സഹകരണ മേഖലക്ക് ഇതു ചരിത്രദിനമാണ്. സംസ്ഥാനത്ത് ആദ്യമായി യുവജനങ്ങള്‍ക്കായി 25 സഹകരണ സംഘങ്ങള്‍ക്ക് സമാരംഭം കുറിക്കുകയാണിന്ന്. സംരംഭക രംഗത്തേക്കിറങ്ങുന്ന ഈ സംഘങ്ങളിലൂടെ യുവജനതയുടെ മറ്റൊരു മാതൃകാപരമായ ഇടപെടലിനുകൂടി നാം സാക്ഷ്യംവഹിക്കും. സംസ്ഥാന സര്‍ക്കാര്‍ നൂറുദിന കർമപരിപാടിയുടെ ഭാഗമായി മുന്നോട്ടുവെച്ച യുവജന സഹകരണ സംഘങ്ങള്‍ പദ്ധതിക്കായി ശ്രദ്ധേയ ആശയങ്ങളാണ് യുവജനങ്ങൾ അവതരിപ്പിച്ചത്. ഓരോ ആശയവും വിശദ ചര്‍ച്ചകളിലൂടെ വിപുലീകരിക്കപ്പെട്ടു. 25 സഹകരണ സംഘത്തിനും വ്യത്യസ്ത ആശയങ്ങളാണ്. യുവജനങ്ങള്‍ക്ക് വ്യത്യസ്തവും നൂതനുവുമായ ആശയങ്ങള്‍ മാത്രമല്ല ഉള്ളത്. കഠിനാധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്തിക്കാനും മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള കരുത്തും കരുതലുമുണ്ട്. അതിനുള്ള വേദിയാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. ഈ സഹകരണ സംഘങ്ങള്‍ പ്രാദേശിക സ്റ്റാര്‍ട്ടപ്പുകളായി മാറാന്‍ അധികം കാലമൊന്നും വേണ്ടി വരില്ല.
ഒരു കൂട്ടം പേര്‍ക്ക് സംരംഭം നടത്താന്‍ മാത്രമല്ല സംഘങ്ങള്‍. അതുവഴി പൊതുസമൂഹത്തിനും ഗുണകരമാകുന്ന പ്രവൃത്തികളാണ് ഏറ്റെടുക്കുന്നത്. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് പ്രമോട്ടറായി രജിസ്റ്റര്‍ ചെയ്ത സംഘം മൊബൈല്‍ ആപ്ലിക്കേഷെൻറ സഹായത്തോടെ എല്ലാ സേവനങ്ങളും വീട്ടുപടിക്കല്‍ എത്തിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ കമ്പനികള്‍ ഈടാക്കുന്ന വലിയ ഫീസ് ഒന്നും സംഘം ഈടാക്കില്ല. നെയ്യാറ്റിന്‍കരയിലെ യുവാക്കള്‍ ഇവൻറ് മാനേജ്മെൻറാണ് ഉദ്ദേശിക്കുന്നത്. കൊല്ലത്ത് പുനലൂരില്‍ രജിസ്റ്റര്‍ ചെയ്ത സംഘമാകട്ടെ പരിസ്ഥിതിക്ക് ദോഷകരമായ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അഞ്ചലിലുള്ളവരാകട്ടെ അഗ്രിഗ്രേറ്റഡ് പ്ലാറ്റ്ഫോം വഴി വിവിധ മേഖലകളിലെ തൊഴിലാളികളെ കണ്ടെത്തി ആവശ്യക്കാര്‍ക്ക് അവരുടെ സേവനം ലഭ്യമാക്കുകയാണ്. തൊഴിലാളിക്ക് സ്ഥിരമായി ജോലിയും വരുമാനവും ഉറപ്പുവരുത്തുന്നതിനോടൊപ്പം ആവശ്യക്കാര്‍ക്ക് കൃത്യമായി പണിക്കാരെ ലഭിക്കുകയും അമിത കൂലിയില്‍നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യും.
ആലപ്പുഴ മാവേലിക്കരയുള്ള യുവാക്കള്‍ പ്രിൻറിങ് ആന്‍ഡ് പബ്ലിഷിങ് തുടങ്ങുന്നതിനാണ് സംഘം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചേര്‍ത്തലയിലെ യുവാക്കളാകട്ടെ കാറ്ററിങ് സര്‍വിസ് തുടങ്ങി സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ആവശ്യമായ ഭക്ഷണം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോട്ടയത്ത് വെളിയന്നൂരില്‍ മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനുമാണ് യുവാക്കള്‍ രംഗത്തുവന്നത്. ജൈവ, അജൈവ മാലിന്യങ്ങളില്‍നിന്ന് പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കളുണ്ടാക്കുക മാത്രമല്ല, അത്യാധുനിക രീതിയില്‍ പൂന്തോട്ടം നിർമിച്ചുനല്‍കാനും അവർക്ക് പദ്ധതിയുണ്ട്.
പത്തനംതിട്ടയിലെ ചെറുപ്പക്കാര്‍ ഫുഡ് പ്രോസസിങ് യൂനിറ്റുമായാണ് മുന്നോട്ടുവന്നത്. എറണാകുളത്ത് വടക്കന്‍ പറവൂരുകാര് നിത്യോപയോഗ സാധനങ്ങള്‍ ഉൽപാദിപ്പിക്കുന്നതിനും അവശ്യസാധനങ്ങള്‍ സംഭരിച്ച് വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. മൂവാറ്റുപുഴക്കാര്‍ കാള്‍ സെൻറര്‍ തുടങ്ങി അവിടെ വിളിക്കുന്നവരുടെ വീടുകളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചുനല്കാന് ഒരുങ്ങി കഴിഞ്ഞു. പാലക്കാട് നെന്മാറക്കാര് പച്ചക്കറി ഉൽപാദിപ്പിച്ച് വിതരണം ചെയ്യും. കോഴിക്കോട് നടുവണ്ണൂരിലെ ചെറുപ്പക്കാരാകട്ടെ തൊഴിലാളികള്‍ക്ക് ആവശ്യമായ തൊഴിലുപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. സുരക്ഷ ജീവനക്കാരെ ആവശ്യമുള്ളവര്‍ക്ക് നല്‍കുകയും ചെയ്യും. മാത്രമല്ല, മരുന്നുകള്‍ ആവശ്യമുള്ളവര്‍ വിളിച്ചാല്‍ അത് വീട്ടിലെത്തിച്ചു നല്‍കും. കാസർകോട് ഹോസ്ദുര്‍ഗിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ വൈവിധ്യങ്ങളുള്ള ഒരു സഹകരണ സംഘമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.ടി സര്‍വിസ്, കാറ്ററിങ് സര്‍വിസ്, കാര്‍ഷിക വിളകളുടെ മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനം, വിതരണം ഇങ്ങനെ വൈവിധ്യമുള്ള സേവനങ്ങളാണ് ലഭ്യമാക്കുന്നത്.
യുവജനതയുടെ ചിന്തകള്‍ക്ക് അതിരുകളില്ല. വൈവിധ്യങ്ങളുടെ നീണ്ട നിരതന്നെയാണ് അവരുടെ സങ്കൽപത്തിലുള്ളത്. അത് യാഥാർഥ്യമാക്കാനാണ് സര്‍ക്കാറും സഹകരണ വകുപ്പും ശ്രമിക്കുന്നത്. 25 സഹകരണ സംഘങ്ങള്‍ ഒരു തുടക്കം മാത്രമാണ്, കൂടുതല്‍ ആശയങ്ങളുമായി യുവജനങ്ങള്‍ ഇനിയും മുന്നോട്ടു വരും. പുത്തന്‍ ആശയങ്ങളെ പിന്തുണക്കാന്‍ നാം സദാ സന്നദ്ധമായിരിക്കും. വരുംകാലങ്ങളില്‍ കേരള വികസനത്തിന് ഇവർ വഹിക്കുന്ന പങ്ക് നിർണായകമായിരിക്കുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.