. സാമ്പത്തിക തകർച്ച കാര്യമായിത്തന്നെ നേരിടുന്നുണ്ട് അവർ.
അതിനു പുറമെ പിന്നാക്ക- മുന്നാക്ക ജാതികളുടെ സാമൂഹിക ഐക്യം തവിടുപൊടിയായി എന്നതും വലിയ തെരഞ്ഞെടുപ്പ് വിഷയമാവും. മുന്നാക്ക ജാതിക്കാരനായ ആദിത്യനാഥ് തെൻറ സമുദായമായ ഠാകുറുമാരുടെ സർക്കാറാണ് നടത്തിപ്പോരുന്നത് എന്നത് വലിയ ആക്ഷേപമായി ഉയരുന്നു. അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിെൻറ കിഴക്കൻ മേഖലയിൽ (പൂർവാഞ്ചൽ) ഇത് സജീവ ചർച്ചയാണിന്ന്.
വിഭാഗീയ-ധ്രുവീകരണ പ്രചാരണങ്ങൾക്കൊപ്പം തങ്ങൾ നടപ്പാക്കിയ ക്ഷേമപദ്ധതികൾ ജനജീവിതത്തെ ഗുണകരമായി മാറ്റിമറച്ചിരിക്കുന്നുവെന്നും ഹിന്ദുക്കൾക്ക് മേൽകൈയുള്ള രാഷ്ട്രം സാധ്യമാക്കുമെന്നുമുള്ള സന്ദേശമാണ് ബി.ജെ.പി വോട്ടർമാരിലേക്ക് എത്തിക്കാൻ നോക്കുന്നത്. ബി.ജെ.പിക്ക് തീർച്ചയായും കൃത്യമായ ഒരു പാർട്ടിചട്ടകൂട്ട് സംസ്ഥാനത്തുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള അധികാരവും അതിന് കരുത്തുപകരുന്നു.
ഒരുകാലത്ത് പാർട്ടിക്ക് കരുത്തും വിജയവുമേകിയിരുന്ന ജാതിസംഘങ്ങളുടെ നിലപാട് മാറ്റമാണ് ഈ കരുത്തിനെ ചോർത്തിയേക്കാവുന്ന വലിയ ഘടകം. അതുകൊണ്ടുതന്നെ ഏതാണ്ടെല്ലാ സീറ്റുകളിലും കടുത്ത മത്സരം തന്നെയാണ് ബി.ജെ.പി സ്ഥാനാർഥികൾ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.