അതിതീക്ഷ്ണ വേനൽച്ചൂടിലാണ് നാട്. അതിന്റെ ദുരിതങ്ങളെല്ലാം നമുക്ക് ചുറ്റും ദൃശ്യമാണ്. ഭൂമി വരണ്ടൊട്ടിയിരിക്കുന്നു, കുടിവെള്ളക്ഷാമം വർധിക്കുന്നു. ഇലകൾ കൊഴിഞ്ഞും കരിഞ്ഞും പ്രകൃതിക്കാകെ വരണ്ട ഭാവമാണ്. മനുഷ്യരും ജീവജാലങ്ങളുമെല്ലാം തൊണ്ടനനക്കാൻ തെളിനീര് തേടിക്കൊണ്ടിരിക്കുന്ന കാലം. ഇതെഴുതുമ്പോൾ കുടുംബത്തിലെ ഒരു കാരണവർ എന്റെ ഓർമയിലെത്തുന്നു: ഉച്ചഭക്ഷണ സമയത്ത്, ഊണ് കഴിക്കാൻ തുടങ്ങും മുമ്പ് ഒരു പിടി ചോറുമായി അദ്ദേഹം പുറത്തേക്ക് പോകും. കുട്ടിക്കാലത്ത്...
അതിതീക്ഷ്ണ വേനൽച്ചൂടിലാണ് നാട്. അതിന്റെ ദുരിതങ്ങളെല്ലാം നമുക്ക് ചുറ്റും ദൃശ്യമാണ്. ഭൂമി വരണ്ടൊട്ടിയിരിക്കുന്നു, കുടിവെള്ളക്ഷാമം വർധിക്കുന്നു. ഇലകൾ കൊഴിഞ്ഞും കരിഞ്ഞും പ്രകൃതിക്കാകെ വരണ്ട ഭാവമാണ്. മനുഷ്യരും ജീവജാലങ്ങളുമെല്ലാം തൊണ്ടനനക്കാൻ തെളിനീര് തേടിക്കൊണ്ടിരിക്കുന്ന കാലം.
ഇതെഴുതുമ്പോൾ കുടുംബത്തിലെ ഒരു കാരണവർ എന്റെ ഓർമയിലെത്തുന്നു: ഉച്ചഭക്ഷണ സമയത്ത്, ഊണ് കഴിക്കാൻ തുടങ്ങും മുമ്പ് ഒരു പിടി ചോറുമായി അദ്ദേഹം പുറത്തേക്ക് പോകും. കുട്ടിക്കാലത്ത് എനിക്ക് അതു വലിയ ആശ്ചര്യമായിരുന്നു. എന്തിനാണ് ഇദ്ദേഹം ഭക്ഷണം വെറുതെ പുറത്ത് കളയുന്നത് എന്നായിരുന്നു എനിക്ക് സംശയം. ഒരു ദിവസം ഇക്കാര്യം അദ്ദേഹത്തോട് നേരിട്ടു ചോദിച്ചു. ‘‘കാക്കക്കും പൂച്ചക്കും ഭക്ഷണം കൊടുക്കാനാണ് ഞാൻ പോകുന്നത്. അവർ ഭക്ഷണം കഴിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം കഴിച്ചുതുടങ്ങിയാൽ നമ്മുടെ ഭക്ഷണത്തിൽ വലിയ അനുഗ്രഹമുണ്ടാകും.’’ ^അദ്ദേഹം പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം അതു പുതിയ അറിവായിരുന്നു.
അസാധാരണമായ തത്ത്വശാസ്ത്രമാണ് സാത്വികനും ഹരിതപ്രിയനുമായ അദ്ദേഹം പങ്കുവെച്ചതെന്ന് കാലങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി. മനുഷ്യർ മാത്രമല്ല; സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മാണുക്കളും അടക്കം നമുക്കുചുറ്റുമുള്ളവരെല്ലാം ഭൂമിയിലെ വിഭവങ്ങൾക്ക് തുല്യാവകാശികളാണ് എന്ന്. മനുഷ്യ^വന്യജീവി സംഘർഷം വർധിച്ചുവരുന്ന ഇക്കാലത്ത്, നാമൊന്ന് ശാന്തമായി ആലോചിച്ചുനോക്കുക. എല്ലാവർക്കും പാർക്കാനുള്ള ഇടമല്ലേ ഈ പ്രപഞ്ചം? എല്ലാവർക്കുമായുള്ള വിഭവങ്ങളല്ലേ പ്രപഞ്ചനാഥൻ ഈ ഭൂമിയിൽ ഒരുക്കിയിരിക്കുന്നത്?
സഹജീവികളുടെ വിശപ്പിനെയും ദാഹത്തെയും അതിഗൗരവത്തിൽ കാണുന്ന ഒട്ടേറെ പേരെ നാട്ടിൻപുറങ്ങളിലെല്ലാമുള്ള പഴയതലമുറയിൽ ഇന്നും കാണാം. മനുഷ്യരും മനുഷ്യരും തമ്മിലും മനുഷ്യരും ഇതര ജീവജാലങ്ങളും തമ്മിലുമെല്ലാമുള്ള പാരസ്പര്യത്തിലൂടെ, കൊണ്ടും കൊടുത്തുമുള്ള ജീവിതത്തിലൂടെ മാത്രമാണ് ഇൗ പ്രപഞ്ചത്തിന് അതിന്റെ സ്വാഭാവിക താളം നിലനിർത്താനാവുക. ദാഹമകറ്റാൻ പ്രയാസപ്പെടുന്ന പക്ഷികൾക്കായി പൊള്ളുന്ന വേനലിൽ ഒരു പാത്രത്തിൽ അൽപം ജലം വെക്കുന്നതിലൂടെയും കരിഞ്ഞുണങ്ങിയ സസ്യലതാദികൾക്ക് ഓജസ്സേകാൻ വെള്ളം ഒഴിച്ചുകൊടുക്കുന്നതിലൂടെയെല്ലാം പ്രപഞ്ചത്തിന്റെ താളക്രമത്തോട് നീതിപുലർത്തുകയാണ് നാം ചെയ്യുന്നത്. സൃഷ്ടികളിൽ ഏതെങ്കിലും ഒരു കൂട്ടർ ഈ സമീപനത്തിൽ മാറ്റം വരുത്തിയാൽ പ്രപഞ്ചത്തിന്റെ താളം തെറ്റുമെന്നുറപ്പാണ്. അപ്പോൾ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് വർധിക്കുന്നു. പ്രപഞ്ചം സംഘർഷങ്ങളുടെ വേദിയായി മാറുകയും ചെയ്യുന്നു.
കുടിവെള്ള സംഭരണികളും ചെക്ക്ഡാമുകളുമെല്ലാം ഒരുക്കി സർക്കാർ സംവിധാനങ്ങൾ വേനലിൽ കുടിവെള്ള വിതരണം സുഗമമാക്കാൻ പരമാവധി പരിശ്രമിക്കുന്നുണ്ട്. എന്നാൽ, വരൾച്ച പ്രതിരോധത്തിന് സർക്കാർ സംവിധാനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ട്. മനുഷ്യർ പരസ്പരം തണലാവുക എന്നതത്രെ യഥാർഥ പരിഹാരം. അടിസ്ഥാനപരമായി നമ്മിൽ ഉണ്ടാകേണ്ട കാഴ്ചപ്പാടാണ് അത്. ഉദാഹരണത്തിന്, ഒരു പ്രദേശത്ത് ഒരു കിണറ്റിൽ സമൃദ്ധമായ വെള്ളമുണ്ടെന്നിരിക്കട്ടെ. സമീപവാസികളുടെ കിണറുകളെല്ലാം വറ്റിവരണ്ടു. അപ്പോൾ അവർക്ക് കൂടി കുടിവെള്ളം തന്റെ കിണറ്റിൽനിന്ന് ലഭ്യമാക്കുക എന്നതാണ് ഒരാൾ ചെയ്യേണ്ടത്. കേരളത്തിെന്റ പല കോണുകളിലും ഇത്തരത്തിൽ സഹജീവികൾക്കായി ഉറവയായി മാറുന്ന മനുഷ്യസ്നേഹികൾ ഉണ്ടെന്ന വസ്തുതതന്നെ മനസ്സിന് കുളിര് പകരുന്നതാണ്. പ്രപഞ്ചത്തിന്റെ ജൈവിക വ്യവസ്ഥയോട് അവർ പുലർത്തുന്ന ഐക്യദാർഢ്യമാണത്.
എത്ര ശൗര്യമാർന്ന പാരിസ്ഥിതിക മുദ്രാവാക്യങ്ങളെക്കാളും ദീപ്തവും ലളിതവുമാണ് പൊള്ളുന്ന വേനലിൽ തന്റെ അയൽവാസികൾക്ക് വെള്ളം കൊടുക്കാനുള്ള, വിശന്നുവരുന്ന മനുഷ്യന് ഒരു പൊതിച്ചോറും ഒരു കുമ്പിൾ വെള്ളവും നൽകാനുള്ള സന്നദ്ധത.
വേനൽക്കാലത്ത്, സന്നദ്ധ സംഘടനകളുടെയും ക്ലബുകളുടെയും മറ്റു യുവജന കൂട്ടായ്മകളുടെയുമെല്ലാം മുൻഗണനയിൽ കുടിവെള്ളവിതരണം കടന്നുവരേണ്ടതുണ്ട്. പലതരത്തിൽ നമുക്ക് ഈ ദൗത്യം നിർവഹിക്കാം. കൂട്ടായ്മകൾക്ക് തദ്ദേശ ഭരണകൂടങ്ങളുമായി സഹകരിച്ച് വീടുകളിൽ വെള്ളമെത്തിക്കുന്ന സംവിധാനങ്ങൾ ആസൂത്രണം ചെയ്യാം. പൊതുയിടങ്ങളിൽ കുടിവെള്ള സംവിധാനങ്ങൾ ഒരുക്കാം. വ്യക്തികൾക്ക് വീടുകൾക്ക് മുന്നിൽ വഴിയാത്രികർക്ക് ദാഹമകറ്റാനുള്ള താൽക്കാലിക സംവിധാനങ്ങൾ ഒരുക്കാം, കുട്ടികളുടെ മുൻകൈയിൽ പക്ഷി^മൃഗാദികളുടെ ദാഹമകറ്റാനുള്ള തണ്ണീർക്കുടങ്ങൾ സ്ഥാപിക്കാം...
അങ്ങനെ സഹജീവികളുടെ വിശപ്പും ദാഹവുമകറ്റി, മനുഷ്യനന്മയുടെ ഒരിക്കലും വറ്റാത്ത തെളിനീരുകളായി നമുക്ക് സ്വയം മാറാം.
വിഖ്യാത ഫ്രഞ്ച് ചിന്തകൻ റൂസോ ഇങ്ങനെ ചോദിക്കുന്നുണ്ട് :
ദയാവായ്പിനെക്കാൾ ഔന്നത്യമുള്ള എന്ത് അറിവാണ് നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുക?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.