മടുപ്പിക്കുന്ന, നിഷ്ഠുരവും സംസ്കാരശൂന്യവുമായ രാഷ്ട്രീയ കൊലപാതകങ്ങളില്‍നിന്ന് കേരളം എന്നെങ്കിലും രക്ഷപ്പെടുമോ? കരുണയും ആര്‍ദ്രതയും വറ്റിയ, പ്രതികാരത്തിന്‍െറയും പകയുടെയും ക്രൗര്യം മാത്രം ഹൃദയത്തില്‍ സംഭരിച്ച, മനുഷ്യരക്തത്തില്‍ ആനന്ദം കണ്ടത്തെുന്ന സംഘങ്ങളില്‍നിന്ന് കേരള രാഷ്ട്രീയം എന്നെങ്കിലും മുക്തമാകുമോ? അടുത്തൊന്നും നമ്മുടെ നാടും രാഷ്ട്രീയ പാര്‍ട്ടികളും ശരിയാകില്ളെന്ന് നിരാശയോടെ പറയാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് തൂണേരി കണ്ണങ്കൈ കാളിയാംപറമ്പത്ത് അസ്്ലമിന്‍െറ കൊലപാതകം. കൊല നടത്തിയത് ക്വട്ടേഷന്‍ സംഘമാണ്. കൃത്യമായ പദ്ധതിയും ആസൂത്രണവും കൊലപാതകത്തിനു പിന്നിലുണ്ടെന്ന് സുവ്യക്തം. തൂണേരി വെള്ളൂരിലെ ഷിബിന്‍ വധക്കേസിലെ പ്രതികളെ മുഴുവന്‍ പ്രത്യേക കോടതി വിട്ടയച്ച ഘട്ടത്തില്‍തന്നെ രഹസ്യാന്വേഷണവിഭാഗം ഉന്നത പൊലീസ് അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു, നാദാപുരത്ത് അക്രമമുണ്ടാകുമെന്ന്. എന്നിട്ടും കൂലി വാങ്ങിയ ക്വട്ടേഷന്‍ സംഘം പട്ടാപ്പകല്‍ തെരുവില്‍വെച്ച് അവരുടെ തമ്പ്രാക്കന്മാരുടെ ഹിതം നടപ്പാക്കിയിരിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ കൂലിക്ക് പണിയെടുക്കുന്നവരാണ്. പണിയേല്‍പിക്കുന്ന തമ്പ്രാക്കന്മാരാരാണെന്ന് അറിയാത്തവര്‍ ആരുമില്ല. വരമ്പത്തുവെച്ച് കൂലികൊടുക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ വീട്ടില്‍ ചെന്നു കൂലികൊടുപ്പിക്കാന്‍ ശേഷിയുള്ള രാഷ്ട്രീയ തമ്പ്രാക്കന്മാരാണ് കേരളത്തിന്‍െറ ശാപം.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്തൊട്ടാകെ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് നൂറിലധികം ചെറുപ്പക്കാരാണ്. അതില്‍ ഭൂരിഭാഗവും നടന്നത് ഉത്തര മലബാറിലും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന 5504 രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ രാഷ്ട്രീയ കൊലപാതകത്തിനു ശേഷവും നടക്കുന്ന പൊലീസ് റെയ്ഡുകളില്‍ സംഘര്‍ഷ പ്രദേശത്തുനിന്ന് ആയുധങ്ങളും ബോംബുകളും ലഭിച്ചുകൊണ്ടിരിക്കും. ഏഴു വര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം ബോംബ് നിര്‍മാണം, തുടര്‍ന്നുള്ള സ്ഫോടനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇരുന്നൂറിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജനാധിപത്യസംവിധാനങ്ങളും നിയമ പരിപാലനവും ശക്തമായ സംസ്ഥാനത്ത് രാഷ്ട്രീയ സ്വാധീന മേഖലകളില്‍ ബോംബ് നിര്‍മാണ കേന്ദ്രങ്ങളെ അനിവാര്യമാക്കുന്നത് പ്രത്യയശാസ്ത്ര പ്രതിസന്ധിയല്ളെന്ന് ഉറപ്പ്. സംഘടനകള്‍ക്കകത്തും എതിരാളികള്‍ക്കിടയിലും ഭീതിയുല്‍പാദിപ്പിച്ച് കാര്യം നേടാനുള്ള ഹീനതന്ത്രമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു പിന്നില്‍. കണ്ണൂരില്‍ ജനിച്ച, രാഷ്ട്രീയബോധമുള്ള സിനിമാ പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞതാണ് വസ്തുത: ‘രക്തസാക്ഷികളുടെ ഫ്ളക്സ് വെച്ച് ജനകീയ വികാരമുയര്‍ത്തി പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ വിശ്വാസം. പക്ഷേ, ഈ ഫ്ളക്സുകളിലൊക്കെ, നേതാക്കന്മാരില്ല, അവര്‍ കൊലക്കുകൊടുക്കുന്ന അണികളുടെ ചിത്രം മാത്രമാണുള്ളത്. സ്വമേധയാ മരിക്കാന്‍ പോകുന്നതല്ല, നിവൃത്തികേടുകൊണ്ടും നേതാക്കന്മാരുടെ ‘മസ്തിഷ്ക പ്രക്ഷാളനം’കൊണ്ടുമാണ് രക്തസാക്ഷികളുണ്ടാകുന്നത്. ‘വെറുപ്പിന്‍െറ പ്രത്യയശാസ്ത്രം’ പഠിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നത നേതാക്കളെല്ലാം അകമഴിഞ്ഞ സൗഹൃദത്തിലാണ്. കാണുമ്പോഴൊക്കെയും സൗഹൃദം പുതുക്കും. വ്യക്തിപരമായ വിശേഷദിവസങ്ങളിലെല്ലാം അവര്‍ പരസ്പരം ക്ഷണിക്കും, ഒത്തുകൂടും. പക്ഷേ, വെട്ടാനും മരിക്കാനും നടക്കുന്ന അണികള്‍ക്ക് കിട്ടുന്നത് ജയിലറയും കണ്ണീരും മാത്രം. അവരുടെ വീട്ടിലേയുള്ളൂ വിധവയും അനാഥരും. ഈ നേതാക്കന്മാരുടെ വീടുകളിലൊന്നും അനാഥരോ വിധവകളോ ഇല്ല. ഇനിയെങ്കിലും അണികള്‍ മനസ്സിലാക്കണം, നഷ്ടപ്പെടുന്നത് നിങ്ങള്‍ക്കുമാത്രമാണെന്ന്. മോഷണം മാത്രമാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുലക്ഷ്യം. ഈ മഹാരാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കട്ടുമുടിച്ചു. അംബാനിമാരുടെയും അദാനിമാരുടെയും ഇന്ത്യയാണിപ്പോഴുള്ളത്.’ കവി പ്രകീര്‍ത്തിച്ച ‘നേരിനുവേണ്ടി നിതാന്തം ഒരാദര്‍ശ വേരിനുവേണ്ടി വെള്ളവും വളവുമായൂറിയ’ രക്തതാരകങ്ങളല്ല വര്‍ത്തമാനകാല രക്തസാക്ഷികള്‍. അവര്‍ രാഷ്ട്രീയ ബലിമൃഗങ്ങളാണ്. അതുകൊണ്ടാണ് ആര്‍ക്കും പ്രചോദനമാകാതെ, വര്‍ഷത്തിലൊരിക്കല്‍ പ്രദേശത്തെ പാര്‍ട്ടി അണികള്‍ മാത്രം ഓര്‍ക്കുന്ന ശിലാസ്തൂപങ്ങളായി അവര്‍ പരിവര്‍ത്തിക്കപ്പെട്ടത്.
പതിറ്റാണ്ടുകളായി കേരളത്തെ വിറങ്ങലിപ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇനിയെങ്കിലും അറുതിവരുത്തിയേതീരൂ. പാര്‍ട്ടി ഓഫിസുകള്‍ കോടതി മുറികളും ക്വട്ടേഷന്‍ സംഘങ്ങള്‍ ആരാച്ചാര്‍മാരും തെരുവുകള്‍ ബലിസ്ഥലങ്ങളുമാകുന്ന അവസ്ഥ അവസാനിപ്പിച്ചേ പറ്റൂ. ചരിത്രത്തില്‍ മികച്ച മുഖ്യമന്ത്രിയായി രേഖപ്പെടുത്താന്‍ ദൃഢനിശ്ചയമെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മനസ്സുവെച്ചാല്‍ കഴിയും ഇതവസാനിപ്പിക്കാന്‍. അതിനായി നിയമപരമായ നടപടികള്‍ക്കും രാഷ്ട്രീയ നീക്കങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കണം. കാരണം, അദ്ദേഹത്തിന്‍െറ പാര്‍ട്ടിയാണ് എന്നും രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒരു വശത്തുള്ളത്. നാദാപുരമാകട്ടെ, രാഷ്ട്രീയ കൊലപാതകങ്ങള്‍ അതിവേഗത്തില്‍ വര്‍ഗീയ കലാപങ്ങളിലേക്കും തെന്നിവീഴുന്ന മണ്ണും. തൂണേരി കണ്ണങ്കൈ കാളിയാംപറമ്പത്ത് അസ്്ലമിന്‍െറ കൊലപാതകം കേരളത്തിന്‍െറ രാഷ്ട്രീയ പ്രതികാര പരമ്പരകളുടെ ഒടുക്കമാകട്ടെ. നിതാന്ത വേദനമാത്രം പേറി ജീവിതം തീര്‍ക്കേണ്ടിവരുന്ന ഭാസ്കരനും സുബൈദയും ഇനിയുണ്ടാകാതിരിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.