കേരളത്തിന്‍െറ ആരോഗ്യമേഖല പരിഷ്കരിക്കണമെന്ന് ഈ വിഷയത്തില്‍ അറിവുള്ള എല്ലാ വിദഗ്ധരും ആവശ്യപ്പെടുന്നുണ്ട്. ഈ ദിശയില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. തൊണ്ണൂറുകളിലും ഇമ്മാതിരി ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും അന്ന് നമ്മുടെ ആരോഗ്യ സ്ഥാപനങ്ങളിലും ആരോഗ്യ സംസ്കാരത്തിലും സമൂലമായ പരിഷ്കരണം എന്തുകൊണ്ടോ പൂര്‍ണമായില്ല.
നമ്മുടെ ആരോഗ്യരംഗത്തെ പരിഷ്കരിക്കാനുള്ള ചര്‍ച്ചകള്‍ രണ്ടു നിലപാടുകളില്‍ ഊന്നിയായിരിക്കും നടക്കുക. ഒന്ന്, ഇന്നത്തെ പോരായ്മകള്‍ അടയാളപ്പെടുത്തി അവക്ക് സൃഷ്ടിപരമായ മാറ്റങ്ങള്‍ വഴി ആരോഗ്യസംവിധാനത്തെ ഉത്തേജിപ്പിക്കുക. രണ്ട്, ഭാവിയില്‍ ഉണ്ടാകുന്നതും നമുക്ക് സ്വാംശീകരിക്കാനാവുന്നതുമായ ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങള്‍ ഉപയോഗിച്ച് പുതിയ ആരോഗ്യമാതൃക കെട്ടിപ്പടുക്കുക. ഇവ രണ്ടിലും ഘടനാപരമായ മാറ്റങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. എങ്കിലും, രണ്ടാമത്തെ മാതൃക കൂടുതല്‍ കാലം നിലനില്‍ക്കുകയും ക്രമേണ സാമ്പത്തികമായി ലാഭകരവും ജീവനോത്സുകവും ആകുമെന്നതിലും സംശയമില്ല.
ഇവിടെ പരാമര്‍ശിക്കപ്പെടുന്നത് ആരോഗ്യരംഗത്തെ മാനവശേഷിയില്‍ കാണുന്ന പ്രശ്നങ്ങളാണ്. നമ്മുടെ ആരോഗ്യരംഗത്തെ അടിസ്ഥാന ഘടകങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളുമാണ്. ആരോഗ്യസേവനങ്ങളുടെ നെടുന്തൂണുകളായി ഇവയെ കാണണം. മറ്റ് ആരോഗ്യസ്ഥാപനങ്ങളെല്ലാം ആശുപത്രികളാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുമാണ് സംസ്ഥാനത്തെ എല്ലാ ആരോഗ്യപ്രവര്‍ത്തനങ്ങളും നടക്കുന്നത്. ആ നിലക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഇവക്കുള്ളത്.
ആരോഗ്യരംഗം സമൂലമായി പരിഷ്കരിക്കാനുള്ള ഏതു പദ്ധതിയും തുടങ്ങേണ്ടത് ഈ രണ്ട് ആരോഗ്യ കേന്ദ്രങ്ങളിലെ ഇന്നത്തെ സ്ഥിതി, അവിടെ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍, ആകുലതകള്‍ എന്നിവയെക്കുറിച്ചുള്ള പഠനവുമായിത്തന്നെയാണ്. പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ ഒരുതരം ഇരട്ട ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ, ബ്ളോക് പഞ്ചായത്തുകള്‍ ഒരുവശത്ത്. സംസ്ഥാന സര്‍ക്കാര്‍ മറുവശത്ത്. ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സ്ഥലംമാറ്റുന്നതും അവരുടെ ജീവന സേവന വ്യവസ്ഥകള്‍ കൈകാര്യംചെയ്യുന്നതും സര്‍ക്കാര്‍ തന്നെ. ബഹുഭൂരിപക്ഷം പ്രോജക്ടുകളും നടത്തുന്നതും മേല്‍നോട്ടം വഹിക്കുന്നതും തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും. ഈ രണ്ടു വ്യത്യസ്ത ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു മന്നോട്ടുപോകുന്നതില്‍ പലപ്പോഴും പ്രായസം നേരിടുന്നുവെന്ന് സാരം.
മാത്രമല്ല, പല ആരോഗ്യകേന്ദ്രങ്ങളിലും പ്രായേണ നവാഗതരായ ഡോക്ടര്‍മാരെയാണ് നിയമിക്കാറുള്ളത്. എം.ബി.ബി.എസ് ബിരുദപഠനക്കാലത്ത് പൊതുജനാരോഗ്യ പദ്ധതി പരിപാലനത്തിനും ഉദ്യോഗസ്ഥ മേല്‍നോട്ടത്തിനും ധനവിനിയോഗത്തിനും ഊന്നല്‍ നല്‍കാത്തതിനാല്‍ ഈ ചെറുപ്പക്കാര്‍ക്ക് ആരോഗ്യമേഖലയുമായി പൊരുത്തപ്പെടാന്‍ വിഷമമായിരിക്കും. സര്‍ക്കാറിലെ ബ്യൂറോക്രസിയുമായി വേണ്ടിവരുന്ന നിരന്തരമായ ഇടപെടല്‍, തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തകരുമായുള്ള ബന്ധങ്ങളില്‍ ഉണ്ടാകാവുന്ന സംഘര്‍ഷങ്ങള്‍ ഒക്കെ ഫലപ്രദമായി നേരിടാനുള്ള മെയ്വഴക്കം സിദ്ധിക്കാത്തവരാണ് ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നവാഗത ഡോക്ടര്‍മാര്‍. നല്ല ശതമാനം സീനിയര്‍ ഡോക്ടര്‍മാരും ഇതേ ഇച്ഛാഭംഗം മറച്ചുവെക്കാറില്ല.
വൈവിധ്യമുള്ള ഉത്തരവാദിത്തങ്ങളാണ് ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരില്‍ നിക്ഷിപ്തമായിട്ടുള്ളത്. 20നും 30നും ഇടയില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമാണ് അതിലൊന്ന്. എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്സിനേഷന്‍, ബോധവത്കരണം, സംസ്ഥാനത്തിന്‍െറയും കേന്ദ്രസര്‍ക്കാറിന്‍െറയും പദ്ധതികള്‍, തദ്ദേശസ്ഥാപനങ്ങളിലൂടെയത്തെുന്ന ഫണ്ട് യഥാകാലം വിനിയോഗിക്കല്‍, പ്രോജക്ടുകള്‍ തയാറാക്കലും നടത്തിപ്പും എന്നിങ്ങനെ പോകുന്നു അവരുടെ ഉത്തരവാദിത്തങ്ങള്‍. എന്നാല്‍, ബഹുഭൂരിപക്ഷം നാട്ടുകാരും ആരോഗ്യകേന്ദ്രങ്ങളെ കാണുന്നത് ഒരു മിനിയേച്ചര്‍ ആശുപത്രിയായാണ്. അതായത് ഹെല്‍ത്ത് സെന്‍ററുകള്‍ ആശുപത്രികളല്ല, അടിസ്ഥാനമായി ആരോഗ്യകേന്ദ്രങ്ങളാണ് എന്ന പ്രാഥമിക സന്ദേശം ഉപഭോക്താക്കളിലത്തെിക്കാന്‍ കഴിഞ്ഞ 50 കൊല്ലമായി നമുക്ക് സാധ്യമായിട്ടില്ല എന്നു സാരം. ചികിത്സ വൈകിയാല്‍ നാട്ടുകാരില്‍നിന്നും പ്രോജക്ടുകള്‍ വൈകിയാല്‍ തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളില്‍നിന്നും ആരോഗ്യപ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ക്ക് സര്‍ക്കാറില്‍നിന്ന് ദണ്ഡനം ഏല്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ സോത്സാഹത്തോടെ ജോലി ചെയ്യും എന്നു കരുതാനാവില്ലല്ളോ.
ഇങ്ങനെയൊക്കെയാണെങ്കിലും ആരോഗ്യകേന്ദ്രങ്ങളില്‍ സസന്തോഷം ജോലിചെയ്യുന്നവര്‍ ഇല്ളെന്നല്ല. അപ്രകാരം അനേകം പേരുണ്ട്. സ്വന്തം ആരോഗ്യകേന്ദ്രത്തെ രാജ്യത്തില്‍ മാതൃകയാക്കിയവര്‍, തദ്ദേശ സ്വയംഭരണ ഏജന്‍സികളുമായി ചേര്‍ന്ന് കുടിവെള്ളപ്രശ്നം, പരിസരമലിനീകരണ പ്രശ്നം എന്നിവ മാതൃകാപരമായി പരിഹരിച്ചവര്‍ ഒക്കെ ഇക്കൂട്ടത്തിലുണ്ട്. പക്ഷേ, പ്രശ്നമിതാണ്. ഇവര്‍ ആരൊക്കെയാണെന്നു കണ്ടത്തൊനോ അവരുടെ നേട്ടം സമൂഹത്തിലത്തെിക്കാനോ ഉള്ള സംവിധാനം നമുക്കില്ളെന്നു കരുതണം. അപ്പോള്‍ മികവ് ശ്ളാഘിക്കപ്പെടുന്നില്ല എന്നു സാരം.
ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളുമായി അടുത്തിടപെടുന്ന ഇവര്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവരുടെ പ്രവര്‍ത്തനമേഖലകളില്‍ അസാധാരണമായ വൈദഗ്ധ്യം വന്നുചേരും. പൊതുജനാരോഗ്യ രംഗത്തെ പ്രായോഗിക പരിജ്ഞാനമുള്ള ഒരേയൊരു സ്പെഷലിസ്റ്റ് വിഭാഗമാണ് ഈ ഡോക്ടര്‍മാര്‍. ഇടുക്കി, അട്ടപ്പാടി, കുട്ടനാട് എന്നിവിടങ്ങളിലെ ജനങ്ങളുടെ പ്രത്യേക പ്രശ്നങ്ങളും അവിടെ ഇടപെടലുകള്‍ നടത്തുന്ന രീതിയും അവയിലെ സങ്കീര്‍ണതകളും ഇവര്‍ക്കപ്പുറം മാറ്റാര്‍ക്കാണറിയുക? സ്വര്‍ഗയിലും എന്‍മകജെയിലും ആവിര്‍ഭവിച്ച എന്‍ഡോസള്‍ഫാന്‍ പ്രശ്നം പുറത്തുകൊണ്ടുവന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത് അവിടെ പ്രാക്ടിസ് ചെയ്യുന്ന ഡോക്ടര്‍ കൂടിയായിരുന്നു; ഡോ. മോഹന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയെന്നു സമ്മതിക്കാന്‍ നമ്മുടെ പരമ്പരാഗത വിദഗ്ധര്‍ക്ക് പത്തുവര്‍ഷം കൂടിയെടുത്തു. പൊതുജനാരോഗ്യ രംഗത്തിന്‍െറ ശക്തി, ഈ മേഖലയില്‍ സചേതനമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ തികഞ്ഞ നരവംശ ശാസ്ത്രജ്ഞരായി (Ethnologist) രൂപാന്തരപ്പെടുന്നുവെന്നതാണ്. ഈ വൈഭവമാണ് സക്രിയമായ ആരോഗ്യവികസന പദ്ധതിയില്ലാത്തതിനാല്‍ നഷ്ടപ്പെടുന്നത്. ഈ വിദഗ്ധരുടെ പൊതുജനാരോഗ്യം, എത്നോളജി എന്നീ മേഖലയിലെ അറിവിന് പ്രത്യേക മൂല്യം കല്‍പിക്കാത്തതിനാല്‍ പൊതുധാരയില്‍നിന്ന് അവര്‍ അപ്രത്യക്ഷരാകുന്നു.
കാരണം ലഘുവാണ്. പൊതുജനാരോഗ്യ രംഗത്ത് നേടുന്ന നൈപുണ്യം ഉയര്‍ന്ന തലങ്ങളിലോ തസ്തികകളിലോ വിലമതിക്കപ്പെടുന്നില്ല. ആരോഗ്യകേന്ദ്രങ്ങളില്‍ ജോലിചെയ്യാന്‍ തീരുമാനിക്കുന്നവര്‍ പൊതു കേഡര്‍ എന്ന രീതിയില്‍ ജോലിക്കയറ്റമില്ലാതെ പിന്തള്ളപ്പെടും. സെക്രട്ടേറിയറ്റിലെ ക്ളറിക്കല്‍ വിഭാഗം ഉദ്യോഗസ്ഥരെക്കാള്‍ പിന്നിലാവും ഇവരുടെ അവസ്ഥ -പ്രത്യേകിച്ച് പത്തോ പതിനഞ്ചോ വര്‍ഷം സര്‍വിസാകുമ്പോള്‍ സര്‍ക്കാര്‍ ലാവണത്തില്‍ മുന്നോട്ടുപോകണമെങ്കില്‍ ബിരുദാനന്തരബിരുദം നേടി അഡ്മിനിസ്ട്രേറ്റിവ് അല്ളെങ്കില്‍ ക്ളിനിക്കല്‍ കേഡറിലേക്ക് മാറണം. അതായത് അടിസ്ഥാന ആരോഗ്യരംഗത്തെ വളരെ വിശേഷപ്പെട്ട നൈപുണ്യത്തിന് വിലയില്ലാത്തതിനാല്‍ വ്യത്യസ്ത തലങ്ങളിലെ ഭരണത്തിലോ ആശുപത്രികളിലോ പുനര്‍വിന്യസിപ്പിക്കപ്പെടുന്നവര്‍ക്കായി പ്രമോഷനുകള്‍ മാറ്റിവെക്കപ്പെട്ടിരിക്കുന്നുവെന്നു സാരം. തുടക്കത്തില്‍ വേതന തുല്യത ഉണ്ടെങ്കിലും ആരോഗ്യകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് പില്‍ക്കാലത്ത് വേതനച്ചുരുക്കം (Salary deflation) ഉണ്ടാകാറുണ്ട്.
ഇതിന്‍െറയൊക്കെ പ്രത്യാഘാതങ്ങള്‍ നാം കാണുന്നുണ്ട്. ചെറുപ്പക്കാര്‍ക്ക് പ്രാഥമിക/സാമൂഹിക ആരോഗ്യകേന്ദ്രങ്ങളില്‍ വരാനുള്ള മടിയാണ്് ശ്രദ്ധിക്കപ്പെടേണ്ടത്. രണ്ടാമതായി, കഴിവുറ്റ ബിരുദധാരികളെ ആകര്‍ഷിക്കാന്‍ ഈ രംഗത്തിനു സാധ്യമല്ലാതെ വരുന്നുവെന്നതാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ശക്തിക്ഷയത്തിന്‍െറ (attrition) തോത്, ഇനിയും നിലവാരമുറപ്പിക്കാനാകാത്ത വിദേശസ്ഥാപനങ്ങളില്‍നിന്നുള്ള ബിരുദധാരികളുടെ വരവ് എന്നീ ഘടകങ്ങളുടെ സ്വാധീനം എന്നിവ എത്രമാത്രമാണെന്ന് പൂര്‍ണമായി ലഭ്യമല്ല. ഇതുകൂടി കണക്കിലെടുത്തുവേണം അടിസ്ഥാന ആരോഗ്യമേഖലയെയും ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്താന്‍.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും -അവ ഏതുപേരില്‍ അറിയപ്പെട്ടാലും- ഇല്ലാതെ നമ്മുടെ ആരോഗ്യം നിലനിര്‍ത്താനാവില്ല. അതിനാല്‍ അവയില്‍ നടത്തേണ്ട പരിഷ്കാരങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.