ഭരണഘടനയനുസരിച്ച് മുഖ്യമന്ത്രി സംസ്ഥാനത്തിെൻറ ചീഫ് എക്സിക്യൂട്ടിവ് ആണ്. അദ്ദേഹത്തിെൻറ ഉപദേശപ്രകാരം ഗവർണര്‍ മന്ത്രിമാരെ നിയമിക്കുകയും മന്ത്രിസഭ സംസ്ഥാനഭരണം നടത്തുകയും ചെയ്യുന്നു.
വലിയ ചുമതലകളും ഉത്തരവാദിത്തങ്ങളുമാണ് മുഖ്യമന്ത്രി പദവിയില്‍ ഭരണഘടന നിക്ഷിപ്തമാക്കിയിരിക്കുന്നത് എന്നതിനാൽ വീഴ്ചവരുത്തുന്ന വ്യക്തിക്ക് ആ കസേരയില്‍ തുടരാനുള്ള ധാര്‍മികാധികാരവും അവകാശവും നഷ്ടപ്പെടുകയും ചെയ്യും. സ്വർണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് കേരളത്തിലെ പ്രതിപക്ഷം ആവശ്യപ്പെടുന്നത് ഇത് മുന്‍നിര്‍ത്തിയാണ്.
മുഖ്യമന്ത്രിയുടെ ഓഫിസ് എന്നത് അവിടെയുള്ള ഉദ്യോഗസ്ഥരല്ല, മുഖ്യമന്ത്രി തന്നെയാണ്. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡൻറ് വരെയുള്ളവർക്ക് ഇത് ബാധകമാണ്. തെൻറ ഓഫിസ് നയിക്കാന്‍ നിയോഗിച്ച വ്യക്തി സ്വർണകള്ളക്കടത്ത് പോലെ രാജ്യദ്രോഹപരമായ ഒരു ഗുരുതര കുറ്റകൃത്യം നടത്തിയവരുമായി ഉറ്റബന്ധം പുലര്‍ത്തിയതായി തെളിയുകയും, ആ വ്യക്തിയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്യുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് അഥവാ മുഖ്യമന്ത്രി തന്നെ.
മുഖ്യമന്ത്രിയുടെ പേരില്‍ ഏത് വ്യക്തിയും സ്ഥാപനവുമായി സംസാരിക്കാനും കത്തിടപാടുകള്‍ നടത്താനും നിർദേശങ്ങള്‍ നല്‍കാനും മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയ ആളാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കർ. ആ വ്യക്തി അധികാര ദുര്‍വിനിയോഗം നടത്തിയാല്‍ അതിനുത്തരവാദി മുഖ്യമന്ത്രിയല്ലാതെ മറ്റാരാണ്?
ആഭ്യന്തര വകുപ്പിെൻറ വീഴ്ചകള്‍
വഴിനീളെ പൊലീസ് പരിശോധനയുള്ള ഘട്ടത്തില്‍ തിരുവനന്തപുരത്ത് നിന്നും ബംഗളൂരു വരെ പ്രതികള്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനും ഓഡിയോ ക്ലിപ്പിങ് ഉണ്ടാക്കി മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുക്കാനും ആരാണ് സൗകര്യം ചെയ്ത് കൊടുത്തത്? പൊലീസിെൻറ സഹായമില്ലാതെ ഇവര്‍ക്ക് എങ്ങനെ ഇതൊക്കെ സാധിക്കും?
രാജ്യത്തെ ഞെട്ടിച്ച ഇത്രയും ഗുരുതരമായ ഒരു കുറ്റകൃത്യം പുറത്തുവന്നിട്ടും പ്രതികളുടെ നീക്കങ്ങള്‍ എന്തുകൊണ്ട് സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം ശ്രദ്ധിച്ചില്ല? അത് അവരുടെ ചുമതലയല്ലേ? കേസന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് എന്തു കൊണ്ട് അത് സംബന്ധിച്ച് വിവരം നല്‍കിയില്ല? കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കേണ്ടതെന്ന് പറഞ്ഞ് സംസ്ഥാന പൊലീസ് പൂർണമായി ഒഴിഞ്ഞുമാറിയത് സംശയാസ്പദമാണ്.
നിരവധി തവണകളായി ഈ സംഘം 230 കിലോ സ്വർണം നയതന്ത്ര ചാനലിലൂടെ കടത്തിയെന്നാണ് പുറത്തുവന്ന വിവരം. ഇത്ര വിപുലമായ ഒരു സംഘം ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടും സംസ്ഥാനത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയാതെ പോയതെന്താണെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാണ് ഉത്തരം നല്‍കേണ്ടത്. ഏജന്‍സികള്‍ അറിയാത്തതോ അതോ അവരുടെ വായ മൂടിക്കെട്ടിയതോ?
മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനും ഡി.ജി.പിയും തമ്മിലുള്ള ബന്ധം ഇതിനകം ഒരു ഫാഷന്‍ വിഡിയോയിലൂടെ പൊതുമധ്യത്തില്‍ വന്നിട്ടുണ്ട്. കൂടാതെ, സ്വപ്നസുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്ന കേസില്‍ ഹൈകോടതി ഇടപെടല്‍ ഉണ്ടായിട്ടുപോലും അവരെ പ്രതിയാക്കാതിരിക്കാന്‍ പൊലീസിെൻറ ഉന്നത തലങ്ങളില്‍ നിന്ന് ഇടപെടലുണ്ടായി.
ഈ ഉന്നത ബന്ധങ്ങളുള്ളതു കൊണ്ടാണോ അവര്‍ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ സമയത്തും രക്ഷപ്പെടാനായത് എന്ന് അന്വേഷിക്കേണ്ടതല്ലേ? സ്വർണ കള്ളക്കടത്ത് എയര്‍പോര്‍ട്ടിന് അകത്ത് മാത്രം ഒതുങ്ങുന്നതെല്ലന്ന് ഇത് വ്യക്തമാക്കുന്നു.
കള്ളക്കടത്ത് സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫിസിെൻറ ബന്ധം
കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്നസുരേഷ് എങ്ങനെ മുഖ്യമന്ത്രിയുടെ വകുപ്പായ ഐ.ടി വകുപ്പിനു കീഴിലെ സ്പേസ് പാര്‍ക്കില്‍ ഓപറേഷന്‍സ് മാനേജര്‍ തസ്തികയില്‍ വന്‍ തുക ശമ്പളത്തിൽ ജോലിക്ക് കയറി? ഒരു യോഗ്യതയുമില്ലാത്ത ഇവരുടെ നിയമനം നിയമവിരുദ്ധമായിരുന്നെന്ന് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സമിതിതന്നെ കണ്ടെത്തിയിട്ടുണ്ട്.
അപ്പോള്‍ ആരാണ് അവരെ അനധികൃതമായി നിയമിച്ചത്? അതിനുപിന്നിൽ ശിവശങ്കർ തന്നെയായിരുന്നു. സ്വപ്നസുരേഷ് എന്ന കള്ളക്കടത്ത് കേസിലെ പ്രധാനപ്രതിയുടെ നേതൃത്വത്തിലുള്ള ഒരു ഗൂഢസംഘം പ്രവര്‍ത്തിച്ചിരുന്നത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ സംരക്ഷണയിലാണ്. ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കാലയളവില്‍ നിരവധി തവണ ഈ ഫ്ലാറ്റില്‍ സ്വപ്ന സുരേഷ് അടക്കമുള്ള കള്ളക്കടത്ത് സംഘവുമായി ഒത്തുകൂടിയിട്ടുണ്ടെന്ന് കേസിലെ ഒന്നാം പ്രതി സരിത്ത് എന്‍.ഐ.എക്ക് മൊഴി നില്കിയിട്ടുമുണ്ട്.
എന്‍.ഐ.എയും കസ്റ്റംസും അമ്പത് മണിക്കൂറാണ് ശിവശങ്കരനെ ചോദ്യം ചെയ്തത്. അങ്ങനെ ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫിസിന് കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എന്‍.ഐ.എ കടക്കാനൊരുങ്ങുകയാണ്. ഇനിയെങ്ങനെയാണ് ആ ഓഫിസിന് ഒരു ഭരണഘടനസ്ഥാപനം എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാവുക?
രഹസ്യാന്വേഷണ വിഭാഗത്തിേൻറതടക്കം മുഖ്യമന്ത്രിയുടെ ഓഫിസിലെ അതീവനിർണായക ഫയലുകളെല്ലാം കാണാനും പലതിലും തീരുമാനമെടുക്കാനും അധികാരമുള്ള ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കർ. അത്തരത്തിലൊരാള്‍ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടാവുക എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിെൻറ രഹസ്യസ്വഭാവം നഷ്ടപ്പെട്ടു എന്നാണർഥം.
ഇരുമ്പുമറക്കുള്ളില്‍ കൊഴുത്തു തടിച്ചത് അഴിമതി
കഴിഞ്ഞ നാല് വര്‍ഷമായി പിണറായി വിജയെൻറ ഭരണം കനത്ത ഇരുമ്പുമറക്കകത്തായിരുന്നു. പൊതുജനങ്ങള്‍ക്ക് മാത്രമല്ല, സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്ക് പോലും ഭരണത്തിെൻറ പൂമുഖത്തേക്ക് എത്തിനോക്കാനെങ്കിലും കഴിഞ്ഞിരുന്നില്ല. ഘടകകക്ഷികള്‍ക്ക് അങ്ങോട്ട് പ്രവേശനമേ ഇല്ലായിരുന്നു.
കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ കാണാറുള്ള ഏകാധിപത്യഭരണത്തിെൻറ മിനിയേച്ചര്‍ രൂപമാണ് രൂപപ്പെട്ടത്. എന്നാല്‍ ആ ഇരുമ്പുമറക്കകത്ത് വന്‍കിട കോർപേറ്റ് കണ്‍സള്‍ട്ടന്‍സികളുടെ ഏജൻറുമാരും ശിവശങ്കരന്മാരും കള്ളക്കടത്തുകാരും കളം നിറഞ്ഞാടി.
കമീഷന് എന്ന ഒറ്റ താല്പര്യം മുന്‍നിര്‍ത്തിയാണ് ഈ കണ്‍സള്‍ട്ടന്‍സികളെയെല്ലാം കൊണ്ടുവന്നത്. വന്‍കിടപദ്ധതികള്‍ തട്ടിക്കൂട്ടുക, അതിെൻറ മറവില്‍ കോടികള്‍ നല്കി അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സികളെ നിയമിക്കുക, അവരില്‍ നിന്ന് കമീഷന് പറ്റുക- ഇതായിരുന്നു കഴിഞ്ഞ നാലരവര്‍ഷമായി കേരളത്തില്‍ നടന്നുകൊണ്ടിരുന്നത്. അത് എല്ലാ സീമകളും ലംഘിച്ച് വളര്‍ന്നു പന്തലിച്ചതിെൻറ പരിണിതഫലമാണ് സെക്രട്ടേറിയറ്റില്‍ പി.ഡബ്ല്യു.സി എന്ന അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി കമ്പനിക്ക് ഓഫിസ് തുറക്കാനുള്ള ഫയല്‍ നീങ്ങിയത്.
പ്രതിപക്ഷം അത് പിടികൂടിയില്ലായിരുന്നെങ്കില്‍ സെക്രട്ടേറിയറ്റില്‍ പി.ഡബ്ല്യു.സിയുടെ ബോര്‍ഡ് തൂങ്ങുമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസോ വകുപ്പുകളോ ആണ് അഴിമതികളുടെയെല്ലാം പ്രഭവകേന്ദ്രം. പ്രളയത്തിെൻറ മറവില്‍ ബ്രൂവറി ഡിസ്റ്റിലറികള്‍ക്കുള്ള അനുമതിയായിരുന്നെങ്കില്‍ കോവിഡിെൻറ മറവില്‍ സ്പ്രിൻക്ലര്‍ മുതലുള്ള അഴിമതി പരമ്പരയാണ് അരങ്ങേറിയത്.
സ്പ്രിൻക്ലര്‍ ഇടപാടിന് ചുക്കാന്‍ പിടിച്ചതും ശിവശങ്കര്‍ ആയിരുന്നു. ഇത് പ്രതിപക്ഷം പുറത്ത് കൊണ്ടുവരികയും പിന്നീട് ഹൈകോടതി ഇതിന് കൂച്ചുവിലങ്ങിടുകയും ചെയ്തു. ഇപ്പോഴും കേസ് തുടരുന്നു.
ബിവറേജസ് കോർപറേഷനെ അടച്ചു പൂട്ടിക്കുന്ന തരത്തില്‍ മദ്യവിതരണത്തിന് ബെവ്ക്യൂ ആപ്പുണ്ടാക്കിയത്, പമ്പാ ത്രിവേണിയില്‍ പ്രളയകാലത്ത് അടിഞ്ഞ് കൂടിയ കോടികളുടെ മണല്‍ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനത്തിെൻറ മറവില്‍ സ്വകാര്യകമ്പനിക്ക് മറിച്ച് വില്‍ക്കാനുള്ള നീക്കം, 4500 കോടി രൂപയുടെ ഇമൊബിലിറ്റി പദ്ധതിയില്‍ ടെൻഡര്‍ പോലും വിളിക്കാതെ പിന്‍വാതിലിലൂടെ പി.ഡബ്ല്യു.സിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത് തുടങ്ങിയ അഴിമതിയുടെ കുത്തൊഴുക്കാണ് ഉണ്ടായത്.
ശബരിമല വിമാനത്താവളത്തിന് സ്ഥലത്തിെൻറ കാര്യത്തില്‍ തീരുമാനമാകും മുമ്പ് കണ്‍സള്‍ട്ടന്‍സിയെ െവച്ച് കോടികള്‍ വിഴുങ്ങിയതാണ് ഏറ്റവും ഒടുവില്‍ പ്രതിപക്ഷം പുറത്തു കൊണ്ടു വന്ന അഴിമതി. കെ ഫോണ്‍,ബംഗളൂരു- കൊച്ചി വ്യവസായ ഇടനാഴി എന്നവയുടെ കണ്‍സൾട്ടന്‍സി നിയമനവും സംശയത്തിെൻറ നിഴലിലാണ്. കണ്‍സള്‍ട്ടന്‍സി രാജാണ് ഇവിടെ നടക്കുന്നത്.
സ്വർണക്കടത്ത് പുറത്തു വന്നതോടെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ട പിണറായി വിജയനെ പ്രതിക്കൂട്ടില്‍ കയറ്റുന്നതാണ് ഈ അഴിമതി പരമ്പരകള്‍. അതുകൊണ്ടാണ് മുഖ്യമന്ത്രി രാജി െവച്ച് ഈ അഴിമതികളെക്കുറിച്ചെല്ലാം ഒരു സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.