കർണാടകയിൽ ബി.ജെ.പിയെ തകർത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് വിജയിക്കുമ്പോൾ ഫലംകാണുന്നത് പാർട്ടിയുടെ ദീർഘകാല പദ്ധതികൾ കൂടിയാണ്. ഐക്യം ഉറപ്പാക്കിയും ബി.ജെ.പിയുടെ വോട്ട് ബാങ്കുകളിൽ കടന്നുകയറിയുമെല്ലാമാണ് കോൺഗ്രസ് ഈ ജയം ഉറപ്പാക്കിയത്.
രാഹുൽ ഗാന്ധിയെന്ന കോൺഗ്രസ് നേതാവിന്റെ തന്ത്രങ്ങൾ കൂടിയാണ് കർണാടകയിൽ വിജയിക്കുന്നത്. അധ്യക്ഷ സ്ഥാനത്ത് മല്ലികാർജുൻ ഖാർഗെയായിരുന്നുവെങ്കിലും രാഹുലിനെ തന്നെയായിരുന്നു പ്രചാരണത്തിലുടനീളം കോൺഗ്രസ് മുന്നിൽ നിർത്തിയത്. ഡി.കെ. ശിവകുമാറിന്റെ ശക്തമായ കരുനീക്കങ്ങളും ഫലംകണ്ടു.
കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു കോൺഗ്രസ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 75ാം പിറന്നാൾ ആഘോഷിച്ചത്. പാർട്ടിക്കകത്തെ വ്യക്തി ആരാധനക്കെതിരെ നിലപാടെടുത്തിരുന്ന ഡി.കെ ശിവകുമാറിന് സിദ്ധരാമയ്യയുടെ പിറന്നാൾ ആഘോഷപൂർവം നടത്തുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ, ആഘോഷവേദിയിൽ ശിവകുമാറിനെ എത്തിക്കാൻ കോൺഗ്രസിന്റെ കേന്ദ്രനേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും കഴിഞ്ഞു. സിദ്ധരാമയ്യയുടെ പിറന്നാൾ ആഘോഷത്തിൽ പാർട്ടിയിൽ ഐക്യമുണ്ടെന്ന സന്ദേശം നൽകാൻ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും കഴിഞ്ഞു.
ഭാരത് ജോഡോ യാത്രയിലും ഈ ഐക്യം പ്രകടമായി. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ഐക്യത്തോടെ തന്നെ ഭാരത് ജോഡോ യാത്രയെ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം നല്ലത് പറയണമെന്ന് സിദ്ധരാമയ്യയോടും ഡി.കെ ശിവകുമാറിനോടും പാർട്ടി നേതൃത്വം ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
ബി.ജെ.പിയുടെ മധ്യവർഗ വോട്ടുബാങ്കിലേക്ക് കടന്നു കയറിയ തന്ത്രം
ബി.ജെ.പിയെ തകർക്കണമെങ്കിൽ ജാതി-മത സമവാക്യങ്ങൾക്കുമപ്പുറം അവരുടെ സ്ഥിരം വോട്ടുബാങ്കായ മധ്യവർഗ യുവാക്കളെയും സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ വോട്ടെടുപ്പിന് മുമ്പ് കോൺഗ്രസ് നടത്തിയിരുന്നു. തൊഴിലില്ലായ്മ പരിഹരിക്കുമെന്ന ഉറപ്പും അതിനൊപ്പം സ്ത്രീകൾക്ക് വേണ്ടി നടത്തിയ പല പ്രഖ്യാപനങ്ങളും കോൺഗ്രസിന് തുണയായി. അധികാരത്തിലെത്തിയാൽ വീട്ടമ്മമാർക്ക് 2,000 രൂപ, സൗജന്യ അരി, ബസ് യാത്ര തുടങ്ങിയ പ്രഖ്യാപനങ്ങളും പാർട്ടിക്ക് തുണയായി.
കർണാടകയിലെ ബസവരാജ ബൊമ്മെ സർക്കാറിനെതിരെ ഏറ്റവും വലിയ പ്രചാരണ ആയുധമായി കോൺഗ്രസ് ഉപയോഗിച്ചത് അഴിമതിയായിരുന്നു. കർണാടകയിൽ ബില്ലുകൾ പാസാകണമെങ്കിൽ 40 ശതമാനം കൈക്കൂലി കൊടുക്കണമെന്ന സർക്കാർ കരാറുകാരുടെ ആരോപണം കോൺഗ്രസ് ഉയർത്തിക്കാട്ടി. ബസവരാജ ബൊമ്മെയുടെ ഭരണത്തിൽ കർണാടകയിൽ ബി.ജെ.പി സർക്കാർ നടത്തിയ അഴിമതിയേയും പൊതുജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി നടത്തിയ ക്യു.ആർ കോഡ് പ്രചാരണവും കർണാടകയെ സ്വാധീനിച്ചു. ഇതിനൊപ്പം ഗൗതം അദാനിയുടെ വിഷയം ഉൾപ്പടെ ഉയർത്തി കേന്ദ്രസർക്കാറിനെതിരെയും നരേന്ദ്ര മോദിക്കെതിരെയും രാഹുൽ രൂക്ഷമായ വിമർശനം ഉയർത്തി. അദാനിക്കെതിരെ സംസാരിച്ചത് കൊണ്ടാണ് രാഹുലിനെ അയോഗ്യനാക്കിയെന്ന പ്രചാരണവും കർണാടകയിൽ നിർണായകമായി.
ജെ.ഡി.എസിനെ കുറിച്ച് മൗനം
2018ന് ശേഷം പല വേദികളിലും ജെ.ഡി.എസിനെ ബി.ജെ.പിയുടെ ബി ടീമായാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസിനെ കുറിച്ച് തന്ത്രപരമായ മൗനം പാലിക്കുകയാണ് കോൺഗ്രസ് ചെയ്തത്. ഇതിലൂടെ പോരാട്ടം ബി.ജെ.പിയും കോൺഗ്രസും തമ്മിലാണെന്ന പ്രതീതി ഉയർത്താൻ പാർട്ടിക്ക് സാധിച്ചു. ജെ.ഡി.എസിനെ ആക്രമിക്കുന്നത് ഗുണകരമാവില്ലെന്ന പ്രാദേശിക നേതാക്കളുടെ ഉപദേശവും പാർട്ടി ദേശീയ നേതാക്കൾ സ്വീകരിച്ചു.
പോപ്പുലർ ഫണ്ടും ബജ്റംഗ്ദൾ പോലുള്ള വർഗീയ സംഘടനകളെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനം ആയുധമാക്കാനായിരുന്നു ബി.ജെ.പി ശ്രമം. എന്നാൽ, ഒരു ചെറിയ മേഖലയിൽ മാത്രമേ ഈ പ്രചാരണം ഏശുകയുള്ളുവെന്നായിരുന്നു കോൺഗ്രസ് വിലയിരുത്തൽ. മുസ്‍ലിംകൾക്കിടയിലും ബജ്റംഗ്ദൾ പോലുള്ള സംഘടനകൾക്ക് കാര്യമായ സ്വാധീനമില്ലാത്ത നഗര മേഖലകളിലും ബി.ജെ.പി പ്രചാരണം വിലപോകില്ലെന്ന കോൺഗ്രസ് വിലയിരുത്തൽ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ അക്ഷരാർഥത്തിൽ ശരിയാവുകയായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിൽ ഹനുമാനെ ഉയർത്തികാട്ടി ഡി.കെയും പ്രചാരണത്തിന് മുതിർന്നു.
ബി.ജെ.പിയിൽ നിന്നുള്ള എം.എൽ.എമാർ അടക്കമുള്ളവരുടെ ഒഴുക്ക് കോൺഗ്രസ് ജയിക്കുമെന്നുള്ള പ്രതീതി സൃഷ്ടിക്കാൻ കാരണമായി. ജെ.ഡി.എസിൽ നിന്നും ബി.ജെ.പിയിൽ നിന്നും നേതാക്കളേയും ജനപ്രതിനിധികളേയും കോൺഗ്രസിലെത്തിക്കാൻ ഡി.കെ ശിവകുമാർ നടത്തിയ നീക്കങ്ങൾ വിജയംകണ്ടുവെന്ന് വേണം കരുതാൻ. പാർട്ടിയെ അഞ്ച് മേഖലകളാക്കി തിരിച്ച് ഓരോ മേഖലയുടേയും ചുമതല ഓരോ വർക്കിങ് പ്രസിഡന്റിന് കീഴിലാക്കിയ ഡി.കെയുടെ മൈക്രോ ലെവൽ മാനേജ്മെന്റും വിജയം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.