ഗു​ലാം​ ദ​സ്​​ത​ഗീ​ർ

ഭോ​പാ​ൽ എ​ന്തു​കൊ​ണ്ട് ഗു​ലാം ദ​സ്​​ത​കീ​ർ സ്റ്റേ​ഷ​നാ​വ​ണം

അ​വി​ടെ​നി​ന്നാ​ണ് ഭോ​പാ​ലി​ന്റെ ദു​ര​ന്ത​ഭൂ​മി​യി​ലേ​ക്ക് തി​രി​ച്ച​ത്... മു​മ്പ് ര​ണ്ടു​വ​ർ​ഷ​ക്കാ​ലം ന​ഴ്സി​ങ് പ​ഠി​ച്ച​ത് അ​ന്ന് വ​ള​രെ ഗു​ണ​പ്പെ​ട്ടു. വി​ഷ​വാ​ത​കം ശ്വ​സി​ച്ച് വീ​ർ​പ്പു​മു​ട്ടി ഓ​ടു​ന്ന​തി​നി​ട​യി​ൽ പ​ല​രും വീ​ഴു​ക​യാ​യി​രു​ന്നു. ബോ​ധം ന​ശി​ച്ച് വീ​ണു​പോ​യ​വ​ർ പ​ല​രും മ​രി​ച്ചു എ​ന്നു​ക​രു​തി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു. ഡെ​ഡ്ബോ​ഡി​ക​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​തി​നി​ട​യി​ൽ​നി​ന്ന് ഒ​രു സ്​​ത്രീ​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. അ​വ​രു​ടെ ശ​രീ​രം കു​റെ​യേ​റെ പൊ​ള്ളി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

ബോ​ധ​മി​ല്ലാ​തെ കി​ട​ക്കു​ന്ന​വ​ർ​ക്ക് എ​ഴു​ന്നേ​റ്റ് വ​ന്ന് ഞ​ങ്ങ​ൾ​ക്ക് ജീ​വ​നു​ണ്ടെ​ന്ന് പ​റ​യാ​നാ​വി​ല്ല​ല്ലോ. ഹോ​ഷം​ഗ​ബാ​ദി​ൽ വീ​ണു​കി​ട​ന്ന പ​ല​രെ​യും പു​ഴ​യി​ൽ ത​ള്ളി​യി​ട്ടു. ക​ട്ടി​കൂ​ടി​യ വി​ഷ​വാ​ത​കം മു​ക​ളി​ലേ​ക്ക് പോ​കാ​ത്ത​തു​കൊ​ണ്ട് ടെ​റ​സിനു മു​ക​ളി​ൽ ക​യ​റി​യി​രു​ന്ന​വ​ർ മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഭോ​പാ​ൽ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ​ മാ​സ്റ്റ​ർ ഭോ​പാ​ലി​ലേ​ക്കു​ള്ള വ​ണ്ടി​ക​ളെ​ല്ലാം വ​ഴി​തി​രി​ച്ചു​വി​ട്ടു. സ്റ്റേ​ഷ​നി​ൽ കി​ട​ന്ന വ​ണ്ടി​ക​ൾ നാ​ലു​പാ​ടും വി​ടു​ക​യും ചെ​യ്ത അ​ദ്ദേ​ഹം അ​വി​ടെ​ത്ത​ന്നെ മ​രി​ച്ചു​വീ​ണു.

പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ഒ​ളി​ച്ചോ​ടു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രുള്ള ന​മ്മു​ടെ നാ​ട്ടി​ൽ​ത​ന്നെ​യാ​ണ്, ദു​ര​ന്ത​ത്തി​ന്റെ ഭീ​ക​ര​ത​യെയും അ​പ​ക​ട​ത്തെ​യും കു​റ​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​ന് സ​ഹാ​യി​ച്ച സ്റ്റേ​ഷ​ൻ​മാ​സ്റ്റ​റു​ടെ മ​ഹ​നീ​യ​മാ​യ ഈ ​ന​ട​പ​ടി. (‘പ​ച്ച​വി​ര​ൽ’. ക​ന്യാ​മ​ഠ​ത്തി​ൽ​നി​ന്ന് കീ​ഴാ​ള​മ​ണ്ണി​ലെ​ത്തി​യ ദ​യാ​ബാ​യി​യു​ടെ ആ​ത്മ​ക​ഥ​യി​ൽ നി​ന്ന്)

സ്വ​ന്തം ജീ​വി​തം അ​ധഃ​സ്​​ഥി​ത മ​നു​ഷ്യ​ജ​ന്മ​ മോ​ച​ന​ത്തി​നു​വേ​ണ്ടി സ​മ​ർ​പ്പി​ച്ച പാ​ലാ​ക്കാ​രി മേ​ഴ്സി​ മാ​ത്യു എ​ന്ന ദ​യാ​ബാ​യി​യു​ടെ ആ​ത്മ​ക​ഥ വാ​യി​ച്ച അ​ന്നു​മു​ത​ൽ, ആ ​സ്റ്റേ​ഷ​ൻ​ മാ​സ്റ്റ​ർ ആ​രെ​ന്ന​റി​യാ​ൻ, അ​പ​ക​ട​ത്തി​ൽ പ​തി​നാ​യി​ര​ങ്ങ​ളു​ടെ ര​ക്ഷ​ക​നാ​യി മാ​റി സ്വ​യം അ​വ​സാ​നി​ച്ചി​ട്ടും അ​വ​സാ​നി​ക്കാ​ത്ത ആ ​മ​ഹാ​മ​നു​ഷ്യ​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ മ​ന​സ്സി​ലാ​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും അ​പ്പോ​ഴൊ​ന്നും കൃ​ത്യ​മാം​വി​ധം അ​തൊ​ന്നും ന​ട​ന്നി​ല്ല.

ഇ​ങ്ങ​നെ ആ ​സ്റ്റേ​ഷ​ൻ​മാ​ഷി​ന്റെ പേ​ര് കി​ട്ടാ​ത്ത പ്ര​യാ​സം പ്ര​സം​ഗ​വേ​ദി​ക​ളി​ൽ പ​ങ്കു​വെ​ച്ച​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​വ​ണം ഒ​ര​ജ്ഞാ​ത​സു​ഹൃ​ത്ത് ആ ​പേ​ര് എ​ഴു​തി അ​റി​യി​ച്ചു. അ​തു​ണ്ടാ​ക്കി​യ​ത് വ​ല്ലാ​ത്തൊ​രാ​ഹ്ലാ​ദ​മാ​ണ്. പ​ക്ഷേ, അ​പ്പോ​ഴും ശ​രി​ക്കു​ള്ള അ​ദ്ദേ​ഹ​ത്തെ നേ​ർ​ക്കു​നേ​ർ കാ​ണാ​നാ​യി​ല്ല. പി​ന്നീ​ട് ശി​വ്റാ​വ​യ്ൽ സം​വി​ധാ​ന​വും ആ​യു​ഷ് ഗു​പ്ത ര​ച​ന​യും നി​ർ​വ​ഹി​ച്ച ‘റെ​യി​ൽ​വേ​ക്കാ​ർ അ​ഥ​വാ 1984ലെ ​ഭോ​പാ​ൽ കൂ​ട്ട​ക്കൊ​ല​യു​ടെ പ​റ​യ​പ്പെ​ടാ​ത്ത ക​ഥ’ (The Railway Men: The Untold Story of Bhopal 1984) എ​ന്ന 2023ൽ ​പു​റ​ത്തി​റ​ങ്ങി​യ ഡോ​ക്യു പ​ര​മ്പ​ര ക​ണ്ട​പ്പോ​ഴാ​ണ്, ഞ​ങ്ങ​ൾ ശ​രി​ക്കും ആ​ത്മ​ത്യാ​ഗ​ത്തി​ന്റെ ഇ​തി​ഹാ​സ​മാ​യി സ്വ​യം മാ​റി​യ ആ ​സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ ക​ണ്ട​ത്.

സി​നി​മ​യി​ൽ, വെ​ബ്സീ​രീ​സി​ൽ കാ​യ്കാ​യ് മേ​നോ​ൻ അ​ന​ശ്വ​ര​മാ​ക്കി​യ ഇ​ഫ്തി​കാ​ർ സിദ്ദീഖി എ​ന്ന സ്റ്റേ​ഷ​ൻ​ മാ​സ്റ്റ​ർ, സ​ത്യ​ത്തി​ൽ ഗുലാം ദസ്തഗീർ എ​ന്ന ഭോ​പാ​ൽ റെ​യി​ൽ​വേ ​സ്റ്റേ​ഷ​ൻ മാ​സ്റ്റ​റാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ഴും, എ​ന്തു​കൊ​ണ്ടാ​ണ് യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്​​പ​ദ​മാ​ക്കി നി​ർ​മി​ച്ച സി​നി​മ​യി​ൽ ഗുലാം ദസ്തഗീർ എ​ന്ന യ​ഥാ​ർ​ഥ​പേ​ര് മ​റ​ച്ചു​വെ​ച്ച്, ഇ​ഫ്തി​കാ​ർ സിദ്ദീഖി എ​ന്ന സാ​ങ്ക​ൽ​പി​ക പേ​ര് ന​ൽ​കി​യ​തെ​ന്ന ചോ​ദ്യം അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഗു​ലാം​ ദ​സ്​​ത​ഗീ​റി​ന്റെ മ​ക​ൻ ശ​ദാ​ബ് ദ​സ്​​ത​ഗീർ പി​ന്നീ​ട് പ​റ​ഞ്ഞ​തു​പോ​ലെ ത​ങ്ങ​ളു​ടെ പി​താ​വി​ന്റെ ഹീ​റോ​യി​സ​ത്തി​ന് അ​ഥ​വാ ധീ​ര​സ​മ​ർ​പ്പ​ണ​ത്തി​ന് അ​ർ​ഹ​മാ​യ പ​രി​ച​ര​ണ​മാ​ണ് സി​നി​മ​യി​ലാ​യാ​ലും ജീ​വി​ത​ത്തി​ലാ​യാ​ലും ഉ​ണ്ടാ​വേ​ണ്ടി​യി​രു​ന്ന​ത്. പ​ക്ഷേ അ​തു​ണ്ടാ​യി​ല്ല!

സ​ത്യ​ത്തി​ൽ ഒ​രു​വേ​ള ന​മ്മ​ളെ അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ടും, അ​ത്ര​ത​ന്നെ അ​തി​ശ​യ​പ്പെ​ടു​ത്തി​യും സ​ങ്ക​ൽ​പ​ത്തി​ലെ റെയിൽവേസ്റ്റേ​ഷ​നും അ​വി​ടത്തെ ജീ​വ​ന​ക്കാ​രു​മ​ല്ല, ശ​രി​ക്കു​ള്ള മ​നു​ഷ്യ​ർ, അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ അ​പൂ​ർ​വ​മാ​തൃ​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു. സ​ത്യം സ​ങ്ക​ൽ​പ​ത്തെ ഓ​വ​ർ​ടേ​ക് ചെ​യ്ത ഒ​രു​ജ്ജ്വ​ല സ​ന്ദ​ർ​ഭം. ഓ​രോ​രു​ത്ത​രും ഞാ​ൻ ഞാ​ൻ മു​ന്നി​ൽ എ​ന്ന മ​ട്ടി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ര​സ്​​പ​രം മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു.

തെ​രു​വു​ക​ളി​ലും വീ​ടു​ക​ളി​ലും മ​നു​ഷ്യ​ർ യൂ​നി​യ​ൻ കാ​ർ​ബൈ​ഡ് ക​മ്പ​നി​യി​ലെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് ശ്വാ​സംമു​ട്ടി​യും ചു​മ​ച്ചും ക​ണ്ണു​ന്തി​യും മ​രി​ച്ചു​വീ​ഴു​മ്പോ​ൾ, അ​റി​യാ​വു​ന്ന പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ​ക​ൾ​ ന​ൽ​കി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ത​ള്ളി​ക്ക​യ​റി​യ മ​നു​ഷ്യ​രെ, റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ സ്വ​ന്തം ജീ​വ​ൻ​പ​രി​ഗ​ണി​ക്കാ​തെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ജ​ന​റ​ൽ മാ​നേ​ജ​ർ ഹ​രീ​ഷ്ധ്രു​വെ മു​ത​ൽ ആ ​സാ​ഹ​സി​ക ശ്ര​മ​ത്തി​ൽ നി​ര​വ​ധി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രാ​ണ് മ​രി​ച്ചു​വീ​ണ​ത്.

സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നാ​ണ് വി​ഷ​വാ​ത​ക​മു​ണ്ടാ​ക്കി​യ സ​ർ​വ ത​ള​ർ​ച്ച​ക​ളും സ​ഹി​ച്ച​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ഴു​വ​ൻ ഏ​കോ​പി​പ്പി​ച്ച​ത് ഗുലാം ദസ്തഗീർ എ​ന്ന ഒ​രു സാ​ധാ​ര​ണ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്​​ഥ​നാ​ണ്. മും​ബൈ-ഗോ​ര​ഖ്പുർ എ​ക്സ്​​പ്ര​സ് പ​തി​വ​നു​സ​രി​ച്ച് അ​ന്ന് ഭോ​പാ​ലി​ൽ നി​ർ​ത്തി​യി​രു​ന്നെ​ങ്കി​ൽ വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു.

നി​ര​വ​ധി തീ​വ​ണ്ടി​ക​ൾ വ​ഴി​തി​രി​ച്ച് വി​ട്ട് ആ​സ​ന്ന​മാ​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​തി​നും പി​ന്നി​ൽ ഗു​ലാം ദ​സ്​​ത​ഗീ​ർ നി​ർ​വ​ഹി​ച്ച മ​ഹാ​ദൗ​ത്യം അ​ർ​ഹി​ക്കും​വി​ധം അ​ട​യാ​ള​പ്പെ​ടു​ത്താ​തെ പോ​വു​ക​യാ​ണു​ണ്ടാ​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ ത​ൽ​ക്ഷ​ണം മ​രി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​മ​ട​ങ്ങു​ന്ന ഒ​രു സ്​​മാ​ര​കം ഭോ​പാ​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ലു​ണ്ടെ​ന്നു​ള്ള​ത് ശ​രി​യാ​ണ്. എ​ന്നാ​ൽ, വി​ഷ​വാ​ത​കം ശ്വ​സി​ച്ച് നി​ത്യ​രോ​ഗി​യാ​യി വൈ​കി​ മ​രി​ച്ച​തി​നാ​ലാ​വാം അ​തി​ലും ഗു​ലാം ദ​സ്​​ത​ഗീ​റി​ന്റെ പേ​രി​ല്ല.

പേ​രി​നെ​പ്പോ​ലും ഇ​ന്ത്യ​ൻ ന​വ​ഫാ​ഷി​സം അ​പ​ര​വി​ദ്വേ​ഷ​ത്തി​​ന്റെ പോ​ർ​മു​ഖം തു​റ​ക്കാ​നു​ള്ള അ​സം​സ്​​കൃ​ത​പ​ശ്ചാ​ത്ത​ല​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്, അ​പ​ക​ട​സ​ന്ദ​ർ​ഭ​ത്തി​ൽ പ​ത​റാ​തെ സ്​​നേ​ഹ​സ​മ​ർ​പ്പ​ണ​ത്തി​ന്റെ പ​ര്യാ​യ​മാ​യി, പ്ര​ത്യേ​കി​ച്ച് ആ​രു​ടെ​യും ആ​ഹ്വാ​ന​മി​ല്ലാ​തെ മാ​റി​യ ഗു​ലാം​ ദസ്തഗീറിന്റെ പേ​ര് എ​ന്തു​കൊ​ണ്ട് ഭോ​പാ​ൽ സ്റ്റേ​ഷ​ന് ന​ൽ​കി​ക്കൂ​ടാ എ​ന്ന് ചോ​ദി​ക്കേ​ണ്ടി വ​രു​ന്ന​ത്. അ​ങ്ങനെ ഇ​പ്പോ​ഴെ​ങ്കി​ലും ചെ​യ്തി​രു​ന്നെ​ങ്കി​ൽ മ​ര​ണാ​ന​ന്ത​രം ദ​സ്​​ത​ഗീറി​നും, അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും രാ​ഷ്ട്രം ന​ൽ​കു​ന്ന ആദ​ര​വാ​യി അ​ത് മാ​റു​മാ​യി​രു​ന്നു.

അ​തോ​ടൊ​പ്പം പ്ര​സ്​​തു​ത റെ​യി​ൽ​വേ​സ്റ്റേ​ഷ​നു​ മു​ന്നിൽ യൂ​നി​യ​ൻ കാ​ർ​ബൈ​ഡ് എ​ന്ന ബ​ഹു​രാ​ഷ്ട്ര​ കു​ത്ത​ക സ്​​ഥാ​പ​നം 1984 ഡി​സം​ബ​ർ 2-3 തീയ​തി​ക​ളി​ലും, അ​തി​നു​മു​മ്പും പി​മ്പും ന​ട​ത്തി​യ മ​നു​ഷ്യ​ത്വ​വിരു​ദ്ധ​ത​യു​ടെ​യും ലാ​ഭ​ചോ​ര​ക്കൊ​തി​യു​ടെ​യും ച​രി​ത്രം സം​ക്ഷി​പ്ത​മാ​യി എ​ഴു​തി​വെ​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴും ഇ​ത് ര​ണ്ടും സം​ഭ​വി​ച്ചി​ട്ടി​ല്ല! സ​മ​യം ഇ​നി​യും ബാ​ക്കി​യു​ണ്ട്.

മ​റ​വി​ക്കു​ള്ള തീ​റ്റ​യാ​യി ഓ​ർ​മ മാ​റു​ന്ന, മ​നു​ഷ്യ​രു​ടെ ഉ​ള്ളി​ലെ തീ ​അ​ണ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ദു​ര​വ​സ്​​ഥ​യി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​ക്കാ​ർ ഇ​ന്നും ക​ട​ന്നു​പോ​വു​ന്ന​ത്. ഭോ​പാ​ൽ കൂ​ട്ട​ക്കൊ​ല ക​ഴി​ഞ്ഞ് കൊ​ല്ലം നാ​ൽ​പത് ക​ഴി​ഞ്ഞി​ട്ടും മി​ഥൈ​ൽ ഐ​സോ​സൈ​നേ​റ്റ് എ​ന്ന ഏ​റ​ക്കു​റെ സൈ​നേ​ഡ്പോ​ലു​ള്ള മാ​ര​ക​വി​ഷ​ സ​മാ​ന​മാ​യ വാ​ത​ക​ത്തി​ൽ വെ​ന്ത പ​രി​സ​ര​പ്ര​ദേ​ശ​ത്തെ 11 ട​ൺ വി​ഷ​മ​ലി​ന​മ​ണ്ണ് മാ​റ്റി​യി​ട്ടി​ല്ലെ​ന്നും, ഇ​തേ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ​ർ​ക്കാ​ർ ഒ​രു മ​റു​പ​ടി​യും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും വെ​ളി​പ്പെ​ടു​ത്തു​ന്ന ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള പ്ര​ധാ​ന​പ്പെ​ട്ടൊ​രു വാ​ർ​ത്ത ‘ഹി​ന്ദു​’ പ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്.

ലോ​ക​ത്തെ​ ന​ടു​ക്കി​യ ഒ​രു വ​ൻ​ വ്യവ​സായ അ​പ​ക​ടം നാ​ല് പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞി​ട്ടും സ്​​മ​ര​ണ​ക​ളി​ലെ​ന്ന​പോ​ലെ സ​മ​കാ​ല​ജീ​വി​തത്തി​ലും ദു​രി​ത​ങ്ങ​ൾ വി​ത​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​നു​ഷ്യ​രെ മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളെ​യും മ​ര​ങ്ങ​ളെ​യും മ​ണ്ണി​നെ​യും വാ​യു​വി​നെ​യും വെ​ള്ള​ത്തെ​യും ഭാ​വി​ത​ല​മു​റ​ക​ൾ​വ​രെ​യും അ​തിന്റെ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ഴും പ​ല​പ്ര​കാ​ര​ങ്ങ​ളി​ൽ വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

1984ലെ ​ഭോ​പാ​ൽ കൂ​ട്ട​ക്കൊ​ല കൊ​ല്ലാ​ക്കൊ​ല (Slow Violence), പ​രി​സ്​​ഥി​തി​ഹ​ത്യ (Ecocide), രാ​ഷ്ട്ര​ബ്ര​ഹ്മ​ര​ക്ഷ​സ്സ് (State vampirism), കോ​ർ​പ​റേ​റ്റ് നീ​രാ​ളി​പ്പി​ടിത്തം (Corporate violence), അ​വ​സാ​ന​മി​ല്ലാ​ത്ത ദു​ര​ന്തം (Unending disaster), മി​നി​ ഹി​രോ​ഷി​മ എ​ന്നി​ങ്ങ​നെ ന​ടു​ക്കം സൃ​ഷ്​​ടി​ക്കു​ന്ന പ​ല​വി​ധ ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യെ​ങ്കി​ലും, അ​വ​ശേ​ഷി​ക്കു​ന്ന വി​ഷ​വാ​ത​ക​ ബാ​ധി​ത മ​നു​ഷ്യ​രു​ടെ ജീ​വി​ത​വ​ഴി ഇ​നി​യും വേ​ണ്ട​വി​ധം തു​റ​ന്നി​ട്ടി​ല്ല.

ലാ​ഭം ​വ​ർ​ധി​പ്പി​ക്കാ​ൻ പ​ല​ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും നി​ർ​ത്ത​ലാ​ക്കി​യാ​ണ് തു​ട​ക്കം​ മു​ത​ൽ യൂ​നി​യ​ൻ കാ​ർ​ബൈ​ഡ് പ്ര​വ​ർ​ത്തി​ച്ച​ത്. ബ​ഹു​രാ​ഷ്ട്ര​ കു​ത്ത​ക​ക​ൾ​ക്ക് സ​ഹ​ജ​മാ​യ സ​മ​സ്​​ത ജ​ന​വി​രു​ദ്ധ ത​ന്ത്ര​ങ്ങ​ളും അ​വ​ർ നി​ര​ന്ത​രം കൈ​ക്കൊണ്ടു. എ​ഴു​പ​തു​ക​ളി​ൽ​ത​ന്നെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ വ​രാ​നി​രി​ക്കു​ന്ന വ​ൻ വി​പ​ത്തി​നെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​രു​ന്നു. 1981ലെ ​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​ന്ന തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​വും 1982ലെ ​ഫാ​ക്ട​റി​ക്ക​ക​ത്തെ തീ​പി​ടി​ത്ത​വും അ​ന്നേ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു.

രാ​ജ്കു​മാ​ർ കേ​ശ്വാ​നി എ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ നി​ര​ന്ത​ര​മാ​യി ഭോ​പാ​ൽ ഒ​രു അ​ഗ്നി​പ​ർ​വത​ത്തി​ന്റെ മു​ന​മ്പി​ലാ​ണെ​ന്ന് മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കിക്കൊണ്ടി​രു​ന്നു. 1982ൽ ​അ​മേ​രി​ക്ക​യി​ൽ​നി​ന്ന് വ​ന്ന അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പി​ന് ആ​വ​ശ്യ​മാ​യ ക​വ​റി​ങ് അ​ഥ​വാ പൊ​തി​യ​ൽ വേ​ണ​മെ​ന്ന നി​ർ​ദേ​ശം​പോ​ലും അ​തെ​ല്ലാം ചെല​വേ​റി​യ​താ​ണെ​ന്ന ന്യാ​യം നി​ര​ത്തി യൂ​നി​യ​ൻ കാ​ർ​ബൈ​ഡ് ത​ള്ളി​ക്കള​യു​ക​യാ​യി​രു​ന്നു. മ​നു​ഷ്യ​ജീ​വ​ന് ബ​ഹു​രാ​ഷ്ട്ര​ കു​ത്ത​ക ഒ​രു വി​ല​യും ക​ൽ​പിച്ചി​ല്ല. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന സൈ​റ​ൺപോ​ലും 1982ൽ ​അ​വ​ർ ക​മ്പ​നി​ക്കു​ള്ളി​ൽ ഒ​തു​ക്കി.

നി​ങ്ങ​ൾ ക​മ്പ​നി​ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന​ത് ശ​രി​യാ​യി മ​ന​സ്സി​ലാ​ക്കു​ന്നി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ തു​ട​ച്ചു നീ​ക്ക​പ്പെ​ടും എ​ന്ന ജ​നാ​യ​ത്ത​വാ​ദി​ക​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള താ​ക്കീ​ത് അ​നാ​ഥ​മാ​യി​പ്പോ​യ​തി​ന്റെ അ​ന​ന്ത​ര​ഫ​ല​മാ​ണ് ഭോ​പാ​ൽ ദു​ര​ന്തമെ​ന്ന് അ​ല​സ​മാ​യി ഇ​പ്പോ​ഴും ചി​ല​ർ വി​ളി​ക്കു​ന്ന ആ ​കൂ​ട്ട​ക്കൊ​ല. യൂ​നിയ​ൻ കാ​ർ​ബൈ​ഡ് ക​മ്പ​നി പീ​ഡി​ത​രെ ഭീ​ക​ര​രും അ​ട്ടി​മ​റി​ക്കാ​രും അ​പ​വാ​ദ​പ്ര​ചാ​ര​ക​രു​മാ​യി മു​ദ്ര​കു​ത്തി. സ​ർ​ക്കാ​റാ​വ​ട്ടെ വാ​റ​ൻ ആ​ൻ​ഡേ​ഴ്സ​ന​ട​ക്ക​മു​ള്ള ക​മ്പ​നി ഉ​ദ്യോ​ഗ​സ്​​ഥ​രെ പ​രോ​ക്ഷ​മാ​യി സം​ര​ക്ഷി​ച്ചു.

ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളു​ടെ സം​ഘ​ട​ന​യാ​വ​ട്ടെ വാ​റ​ൻ ആ​ൻ​ഡേ​ഴ്സന്റെ നാ​മ​മാ​ത്ര​മാ​യ ന​ക്ഷ​ത്ര​സൗ​ക​ര്യ​മൊ​രു​ക്കി​യു​ള്ള അ​റ​സ്റ്റി​ൽ​പോ​ലും പ്ര​തി​ഷേ​ധി​ച്ചു. മി​നി​ഹി​രോ​ഷി​മ​യാ​യി മാ​റി​യ ഭോ​പാ​ലി​ലേ​ക്ക്, ഗ്യാ​സ്​ ബാ​ധി​ത​ർ​ക്കു​ള്ള സോ​ഡി​യം​ ത​യോ​സ​ൾ​ഫൈ​റ്റ് മ​റു​മ​രു​ന്നി​ന്റെ അ​ര​ല​ക്ഷം ചെ​റു​കു​പ്പി​ക​ളു​മാ​യി വ​ന്ന ജ​ർ​മ​ൻ ശാ​സ്​​ത്ര​ജ്ഞൻ ഡോ​. മാ​ക്സ്​​ഡോ​ൻ​ഡ​റ​റെ ഭോ​പാ​ൽ സി​റ്റി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി! സൈ​നേ​ഡി​നു​ള്ള മ​റു​മ​രു​ന്നാ​യ സോ​ഡി​യം ത​യോ​സ​ൾ​ഫേ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ൽ സാ​ർ​വ​ദേ​ശീ​യ​ത​ല​ത്തി​ൽ ക​മ്പ​നി​യു​ടെ സ​ൽ​പ്പേ​ര് ന​ഷ്​​ട​മാ​വു​മെ​ന്ന​തി​നാ​ണ​േ​ത്ര ഈ ​ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്!

പ​റ​ഞ്ഞു​വ​രു​ന്ന​ത് ഒ​രു പ്ര​തി​സ​ന്ധി സ​ന്ദ​ർ​ഭ​ത്തി​ൽ ബ​ഹു​രാ​ഷ്ട്ര​കു​ത്ത​ക​ ക​മ്പ​നി​യാ​ൽ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു ജ​ന​ത​ക്ക് അ​ൽ​പ​മെ​ങ്കി​ലും ആ​ശ്വാ​സം പ​ക​ർ​ന്ന​ത് ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യി​രു​ന്നെ​ന്നും അ​തി​ന് പ്രാ​ണ​ൻ പ​കു​ത്തു​ള്ള സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പ​രി​ച്ച​ത് അ​വി​ടത്തെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രാ​യി​രു​ന്നെ​ന്നും, ആ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​മാ​യി മാ​റി​യ​ത് ഇ​പ്പോ​ഴും അ​ർ​ഹി​ക്കും​വി​ധം അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ഗുലാം ദസ്തഗീർ ആ​യി​രു​ന്നെ​ന്നും ഓ​ർ​മി​പ്പി​ക്കാ​നാ​ണ്.

കീ​ഴാ​ള​ർ ചി​ല​പ്പോ​ഴെ​ങ്കി​ലും സ്വ​ന്തം മ​ര​ണ​ത്തി​ലൂ​ടെ​യും സം​സാ​രി​ക്കും. പ​ക്ഷേ അ​ത് കേ​ൾ​ക്കാ​ൻ സാ​ധാ​ര​ണ ശ്ര​ദ്ധ​മാ​ത്രം പോ​രാ, ആ​ർ​ദ്ര​ത​യു​ള്ളൊ​രു മ​ന​സ്സും അ​തോ​ടൊ​പ്പം ജ​ന​പ​ക്ഷ സ​മീ​പ​ന​വും വേ​ണം. പീ​ഡി​ത​രോ​ടു​ള്ള ക​രു​ത​ലും കാ​വ​ലും പ്ര​തി​ബ​ദ്ധ​ത​യു​മുണ്ടാ​വ​ണം. ഇ​പ്പോ​ൾ യൂ​നി​യ​ൻ കാ​ർ​ബൈ​ഡി​ന്റെ സ്​​ഥാ​ന​ത്തു​ള്ള​ത് അ​വ​രു​ടെ ത​ന്നെ രാ​സ​വ്യ​വ​സാ​യ ശാ​ല​യാ​ണ്. യൂ​നിയ​ൻ​ കാ​ർ​ബൈ​ഡ് ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ദു​ര​ന്ത​ത്തി​ൽ​നി​ന്നും പ​ഠി​ച്ചു. അ​ത് ഡി​സാ​സ്റ്റ​ർ ക്യാ​പി​റ്റ​ലി​സ​ത്തിന്റെ മി​ടു​ക്ക്!

എ​ന്നാ​ൽ, രാ​ഷ്ട്ര​മി​പ്പോ​ഴും അ​തി​നെ പ്ര​തി​രോ​ധി​ച്ച് ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു പോ​വാ​നും, പീ​ഡ​ക​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​നും ശ​രി​ക്കും പ​ഠി​ച്ച​താ​യി തോ​ന്നു​ന്നി​ല്ല. ഇ​നി​യും എ​ടു​ത്തു​മാ​റ്റാ​ത്ത ആ ​പ​തി​നൊ​ന്ന്​​ ല​ക്ഷം​ ട​ൺ വി​ഷ​മ​ണ്ണ് അ​ത​ല്ലാ​തെ മ​റ്റെ​ന്താ​ണ് വി​ളി​ച്ചു​പ​റ​യു​ന്ന​ത്? പ​ക്ഷേ, അ​തി​ജീ​വി​ത​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ല. അ​വ​ർ​ക്ക​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. 40 വ​ർ​ഷ​ത്തി​ന് ശേ​ഷ​വും ആ ​സ​മ​രം തു​ട​രു​ക​യാ​ണ്.‘‘He who fights, can lose. He who doesn't fight, has already lost.’’

Tags:    
News Summary - Why Bhopal should be called Ghulam Dastagir Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.