വെറും 48 സെക്കൻഡ് മാത്രം ദൈർഘ്യമുള്ളൊരു വിഡിയോ ആയിരുന്നു അത്. തകർന്നടിഞ്ഞ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് പറന്നിറങ്ങുന്ന ഡ്രോൺ ചിത്രീകരിച്ചത്. ആക്രമണങ്ങളിൽ തകർന്ന് പൊടിമൂടിയ മുറിക്കുള്ളിൽ ഒരു സോഫയിൽ പുറംതിരിഞ്ഞിരിക്കുന്ന മെലിഞ്ഞൊരു മനുഷ്യൻ. ശരീരമാസകലം പൊടിയാണ്. മുഖം മൂടിയിട്ടുണ്ട്. കാര്യമായി പരിക്കേറ്റ് അനങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണെന്ന് വിഡിയോ ദൃശ്യങ്ങളിൽ തെളിയുന്നു. വലതുകൈയിൽ മുറിവേറ്റിരിക്കുന്നു.
പറന്നുവരുന്ന ഡ്രോണിലേക്ക് തറപ്പിച്ചുനോക്കുകയാണ് അയാൾ. ഏതാണ്ട് 20 സെക്കൻഡ് നീണ്ടു, ആ നോട്ടം. പൊടുന്നനെ, ചലിപ്പിക്കാൻ കഴിയുന്ന ഇടതുകൈകൊണ്ട് മുന്നിലെ സോഫയിലിരുന്ന ഒരു വടിയെടുത്ത് ഡ്രോണിനുനേർക്ക് എറിഞ്ഞു. വിദൂര നിയന്ത്രണ സംവിധാനം വഴി മറ്റെവിടെയോനിന്ന് ഡ്രോൺ പ്രവർത്തിപ്പിക്കുന്നയാൾ പെട്ടെന്ന് ഡ്രോൺ വെട്ടിച്ചതിനാൽ ആ വടി അതിൽ കൊള്ളുന്നില്ല.
പക്ഷേ, കുലുക്കം വിഡിയോയിൽ വ്യക്തമാണ്. വിഡിയോ അവിടെ അവസാനിക്കുന്നു. ഏതാനും നിമിഷങ്ങൾക്കുശേഷം വടിയെറിഞ്ഞ മനുഷ്യൻ വെടിയേറ്റ് മരിച്ചു. പിന്നെയും മണിക്കൂറുകൾ കഴിഞ്ഞാണ് ഇസ്രായേലി സൈനികർ കെട്ടിടത്തിനുള്ളിലേക്ക് കയറുന്നതും ആ മനുഷ്യൻ അവർ ഒരുവർഷമായി തേടുന്ന ഹമാസ് നേതാവ് യഹ്യ സിൻവറാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നത്.
തങ്ങളുടെ ഒന്നാം നമ്പർ ശത്രുവിന്റെ പതനം ലോകം കാണട്ടെയെന്ന മട്ടിൽ വിജയാഘോഷ ഭാവത്തിലാണ് ഐ.ഡി.എഫ് ഈ വിഡിയോ പുറത്തുവിട്ടത്. പക്ഷേ, ഇസ്രായേൽ പ്രതീക്ഷിച്ചതല്ല പിന്നീട് സംഭവിച്ചത്. അതിസൂക്ഷ്മമായി എഡിറ്റ് ചെയ്ത് റിലീസ് ചെയ്ത ഈ വിഡിയോ തിരിച്ചടിച്ചു.
ഇസ്രായേലിന്റെ യുദ്ധചരിത്രത്തിലെ ഏറ്റവും വലിയ പി.ആർ ദുരന്തമായി അതുമാറി. ഫലസ്തീനികളുടെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഏറ്റവും തീക്ഷ്ണമായ പ്രതീകമായി ഈ വിഡിയോ മാറുകയായിരുന്നു പിന്നീട്. അവസാനംവരെ പോരാടി രക്തസാക്ഷിത്വം വരിച്ച നേതാവായി യഹ്യ സിൻവർ വാഴ്ത്തപ്പെട്ടു. ജീവിച്ചിരുന്ന കാലത്തെക്കാൾ വലിയ ബിംബമായി അദ്ദേഹം മാറി. ഫലസ്തീനികൾ മരിച്ചുവീഴുമ്പോൾ ടണലുകൾക്കുള്ളിൽ സുഖവാസത്തിലാണെന്നും ഇസ്രായേലി ബന്ദികളെ മനുഷ്യകവചമാക്കി അതിന് പിന്നിൽ ഒളിച്ചിരിക്കുന്നുവെന്നും മറ്റും ഇസ്രായേൽ ഇത്രയും കാലം അദ്ദേഹത്തിനെതിരെ പറഞ്ഞുകൊണ്ടിരുന്നതെല്ലാം തെറ്റായിരുന്നുവെന്ന് ഈ വിഡിയോ വെളിപ്പെടുത്തി.
ഇതിനുമുമ്പും അസംഖ്യം നേതാക്കളെ ഇസ്രായേൽ വധിച്ചിട്ടുണ്ടെങ്കിലും മരണം കൊണ്ട് സിൻവർ അവരെയെല്ലാം നിഷ്പ്രഭരാക്കി. ഈ വിഡിയോ പുറത്തുവന്നില്ലായിരുന്നെങ്കിൽ മറ്റേതൊരു നേതാവിനെയും പോലെ ചരിത്രത്തിലേക്ക് നിഷ്ക്രമിക്കുമായിരുന്നു സിൻവർ. സിൻവർ കൊല്ലപ്പെട്ടുവെന്ന് ഐ.ഡി.എഫ് അവരുടെ ട്വിറ്റർ ഹാൻഡ്ലിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഒക്ടോബർ 17ന് രാത്രി 10.23 നാണ്. ഏതാനും മണിക്കൂർ കഴിഞ്ഞ് 18ന് പുലർച്ച 1.49ന് ഐ.ഡി.എഫ് വക്താവ് ലെഫ്. കേണൽ നദാവ് ശോശാനി ‘യഹ്യ സിൻവറിന്റെ അവസാന നിമിഷങ്ങൾ’ എന്ന വാചകത്തോടെ വിവാദ വിഡിയോ പുറത്തുവിട്ടു.
കർക്കശമായ എഡിറ്റിങ്ങിന് വിധേയമായ വിഡിയോ ആണെന്ന് ഒറ്റനോട്ടത്തിൽതന്നെ വ്യക്തമാകും. വിഡിയോ അവസാനിക്കുമ്പോൾ സിൻവറിന് ജീവനുണ്ട്. അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്ന് വിഡിയോയിൽ വ്യക്തമല്ല. എന്നുമാത്രമല്ല, ഇസ്രായേലി ഭാഷ്യങ്ങളിൽതന്നെ വലിയ വ്യത്യാസങ്ങളുമുണ്ട്. വിഡിയോയിലെ സംഭവം കഴിഞ്ഞതിന് പിന്നാലെ ഐ.ഡി.എഫ് സ്നൈപ്പറുടെ വെടിയേറ്റ് സിൻവർ മരിച്ചുവെന്നാണ് ആദ്യം ഐ.ഡി.എഫ് അറിയിച്ചത്. പിന്നീട് ടാങ്ക് ഷെല്ലിങ്ങിലാണെന്ന് തിരുത്തി.
ഏതായാലും, കൊല്ലപ്പെടുമ്പോൾ അത് സിൻവർ ആണെന്ന് ഐ.ഡി.എഫിന് അറിയുമായിരുന്നില്ല. പിന്നീട് ഇസ്രായേലിലേക്ക് കൊണ്ടുപോയ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്, തലയിലേറ്റ വെടിയുണ്ടയാണ് സിൻവറിന്റെ ജീവനെടുത്തത് എന്നാണ്. സിൻവറിന്റെ പക്കൽ ഒരു പിസ്റ്റൾ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
‘സിൻവറിന്റെ അവസാന നിമിഷങ്ങൾ’ വൈറലാകുകയും തങ്ങൾ ഉദ്ദേശിച്ചതിന് എതിരായ വ്യാഖ്യാനമാണ് അതിന് ലഭിക്കുന്നതെന്നും മനസ്സിലാക്കിയതോടെ, ലെഫ്. കേണൽ നദാവ് ശോശാനിതന്നെ തന്റെ ട്വിറ്റർ ഹാൻഡ്ലിൽ ഒരു വിഡിയോ പുറത്തുവിട്ടു, 19ന് രാത്രി 11.51ന്. ‘ഡീ ക്ലാസിഫൈഡ് ഫുട്ടേജ്’ എന്ന തലക്കുറിയോടെ പുറത്തുവിട്ട വിഡിയോയിൽ സിൻവറും കുടുംബവും തുരങ്കപാതയിലൂടെ നടക്കുന്ന ദൃശ്യങ്ങളാണ്. പല വിഡിയോകൾ എഡിറ്റ് ചെയ്ത് ഒന്നാക്കിയതാണ്. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് മുമ്പ് സിൻവർ തന്റെ ടി.വി ടണലിലേക്ക് കൊണ്ടുപോകുന്നുവെന്നും ഭൂമിക്കടിയിൽ സുരക്ഷിതനാകുന്നുവെന്നുമൊക്കെയുള്ള പരാമർശങ്ങളാണ് ആ വിഡിയോക്കൊപ്പമുള്ള വാക്കുകളിലുള്ളത്. ആ വിഡിയോ വേണ്ടത്ര ഏശുന്നില്ലെന്ന് മനസ്സിലാക്കിയതോടെ, 20ന് രാത്രി 9.42 ന് മറ്റൊരു വിശദ വിഡിയോ ഐ.ഡി.എഫ് പുറത്തുവിട്ടു. നന്നായി എഡിറ്റ് ചെയ്ത് ഒക്ടോബർ ഏഴിലെ ആക്രമണ ദൃശ്യങ്ങളും സിൻവറിന്റേത് പറയപ്പെടുന്ന ഒരു മുറിയുടെ ചിത്രങ്ങളും കമന്ററിയും ഉൾപ്പെടുത്തിയ വിഡിയോ.
42 സെക്കൻഡുള്ള വിഡിയോയിൽ സിൻവർ സുരക്ഷിതനായി ടണലുകൾക്കുള്ളിൽ ഒളിക്കുന്നുവെന്നും മറ്റു ഗസ്സക്കാർക്ക് അപ്രാപ്യമായ സൗകര്യങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നുവെന്നും ഇപ്പോഴും 101 ഇസ്രായേലി ബന്ദികൾ ഗസ്സയിലുണ്ടെന്നും പറയുന്നു. സിൻവറും കുടുംബവും വലിയ ആഡംബരത്തിലാണ് ജീവിച്ചിരുന്നതെന്ന ആക്ഷേപങ്ങൾ ഇസ്രായേലി സോഷ്യൽ മീഡിയ ഹാൻഡ്ലുകൾ ഉയർത്തി. സിൻവറുടെ ഭാര്യയുടെ കൈയിലുണ്ടായിരുന്ന ബാഗ് ലോകപ്രശസ്ത ഫ്രഞ്ച് ബ്രാൻഡായ ഹെർമിസിന്റെ ബിർകിൻ ആണെന്നും അതിന് 32,000 ഡോളറാണ് വിലയെന്നും (ഏതാണ്ട് 27 ലക്ഷം രൂപ) ഇസ്രായേലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിലൊന്നിൽ ഷെയർ ചെയ്യപ്പെട്ടു.
പക്ഷേ, സിൻവറിന്റെ അവസാന വിഡിയോ സൃഷ്ടിച്ച തരംഗം മറികടക്കാൻ അതൊന്നും പോരായിരുന്നു. പിന്നാലെ സിൻവറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങി. വെടിനിർത്തൽ ചർച്ചകളുടെ ഘട്ടങ്ങളിലൊന്നിൽ ഈജിപ്തിലേക്ക് സുരക്ഷിതനായി പോകാനുള്ള അവസരം സിൻവറിന് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നും വാൾസ്ട്രീറ്റ് ജേണലും ഇസ്രായേലി മാധ്യമമായ ടൈംസ് ഓഫ് ഇസ്രായേലും റിപ്പോർട്ട് ചെയ്തു.
‘അതിന് ഞാൻ ഉപരോധത്തിന് കീഴിലല്ല. ഞാൻ ഫലസ്തീൻ മണ്ണിലാണ്’ അതുകൊണ്ടുതന്നെ എവിടേക്കും പോകുന്നില്ലെന്നാണ് സിൻവർ മറുപടി പറഞ്ഞതത്രെ. എന്തായാലും താൻ കൊല്ലപ്പെടുമെന്ന യാഥാർഥ്യം സിൻവർ അംഗീകരിച്ചിരുന്നു. തന്റെ മരണശേഷം ഹമാസ് നേതൃസമിതി യോഗം ചേർന്ന് പകരം സംവിധാനം കണ്ടെത്തണമെന്നും അദ്ദേഹം നിർദേശിച്ചു. തന്റെ മരണം സംഭവിച്ചാൽ ഇസ്രായേൽ കൂടുതൽ ഓഫറുകൾ മുന്നോട്ടുവെക്കുമെന്നും ഹമാസ് അതിന് വഴങ്ങരുതെന്നും താക്കീത് നൽകുകയും ചെയ്തിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.