എന്തിനാണ് അവർ എന്നോട് അങ്ങനെ പറഞ്ഞത്? മറ്റുള്ളവരുടെ മുന്നിൽ ഞാൻ ആകെ ഇല്ലാതായി; ഇത്രകാലം ചെയ്തതെല്ലാം പാഴായി. ഉണ്ടാക്കിയ സൽപേര്, ഇത്ര വർഷത്തെ സർവിസ്-എല്ലാം നഷ്ടമായി. ആകെ നാണംകെട്ടു. സ്കൂൾ കാലം തൊട്ടേ ഇങ്ങനെയാണ്. എന്തു ചെയ്താലും അവസാനം നാണം കെടും. രക്ഷപ്പെടാൻ ഇനി ഒരു വഴിയുമില്ല. എന്റെ മരണം അവർക്ക് ഒരു പാഠമാകും. എന്റെ പ്രശ്നങ്ങൾ ആരും മനസ്സിലാക്കുന്നില്ല. എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല. ഞാൻ ഒറ്റക്കായി. വീട്ടുകാരും മക്കളും എല്ലാവരും ഇനി എന്നെ വെറുക്കും. ഞാൻ മരിച്ചാൽ എല്ലാവർക്കും സമാധാനമാകും. എല്ലാ പ്രശ്നങ്ങളും അവസാനിക്കും...
സാഹചര്യം പലതുമാകാം. അപ്പുറം നിൽക്കുന്നത് ഭാര്യയോ, ഭർത്താവോ, കാമുകനോ, കാമുകിയോ, അമ്മയോ, അച്ഛനോ ,സുഹൃത്തോ, ശത്രുവോ, അസുഖമോ, മരുന്നുകളോ ആകാം. പുരുഷനോ, സ്ത്രീയോ, ട്രാൻസോ ആകാം. വയസ്സ് അഞ്ചോ അറുപത്തഞ്ചോ ആകാം. പ്രശ്നം നേരിട്ടത് സ്കൂളിലോ, കോളജിലോ, ജോലി സ്ഥലത്തോ, പൊതു സമൂഹത്തിലോ, ഒറ്റക്കോ ആകാം. കുറ്റം പറഞ്ഞത് ബന്ധുവോ, മിത്രമോ, കൂടെ ജോലി ചെയ്യുന്നവരോ വഴിപോക്കനോ ആവാം, അതുമല്ലെങ്കിൽ മനസ്സിൽ തോന്നിയതാവാം. ആത്മഹത്യ പ്രവണത നമുക്കിടയിൽ അലിഞ്ഞുചേർന്ന ഉപ്പ് പോലെയാണ്; പക്ഷേ, കണ്ടെത്താൻ വലിയ പ്രയാസവും. ഒരു നിമിഷത്തെ, ഒരു ആയുസ്സിന്റെ കടങ്ങൾ വീട്ടാൻ അത് നമ്മെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ഓരോ 40 സെക്കൻഡിലും ഒരു വ്യക്തി ആത്മഹത്യ കാരണം മരിക്കുന്നെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അതായത് നിങ്ങൾ ഈ കുറിപ്പ് വായിച്ചുകൊണ്ടിരിക്കെ, എവിടെയോ ഒരാൾ ജീവന്റെ പുസ്തകം അടച്ചുവെക്കാൻ ഒരുമ്പെടുന്നുണ്ടാവാമെന്ന്.
എന്തിന് എല്ലാം തനിച്ച് പേറണം?
വിഷമം വരുമ്പോൾ അത് മറ്റുള്ളവരുമായി പങ്കുവെക്കാൻ നമ്മൾ ഇനിയും പഠിക്കേണ്ടിരിക്കുന്നു. നമ്മൾ നമ്മെത്തന്നെ അടച്ചുപൂട്ടിയ ഒരു കൂടുണ്ട് പലർക്കും. ഓരോ കമ്പും ഇലയും തൂവലും പലകുറി പലയിടത്തുനിന്നായി പെറുക്കിക്കൂട്ടി കാലങ്ങൾ കൊണ്ട് ഒരുക്കിയ കൂട്. അതിന് കോട്ടം തട്ടി എന്ന തോന്നൽ മതി സകലതും ഇല്ലാതാക്കാൻ. പക്ഷേ, ഒന്നോർക്കണം; ഈ കൂട് തന്നെ അനാവശ്യമാണെന്ന സത്യം. ഒരു നിമിഷത്തിൽ മാത്രമാണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത്. അല്ലാത്തവ എല്ലാം ഓർമകൾ മാത്രം. അതുകൊണ്ട് ജീവിതത്തിൽ പഠിക്കേണ്ട ഒന്ന് ഈ നിമിഷത്തിൽ എങ്ങനെ ജീവിക്കുമെന്നതാണ്. മരണം അരിച്ചുകയറുന്നതറിയാൻ കഴിഞ്ഞെന്നുവരില്ല. മനസ്സിൽ ഒരു പതർച്ച തോന്നുമ്പോൾ തന്നെ സഹായം ചോദിക്കുക. സൂപ്പർമാനോ സൂപ്പർ വുമണോ അല്ല വിഷമവും സന്തോഷവും, രക്തവും മാംസവുമുള്ള മനുഷ്യരാണ് നമ്മളെന്ന കാര്യം ഓർക്കുക. അഹിതമായവ കേൾക്കുമ്പോഴും അനുഭവിക്കുമ്പോഴും മനസ്സിൽ വരുന്ന വിഷമം, സങ്കടം, ഉത്കണ്ഠ; പനിയും ജലദോഷവും ചുമയും പോലെ ഏത് പ്രായക്കാർക്കും വരാവുന്ന അസുഖമാണെന്ന് മനസ്സിലാക്കി വേണ്ട ചികിത്സ നേടുക. നഷ്ടം നമ്മൾക്കും നമ്മളെ സ്നേഹിക്കുന്നവർക്കും നമ്മളെ കാത്തിരിക്കുന്ന കലങ്ങിയ ഹൃദയങ്ങൾക്കും മാത്രമാകുമെന്നും മനസ്സിലാക്കുക. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളില്ല. സഹായം കൈനീട്ടുന്ന അകലത്തിലോ, ഒരു ഫോൺ വിളിയുടെ അപ്പുറമോ ലഭ്യമാണ്. അത് ഉപയോഗപ്പെടുത്തുക. ജീവിക്കുക.
ആത്മഹത്യ ചിന്താഗതി അനുഭവിക്കുന്ന വ്യക്തികളുടെ സങ്കീർണമായ മാനസികാവസ്ഥ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഈ ചിന്തകളും വികാരങ്ങളും ഓരോ വ്യക്തിക്കും വളരെ വ്യത്യാസപ്പെട്ടിരിക്കുമെന്ന് ഓർമിക്കുക.
പൊതു ചിന്തകൾ
1. പ്രതീക്ഷയില്ലായ്മ/(Hopelessness): ഒരു രക്ഷയും പ്രശ്നങ്ങൾക്ക് പരിഹാരമോ ഇല്ലാതെ കുടുങ്ങിപ്പോയതായി തോന്നൽ.
2. നിസ്സഹായത/Helplessness: നിലവിൽ അകപ്പെട്ട സാഹചര്യം തനിക്ക് നേരിടാൻ കഴിയില്ലെന്ന ആധി.
3. വിലഹീനത/Worthlessness: നിസ്സാരരെന്നോ സ്നേഹിക്കപ്പെടാത്തവരെന്നോ അനാവശ്യമെന്നോ തോന്നൽ.
4. കുറ്റബോധം/Guilt: അമിതമായ പശ്ചാത്താപം അല്ലെങ്കിൽ സ്വയം കുറ്റപ്പെടുത്തൽ.
5. ലജ്ജ/Shame: നാണക്കേടിന്റെയോ അപമാനത്തിന്റെയോ തീവ്രമായ വികാരങ്ങൾ.
6. നിരസിക്കൽ/Rejection: ഒറ്റപ്പെട്ടു, നിരസിക്കപ്പെട്ടു, അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ടുവെന്ന തോന്നൽ.
7. രക്ഷപ്പെടൽ/Escape: വൈകാരികവേദനയിൽ നിന്ന് മരണം രക്ഷാ മാർഗമാകുമെന്ന ധാരണ
8. പ്രതികാരം/Revenge: സ്വന്തം മരണത്തിലൂടെ മറ്റുള്ളവരെ ശിക്ഷിക്കാമെന്ന ചിന്ത.
9. സ്വയം വിമർശനം/Self-Criticism: നിഷേധാത്മകമായ സ്വയം പ്രതിച്ഛായ ശാശ്വതമാക്കുന്ന, കഠിനമായ സ്വയം വിധി.
10. ശ്രുതി/Rumination: മുൻകാല പരാജയങ്ങളെക്കുറിച്ചോ ആഘാതങ്ങളെക്കുറിച്ചോ നിരന്തരമായി നുഴഞ്ഞുകയറുന്ന ചിന്തകൾ.
11. വിഷാദം/Depression: നീണ്ടുനിൽക്കുന്ന ദുഃഖം, താൽപര്യക്കുറവ് .
12. ഉത്കണ്ഠ/Anxiety: അമിതമായ ഭയം, ഉത്കണ്ഠ.
13. മിഥ്യയായ ഭയം /Paranoia: യുക്തിരഹിതമായ സംശയങ്ങൾ അല്ലെങ്കിൽ മറ്റുള്ളവരെ അവിശ്വാസം.
14. നിരാശ/Despiration: രക്ഷപ്പെടാൻ ഒരു പോംവഴിയുമില്ല എന്ന തോന്നൽ.
15. കോപം/Anger: കടുത്ത നിരാശ, നീരസം, അല്ലെങ്കിൽ ശത്രുത.
16. വൈകാരിക മരവിപ്പ്/Emotional Numbness: വികാരങ്ങളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ വിച്ഛേദിക്കപ്പെട്ടതായ തോന്നൽ
17. പിൻവലിയൽ/Detachment: ബന്ധങ്ങളിൽ നിന്നോ പ്രവർത്തനങ്ങളിൽ നിന്നോ പിന്മാറൽ.
18. താൽപര്യം നഷ്ടപ്പെടൽ/Loss of interest: മുമ്പ് ആഹ്ലാദകരമായിരുന്ന പ്രവർത്തനങ്ങൾ ആസ്വദിക്കാൻ പറ്റാത്ത അവസ്ഥ.
ആത്മഹത്യ ആശയം ഒരു സങ്കീർണപ്രശ്നമാണ്, ഈ പട്ടിക സമഗ്രമല്ല. നിർദിഷ്ട ചിന്തകളെയോ വികാരങ്ങളെയോ തിരിച്ചറിയുന്നതിൽ മാത്രം ആശ്രയിക്കുന്നതിനുപകരം അനുകമ്പയോടും വിവേകത്തോടും കൂടി വ്യക്തികളെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ഏത് പ്രായത്തിലും ആത്മഹത്യ ചിന്തകൾ ഉണ്ടാകാം, എന്നാൽ ജീവിതത്തിന്റെ കാര്യമായ പരിവർത്തനങ്ങളിലോ സമ്മർദകരമായ അവസ്ഥകളിലോ അപകടസാധ്യത വർധിക്കുന്നു.
കൂടുതലായി കാണുന്ന അപകട ഘടകങ്ങൾ:
1. ആഘാതത്തിന്റെയോ ദുരുപയോഗത്തിന്റെയോ ചരിത്രം
2. ആത്മഹത്യയുടെ കുടുംബ ചരിത്രം
3. മുമ്പത്തെ ആത്മഹത്യ ശ്രമങ്ങൾ
4. മാനസികാരോഗ്യ അവസ്ഥകൾ (ഉദാ. വിഷാദം, ബൈപോളാർ ഡിസോർഡർ)
5. ലഹരിവസ്തുക്കളുടെ ദുരുപയോഗം
6. വിട്ടുമാറാത്ത അസുഖം അല്ലെങ്കിൽ വേദന
7. സാമൂഹിക ഒറ്റപ്പെടൽ
ആത്മഹത്യ സാധ്യതയുള്ള അടയാളങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും ആവശ്യമുള്ള വ്യക്തികളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ പിന്തുണക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ അറിയാതെ നീട്ടുന്ന ഒരു കൈ, ഒരു പുഞ്ചിരി, ഒരു വാക്ക് ഒരാളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.
ദിശ 1056, തണൽ 0495-2760000, പ്രതീക്ഷ 0484 2448830, സഞ്ജീവനി 0471 2533900 തുടങ്ങിയ ഹെൽപ് ലൈനുകളിലും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.