'ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി, സംസ്കാരത്തിൽ മുസ്‍ലിമാണ്, ആകസ്മികമായി ഹിന്ദുവായതാണ്'; നെഹ്റു ഇങ്ങനെ പറഞ്ഞോ

വിദ്യാഭ്യാസത്താൽ ഞാൻ ഇംഗ്ലീഷും സംസ്‌കാരം കൊണ്ട് മുസ്ലിമും ആകസ്മികമായി ഹിന്ദുവുമാണ് എന്ന് ജവഹർലാൽ നെഹ്‌റു എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നതാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ ഒന്ന്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള ഒരു പ്രസ്താവന കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഈ ഉദ്ധരണി പ്രകാരം, നെഹ്‌റു പറഞ്ഞു, "വിദ്യാഭ്യാസം കൊണ്ട് ഞാൻ ഇംഗ്ലീഷും, സംസ്‌കാരം കൊണ്ട് മുസ്ലിമും, കേവലം ആകസ്മികമായി ഹിന്ദുവുമാണ്". നെഹ്‌റു ഇത് പറഞ്ഞതായി അവകാശപ്പെട്ടവരിൽ 2015ൽ ട്വീറ്റ് ചെയ്ത ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യയും ഉൾപ്പെടുന്നു. അമിത് മാളവ്യ ഇത് ട്വീറ്റ് ചെയ്തതിന് പിന്നാലെ ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകൾ വ്യാപകമായി ഇത് പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിച്ച് പുറത്തെത്തിച്ചിരിക്കുകയാണ് വസ്തുതാന്വേഷണ വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്'. 2018 സെപ്തംബറിൽ ഹിന്ദുത്വ അനുകൂല ചാനലായ റിപ്പബ്ലിക് ടി.വിയിൽ നടന്ന ഒരു ചർച്ചയിൽ ബി.ജെ.പി നേതാവ് സംപീത് പത്രയും ഈ ആരോപണം ഉയർത്തിയിരുന്നു.

ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥയിൽ ആൾട്ട് ന്യൂസ് ഈ പ്രസ്താവന തിരഞ്ഞു. രസകരമെന്നു പറയട്ടെ, അത് എവിടെയും കാണാനില്ല. നെഹ്‌റു 'മുസ്‌ലിം സംസ്‌കാര'ത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആത്മകഥയിൽ നിന്നുള്ള ഒരു ഉദ്ധരണിയുണ്ട്. അത് മേൽ പരാമർശവുമായി യാതൊരു ബന്ധവുമില്ല. ഈ പദം ഒരു ഏകശിലാ സംസ്‌കാരത്തെയല്ല, മറിച്ച് നൂറ്റാണ്ടുകളുടെ സാംസ്കാരിക വിനിമയത്തിലൂടെ വികസിച്ച ഒരു സമന്വയ പാരമ്പര്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വാദിക്കുന്നു.

1929ൽ ജവഹർലാൽ നെഹ്‌റു ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു. അതേ വർഷം തന്നെ സംഘടന 'പൂർണ സ്വരാജ്' അല്ലെങ്കിൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ചരിത്രപരമായ പ്രമേയം പാസാക്കി. ലാഹോറിൽ നടന്ന ഈ സെഷനിൽ, ജവഹർലാൽ നെഹ്‌റു തന്റെ പ്രസംഗത്തിൽ, മതപരമായ പിടിവാശി ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും മതത്തിൽ അധിഷ്ഠിതമായ ദേശീയത എന്ന ആശയത്തെ തുറന്നുകാട്ടുകയും ചെയ്തു.

താൻ ഹിന്ദുവായി ജനിച്ചതിനെ കുറിച്ച് ഈ പ്രസംഗത്തിൽ നെഹ്‌റു പറഞ്ഞിരുന്നു. "ഞാൻ ജനിച്ചത് ഹിന്ദുവായിട്ടാണ്. എന്നാൽ എന്നെത്തന്നെ അങ്ങനെ വിളിക്കുന്നതിനോ ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കുന്നതിനോ ഞാൻ എത്രത്തോളം പ്രാപ്തനാണെന്ന് എനിക്കറിയില്ല'' -നെഹ്റു പ്രസംഗിച്ചു. വാസ്തവത്തിൽ പല സന്ദർഭങ്ങളിൽ പല രീതിയിൽ പറഞ്ഞ കാര്യങ്ങളാണ് നെഹ്റുവിന്റെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്നത് എന്നർത്ഥം.

Tags:    
News Summary - Did Jawaharlal Nehru ever say “I am English by education, Muslim by culture and Hindu by accident”?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.