ഡോ. പി.കെ. പോക്കർ, ഡോ.കെ.എസ്​. മാധവൻ

ഭയക്കില്ല, നിശ്ശബ്​ദരാക്കാൻ കഴിയില്ല


ഡോ. പി.കെ. പോക്കർ

രാജ്യത്തെ സർവകലാശാലകളിൽ സംഘടിതമായി നടക്കുന്ന സംവരണ അട്ടിമറിക്കെതിരെ മാധ്യമത്തിൽ ലേഖനമെഴുതിയതി​ന്‍റെ പേരിൽ ചരിത്രകാരനും ദലിത്-കീഴാള പഠന വിദഗ്ധനുമായ ഡോ. കെ.എസ്​. മാധവന് കാരണം കാണിക്കൽ നോട്ടീസ്​ നൽകിയിരിക്കുകയാണ്​ കാലിക്കറ്റ്​ സർവകലാശാല. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്​ ലേഖനമെഴുതിയതിന്​ കാരണം കാണിക്കാൻ ആവശ്യപ്പെടുന്നത്​ സകല ജനാധിപത്യ മര്യാദകളുടെയും ലംഘനമാണെന്ന്​ ചൂണ്ടിക്കാട്ടുന്നു പ്രമുഖ ചിന്തകനും സഹ എഴുത്തുകാരനുമായ ലേഖകൻ.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തി​ന്‍റെയും പൗരാവകാശങ്ങളുടെയും സംരക്ഷണത്തിനു​ വേണ്ടിയും എക്കാലത്തും ഇടപെടലുകൾ നടത്തുകയും പ്രാന്തവത്​കരിക്കപ്പെടുന്നവരും വേട്ടയാടപ്പെടുന്നവരുമായ സമൂഹങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്​തിട്ടുണ്ട്​ ലോകമൊട്ടുക്കുമുള്ള അക്കാദമിക സമൂഹം. ഭരണകൂടമോ ഭൂരിപക്ഷ സമൂഹമോ ആർക്കൊപ്പമാണെന്ന്​ നോക്കിയല്ല, നീതി നിഷേധിക്കപ്പെടുന്നവർക്കു​ വേണ്ടിയാണ്​ എന്നും വാദിച്ചിട്ടുള്ളത്​.

കേരളത്തിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. കെ.എസ്​. മാധവനും ഞാനും ചേർന്ന് 'സർവകലാശാലകളിൽ നിറഞ്ഞാടുന്നു സംവരണ വിരുദ്ധ മാഫിയ' എന്ന തലക്കെട്ടിൽ ഏപ്രിൽ 21ന്​ മാധ്യമത്തിൽ എഴുതിയ ലേഖനവും അതേ നിലപാടി​ന്‍റെ ഭാഗമാണ്​. സർവകലാശാലകളിൽ കാലാകാലമായി നിലനിൽക്കുന്ന കീഴാള വിരുദ്ധതയെ കുറിച്ച് ഞങ്ങളിരുവരും വളരെക്കാലമായി നടത്തിവരുന്ന പഠനങ്ങളുടെയും പ്രവർത്തനത്തി​ന്‍റെയും തുടർച്ചയാണ് ആ ലേഖനവും. ഇന്ത്യയിലും കേരളത്തിലും നടക്കുന്ന സംവരണ അട്ടിമറികൾ അന്വേഷിച്ചു നടപടിയെടുക്കണമെന്ന ഞങ്ങളുയർത്തിയ ആവശ്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനു​ പകരം ചരിത്ര വിഭാഗം അസോ. പ്രഫസറായ ഡോ. മാധവനെതിരെ പ്രതികാര നടപടി സ്വീകരിക്കാനാണ്​ കാലിക്കറ്റ്​ സർവകലാശാല മുതിരുന്നത്​.

ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ലേഖനമെഴുതിയതി​ന്‍റെ പേരിൽ ഒരു അക്കാദമീഷ്യനെതിരെ കാരണം കാണിക്കൽ നോട്ടീസ്​ നൽകുന്നത്​ പുരോഗമന ജനാധിപത്യ കേരളത്തി​ന്‍റെ ചരിത്രത്തിൽ ആദ്യ സംഭവമായിരിക്കും.

ഏതെങ്കിലും ഒരു പ്രത്യേക സർവകലാശാലയെ മാത്രം വിമർശിക്കുന്നതായിരുന്നില്ല ആ ലേഖനം. മറിച്ച്​ ഇന്ത്യൻ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും കാലങ്ങളായി നടമാടുന്ന കീഴാള വിരുദ്ധതയിലേക്കും സംവരണ വിരുദ്ധത മനോഭാവത്തിലേക്കും ശ്രദ്ധക്ഷണിക്കുന്നതായിരുന്നു.

ഉൾ​ക്കൊള്ളൽ വിദ്യാഭ്യാസത്തി​ന്‍റെയും ഭരണഘടനപരവും നിയമപരവുമായ അവകാശ സംരക്ഷണത്തി​ന്‍റെയും അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നത്​ വിദ്യാഭ്യാസ മേഖലയിൽനിന്നുള്ള സാമൂഹിക പ്രവർത്തകർ എന്ന നിലയിൽ ഞങ്ങളുടെ ഉത്തരവാദിത്തവുമാണ്​.

വിയറ്റ്​നാം യുദ്ധകാലത്ത്​ അമേരിക്കൻ സർവകലാശാലകളിലെല്ലാം വൻ റാലികളാണ്​ നടന്നത്​. ഇറാഖ്​ അധിനിവേശത്തിനെതിരെ യൂറോപ്യൻ സർവകലാശാല സമൂഹങ്ങളിൽനിന്നാണ്​ ശക്തമായ അഭിപ്രായരൂപവത്​കരണമുണ്ടായത്​. അടിയന്തരാവസ്ഥക്കെതിരിലും അന്യായ വധശിക്ഷകൾക്കെതിരിലും ജനാധിപത്യ ധ്വംസന നീക്കങ്ങൾക്കെതിരിലും ചെറുത്തുനിൽപ്പുകൾക്ക്​ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്​ ഇന്ത്യയിലെ സർവകലാശാല സമൂഹം. ​ജെ.എൻ.യുവിൽ അവകാശപ്പോരാട്ടത്തിലേർപ്പെട്ട വിദ്യാർഥികളോട്​ ഐക്യദാർഢ്യപ്പെട്ട്​, തുറന്ന ക്ലാസ്​മുറികൾ സംഘടിപ്പിച്ച അധ്യാപകർ സർവകലാശാലയെ വിമർശിക്കുന്ന ലേഖനങ്ങൾ സമാഹരിച്ച്​ ​പുസ്​തകമായി ഇറക്കിയത്​ അടുത്ത കാലത്താണ്​. അതി​ന്‍റെ പേരിൽ ഏതെങ്കിലുമൊരു അധ്യാപകന്​ ​നോട്ടീസ്​ ലഭിച്ചതായി അറിവില്ല. അമേരിക്കൻ മിലിട്ടറിയുടെ ഗവേഷണംകൂടി നടക്കുന്ന എം.ഐ.ടി സർവകലാശാലയിൽ പ്രഫസറായിരുന്നുകൊണ്ടാണ് നോം ചോംസ്കി അമേരിക്കയുടെ വംശീയവും അധിനിവേശപരവുമായ തെറ്റായ നയങ്ങളെ വിമർശിച്ചത്​.

വി.കെ.എന്നി​ന്‍റെ 'അധികാരം' പിൻവലിക്കാനുള്ള കാലിക്കറ്റ്​ സർവകലാശാല തീരുമാനത്തിനെതിരെ ഞങ്ങൾ അധ്യാപകർ ശബ്​ദമുയർത്തുകയും മാധ്യമങ്ങളുമായി സംസാരിക്കുകയും പ്രഫ. എം.എൻ. വിജയനും കടമ്മനിട്ട രാമകൃഷ്​ണനുമുൾപ്പെടെയുള്ള സാംസ്​കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രതിഷേധ സംഗമങ്ങൾ നടത്തുകയും ചെയ്​തിട്ടുണ്ട്​. ഡോ. രാമചന്ദ്രൻ മൊകേരി സർവകലാശാല മുറ്റത്ത്​ തുടർച്ചയായി പ്രതിഷേധ നാടകങ്ങൾ അവതരിപ്പിച്ചു. ഭരണകൂടങ്ങൾ പിന്തിരിപ്പൻ നയങ്ങളിൽനിന്ന്​ തോറ്റുപിന്മാറിയത്​ പലപ്പോഴും ഇത്തരം പ്രതിഷേധച്ചൂടി​ന്‍റെകൂടി ഫലമായാണ്​.

അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനും ഇന്ത്യൻ ഭരണഘടനയാണ്​ ഓരോ പൗരനും പരിരക്ഷ നൽകിയിരിക്കുന്നത്​. നാട്ടുരാജാക്കന്മാരെപ്പോലെ അത്​ പരിമിതപ്പെടുത്താനോ ഞങ്ങളുടെ പ്രവിശ്യയിൽ അനുവദിക്കില്ലെന്ന്​ പറയാനോ ഒരാളും മുതിരാതിരിക്കുന്നതാവും നല്ലത്​. ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തുന്നത്​ തടയാൻ തൊഴിലുടമകൾക്ക്​ അവകാശമില്ലെന്ന്​ ബഹുമാനപ്പെട്ട നീതിപീഠങ്ങൾ പലവുരു വ്യക്തമാക്കിയതാണ്​. അടിമ-ഉടമ ബന്ധത്തി​ന്‍റെ കാലമാണിപ്പോഴും എന്ന്​ തെറ്റായ ധാരണ ആരെങ്കിലും ഇ​പ്പോഴും തുടരുന്നുവെങ്കിൽ അത്​ തിരുത്താൻ സമയം അതിക്രമിച്ചിരിക്കുന്നു.

അക്ഷരങ്ങൾക്ക്​ അങ്ങേയറ്റം വില കൽപ്പിക്കുന്ന കേരളംപോലൊരു നാട്ടിൽ അഭിപ്രായ പ്രകടനങ്ങൾക്ക​ുമേൽ വിലക്കേർപ്പെടുത്താൻ മുതിരുന്നുവെന്നത്​ തീർത്തും നിരാശജനകമാണ്​. എഴുതാനും വായിക്കാനും ആശയങ്ങൾ തുറന്നു​ പ്രകടിപ്പിക്കാനും സ്വാതന്ത്ര്യമില്ലെങ്കിൽ അത്​ ആ നാടി​ന്‍റെ അന്ത്യമായാണ്​ കാണേണ്ടത്​.

ഞങ്ങൾ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ ഭരണഘടന നിർദേശങ്ങളെ വെല്ലുവിളിക്കുന്ന, സാമൂഹിക നീതി അട്ടിമറിക്കുന്ന മാഫിയ സർവകലാശാലകളിൽ പ്രവർത്തിക്കുന്നു എന്നതി​ന്‍റെ തെളിവാണ്​ ഡോ. കെ.എസ്​. മാധവനെ വേട്ടയാടാനുള്ള നീക്കം. നമ്മളാരും അതനുവദിച്ചുകൊടുക്കാൻ പോകുന്നില്ല. അനുഭവങ്ങളിൽനിന്ന്​ കരുത്തു നേടിയ, പഠന ഗവേഷണങ്ങൾക്കായി ഇത്രമാത്രം സമർപ്പിച്ച ആ മനുഷ്യനെ ഭയപ്പെടുത്തി പിന്മാറ്റാനും കഴിയില്ല. ലജ്ജാകരമായ നടപടി പിൻവലിച്ച്​ മേലിൽ ഇത്​ ആവർത്തിച്ച്​ അപഹാസ്യരാവാതിരിക്കാനുള്ള വിവേകമാണ്​ അധികൃതർ കാണിക്കേണ്ടത്​.

Tags:    
News Summary - will not afraid; can't make silent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT