ആരോഗ്യരംഗത്ത് കപടശാസ്ത്ര പ്രചാരണം ശക്തിപ്രാപിക്കുന്നു. വളരെ ആശങ്കയുളവാക്കുന്ന കാര്യമാണിത്. ലോകമെമ്പാടും കപടശാസ്ത്രക്കാർക്ക് എളുപ്പം കടന്നുവരാൻ പറ്റുന്ന മേഖലകൾ ആരോഗ്യം, ഭക്ഷണം, കൃഷി, പരിസ്ഥിതി എന്നിവയാണ്. ഇന്ത്യയിലും സ്ഥിതി അങ്ങനെതന്നെ. കപടശാസ്ത്ര ‘വിദഗ്ധർ’ കടന്നുവരാത്ത മേഖലകൾ ധാരാളമുണ്ട്. ശൂന്യാകാശ പഠനങ്ങൾ, വിമാനയാത്ര, ട്രാഫിക് നിയന്ത്രണം, അണക്കെട്ടുനിർമാണം, ലോഹങ്ങളുടെ ഉൽപാദനം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി ബഹുശതം വിഷയങ്ങളിൽ അവർ നിശ്ശബ്ദരാണ്. ആരോഗ്യത്തിലും കൃഷിയിലും പരിസ്ഥിതിയിലും മറ്റും ഉപയോഗിക്കണമെന്ന് അവർ ആവശ്യപ്പെടുന്ന ശാസ്ത്രസിദ്ധാന്തങ്ങൾക്ക് സമാനമായവതന്നെയാണ് മറ്റുമേഖലകളിലും ഉപയോഗിക്കപ്പെടുന്നത്. പഴയകാലത്തെ അറിവുകളും കൽപനകളും പുതുകാലത്തെ വ്യക്തിഗത അനുഭവങ്ങളും ചേർത്ത നിയമങ്ങൾ ഉപയോഗിച്ച് റോഡ് നിർമിക്കാനോ, ലോഹങ്ങൾ ഖനനം ചെയ്യാനോ ആരും മുതിരുന്നില്ല. ദൗർഭാഗ്യവശാൽ അതെല്ലാം നമ്മെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ പ്രയോഗിക്കാൻ മാറ്റിവെച്ചിരിക്കുന്നു.
യഥാർഥത്തിൽ ജൈവകോശങ്ങളിൽ തന്മാത്രാതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളും രാസമാറ്റങ്ങളും മനുഷ്യരിലും മറ്റു ജീവികളിലും വ്യത്യാസങ്ങളെക്കാൾ സമാനതകളേറെയാണ്. ഇതു മറന്നുകൊണ്ടാണ് കപടശാസ്ത്രക്കാർ അധികവും അവരുടെ സിദ്ധാന്തങ്ങളുമായി ജനങ്ങളുടെ മുന്നിലെത്തുന്നത്. എന്നാൽ, ഇന്ത്യയിലിപ്പോൾ പെട്ടെന്നുണ്ടാകുന്നതും തീവ്രതയേറിയതുമായ രോഗങ്ങൾക്ക് ആധുനിക വൈദ്യചികിത്സതന്നെയാണ് ബഹുഭൂരിപക്ഷം പേരും ഇഷ്ടപ്പെടുന്നത്. ശാലിനി രുദ്ര, ആക്ഷി ഖൈര തുടങ്ങിയവർ മേയ് 2017ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഔട്ട് പേഷ്യൻറ് (വാതിൽപുറ രോഗികൾ) ആയി ചികിത്സക്കെത്തുന്നവരിൽ 90 ശതമാനം പേരും ആധുനിക വൈദ്യശാസ്ത്രം അവലംബിക്കുന്നതായി കണ്ടെത്തി. ഛത്തിസ്ഗഢ്, കേരളം, ബംഗാൾ എന്നിവിടങ്ങളിൽ കൂടുതൽ പേർ ആയുഷ് സേവനങ്ങൾ ഇഷ്ടപ്പെടുന്നു.
ദീർഘകാല രോഗങ്ങൾ പരിഗണിച്ചാൽ കാര്യങ്ങൾ ഇതിൽനിന്നു വ്യത്യാസപ്പെടുന്നതു കാണാം. സന്ധിരോഗങ്ങൾ, മാറ്റമില്ലാത്ത ശരീരവേദന, പേശീരോഗങ്ങൾ, അർബുദം എന്നിവ അനുഭവിക്കുന്ന രോഗികളിൽ ചിലരാണ് ആധുനിക ശാസ്ത്രീയചികിത്സ പോരെന്ന തോന്നലുമായി മറ്റു മാർഗങ്ങൾ തേടുന്നത്. കപടശാസ്ത്ര പ്രചാരകരുടെ പ്രത്യകശ്രദ്ധ പതിഞ്ഞ മേഖലയാണ് അർബുദം. വളരെയധികം അബദ്ധവിശ്വാസങ്ങളും അജ്ഞതയും നിലനിൽക്കുന്ന രോഗാവസ്ഥയാണ്, അർബുദം. ജുഗൽ കിഷോർ മുതൽ പേർ 2007ൽ പ്രസിദ്ധീകരിച്ച ഡൽഹിയിൽനിന്നുള്ള പഠനത്തിൽ ഇത് വ്യക്തമാകുന്നു. ചികിത്സയില്ലാത്തതും ദൈവശാപത്താൽ ഉണ്ടാകുന്നതും ആയ രോഗമായാണ് കാൻസറിനെ 50 ശതമാനം പേരും കാണുന്നത്. ഇത് ചികിത്സയാരംഭിക്കുന്നത് രണ്ടു വർഷത്തോളം താമസിക്കാൻ കാരണമാകുന്നു. വിധുബാല ഇളങ്കോവൻ മുതൽ പേരുടെ (2017) ചെന്നൈയിൽനിന്നുള്ള പഠനം മറ്റു സൂചനകൾ തരുന്നു. അർബുദ രോഗികൾ, പരിചാരകർ, വിവിധ സാമൂഹിക പശ്ചാത്തലത്തിൽനിന്നുള്ളവർ, പൊതുജനങ്ങൾ എന്നുതുടങ്ങി താരതമ്യേന വലിയ സാമ്പിൾ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഉദ്ദേശം 70 ശതമാനംവരെ ആളുകൾ അർബുദം പകർച്ചവ്യാധി അല്ലെന്നും നല്ലൊരളവിൽ ചികിത്സിച്ചുമാറ്റാവുന്നതാണെന്നും വിശ്വസിക്കുന്നതായി കണ്ടെത്തി. ഇത് വൻ മുന്നേറ്റമാണെന്നു പറയാതെവയ്യ. എങ്കിലും, 30 ശതമാനം പേർ അങ്ങനെ വിശ്വസിക്കുന്നില്ലെന്നും അതിൽ ഭൂരിപക്ഷം പേരും അർബുദം ബാധിച്ചിട്ടില്ലാത്തവരാണെന്നും നാം കാണേണ്ടതുണ്ട്. മുൻകാലങ്ങളിൽ അർബുദ രോഗശാന്തിക്കായി മന്ത്രവാദത്തിനും ധ്യാനത്തിനും മറ്റ് അത്ഭുത ശുശ്രൂഷക്കും പോകുന്ന രോഗികൾ അനുക്രമമായി അറിവുസിദ്ധിക്കുന്നമുറക്ക് ശാസ്ത്രീയ ചികിത്സയിലേക്ക് വരാൻ സാധ്യതയുണ്ട്. ശാസ്ത്രീയ ചികിത്സ അംഗീകരിക്കപ്പെടുന്നു എന്ന് നാം പറയുമ്പോൾപോലും ഇന്ത്യയിൽ പ്രതിവർഷം 10 ലക്ഷം പുതിയ അർബുദ രോഗികൾ ഉണ്ടാകുന്നു; നിലവിലുള്ള രോഗികളിൽ മരണനിരക്ക് ഒരുലക്ഷത്തിന് 67.2 എന്ന തോതിലും. ഈ വർധിച്ച മരണനിരക്ക് രോഗനിർണയത്തിനും ചികിത്സ ആരംഭിക്കുന്നതിനും ഉണ്ടാകുന്ന കാലതാമസം മൂലമാണ്.
സൽപ്രവൃത്തികൾക്ക് ഇവർ വിഘാതം ലഭ്യമായ പഠനങ്ങളിൽനിന്ന് നിസ്തർക്കം പറയാൻ പറ്റുന്ന കാര്യങ്ങൾ ഇവയാണ്: ഒന്ന്, ഇന്ത്യയിൽ അർബുദത്തിെൻറ സാന്നിധ്യം കൂടുതലാണ്. രണ്ട്, അവരെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ആരംഭിക്കുന്നതിനും കാലവിളംബമുണ്ടാകുന്നു. ഇത് പരിഹരിച്ചാൽ കാൻസർ മരണങ്ങൾ നിയന്ത്രിക്കാനാകും. മൂന്ന്, രോഗനിർണയം ക്ലേശകരമാണെങ്കിൽ അർബുദ പ്രതിരോധ പ്രവർത്തനങ്ങൾ ഫലവത്താകുക പ്രയാസമാണ്.സമൂഹത്തിൽ നിലവിലുള്ള ശാസ്ത്രനിബദ്ധമായ അറിവുകളിൽ ന്യൂനതകളുണ്ട്. ഇതൊരുക്കുന്ന വിടവുകളിലേക്കാണ് കപടശാസ്ത്ര പ്രയോക്താക്കളും വ്യാജചികിത്സ പ്രചാരകരും കടന്നുവരുന്നത്. പ്രധാനമായും അർബുദ പ്രതിരോധം, ചികിത്സ എന്നീ മേഖലകളിലാണ് അവർ ശ്രദ്ധചെലുത്തുന്നത്. പ്രസരണം നടന്ന അർബുദം, അസഹ്യ വേദന, ജീവിതാന്ത സാന്ത്വന ചികിത്സ എന്നീ രംഗങ്ങളിൽ വ്യാജപ്രചാരകർ സജീവമല്ല. സജീവമായ ഇടങ്ങളിൽ ശരിയായ ദിശയിലേക്ക് സമൂഹത്തിനെ നയിക്കാൻ എടുക്കുന്ന സൽപ്രവൃത്തികൾക്ക് അവർ വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് ശാസ്ത്രവും കപടശാസ്ത്രവും തമ്മിലുള്ള വ്യത്യാസം നാം അറിഞ്ഞിരിക്കേണ്ടതാണ്. മാറിയോ ബുഞ്ഞേയുടെ (Mario Bunge) അഭിപ്രായത്തിൽ അറിവിന് രണ്ടുതലങ്ങൾ ഉള്ളതായി കാണാം-വിശ്വാസതലവും ഗവേഷണ (അന്വേഷണ) തലവും. ആദ്യത്തേത്, അഭിപ്രായങ്ങളും വ്യക്തിഗതമായ അനുഭവങ്ങളും സാക്ഷ്യങ്ങളുംകൊണ്ട് നിറഞ്ഞിരിക്കും. രണ്ടാമത്തേതിലാകട്ടെ, നിഷ്പക്ഷവും ആവർത്തന വിധേയവും സുതാര്യവുമായ പരീക്ഷണങ്ങൾ കൊണ്ടുകൂടി ശക്തിപ്പെടുത്തിയതായിരിക്കും. സമൂഹത്തിൽ പറയുന്ന ആളിെൻറ സ്ഥാനമോ യോഗ്യതയോ തെളിവായി കാണേണ്ടതുമില്ല. പലപ്പോഴും കപട ശാസ്ത്രപ്രചാരകർ ഉന്നതവിദ്യാഭ്യാസം നേടിയവരോ വിദേശയാത്രകൾ നടത്തുന്നവരോ ആകാം; വ്യാപകമായ പത്രമാധ്യമ ശ്രദ്ധ ലഭിക്കുന്നവരും ആകാം. അവർ ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുന്നതിൻറെ രഹസ്യം മറ്റൊന്നല്ല.
അർബുദം തടയാൻ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മാർഗങ്ങൾ ലോകാരോഗ്യ സംഘടനതന്നെ അംഗരാജ്യങ്ങളിൽ അറിയിച്ചിട്ടുണ്ട്. അവരുടെ വെബ്സൈറ്ററിൽനിന്ന് നമുക്ക് സുഗമമായി ലഭിക്കുകയും ചെയ്യും. ലോകത്തിലെ കാൻസർ മരണങ്ങളിൽ 75 ശതമാനവും അവികസിത-വികസ്വര രാജ്യങ്ങളിലാണ്; അവിടെയുള്ള വ്യക്തികളും, കുടുംബങ്ങളും സമൂഹവും വേഗത്തിൽ കടക്കെണിയിൽ അകപ്പെടുമെന്നതിനാൽ അർബുദരോഗ പ്രതിരോധവും താമസംവിനാ ഉള്ള ചികിത്സയും അത്യാവശ്യമാകുന്നു. ഫലപ്രദമായ വികസന അജണ്ട അർബുദം തടുക്കുന്നതിന് ആവശ്യമാണ്. ഉദ്ദേശം 30-50 ശതമാനം വരെ അർബുദം തടയാനാകുമെന്ന് ലോകാരോഗ്യസംഘടന കരുതുന്നു. ഇതിനുള്ള ഉപാധികളും പദ്ധതികളും സാധ്യതകളും സംഘടനതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഉപ്പും അർബുദവും കപടശാസ്ത്ര ‘വിശാരദർ’ ഇതിലൊന്നും വിശ്വാസമുള്ളതായി ഭാവിക്കുന്നില്ല. അവർ പറയുന്നത് പാൽ, പഞ്ചസാര, കറിയുപ്പ്, മൈദ, പച്ചരി എന്നിവയാണ് അർബുദം വരുത്തുന്നത് എന്നാണ്. ഹാർവാഡ്, മയോ, ജോൺസ് ഹോപ്കിൻസ് എന്നീ സർവകലാശാലകളിൽ ഇതിെൻറ തെളിവ് കണ്ടെത്തിയിട്ടുെണ്ടന്നും അവർ പ്രഖ്യാപിക്കുന്നു. ഭക്ഷണവും അർബുദവും തമ്മിലുള്ള ബന്ധം അനേക ദശകങ്ങളായി പഠിച്ചുകൊണ്ടിരിക്കുന്ന വിഷയമാണെന്നോർക്കണം. അമിതഭക്ഷണം കൊണ്ടുളവാകുന്ന അധികഭാരവും ദുർമ്മേദസ്സും അർബുദം ക്ഷണിച്ചുവരുത്തുമെന്ന് തീർച്ചയാണ്. ഭക്ഷണം ക്രമീകരിച്ച് ഭാരം നിയന്ത്രിക്കുന്നവരിൽ പാല്, പഞ്ചസാര, മൈദ, പച്ചരി എന്നിവ ഒരു കാരണത്താലും അർബുദ സാധ്യത അധികമാക്കുന്നില്ല. ശാസ്ത്രീയമായി ഡിസൈൻചെയ്ത പഠനങ്ങളിൽ അങ്ങനെ ഒരുസാധ്യത ഇതുവരെ കണ്ടെത്തിയിട്ടുമില്ല.
ഉപ്പിെൻറ കാര്യത്തിൽ വിശദീകരണം ആവശ്യമാകുന്നു. കറിയുപ്പിെൻറ പ്രതിശീർഷ ഉപഭോഗം ദിവസേന 5-6 ഗ്രാം വരെ പൂർണമായും സുരക്ഷിതമാണ്. യഥാർഥത്തിൽ നമ്മുടെ കറികളിൽ ചേർക്കാൻ അത്രയും ഉപ്പുതന്നെ ധാരാളം! എന്നാൽ, ഉപ്പിൽ പരിപാലിക്കപ്പെടുന്ന ഭക്ഷണപദാർഥങ്ങൾ ദിവസേന കഴിക്കുന്നവരിൽ അർബുദ സാധ്യതയേറുന്നു. അതായത്, ഉണക്കമീൻ, അച്ചാറുകൾ, ആധുനിക ഫാസ്റ്റ് ഫുഡുകൾ എന്നിവ ദിനചര്യയായി മാറ്റിയിട്ടുള്ളവർ സൂക്ഷിക്കണം. ഇങ്ങനെ കഴിക്കുന്ന ഉപ്പ് ദിവസം 20 ഗ്രാമിൽ കൂടാൻ സാധ്യതയുണ്ട്. ആമാശയത്തിലെ അർബുദം പോലുള്ള രോഗങ്ങൾ വിളിച്ചുവരുത്തുന്ന സ്വഭാവമാണത്. മിതമായും രുചികരമായും ക്രമീകരിച്ച ഭക്ഷണം കഴിക്കുന്നവർക്ക് ആശങ്കക്കു വകയില്ല.
കപടശാസ്ത്രം പ്രചരിപ്പിക്കുന്നവർ ചെയ്യുന്ന മറ്റൊന്ന് വ്യക്തമായും ശാസ്ത്രീയതെളിവുള്ള സത്യങ്ങൾ അമ്പേ തിരസ്കരിച്ചു തെളിവുകൾ ഇല്ലാത്ത കാര്യങ്ങളുടെ അപകടസാധ്യത പർവതീകരിക്കുക എന്നതാണ്. ഉദാഹരണത്തിന്, പശ്ചാത്തല റേഡിയേഷൻ, ഹെപ്പറ്റൈറ്റിസ്, പാപ്പിലോമ വൈറസ് അണുബാധ, പുകവലി, മദ്യപാനം, പരിസ്ഥിതി മലിനീകരണം എന്നീ മാരകമായ പ്രശ്നങ്ങളോട് നിശ്ശബ്ദത പുലർത്തുകയും, അനവധി പഠനങ്ങൾക്കുശേഷവും നാളിതുവരെ തെളിവുകൾ ലഭ്യമല്ലാത്തതും അതിവിരളമായിമാത്രം നാം നേരിടുകയും ചെയ്യുന്ന കാര്യങ്ങൾ ഭയപ്പെടുത്തുംവിധം പറയുകയും ചെയ്യുന്നു എന്നതാണ്.
ഫോർമാൽ ഡിഹൈഡ്, കൃത്രിമ മധുര രാസവസ്തുക്കൾ, ഭക്ഷണത്തിൽ ചേർക്കുന്ന നിറങ്ങൾ, കൃഷിക്കുപയോഗിക്കുന്ന കീടനാശിനികൾ, ആവർത്തിച്ച് ചൂടാക്കുന്ന പാചകയെണ്ണ, ഇവയെല്ലാം മാരകമായ അർബുദം ഉണ്ടാക്കുമത്രേ! ഫോർമാൽ ഡിഹൈഡ് മനുഷ്യകോശത്തിൽപോലും ഉണ്ടാകുന്ന തന്മാത്രയാണ്.വ്യവസായികാടിസ്ഥാനത്തിൽ ഈ രാസവസ്തു ഉൽപാദിപ്പിക്കുന്നിടത്തു ജോലിചെയ്യുന്നവരിൽപോലും അധികമായി അർബുദം റിപ്പോ ർട്ട് ചെയ്യപ്പെട്ടിട്ടില്ല. മധുരത്തിന് ചേർക്കുന്ന രാസവസ്തുക്കളുടെ കഥയും അപ്രകാരംതന്നെ. നിറം കൂട്ടാൻ ഡൈ ഉപയോഗിക്കുന്നത് ഭക്ഷ്യയോഗ്യമാണോ എന്ന് നോക്കാൻ സംവിധാനങ്ങളുണ്ട്; അപൂർവമായി കണ്ടുവരുന്ന നാലു ഡൈ തന്മാത്രകൾ എലികളിൽ (മനുഷ്യരിൽ അല്ല) അർബുദസാധ്യത കൂട്ടുന്നുവെന്ന പഠനങ്ങളുണ്ട്. ഈ ഡൈ തന്മാത്രകളെക്കുറിച്ചു കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നു. എണ്ണ ചൂടാക്കിയാൽ അർബുദം ഉണ്ടായതായി റിപ്പോർട്ടുകളില്ല. കൃഷിക്ക് കീടനാശിനി ഉപയോഗിച്ചാൽ അതിെൻറ പരിശിഷ്ടം കാർഷികോൽപന്നങ്ങളിൽ അടങ്ങിയിരിക്കാൻ ഇടയുണ്ട്. ആയിരക്കണക്കിന് പഠനങ്ങൾക്കു ശേഷവും ഇത് മനുഷ്യരിൽ എന്തെങ്കിലും ആരോഗ്യപ്രശ്നം സൃഷ്ടിച്ചതായി തെളിവില്ല. നേരിട്ട് കീടനാശിനിയേൽക്കുന്ന ചെറുപ്രാണികൾക്ക് അനാരോഗ്യം ഉണ്ടാകാം. പച്ചക്കറികളിലെ പരിശിഷ്ടം എന്തായാലും മനുഷ്യരിൽ കാൻസർ സൃഷ്ടിക്കുന്നില്ല എന്നുറപ്പാണ്.ഇതിൽനിന്ന് നാം മനസ്സിലാക്കേണ്ടത്, അർബുദരോഗ ബോധവത്കരണം, പ്രതിരോധം, ചികിത്സ തുടങ്ങിയ മേഖലകളിൽ കപടശാസ്ത്രം നമ്മെ പിന്നോട്ട് നയിക്കും. അതിനെതിരായ പ്രതിരോധം സമൂഹം കെട്ടിപ്പടുക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.