വഖഫ്‌ ബില്ലിന്റെ പശ്ചാത്തല വിശേഷങ്ങൾ


ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടതോടുകൂടി വഖഫ്‌ ഭേദഗതി ബിൽ 2025 നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. അതിനിടയിൽ വഖഫ് വിഷയകമായി ഫെബ്രുവരി ഇരുപതിന്‌ രാജസ്ഥാൻ ഹൈകോടതിയുടെ ഒരു സുപ്രധാന വിധി വന്നിരിക്കുന്നു. പുതിയ ബിൽ പാസാവുകയാണെങ്കിൽ ഈ വിധിയുടെ പരിണതി എന്താകുമെന്ന് വ്യക്തമല്ല. പള്ളി എന്നത് വഖഫ്‌ ആണെന്നതിനാൽ, നിർദിഷ്ട വഖഫ് ഭേദഗതി റദ്ദാക്കാൻ ലക്ഷ്യമിടുന്ന ‘ഉപയോഗത്തിലൂടെ വഖഫ്’ എന്ന തത്ത്വം അംഗീകരിച്ചുകൊണ്ട് അത്തരം സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വഖഫ് ആയി കണക്കാക്കണമെന്നും പ്രസ്തുത സ്വത്തുക്കളിലുള്ള തർക്കങ്ങൾ തീർപ്പാക്കാൻ 1995ലെ ആക്ട് അനുസരിച്ച് വഖഫ് ട്രൈബ്യൂണലിന് മാത്രമേ അധികാരമുള്ളൂ എന്നുമാണ് ജസ്റ്റിസ് ബീരേന്ദ്ര കുമാറിന്റെ ഏകാംഗ ബെഞ്ച് വിധിച്ചത്. രാജസ്ഥാനിലെ ഫലോദി ജില്ലയിലെ വിചാരണക്കോടതി ഒരു പള്ളി സ്ഥലത്തിന്മേലുണ്ടായ തർക്കത്തിൽ പ്രസ്തുത ഭൂമി വഖഫ് ആയി രജിസ്റ്റർ ചെയ്യപ്പെട്ടതല്ലെന്ന കാരണത്താൽ അത് സിവിൽ കോടതികളുടെ അധികാരപരിധിയിൽ പെട്ടതാണെന്ന് തീരുമാനിച്ചതാണ് കേസിന്റെ പശ്ചാത്തലം. ആ തീരുമാനം റദ്ദുചെയ്തുകൊണ്ടാണ് ഹൈകോടതി വിധി.

വഖഫ്‌ ഭേദഗതി ബില്ലിലെ ഏറെ വിവാദപരവും പ്രത്യാഘാതമുണ്ടാക്കുന്നതുമായ ഒരു വകുപ്പാണ് വഖഫ് ട്രൈബ്യൂണലിലെ അംഗത്വ ഘടന. നിലവിലെ ആക്ടിൽ ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ഒരംഗം അതിന്റെ തലപ്പത്തും അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് തലത്തിൽ കുറയാത്ത സംസ്ഥാന ഉദ്യോഗസ്ഥനും മുസ്‌ലിം നിയമത്തിലും നീതിശാസ്ത്രത്തിലും വൈദഗ്ധ്യമുള്ള ഒരാളുമാണ് മൂന്നംഗങ്ങൾ. പുതിയ ഭേദഗതിയിൽ അംഗബലം രണ്ടായി ചുരുക്കി. അതിലൊന്ന് ജില്ലാ ജഡ്ജിയോ മുൻ ജില്ലാ ജഡ്ജിയോ അധ്യക്ഷനും സംസ്ഥാന സർക്കാറിലെ ജോയന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനോ അംഗവും. ഇത് രണ്ടും മുസ്‍ലിം ആവണമെന്ന് നിർബന്ധവുമില്ല. നിലവിൽ മുസ്‍ലിം സമൂഹത്തിന് അൽപമെങ്കിലും വിശ്വാസമുള്ള അംഗത്വ ഘടനയുള്ള സംവിധാനത്തിന് പകരമാണീ വ്യവസ്ഥ എന്നത് മറച്ചുവെച്ചാണ് ഭരണകൂടം പ്രചാരണം നടത്തുന്നത്.

ബിൽ നിർമാണത്തിന്റെ അന്തിമ ഘട്ടത്തിൽ ചില നിർണായ നീക്കങ്ങൾ സർക്കാർ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. അതിന്റെ പശ്ചാത്തലം ഏറിയകൂറും രാഷ്ട്രീയവുമാണ്. എൻ.ഡി.എയുടെ നിലവിലെ അംഗബലമനുസരിച്ച് ബിൽ പാസാവാൻ വേണ്ട കേവല ഭൂരിപക്ഷമായ 543ൽ 272 എന്ന മാന്ത്രിക സംഖ്യ എത്തണമെങ്കിൽ ബി.ജെ.പിയുടെ 240 നു പുറമെ സഖ്യകക്ഷികളായ തെലുഗുദേശത്തിന്റെ പതിനാറും ജനതാദൾ (യു) വിന്റെ പന്ത്രണ്ടും അംഗങ്ങളുടെ കൂടെ പിന്തുണ വേണം. അധികാരത്തിൽ ഒട്ടിനിൽക്കുന്നതിന്റെ ഭാഗമായി ആ രണ്ട് പാർട്ടികളും ബില്ലിനെ പിന്തുണക്കാമെന്ന് ഏറ്റിരിക്കുന്നു. എങ്കിലും മുസ്‌ലിം വോട്ടുകളെ ആശ്രയിക്കുന്ന രണ്ടു ഹിന്ദുത്വ-ഇതര കക്ഷികളെന്നനിലയിൽ തങ്ങൾ മുസ്‍ലിം താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന പ്രതീതി ജനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടവർ. അവരുടെ പിന്നാമ്പുറ നീക്കങ്ങളുടെ ഫലമായിട്ടാവണം നേരത്തേ തയാറാക്കിയ ബില്ലിന്റെ കരടിൽനിന്ന് അൽപം വ്യത്യസ്തമായ വകുപ്പുകൾ ചേർത്തത്. അതനുസരിച്ച് ഉപയോഗത്തിലൂടെ വഖഫ് എന്ന തത്ത്വം മുൻകാല പ്രാബല്യത്തോടെ ഇല്ലാതാവുകയില്ല, അഥവാ ഇതുവരെ അത്തരത്തിൽ വഖഫ് ആയി മാറിയ സ്വത്തുക്കൾക്ക്, തർക്കമുണ്ടെങ്കിലോ സർക്കാർ ഭൂമിയാണെങ്കിലോ മാത്രമേ വഖഫ് പദവി ഇല്ലാതാവുകയുള്ളൂ.

ബിൽ അവതരണത്തിന് മുമ്പും അതിനിടയിലും ന്യൂനപക്ഷ ക്ഷേമ-പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കിരൺ റിജിജു നടത്തിയ പല പരാമർശങ്ങളും തെറ്റിദ്ധാരണാജനകവും പ്രകോപനപരവുമായിരുന്നു. പ്രതിപക്ഷം ബില്ലിന്റെ പേരിൽ നിഷ്കളങ്കരായ മുസ്‍ലിംകൾക്കിടയിൽ ഭീതി പരത്തുന്നുവെന്നതാണ് അതിലൊന്ന്. തങ്ങളെ ബാധിക്കുന്ന ഒരു നിയമത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാൻ ഇന്ന് മുസ്‍ലിം ജനസാമാന്യത്തിന് പ്രതിപക്ഷത്തിന്റെ ആവശ്യമില്ല. മുസ്‍ലിം സംഘടനകൾ ഒന്നടങ്കവും മുസ്‌ലിം ബഹുജനങ്ങളും ബില്ലിലെ മിക്ക വകുപ്പുകളിലും തങ്ങൾക്കുള്ള പ്രതിഷേധം തുടക്കം മുതലേ പ്രകടിപ്പിച്ചിട്ടുണ്ട്. മുസ്‍ലിംകൾക്ക് തങ്ങളുടെ മതാനുഷ്ഠാനങ്ങൾ നടത്താനുള്ള അവകാശം ഭരണഘടനാദത്തമാണെന്ന അടിസ്ഥാനത്തിൽ അതിനുവേണ്ട വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തിൽ വരുന്ന തടസ്സങ്ങൾ ഭരണഘടനക്ക് വിരുദ്ധമാണെന്നും സമുദായം കാണുന്നു. ഇതിനെ റിജിജു ഖണ്ഡിക്കുന്നത് ബാലിശമായ സാങ്കേതികത്വം കൊണ്ടാണ്. വഖഫ് നിയമങ്ങൾ സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഉണ്ടായിരുന്നതാണെങ്കിൽ എങ്ങനെയാണ് അതിനുശേഷം നിലവിൽവന്ന ഭരണഘടനക്കെതിരാവുക എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. നിലവിലെ ഭരണഘടനയും നിലവിലെ വഖഫ് നിയമങ്ങളുമാണ് പരിഗണനാവിഷയങ്ങൾ എന്ന ലളിതമായ കാര്യം എത്ര തന്ത്രപൂവമായാണ് ഹിന്ദുത്വ സർക്കാറിന്റെ വക്താക്കൾ വക്രീകരിക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങൾ മാത്രമാണിവ.

രാഷ്ട്രം അംഗീകരിച്ച മതേതര തത്ത്വങ്ങൾക്കും മതാനുഷ്ഠാന സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ് വഖഫ് ബില്ലിലെ വകുപ്പുകൾ. പക്ഷേ, അത് ഇതര മതസ്ഥരെ ദ്രോഹിക്കാനും അന്യരുടെ സ്വത്തുക്കളുടെമേൽ കടന്നുകയറാനുമുള്ള ചോദ്യം ചെയ്യപ്പെടാത്ത അധികാരമാണെന്ന ആഖ്യാനം നൽകി മറ്റു സമുദായങ്ങളെക്കൂടി പ്രകോപിപ്പിച്ച് ബില്ലിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഭരണകൂട കേന്ദ്രങ്ങൾ. കേരളത്തിലെ കത്തോലിക്കാ സമുദായ നേതൃത്വവും അത്തരമൊരു ധാരണയിലകപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരും. ആരുടെ കൈയിലാണോ അവർ ഇതിന്റെ പേരിൽ തങ്ങളുടെ ഭാഗധേയം കൂട്ടിക്കെട്ടുന്നതെന്ന് സമീപകാല അനുഭവങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളോടും പ്രവർത്തനങ്ങളോടുമുള്ള സംഘ്പരിവാർ നിലപാടുകളും വെച്ച് അവർ ആലോചിക്കേണ്ടതായിരുന്നു. ഇതുകൂടി പശ്ചത്തലത്തിൽ നിർത്തിക്കൊണ്ട് മാത്രമേ വഖഫ് ബില്ലിന്റെ കാര്യത്തിലെ അന്തർധാരകളെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് വിലയിരുത്തൽ സാധ്യമാവൂ. ഇനി പ്രയോഗതലത്തിൽ സംഖ്യാ ബലത്തിന്റെ പിന്തുണയോടെ ബിൽ പാസാവുകയാണെങ്കിൽ അതിനെതിരെയുള്ള നിയമപോരാട്ടവും ബന്ധപ്പെട്ട സമുദായ നേതൃത്വം നടത്തേണ്ടിവരും.

Tags:    
News Summary - Background of Waqf Amendment Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.